പ്ലാസ്റ്ററിംഗ് വർക്കുകൾ കഴിഞ്ഞ് വൈറ്റ് സിമന്‍റ് അടിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി കഴിഞ്ഞാൽ മിക്ക ആളുകൾക്കും സംശയമുള്ള കാര്യം ആദ്യം ഏത് പെയിന്റ് ആണ് അടിച്ചു നൽകേണ്ടത് എന്നതായിരിക്കും. അതായത് വൈറ്റ് സിമന്റ്, പുട്ടി,പ്രൈമർ എന്നിവയിൽ ആദ്യം ഉപയോഗിക്കേണ്ടത് ഏതാണ് എന്ന കാര്യം പലപ്പോഴും സംശയം ഉണ്ടാക്കുന്നതാണ്.

അതു പോലെ ഇവയിൽ ഏത് ഉപയോഗിക്കുമ്പോഴാണ് കൂടുതൽ ചിലവ് വരിക എന്നതും പലർക്കും കൃത്യമായി അറിയുന്നുണ്ടാവില്ല. ഇത്തരത്തിൽ കൃത്യമായ ഒരു ധാരണ ഇല്ലാതെ പെയിന്റിങ് വർക്കുകൾ ചെയ്യുന്നത് വഴി വലിയ രീതിയിലുള്ള നഷ്ടമാണ് പലപ്പോഴും നേരിടേണ്ടി വരിക.

ഇപ്പോൾ മിക്ക ആളുകളും ചിന്തിക്കുന്നത് പെയിന്റ് അടിക്കാനായി ഏർപ്പെടുത്തിയ ലേബേർസ് അല്ലേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് എന്നതായിരിക്കും.എന്നാൽ ഇത്തരം കാര്യങ്ങളെ പറ്റി ഒരു കൃത്യമായ ധാരണ ഇല്ലെങ്കിൽ അവർ നിങ്ങളെ പറ്റിക്കാൻ ഉള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ തീർച്ചയായും അടിക്കേണ്ട പെയിന്റ്, അതിനായി വരുന്ന ഏകദേശ ചിലവ് എന്നിവയെ പറ്റി വിശദമായി മനസിലാക്കാം.

പ്ലാസ്റ്ററിങ് വർക്കുകൾക്ക് ശേഷം.

പണ്ടുകാലം തൊട്ടേ നമ്മുടെ നാടുകളിൽ പ്ലാസ്റ്ററിങ് വർക്കിന് ശേഷം പെയിന്റ് അടിക്കുമ്പോൾ ആദ്യം അടിക്കുന്നുത് കുമ്മായം അല്ലെങ്കിൽ സം ആണ്. കാലം കടന്നു പോയപ്പോൾ അവ വൈറ്റ് സിമന്റ് ആയും പിന്നീട് പ്രൈമർ, പുട്ടി എന്ന രീതിയിലേക്കും മാറി.

ഏകദേശം 80 ശതമാനം വീടുകളിലും വൈറ്റ് സിമന്റ് തന്നെയാണ് ഇപ്പോഴും പ്ലാസ്റ്ററിങ് വർക്കിന് ശേഷം നൽകുന്നത്. വൈറ്റ് സിമന്റ് ശരിയായ രീതിയിൽ നൽകാത്തത് പിന്നീട് പല രീതിയിലുള്ള പ്രശ്നങ്ങളിലേക്കും വഴിവയ്ക്കുന്നു.

പ്ലാസ്റ്ററിങ് വർക്കുകൾ നല്ല രീതിയിൽ ആണ് ചെയ്തിട്ടുള്ളത് എങ്കിൽ അതിനു മുകളിൽ വൈറ്റ് സിമന്റ് മാത്രം അടിച്ച് ഭംഗിയാക്കി കാലാകാലം നിലനിർത്താനും സാധിക്കും.

