കുളവും കുളപ്പുരയും ഓർമകളാകുമ്പോൾ.

കുളവും കുളപ്പുരയും ഓർമകളാകുമ്പോൾ.പഴയ കാല വീടുകളെ പറ്റി ഓർക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഇടങ്ങളായിരിക്കും കുളവും കുളപ്പുരയും.

വേനലവധിക്ക് തറവാട്ടിൽ എത്തുന്ന കുട്ടികൾ കൂടുതൽ സമയവും ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നത് കുളത്തിൽ നീന്തിത്തുടിക്കാൻ ആയിരിന്നു.

എന്നാൽ ഇന്ന് കാലം മാറി ആർക്കും കുടുംബ വീടുകളിലേക്ക് വരാനോ വേനലവധി ആഘോഷിക്കാനോ ഒന്നും സമയമില്ല.

അതുകൊണ്ടുതന്നെ കുളവും കുളപ്പുരകളും ഉള്ള വീടുകളും ഓർമകളായി മാറാൻ തുടങ്ങി. പല വലിയ തറവാടുകളുടെയും പാരമ്പര്യം വിളിച്ചോതുന്നതിൽ കുളത്തിനും കുളപ്പുരക്കുമുള്ള പ്രാധാന്യം അത്ര ചെറുതായിരുന്നില്ല.

ഇന്ന് വീടിനകത്ത് സ്വിമ്മിംഗ് പൂൾ,ബാത്ത് ടബ് എന്നിവ എത്തിയതോടെ കുളങ്ങളെ പറ്റി ഓർക്കാൻ പോലും ആരും ഇഷ്ടപ്പെടുന്നില്ല.

പഴയകാല കൂട്ടുകുടുംബ വ്യവസ്ഥിതിക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ഇത്തരത്തിൽ കുളവും കുളപ്പുരകളും നിർമിച്ചിരുന്നത്.എന്തായാലും പഴയകാല ഓർമ്മകളിലേക്ക് ഒന്ന് അയവിറക്കാം.

കുളവും കുളപ്പുരയും ഓർമകളാകുമ്പോൾ.

കേരളവുമായി ബന്ധപ്പെട്ട പാർപ്പിട സംസ്കാരം പരിശോധിക്കുകയാണെങ്കിൽ നാലുകെട്ടുകളും എട്ട് കെട്ടുകൾക്കും ഉണ്ടായിരുന്ന അതേ പ്രാധാന്യം കുളത്തിനും കുളപ്പുരകൾക്കും ഉണ്ടായിരുന്നു.

കുളപ്പുര കൾ മാത്രമല്ല വീടിനോട് ചേർന്ന് മൃഗങ്ങളെ വളർത്താനുള്ള തൊഴുത്ത്, മൃഗങ്ങൾക്ക് ഭക്ഷണം സൂക്ഷിക്കാനുള്ള ഇടം എന്നിവയും ഇന്ന് നാമാവശേഷമായിരിക്കുന്നു.

പണ്ടു കാലത്ത് വീടിന്റെ തറകളിൽ ചാണകം മെഴുകി മിനുസമാക്കിയിരിക്കുന്നത് പിന്നീട് കാവിയിലേക്കും പിന്നീടത് മാർബിളും ഗ്രാനൈറ്റും ആയി മാറി.

വീടുകളുടെ നിർമ്മാണ രീതിയിലും വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എട്ട് കെട്ടും നാലുകെട്ടും അംഗങ്ങളുടെ എണ്ണ കൂടുതൽ കരുതിയാണ് നിർമ്മിച്ചിരുന്നത് എങ്കിൽ ഇന്ന് മിക്ക വീടുകളിലും രണ്ടോ മൂന്നോ പേർ അടങ്ങുന്ന അണു കുടുംബങ്ങൾ ആണ് ഉള്ളത്.

അതുകൊണ്ടു തന്നെ വീട്ടിലേക്ക് ആവശ്യമായി വരുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞതായിരിക്കും ചിലപ്പോൾ കുളങ്ങൾ ക്കുള്ള പ്രാധാന്യം കുറയാൻ ഉണ്ടായ ഒരു പ്രധാന കാരണം.

പഴയ കാല വീടുകളിൽ പാത്രം കഴുകുന്നതിനും, കുളിക്കുന്നതിനും, മൃഗങ്ങളെ കുളിപ്പിക്കുന്നതിനുമെല്ലാം ആവശ്യമായ വെള്ളം കുളത്തിൽ നിന്നാണ് എടുത്തിരുന്നത്.

കുടിക്കാനുള്ള വെള്ളം മാത്രം കിണറിൽ നിന്ന് എടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആസ്ഥാനം കുഴൽക്കിണറുകൾ ഏറ്റെടുത്തു കഴിഞ്ഞു.

കുളത്തിനും കുളപ്പുരക്കും പകരം

പണ്ടു കാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ നമ്മുടെ നാട്ടിൽ കൂടുതലായി ഇടംപിടിച്ചു. അതുകൊണ്ടുതന്നെ കുളത്തിന് പകരം ഒരു സിമ്മിംഗ് പൂൾ നിർമ്മിക്കുക എന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. ഇനി അത്രമാത്രം സ്ഥല സൗകര്യങ്ങൾ ഇല്ലാത്തവർ ബാത്റൂമിന് അകത്ത് ബാത്ത്ടബ് നൽകുന്ന രീതിയും ഉപയോഗിച്ച് തുടങ്ങി. പഴയകാല വീടുകളിൽ കാവുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചിരുന്നതു പോലെ ഇന്ന് ആ സ്ഥാനം ഗാർഡനുകൾ ഏറ്റെടുത്തു.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരുന്ന പഠിപ്പുര കൾക്കും വന്നു വലിയ മാറ്റം. പഴയകാല വീടുകളെ ഓർമ്മപ്പെടുത്തി കൊണ്ട് മോഡേൺ ശൈലിയിൽ നിർമിക്കുന്ന ചില വീടുകളിൽ യാതൊരു പ്രയോജനവും ഇല്ലാതെ ഇത്തരം പടിപ്പുരകൾ നൽകുന്നുണ്ട് എന്നത് സത്യമാണ്. പണ്ടു കാലത്ത് വീട്ടിലെ അംഗങ്ങളുടെ താമസ സൗകര്യങ്ങൾക്ക് വേണ്ടി വലിയ വീടുകൾ നിർമ്മിച്ചിരുന്നു എങ്കിൽ ഇന്നത് സൗകര്യത്തിനു വലിയ പ്രാധാന്യമൊന്നും നൽകിയില്ലെങ്കിലും ആഡംബരത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വലിയ വീടുകൾ നിർമ്മിക്കുക എന്ന രീതിയിലേക്ക് എത്തി കഴിഞ്ഞു.

കുളവും കുളപ്പുരയും ഓർമകളാകുമ്പോൾ അവ സമ്മാനിക്കുന്ന ഓർമ്മകളും നിരവധിയാണ്.