റൂഫ് പ്ലാസ്റ്ററിങ്ങിൽ ഈ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാൽ വീട് ചോർന്നൊലിക്കുമെന്ന പേടി വേണ്ട.

മുൻകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിൽ ഇന്ന് കൂടുതലായും കോൺക്രീറ്റിൽ തീർത്ത വീടുകളാണ് നിർമിക്കുന്നത്. പണ്ട് ഓടിട്ട വീടുകളിൽ ഒരു പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത് മഴക്കാലത്തുള്ള ചോർച്ചയായിരുന്നു.

അതിന് ഒരു പരിഹാരമെന്നോണം കോൺക്രീറ്റ് വീടുകൾ നിർമിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് എടുത്തുപറയേണ്ട വസ്തുത.

പണ്ടത്തെ വീടുകളിൽ ഉണ്ടായിരുന്നതു പോലെ വെള്ളം നേരിട്ട് താഴേക്ക് ചോരുകയല്ല ചെയ്യുന്നത്.അതിനുപകരമായി വെള്ളം കെട്ടിനിന്ന് ലീക്കേജ് പ്രശ്നങ്ങൾ ഉണ്ടാവുകയും അത് ഭിത്തികളിൽ ആഴ്ന്നിറങ്ങി വിള്ളലുകൾ വരാനുള്ള സാധ്യതയുമാണ് കാണുന്നത്.

ഇതിനുള്ള പ്രധാന കാരണം റൂഫ് നല്ല രീതിയിൽ പ്ലാസ്റ്ററിംഗ് ചെയ്യാത്തതാണ്. അതുകൊണ്ടുതന്നെ ഒരു വീടിന് റൂഫ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് വിശദമായി മനസ്സിലാക്കാം.

റൂഫ് പ്ലാസ്റ്ററിങ് ചെയ്യേണ്ട രീതി

വീടിന്റെ കോൺക്രീറ്റ് വർക്കുകൾ പൂർത്തിയായ ശേഷം ഷട്ടർ എടുത്ത് മാറ്റിയതിനുശേഷം പെട്ടെന്ന് തന്നെ ചെയ്യേണ്ട ഒരു വർക്കാണ് റൂഫ് പ്ലാസ്റ്ററിംഗ്.

സാധാരണയായി വാർപ്പ് കഴിഞ്ഞ് ഉടനെ തന്നെ റൂഫ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ടെറസിന് മുകളിൽ പായൽ,പൂപ്പൽ എന്നിവ പോലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല. അതു കൊണ്ട് കോൺക്രീറ്റും പ്ലാസ്റ്റർ വർക്കും തമ്മിൽ പെട്ടെന്ന് സംയോജിച്ച് നല്ല രീതിയിൽ സെറ്റ് ആവും.

റൂഫ് പ്ലാസ്റ്ററിംഗ് ചെയ്യുന്നതിനു മുൻപായി

വാട്ടർ പ്രൂഫിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അത് ചെയ്യേണ്ടത് റൂഫ് പ്ലാസ്റ്ററിങ്ങിന് തൊട്ടു മുൻപായാണ്. വിപണിയിൽ വ്യത്യസ്ത ബ്രാൻഡുകളുടെ വാട്ടർപ്രൂഫിങ്‌ മെറ്റീരിയലുകൾ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്.

ഇതിൽ നിന്ന് ഏറ്റവും മികച്ച ഒരു ബ്രാൻഡ് തിരഞ്ഞെടുക്കുക എന്നതിലാണ് പ്രാധാന്യം. തിരഞ്ഞെടുക്കുന്ന ചാന്ത് റൂഫ് സ്ലാബിലേക്ക് അപ്ലൈ ചെയ്ത് നൽകുകയാണ് വേണ്ടത്.

വാട്ടർപ്രൂഫിങ് വർക്കുകൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടത് റൂഫിന്റെ വൃത്തിക്ക് തന്നെയാണ്. എന്നാൽ പലരും റൂഫ് പ്ലാസ്റ്ററിങ് വർക്കിന് വലിയ പ്രാധാന്യം നൽകാറില്ല.

വീടിന്റെ എല്ലാ വർക്കുകളും പൂർത്തിയായി ഏറ്റവും അവസാനം ചെയ്യേണ്ട ഒരു വർക്ക് എന്ന രീതിയിലാണ് റൂഫ് പ്ലാസ്റ്ററിംഗ് ചെയ്യുന്നത്.