അതല്ല എങ്കിൽ പിന്നീട് അതിനു മുകളിൽ വേറെ നിറങ്ങളിലുള്ള പെയിന്റ് ആവശ്യാനുസരണം തിരഞ്ഞെടുത്ത് അടിച്ചു നൽകാവുന്നതാണ്.

സിമന്‍റ് അടർന്നു പോകാനുള്ള കാരണം

സിമന്റ് സെറ്റ് ആകാനുള്ള സമയം മനസ്സിലാക്കാതെ അടിച്ചു നൽകുകയാണെങ്കിൽ അവ പിന്നീട് അടർന്ന് പോരാനും കൈ തൊടുമ്പോൾ കയ്യിൽ വരാനുമുള്ള സാധ്യത കൂടുതലാണ്.

പ്ലാസ്റ്ററിങ്‌ കഴിഞ്ഞ ഒരു വീട്ടിൽ വൈറ്റ് സിമന്റ് അടിച്ചു നൽകുന്നതിനായി രണ്ട് ആഴ്ച മുതൽ ഒരു മാസംവരെ സമയം നൽകേണ്ടതുണ്ട്.

2:1 എന്ന അനുപാതത്തിലാണ് വൈറ്റ് സിമന്റ് വെള്ളവുമായി കൂട്ടിക്കലർത്തി ഉപയോഗിക്കേണ്ടത്.

ഏകദേശം 30 സ്ക്വയർഫീറ്റ് സ്ഥലം അടിക്കാനുള്ള വൈറ്റ് സിമന്റ് ഒരു കിലോ പാക്കറ്റിൽ ഉണ്ടായിരിക്കും.

വൈറ്റ് സിമന്‍റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സിമന്റ് പെട്ടെന്ന് സെറ്റ് ആകുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അധികസമയം തുറന്നു വയ്ക്കാതെ ഇരിക്കുന്നതാണ് നല്ലത്.

സാധാരണ സിമന്റ് 10 മുതൽ 15 ദിവസത്തിനുള്ളിൽ സെറ്റ് ആകുമ്പോൾ വൈറ്റ് സിമെന്റ് വെറും 15മുതൽ 30 മിനിറ്റിനുള്ളിൽ തന്നെ സെറ്റ് ആകാൻ തുടങ്ങുകയും പിന്നീട് അവ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരികയും ചെയ്യും.

പലരും പെയിന്റിന് പകരമായി വൈറ്റ് സിമന്റ് ഉപയോഗപ്പെടുത്താം എന്ന് കരുതുകയും അത് വളരെയധികം ലൂസ് രൂപത്തിൽ കലക്കി വയ്ക്കുകയും ചെയ്യും. എന്നാൽ പിന്നീട് അവ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുക.

എന്താണ് വൈറ്റ് സിമന്‍റ്?

ചുണ്ണാമ്പ് ചൈനീസ് ക്ലെ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു മിശ്രിതമാണ് വൈറ്റ് സിമന്റ്.മാത്രമല്ല ഒരു സാധാരണ സിമന്റിന് ഉള്ളതുപോലെ സ്വന്തമായി ഒരു കളറും വൈറ്റ് സിമന്റിനുണ്ട്.അതുകൊണ്ടുതന്നെ അവക്ക് വെള്ള നിറം ലഭിക്കുന്നതിന് വേണ്ടി പ്രത്യേകമായി ഒന്നും ചേർക്കേണ്ടി വരുന്നില്ല.

സാധാരണയായി പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന സുഷിരങ്ങളെല്ലാം അടക്കുന്നതിനായി വൈറ്റ് സിമന്റ് ഉപയോഗപ്പെടുത്താൻ സാധിക്കും.

അതേസമയം ചുമരിന്റെ എല്ലാ ഭാഗങ്ങളും നല്ല രീതിയിൽ പെർഫെക്ഷൻ ലഭിക്കണമെന്ന് നിർബന്ധമില്ല. ഇത്തരം സാഹചര്യങ്ങളിൽ പുട്ടി കൂടി ഉപയോഗപ്പെടുത്തേ ണ്ടി വരും.

