വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും.

വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും.വീട് നിർമ്മാണം എന്നത് വളരെയധികം സങ്കീർണമായ ഒരു പ്രക്രിയയാണ്.

പലപ്പോഴും കൃത്യമായ പ്ലാനിങ്, ആവശ്യമായ പണം എന്നിവ കൈവശമില്ലാതെ വീട് പണി തുടങ്ങിയാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നേക്കാം.

വീട് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും കണ്ടെത്തിയതിനു ശേഷം മാത്രം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുക എന്നതാണ് പലരും മനസിൽ കരുതുന്ന കാര്യം.

കാരണം നിർമ്മാണ മേഖലയിൽ സുതാര്യമായതും അല്ലാത്തതുമായ നിരവധി ചിലവുകൾ ഉണ്ടായേക്കാം.

പലപ്പോഴും വീട്ടുടമ കണക്കാക്കാത്ത പല ചിലവുകളും നിർമ്മാണത്തിൽ വരുമ്പോഴാണ് വലിയ കടങ്ങളിലേക്ക് അത് എത്തിക്കുന്നത്. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒളിഞ്ഞും തെളിഞ്ഞും വരാൻ സാധ്യതയുള്ള ചിലവുകളെ പറ്റി ഒന്ന് അറിഞ്ഞിരിക്കാം.

വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും കണക്കു കൂട്ടാം.

വീട് നിർമ്മാണത്തിനായി ഒരു പ്ലോട്ട് കണ്ടെത്തുന്നത് മുതൽ വീടുപണി മുഴുവൻ പൂർത്തിയായി അങ്ങോട്ടേക്ക് താമസം മാറുന്നത് വരെ പ്രതീക്ഷിക്കുന്നതും അല്ലാത്തതുമായ പല രീതിയിലുള്ള ചിലവുകളെയും മുന്നിൽ കാണണം.

മിക്കപ്പോഴും വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന പ്ലോട്ടിന് ആവശ്യത്തിന് ഉറപ്പില്ല എങ്കിൽ ഫൗണ്ടേഷൻ രീതിയിൽ തന്നെ ഒരു വലിയ ചിലവ് പ്രതീക്ഷിക്കാം.

ചതുപ്പ് നിലങ്ങൾ പോലുള്ള ഇടങ്ങളിലാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ പൈൽ ഫൗണ്ടേഷൻ പോലുള്ള ചിലവ് കൂടിയ രീതികൾ ആയിരിക്കും വേണ്ടി വരിക.

മണ്ണിന്റെ കാഠിന്യത്തിന്റെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഒരു ആർക്കിടെക്റ്റിനെ കണ്ട് സോയിൽ ടെസ്റ്റ് നടത്തി നോക്കേണ്ടി വരും.

ഇവയൊന്നും തന്നെ വീട് നിർമ്മാണത്തിൽ പ്രതീക്ഷിച്ച ചിലവിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ആയിരിക്കില്ല. 1000 സ്ക്വയർഫീറ്റിൽ ഉള്ള ഒരു വീടാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പോലും അതിനാവശ്യമായ പ്ലോട്ട് നിരപ്പാക്കാനായി ജെസിബി ആവശ്യമായി വരും.

അതിനു ശേഷം അസ്ഥിവാരം കീറി തറപ്പണികൾ ആരംഭിക്കുമ്പോഴേക്കും കെട്ടുന്നതിന് ആവശ്യമായ കരിങ്കല്ല്,ലേബർ കോസ്റ്റ് ഇനത്തിൽ വലിയ ഒരു തുക എന്നിവ ചിലവായിട്ടുണ്ടാകും.

ലേബർ കോൺട്രാക്ട് രീതിയിലാണ് ഇത്തരത്തിൽ ചിലവുകൾ കണക്കാക്കപ്പെടുന്നത്. എന്നാൽ ഏതെങ്കിലും ഒരു ബിൽഡറെ കണ്ട് കോൺട്രാക്ട് നൽകുകയാണ് എങ്കിലും ചിലവുകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട.

പ്രതീക്ഷിക്കാവുന്ന ചിലവുകൾ

വീടിന്റെ അടിത്തറ നിർമ്മാണം മുതൽ വാർപ്പ് പണി വരെ പൂർത്തിയാക്കാൻ 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന് ഏകദേശം 6 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ ചിലവ് പ്രതീക്ഷിക്കാം. പിന്നീട് വയറിങ്,പ്ലാസ്റ്ററിംഗ് വർക്കുകൾ പൂർത്തിയാകുമ്പോൾ വീട് നിർമ്മാണത്തിനായി കരുതിവച്ച തുകയുടെ പകുതിയും ചിലവഴിക്കേണ്ടി വരും.

