ചെറിയ പ്ലോട്ടിൽ വലിയ വീടൊരുക്കാൻ.

ചെറിയ പ്ലോട്ടിൽ വലിയ വീടൊരുക്കാൻ.ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും. എന്നാൽ ഓരോരുത്തർക്കും തങ്ങളുടെ വീടിനെപ്പറ്റി വ്യത്യസ്ത ചിന്തകളാണ് ഉണ്ടായിരിക്കുക.

പലപ്പോഴും ഒരു വീട് നിർമിക്കാനായി പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന വിലയിൽ ഉദ്ദേശിക്കുന്ന അത്രയും സ്ഥലം ലഭിക്കണമെന്നില്ല.

പരമ്പരാഗതമായി കൈമാറി വരുന്ന സ്ഥലത്ത് വീട് വയ്ക്കുന്നത് പോലെയല്ല പണം നൽകി ടൗണിനോട് ചേർന്ന് ഒരു സ്ഥലത്ത് വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കൃത്യമായ പ്ലാനോടു കൂടി വീട് ഒരുക്കുക യാണെങ്കിൽ ഏതൊരു ചെറിയ സ്ഥലവും ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീട് നിർമ്മിക്കാവുന്ന രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും.

പലപ്പോഴും സ്ഥല കുറവ് കാരണം ആഗ്രഹിച്ച രീതിയിൽ വീട് പണിയാൻ സാധിച്ചില്ല എന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്.

വീട് നിർമ്മിക്കുന്നതിനുള്ള പ്ലോട്ട് തിരഞ്ഞെടുക്കുന്നതു മുതൽ കൃത്യമായി പ്ലാൻ വരയ്ക്കുന്നതിൽ വരെ ശ്രദ്ധ നൽകേണ്ടതുണ്ട്.

ചെറിയ പ്ലോട്ടിൽ പൂർണ സൗകര്യങ്ങളോടു കൂടി തന്നെ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

ചെറിയ പ്ലോട്ടിൽ വലിയ വീടൊരുക്കാൻ.

വീട് നിർമിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ടിന്റെ ആകൃതി അനുസരിച്ചാണ് പ്ലാൻ വരക്കേണ്ടത്.

അതല്ലാതെ മനസിലുള്ള ആഗ്രഹങ്ങൾ എല്ലാം കുത്തി നിറച്ച് പ്ലോട്ടിന് അനുയോജ്യമല്ലാത്ത രീതിയിൽ വീടിന് പ്ലാൻ വരയ്ക്കുമ്പോഴാണ് പലപ്പോഴും അത് അപാകതയായി മാറുന്നത്.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ഒഴിവാക്കാൻ സാധിക്കാത്ത കാര്യങ്ങൾ സിറ്റൗട്ട്,ലിവിങ് ഏരിയ, കിച്ചൻ,ബെഡ്റൂമുകൾ, ബാത്റൂം എന്നിവയെല്ലാമാണ്.

ബാക്കിയെല്ലാം സ്ഥലപരിമിതി അനുസരിച്ച് കൂട്ടാവുന്നതാണ്.

കോർട്ടിയാഡ്, ഡൈനിങ് ഏരിയ എന്നിവയ്ക്ക് സ്ഥലം ലഭിക്കാത്ത അവസ്ഥ വരികയാണെങ്കിൽ കിച്ചണിനോട് ചേർന്ന് ഡൈനിങ് ഏരിയ സെറ്റ് ചെയ്യുന്ന രീതിയിലും, കോർട്‌യാർഡിനു പകരം ബാൽക്കണി സെറ്റ് ചെയ്ത് നൽകുന്ന രീതിയും തിരഞ്ഞെടുക്കാവുന്നതാണ്.

മാത്രമല്ല ഇന്ന് മിക്ക വീടുകളിലും ഒഴിച്ചു കൂടാനാകാത്ത ഒരിടമായി കാർ പോർച്ച് മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ കാർപോർച്ചിനു വേണ്ടിയുള്ള സ്ഥലം കൂടി പ്രത്യേകം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഏകദേശം 2000 സ്ക്വയർ ഫീറ്റിലുള്ള ഒരു വീടാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇരുനില രീതി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

സ്ഥലപരിമിതി മനസിലാക്കി കൊണ്ട് അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി വീട് നിർമിക്കാൻ ഈ ഒരു രീതി കൊണ്ട് സാധിക്കും.