വൈറ്റ് സിമന്‍റ് അടിക്കേണ്ട രീതി

ഏതൊരാൾക്കും വളരെ എളുപ്പത്തിൽ വൈറ്റ് സിമന്റ് അടിച്ചു കൊടുക്കാൻ സാധിക്കും.ഇതിനായി പ്രൊഫഷണലായ ആളുകളുടെ ആവശ്യം വരുന്നില്ല.

അതേസമയം പ്രൊഫഷണൽ ആയ ആളുകൾ ആണ് പണി ചെയ്യുന്നത് എങ്കിൽ വർക്കിന് കൂടുതൽ ഫിനിഷിംഗ് ലഭിക്കും.

പുതിയതായി നിർമ്മിച്ച വീടുകളിൽ പ്ലാസ്റ്ററിംഗ് വർക്ക് കഴിഞ്ഞ ശേഷം നല്ലപോലെ നനച്ച് കൊടുത്തു വേണം സിമന്റ് അടിക്കാൻ.

ആവശ്യമുള്ള സിമന്റ് മാത്രം കലക്കി ചുമരുകളിൽ അടിച്ച് നൽകാവുന്നതാണ്. അതേസമയം പഴയ വീടുകളിൽ വൈറ്റ് സിമന്റ് അടിച്ചു നൽകുമ്പോൾ ചുമര് നല്ലപോലെ ഉരച്ചു കഴുകി സ്മൂത്ത്‌ ചെയ്ത ശേഷം വേണം വൈറ്റ് സിമന്റ് നൽകാൻ.

വൈറ്റ് സിമന്റ് ഒരിക്കൽ സെറ്റായ ശേഷം വീണ്ടും വെള്ളം ചേർത്ത് മിക്സ് ചെയ്ത് അടിക്കുക യാണെങ്കിൽ പിന്നീട് അവ അടർന്നു പോകാനുള്ള സാധ്യത കൂടുതലാണ്.

വെള്ളമടിച്ചു കഴുകുമ്പോൾ സ്പ്രേ ചെയ്യുന്ന രീതിയിൽ വേണം നൽകാൻ.

പുട്ടി തിരഞ്ഞെടുക്കുമ്പോൾ

വൈറ്റ് സിമന്റിന് പകരമായി ഇപ്പോൾ പല വീടുകളിലും പ്ലാസ്റ്ററിങ് വർക്കുകൾക്ക് ശേഷം ഉപയോഗിക്കുന്നത് പുട്ടിയാണ്. ചുമരിൽ വളരെയധികം സ്മൂത്തായി ഉപയോഗിക്കാവുന്ന മെറ്റീരിയൽ ആണ് പുട്ടി.

വൈറ്റ് സിമന്റ് നൽകി അതിന് മുകളിലോ അതല്ല എങ്കിൽ നേരിട്ടോ പുട്ടി അപ്ലൈ ചെയ്തു നൽകാവുന്നതാണ്.

അതേസമയം വീടിന് വൈറ്റ് സിമന്റ് മാത്രമാണ് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പുട്ടി കൂടി അടച്ചിടുന്നതാണ് നല്ലത്.

ഇങ്ങിനെ ചെയ്യുന്നത് വഴി രണ്ടോ മൂന്നോ വർഷം കഴിഞ്ഞാണ് പെയിന്റ് അടിക്കുന്നത് എങ്കിലും വാൾ നല്ല സ്മൂത്ത് ആയി ലഭിക്കും.

പ്രൈമറിനെ പറ്റി

ചുമരുകൾക്ക് പെയിന്റ് അടിക്കുമ്പോൾ മാത്രമല്ല പ്രൈമറിനെ പറ്റി കേൾക്കുന്നത്. ഫർണിച്ചറുകൾ, മെറ്റൽ എന്നിവയിൽ നിർമിച്ച ഉപകരണങ്ങൾക്കും പ്രൈമർ അടിച്ചു നൽകാനായി മിക്ക കമ്പനികളും ആവശ്യപ്പെടുന്നുണ്ട്.

