കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ.

കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ.ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാത്ത വീട് ഒരു നെഗറ്റീവ് എനർജിയാണ് വീട്ടുകാർക്ക് നൽകുന്നത്.

അകത്തളങ്ങൾക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭ്യമാക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

പണ്ട് കാലങ്ങളിൽ വീടുകൾ നിർമിക്കുമ്പോൾ നൽകിയിരുന്ന നടുമുറ്റം എന്ന ആശയത്തിന്റെ പ്രാധാന്യം തന്നെ പ്രകൃതിയോട് ഇണങ്ങി വായു, വെളിച്ചം, കാറ്റ് എന്നിവയുടെയെല്ലാം ലഭ്യത ഉറപ്പു വരുത്തുക എന്നതായിരുന്നു.

എന്നാൽ ഇന്ന് നടുമുറ്റങ്ങൾ വീണ്ടും പല വീടുകളിലും തിരിച്ചെത്തി കഴിഞ്ഞു എങ്കിലും അവ പ്രകൃതിക്ക് സൗഹാർദ്ദപരമായ രീതിയിൽ ആണോ നിർമ്മിക്കുന്നത് എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.

നാച്ചുറൽ ആയി ലഭിക്കുന്ന മെറ്റീരിയലുകൾ ക്ക് പകരമായി ആർട്ടിഫിഷ്യൽ മെറ്റീരിയലുകൾ തിരുകിക്കയറ്റി കൊണ്ടുള്ള നടുമുറ്റം വീട്ടിലേക്ക് വായുവും വെളിച്ചവും കൊണ്ടു വരില്ല എന്ന് മാത്രമല്ല അത് ഒരു അലങ്കാരമായി മാത്രമേ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.

വീട്ടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും എത്തുന്ന രീതിയിൽ വീട് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ.

നല്ല രീതിയിൽ പ്രകാശം ലഭിക്കുന്ന ഒരു വീട്ടിനകത്ത് പകൽ സമയങ്ങളിൽ ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗിക്കേണ്ടി വരുന്നില്ല.അവ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നുണ്ട്.

ഇന്ന് കൂടുതലായും കണ്ടു വരുന്ന ജീവിതശൈലി രോഗങ്ങളിൽ പലതും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതു കൊണ്ടും ഉണ്ടാകുന്നു.

നാച്ചുറൽ ലൈറ്റിന് വീട്ടിനകത്ത് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു നിർമ്മിതി വേണം തിരഞ്ഞെടുക്കാൻ.

അതേ രീതിയിൽ മുഴുവൻ സമയവും വീട്ടിനകത്ത് ഫാൻ ഉപയോഗിക്കുന്നതിനു പകരം പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന കാറ്റ് എങ്ങിനെ വീട്ടിനകത്തേക്ക് എത്തിക്കാമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ കാര്യങ്ങളെല്ലാം ചെയ്യണമെങ്കിൽ വീട് നിർമിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ടിന് വളരെയധികം പ്രാധാന്യമുണ്ട്.

പ്ലോട്ടിന്റെ ആകൃതിക്കനുസരിച്ച് വീടിന്റെ ഘടന നിശ്ചയിക്കുക എന്നതാണ് പ്രാധാനം.

പ്രകൃതിയുടെ അനുഗ്രഹങ്ങൾ ആയ കാറ്റും വെളിച്ചവും മഴയും വീട്ടിലേക്ക് നല്ല രീതിയിൽ എത്തണമെങ്കിൽ പ്ലാൻ മാത്രമുണ്ടായാൽ പോരാ നമ്മുടെ നാട്ടിലെ കെട്ടിട നിയമങ്ങളെല്ലാം പാലിച്ച് അവ എങ്ങിനെ നടപ്പിലാക്കാം എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

മാത്രമല്ല കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഡിസൈൻ വേണം തിരഞ്ഞെടുക്കാൻ.

സമകാലീന ശൈലികളിൽ പലരും ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട് എങ്കിലും അവ പൂർണമായും പ്രാവർത്തികമാക്കാൻ സാധിക്കുന്നുണ്ടോ എന്നത് ഇപ്പോഴും ഉറപ്പില്ല.

വായുസഞ്ചാരം വെളിച്ചം എന്നിവ അകത്തളത്തിലേക്ക് എത്താൻ

പണ്ടു കാലത്തെ വീട് നിർമ്മാണ രീതികൾ തന്നെ ഇപ്പോഴത്തെ വീട് നിർമ്മാണ രീതികളിലും ഉൾപ്പെടുത്തുക എന്നതാണ് വായുവും വെളിച്ചവും വീട്ടിലേക്ക് എത്തിക്കാനുള്ള പ്രധാന വഴികൾ.