ഭംഗിയായി മുറ്റമൊരുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ

കാർപോർച്ചിനുള്ള ഭാഗം മാറ്റിവെച്ച് ബാക്കി വരുന്ന ഭാഗത്ത് ഒരു ചെറിയ ലാൻഡ്സ്കേപ്പ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. പരന്ന ലാൻഡ്സ്കേപ്പിന് പകരമായി കുത്തനെയുള്ള ആകൃതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സ്ഥലപരിമിതി പിന്നീട് ഒരു പ്രശ്നമാകുന്നില്ല. മുറ്റത്ത് ഒരു കിണർ നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മോഡേൺ രീതിയിൽ ഉള്ള ഡിസൈനുകളിൽ ഏതെങ്കിലും മതിൽ തിരഞ്ഞെടുക്കാവുന്നതാണ്.

ട്രോപ്പിക്കൽ കണ്ടമ്പററി സ്റ്റൈൽ ഫോളോ ചെയ്തു കൊണ്ടാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ അത് പ്രകൃതിയോടിണങ്ങുന്ന ഒരു ഡിസൈനിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും. ലാൻഡ്സ്കേപ്പിനോട് ചേർന്നു തന്നെ നാച്ചുറൽ സ്റ്റോൺ,ആർട്ടിഫിഷ്യൽ ഗ്രാസ് എന്നിവ ഉപയോഗപ്പെടുത്തി ചെറിയ ഒരു ഗാർഡൻ ഏരിയ സെറ്റ് ചെയ്ത് നൽകാം. കാർപോർച്ചിൽ ഏതെങ്കിലും നല്ല പേവിങ് സ്റ്റോൺ നൽകി കൂടുതൽ ഭംഗിയാക്കാം. മാത്രമല്ല പലരും ആഗ്രഹിക്കുന്ന ഒരു കാര്യം മുറ്റത്ത് ഒരു ചെറിയ ഫിഷ് പോണ്ട് തയ്യാറാക്കണം എന്നതായിരിക്കും. അത്തരം ആഗ്രഹമുള്ളവർക്ക് റെഡിമെയ്ഡ് പാത്രങ്ങൾ വാങ്ങി അതിൽ വെള്ളം നിറച്ച് മീനുകളെ വളർത്താവുന്നതാണ്.

വീട്ടിലേക്ക് വായുവും വെളിച്ചവും ലഭിക്കുന്നതിനായി

സ്ഥല പരിമിതിയിൽ നിർമ്മിക്കുന്ന വീടുകളിൽ ഏറ്റവും കൂടുതലായി നേരിടേണ്ടി വരുന്ന പ്രശ്നം ആവശ്യത്തിന് വായു വെളിച്ചം എന്നിവ ലഭിക്കുന്നില്ല എന്നതാണ്. ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി ലിവിങ് ഏരിയ ഓപ്പൺ രീതിയിൽ സജ്ജീകരിച്ച് അവിടെ ഒരു ചെറിയ കോർട്ട്‌യാർഡ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. മാത്രമല്ല മുകളിലേക്ക് നൽകുന്ന സ്റ്റെയർ കേസ് ലിവിങ്ങിൽ നിന്നും പ്രവേശിക്കുന്ന രീതിയിൽ സജ്ജീകരിച്ച് ഇടയിൽ വലിയ വിൻഡോ നൽകാവുന്നതാണ്. ഇത് വീട്ടിനകത്തേക്ക് ആവശ്യത്തിന് വായു വെളിച്ചം എന്നിവ എത്തിക്കുന്നതിന് സഹായിക്കും.

ബെഡ്റൂമിൽ സ്റ്റോറേജ് ടൈപ്പ് ബെഡുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്താൻ സാധിക്കും. അടുക്കള ഓപ്പൺ കിച്ചൻ രീതിയിൽ സജ്ജീകരിച്ച് മുകളിൽ ഒരു സ്ലാബ് നൽകി ചെയറുകൾ നൽകിയാൽ ഡൈനിങ് ഏരിയയുടെ സ്ഥലവും ലാഭിക്കാൻ സാധിക്കും. 2 ബെഡ്റൂമുകൾക്കും കൂടി ഒരു കോമൺ ബാത്റൂം എന്ന രീതിയിൽ പരീക്ഷിച്ച് നോക്കാവുന്നതാണ്. വീടിന്റെ മുകൾ ഭാഗത്തും ഒരു ലിവിങ് ഏരിയ 2 ബെഡ് റൂമുകൾ എന്നിങ്ങനെ നൽകുകയാണെങ്കിൽ സുഖ സുന്ദരമായി 4 ബെഡ് റൂമുകളുള്ള ഒരു വീട് ഏത് കുറഞ്ഞ സ്ഥല പരിമിതിയിലും നിർമ്മിച്ചെടുക്കാൻ സാധിക്കും.

ചെറിയ പ്ലോട്ടിൽ വലിയ വീടൊരുക്കാൻ കൃത്യമായ പ്ലാനിങ് മാത്രം ഉണ്ടായാൽ മതി.