വാൾ പ്രൈമർ നൽകുമ്പോൾ സിമന്റ് പ്ലാസ്റ്ററിംഗ് കഴിഞ്ഞ ഉടനെ രണ്ട് കോട്ട് പ്രൈമർ അടിച്ചു നൽകാവുന്നതാണ്.

അതിന് വൈറ്റ് സിമന്റ് നൽകണമെന്ന് ഇല്ല. പ്രൈമറിയിൽ അടങ്ങിയിട്ടുള്ളത് 60% വെള്ളം, 30% സിന്തറ്റിക് റെസിൻ,10% അഡിഷൻ എന്നിങ്ങനെയാണ്.

120 സ്ക്വയർ ഫീറ്റ് ആണ് ഒരു ലിറ്റർ പ്രൈമർ കൊണ്ട് ഉപയോഗിക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ പുട്ടി,പ്രൈമർ എന്നിവ അടിക്കുന്നതിനു മുൻപ് ഒരു കോട്ട് വൈറ്റ് സിമന്റ് അടിച്ചു നൽകുകയാണെങ്കിൽ അത് കൂടുതൽ കാലം ഈടു നിൽക്കുകയും ഒരു സ്മൂത്ത് എഫക്ട് നൽകുകയും ചെയ്യുന്നു.

പെയിന്‍റ് ഫെയ്ഡ് ആകുന്നതിനുള്ള കാരണം

പല വീടുകളിലും വളരെ ഭംഗിയായി പെയിന്റ് ചെയ്ത് നൽകിയാലും കുറഞ്ഞ സമയത്തിനുള്ളിൽ അവ ഫെയ്ഡ് ആകുന്ന അവസ്ഥ വരാറുണ്ട്.

ഇതിനുള്ള പ്രധാന കാരണം പ്രൈമർ,
വൈറ്റ് സിമന്റ്, പുട്ടി വർക്കുകൾ ശരിയായ രീതിയിൽ ചെയ്യാത്തതാണ്. ഏത് രീതിയിലുള്ള പെയിന്റ് ആണ് നൽകുന്നത് എങ്കിലും പ്ലാസ്റ്ററിങ് അത് നല്ല രീതിയിൽ അബ്സോർബ് ചെയ്തെടുക്കും.

ഇതാണ് പിന്നീട് ഫെയ്ഡ് ആയി തോന്നുന്നത്. അതുകൊണ്ടുതന്നെ എമൽഷൻ ചെയ്യുന്നതിന് മുൻപായി പുട്ടി,പ്രൈമർ എന്നിവ നൽകാനായി ശ്രദ്ധിക്കണം.

എമൽഷൻ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ എന്നിവയ്ക്ക് പ്രത്യേകമായി തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

ചുമരിന് പുട്ടിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ കൂടുതൽ കാലം പ്രശ്നങ്ങളില്ലാതെ നിലനിർത്തുന്നതിനായി രണ്ടു കോട്ട് പുട്ടി,ഒരു കോട്ട് പ്രൈമർ,രണ്ടു കോട്ട് എമൽഷൻ എന്ന രീതിയിൽ നൽകാവുന്നതാണ്.

വീടിന് ഏത് രീതിയിലാണ് പെയിന്റ് നൽകേണ്ടത് എന്ന് കൃത്യമായി പ്ലാൻ ചെയ്ത് ശേഷം മാത്രം ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നതുവഴി ചിലവ് കുറയ്ക്കുക മാത്രമല്ല അതേസമയം കൂടുതൽ ഭംഗിയിലും, കൂടുതൽ കാലം നിലനിൽക്കുന്ന രീതിയിലും വൈറ്റ് സിമന്റ് നൽകാവുന്നതാണ്.