ഇങ്ങിനെ ചെയ്യുമ്പോൾ റൂഫിൽ പായൽ പറ്റി പിടിക്കുകയും, പണിയുടെ അവശിഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യും.

ഇതിനുമുകളിൽ പ്ലാസ്റ്റർ ചെയ്യുന്നതു കൊണ്ട് യാതൊരുവിധ ഗുണവുമില്ല. റൂഫ് പ്ലാസ്റ്ററിംഗ് ചെയ്യുന്നതിന് മുമ്പായി റൂഫ് നല്ലപോലെ അടിച്ചു വൃത്തിയാക്കി കഴുകി ഇടണം.

റൂഫ് പ്ലാസ്റ്ററിങ് ചെയ്യാൻ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.

റൂഫിന് മുകളിൽ പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുന്നതിന് ഏറ്റവും നല്ല മെറ്റീരിയൽ പുഴമണൽ തന്നെയാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ല ക്വാളിറ്റിയിൽ ഉള്ള പുഴമണൽ നമ്മുടെ നാട്ടിൽ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് അതിനുപകരമായി ഉപയോഗപ്പെടുത്താവുന്ന ത എംസാൻഡ് മെറ്റീരിയൽ ആണ്.

റൂഫ് പ്ലാസ്റ്റർ ചെയ്യുമ്പോൾ പലരും സ്ലോപ്പിന് വലിയ പ്രാധാന്യം നൽകാറില്ല. കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് തന്നെ സ്ലോപ്പുകൾ കൃത്യമായി നൽകിയില്ല എങ്കിൽ പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടിവരും.

ഇത് വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാക്കുന്നതിനും പിന്നീട് ലീക്കേജ് ആയി മാറുന്നതിനും കാരണമാകാറുണ്ട്. 1000 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള ഒരു സ്ലാബ് ആണ് പ്ലാസ്റ്ററിങ് ചെയ്യുന്നത് എങ്കിൽ അതിനെ രണ്ടോ മൂന്നോ വിഭാഗങ്ങളായി തരം തിരിക്കണം. അതിനുശേഷം വെള്ളം ഒഴുകിപ്പോകേണ്ട ഭാഗങ്ങൾ ഏതെല്ലാമാ ണെന്ന് കൃത്യമായി വേർതിരിച്ച് നൽകുക.സ്ലോപ് കൊടുക്കുമ്പോൾ അതിൽ നിന്നും പോകുന്ന വെള്ളം മഴവെള്ളസംഭരണി നിർമ്മിച്ച് അതിലേക്ക് ഒഴുകുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

കോൺക്രീറ്റ്, റൂഫ് പ്ലാസ്റ്റർ എന്നിവ തമ്മിൽ നല്ല ഒരു ബന്ധം നൽകുന്നതിന് ഏതെങ്കിലുമൊരു അക്രലിക് ബോണ്ട് പ്ലാസ്റ്ററിംഗ് മെറ്റീരിയലിൽ ആഡ് ചെയ്ത് നൽകാവുന്നതാണ്.

പാസ്റ്ററിംഗ് വർക്ക്‌ ചെയ്താലും ഉണ്ടാകുന്ന വിള്ളലുകൾ

നല്ല രീതിയിൽ പ്ലാസ്റ്ററിങ് വർക്ക് പൂർത്തിയായി കഴിഞ്ഞാലും പലപ്പോഴും റൂമിൽ ചെറിയ രീതിയിലുള്ള വിള്ളലുകൾ കാണാറുണ്ട്. ഇതിനുള്ള പ്രധാന കാരണം റൂഫിന് കൂടുതൽ ഫിനിഷ് ലഭിക്കുന്നതിനുവേണ്ടി ഗ്രൗട്ടു കൾ നൽകുന്നതാണ്. അങ്ങിനെ ചെയ്യുന്നത് വഴി നല്ലപോലെ ചൂട് അടിക്കുമ്പോൾ പ്ലാസ്റ്റർ പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ റൂഫ് പ്ലാസ്റ്ററിങ് ചെയ്ത് അതിനുമുകളിൽ ഗ്രൗട്ട് വർക്കുകൾ ചെയ്യുന്നത് ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കുന്നത്.

വീട് നിർമ്മിക്കുമ്പോൾ റൂഫ് പ്ലാസ്റ്ററിംഗ് ചെയ്യുന്നതിനു മുൻപായി ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ പിന്നീട് ചോർച്ച,ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.