വീടു നിർമാണം തുടങ്ങുന്നതിനു മുൻപ് തന്നെ ആവശ്യമായി വരുന്ന രേഖകൾ.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് ആവശ്യമായി വരുന്ന ചില പ്രധാന രേഖകൾ ഉണ്ട്. ഇത്തരം രേഖകൾ കൈവശം ഇല്ലാതെ വീടുപണി തുടങ്ങി അത് കണ്ടെത്ത പെടുകയാണ് എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും. വീട് നിർമ്മാണത്തിന് ആവശ്യമായ രേഖകൾ ലഭിക്കുന്നതിനായി എവിടെയാണ് അപേക്ഷ നൽകേണ്ടത് എന്നും, എങ്ങിനെ അപേക്ഷ നൽകണം എന്നതും പലർക്കുമറിയില്ല. പ്രധാനമായും രണ്ട് രീതിയിലുള്ള സ്ഥലങ്ങളിലാണ് നമ്മൾ വീടുനിർമാണം നടത്തുന്നത്. പഞ്ചായത്ത്, കോർപ്പറേഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും നമ്മൾ നിർമ്മിക്കാൻ പോകുന്ന വീട് ഉൾപ്പെടുന്നത്. പഞ്ചായത്ത്, കോർപ്പറേഷൻ പരിധിയിൽ വീട് നിർമ്മാണം തുടങ്ങുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. വ്യത്യസ്ത രീതികളിലാണ് രണ്ട് സ്ഥലങ്ങളിലേക്കും വീട് നിർമ്മാണത്തിന് ആവശ്യമായ അപേക്ഷ നൽകേണ്ടത്.

പഞ്ചായത്ത് പരിധിയിൽ വീട് നിർമ്മിക്കുമ്പോൾ

പഞ്ചായത്ത് പരിധിയിൽ ആണ് വീട് നിർമ്മിക്കുന്നത് എങ്കിൽ അപേക്ഷയോടൊപ്പം സബ്മിറ്റ് ചെയ്യേണ്ട രേഖകൾ ഇവയെല്ലാമാണ്.

  • സ്ഥലത്തിന്റെ ആധാരം
  • അവസാനമായി കരം അടച്ച സ്ഥലത്തിന്റെ രസീത്
  • കൈവകാശ സർട്ടിഫിക്കറ്റ്
  • വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലാനിന്റെ മൂന്ന് സെറ്റ് കോപ്പി.
  • കൈവശാവകാശ സർട്ടിഫിക്കറ്റ്, ഭൂമിയെ തരംതിരിച്ചിരിക്കുന്നതു മായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് എന്നിവ വില്ലേജ് ഓഫീസിൽ നിന്നാണ് വാങ്ങേണ്ടത്.
  • അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴിയാണ്. ഇതിനായി ഉപയോഗപ്പെടുത്തുന്നത് ‘സങ്കേതം’ എന്ന വെബ്സൈറ്റ് ആണ്. ആവശ്യമായ രേഖകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത നൽകുകയാണ് വേണ്ടത്.
  • നിർമിക്കാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ വിശദമായ പ്ലാൻ തന്നെ പഞ്ചായത്തിൽ നൽകണം.

കോർപ്പറേഷൻ പരിധിയിൽ അപേക്ഷ സമർപ്പിക്കുമ്പോൾ

കോർപറേഷൻ പരിധിയിൽ ആണ് വീട് നിർമ്മിക്കുന്നത് എങ്കിലും നേരത്തെ പറഞ്ഞ എല്ലാ രേഖകളും ആവശ്യമാണ്. എന്നാൽ അപേക്ഷ സമർപ്പിക്കേണ്ടത് ‘ സുലേഖ ‘ എന്ന വെബ്സൈറ്റ് വഴിയാണ്. ഓൺലൈനായി എല്ലാവിധ രേഖകളും അപ്‌ലോഡ് ചെയ്ത് അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്.

രണ്ട് രീതികളിൽ അപേക്ഷ സമർപ്പിച്ചാലും 15 ദിവസത്തിനുള്ളിൽ ഓവർസിയാർ വന്ന് സൈറ്റ് പരിശോധിക്കുകയും എല്ലാവിധ രേഖകളും കൃത്യമാണ് എന്ന് ഉറപ്പു വരുത്തി വീടുപണി തുടങ്ങുന്നതിന് അനുമതി തരികയും ചെയ്യും. എന്നാൽ 15 ദിവസം കഴിഞ്ഞും അതിനായി നിയോഗിച്ചിട്ടുള്ള ആരും വന്ന് സൈറ്റ് വിസിറ്റ് ചെയ്തില്ല എങ്കിൽ പെർമിഷൻ ലഭിച്ചതായി കരുതി പണികൾ തുടങ്ങാവുന്നതാണ്. അതേസമയം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാവിധ നിയമങ്ങളും അനുസരിച്ചു കൊണ്ട് മാത്രമാണ് കെട്ടിടം പണിയുന്നത് എന്ന് ഉറപ്പു വരുത്തുക. അല്ലാത്തപക്ഷം പിന്നീട് നിർമ്മിച്ച കെട്ടിടം പെർമിറ്റ് ഇല്ലാതെ പൊളിച്ച് മാറ്റേണ്ട അവസ്ഥ വരും.