ഇത്തരത്തിൽ വീടിന്റെ പണി ഏകദേശം പൂർത്തിയായി കഴിഞ്ഞാൽ വീട്ടിലേക്ക് ആവശ്യമായ ഫാനുകൾ, ലൈറ്റ്, ഇന്റീരിയർ അലങ്കരിക്കാൻ ആവശ്യമായ വസ്തുക്കൾ എന്നിവ കൂടി വാങ്ങി കൂട്ടുമ്പോഴേക്കും ബഡ്ജറ്റിന്റെ മുക്കാൽ ഭാഗവും തീർന്നിട്ടുണ്ടാകും.

ഇപ്പോഴാണ് പലരും പെയിന്റിംഗ് ആവശ്യമല്ലേ എന്ന കാര്യം ഓർക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്തെങ്കിലും ചിലവഴിച്ചാൽ മാത്രമാണ് നല്ല രീതിയിൽ വീടിന് ഇഷ്ടാനുസരണം പെയിന്റ് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

പിന്നീട് ലിവിങ്ഏരിയ, ഡൈനിങ് ഏരിയ ,ബെഡ്റൂം എന്നിവിടങ്ങളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ കണ്ടെത്തേണ്ടി വരും. മിക്ക വീടുകളിലും ഇവയൊന്നും തന്നെ ബഡ്ജറ്റിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ആയിരിക്കില്ല.

അപ്രതീക്ഷിത ചിലവുകൾ

പ്രതീക്ഷിച്ച ചിലവുകളെക്കാൾ കൂടുതൽ വരാൻ സാധ്യത പ്രതീക്ഷിക്കാത്ത ചിലവുകളാണ്. മിക്ക പ്പോഴും വീടുപണി മുഴുവൻ പൂർത്തിയായി കഴിയുമ്പോഴാണ് വീടിന്റെ മുറ്റത്തിന് ആവശ്യത്തിനു ഭംഗിയില്ല എന്ന തോന്നൽ ഉണ്ടാവുക.

തുടർന്ന് മുറ്റം ഇന്റർലോക്ക് ബ്രിക്കുകൾ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ,നാച്ചുറൽ സ്റ്റോൺ ഉപയോഗപ്പെടുത്തി ഒന്ന് മോടി പിടിപ്പിച്ച് എടുക്കുമ്പോഴേക്കും ചിലവ് പ്രതീക്ഷിക്കുന്നതിനും അപ്പുറം എത്തിയിട്ടുണ്ടാകും.

വീടിനോട് ചേർന്ന് ഒരു ചെറിയ ചുറ്റുമതിൽ കെട്ടി ഒരു ഗേറ്റ് സ്ഥാപിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. എന്നാൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാനിൽ ഇവ ഒന്നും തന്നെ ഉൾപ്പെട്ടിട്ടുണ്ടാകില്ല.

കോൺട്രാക്ട് രീതിയിലാണ് വീട് നൽകിയിട്ടുള്ളത് എങ്കിൽ വീട് പണി മുഴുവൻ പൂർത്തിയായി കഴിഞ്ഞ് പെയിന്റ് ചെയ്തു കാണുമ്പോൾ ഒരു ഫിനിഷിംഗ് ഉണ്ടായിക്കൊള്ളണമെന്നില്ല.

അത്തരം സാഹചര്യങ്ങളിൽ വീണ്ടും ഒരു കോട്ട് പെയിന്റ് കൂടി വാങ്ങി അടിക്കണം എങ്കിൽ ചിലവ് വേറെ കണ്ടെത്തേണ്ടി വരും.എന്നാൽ കൈവശമുള്ള പണം ഉപയോഗിച്ച് എങ്ങിനെയെങ്കിലും ഒരു വീട് നിർമ്മിക്കുക എന്ന ആശയം തന്നെയാണ് എപ്പോഴും നല്ലത്.

മുഴുവൻ തുകയും സ്വരുക്കൂട്ടിയതിനു ശേഷം വീട് നിർമ്മിക്കാം എന്ന ചിന്ത പലപ്പോഴും ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ സാധിക്കണമെന്നില്ല.

കാരണം ഇന്ന് നിങ്ങൾ സ്വരുക്കൂട്ടി വയ്ക്കുന്ന പണത്തിന് രണ്ടുവർഷം കഴിഞ്ഞാൽ അതേ മൂല്യത്തിൽ ഒരു വീട് നിർമ്മിക്കാൻ സാധിക്കണം എന്നില്ല.

വീട് നിർമ്മാണം മുഴുവൻ പൂർത്തിയായിക്കഴിഞ്ഞാലും ഒരു വലിയ ചിലവ് ഗൃഹപ്രവേശത്തിനായി വേണ്ടി വരും എന്ന കാര്യം പലരും മറന്നു പോകുന്നു.

വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും തീർച്ചയായും ചിന്തിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.