നടു മുറ്റത്തിന് പകരമായി കോർട്ടിയാഡ്,പാഷിയോ പോലുള്ളവ നൽകുന്നത് വീടിന് ഗുണം ചെയ്യും.

ജനാലകൾ,വാതിലുകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കുന്നതും വലിപ്പം കൂട്ടി നൽകുന്നതും വീട്ടിനകത്തെ വായുസഞ്ചാരം വർധിപ്പിക്കും.

പകൽസമയങ്ങളിൽ ജനാലകൾ തുറന്നിടുന്നത് വീട്ടിനകത്ത് തങ്ങിനിൽക്കുന്ന ചൂടു വായുവിനെ പുറന്തള്ളാൻ സഹായിക്കും. ഓപ്പൺ ഏരിയ ഭാഗങ്ങളിൽ പറഗോളകൾ സെറ്റ് ചെയ്ത് ഗ്ലാസ് റൂഫിംഗ് നൽകുകയാണെങ്കിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കും. ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ കർട്ടൻ വാളുകൾ രൂപത്തിൽ വിൻഡോകൾ സജ്ജീകരിച്ച് നൽകാവുന്നതാണ്.സ്ലൈഡിംഗ് ടൈപ്പ് ഡോറുകളാണ് നൽകുന്നത് എങ്കിൽ പകൽസമയത്ത് ആവശ്യമെങ്കിൽ അവ തുറന്നിടുകയും ബാക്കി സമയങ്ങളിൽ അടച്ചിടുകയും ചെയ്യാം.

കാലാവസ്ഥയും നിർമ്മിതിയും

കാലാവസ്ഥയ്ക്ക് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു നാടാണ് നമ്മുടെ കേരളം. ചൂടിനേയും, മഴയേയും ഒരേ രീതിയിൽ അതിജീവിക്കാൻ സാധിക്കുന്ന രീതിയിൽ വേണം വീട് നിർമിക്കാൻ.പ്രാധാനമായും ഉഷ്ണമേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു കാലാവസ്ഥയാണ് നമ്മുടേത് എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്. ചൂട് കൂടുതൽ ആയതുകൊണ്ടുതന്നെ ഓപ്പൺ കൺസെപ്റ്റ് വീടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാം. വീടിനുള്ള പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വെളിച്ചം വീട്ടിലേക്ക് ലഭിക്കുമെന്നതും, ആവശ്യത്തിന് കാറ്റ് ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്.

വീടിനകത്തേക്ക് തണുപ്പ് നിലനിർത്താൻ അലങ്കാര മുളകൾ തിരഞ്ഞെടുക്കാം. സിറ്റൗട്ട് പോലുള്ള ഭാഗങ്ങളിൽ വള്ളിപ്പടർപ്പ് പോലുള്ള ചെടികൾ വളർത്തി വിടുന്നതും വീട്ടിനകത്തേക്ക് തണുപ്പ് എത്തിക്കുന്നതിൽ സഹായിക്കും. പ്രധാനമായും തെക്ക്-പടിഞ്ഞാറൻ കാറ്റിനെ ആശ്രയിച്ചാണ് കേരളത്തിന്റെ കാലാവസ്ഥ നിലനിൽക്കുന്നത്.അതു കൊണ്ട് ഇവ നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ വേണം ജനാലകളും വാതിലുകളും സജ്ജീകരിച്ച് നൽകാൻ.എതിർദിശയിൽ നിന്നും ശരിയായ രീതിയിൽ വായുസഞ്ചാരം ലഭിക്കുന്നതിനായി ക്രോസ് വെന്റിലേഷൻ രീതികളും ഉപയോഗപ്പെടുത്താവുന്നതാണ്. വീട്ടിനകത്ത് നല്ല രീതിയിൽ വായുസഞ്ചാരം ഉറപ്പ് വരുത്തുന്നതിനായി കോർട്യാർഡ് നൽകുന്നതിന്റെ സ്ഥാനം, വാതിലുകൾക്കും ജനാലകൾക്കും നൽകുന്ന വലിപ്പം, ഓപ്പൺ ഏരിയ കളുടെ എണ്ണം, പ്ലോട്ടിന്റെ ഘടന, കെട്ടിട നിർമ്മാണ രീതി എന്നിവയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട്.

കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പകൽ സമയത്ത് ഫാനും ലൈറ്റും കൂടുതലായി ഉപയോഗിക്കേണ്ടി വരാത്ത രീതിയിൽ തന്നെ വീട് പ്ലാൻ ചെയ്യാൻ ശ്രദ്ധിക്കുക .