വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യമാണ് എങ്ങിനെയാണ് പെയിന്റ് തിരഞ്ഞെടുക്കേണ്ടത് എന്നത്.

വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉപയോഗിക്കുന്ന നിറങ്ങൾ പെയിന്റ് എന്നിവയിലെല്ലാം വലിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ട്.

വീടിന്റെ പുറം ഭാഗത്ത് പായലിനെയും പൂപ്പലിനെയും പ്രതിരോധിക്കുന്ന രീതിയിലുള്ള എമൽഷനുകളാണ് തിരഞ്ഞെടുക്കേണ്ടത്.

അതേ സമയം ഇന്റീരിയറിൽ ചെറിയ രീതിയിലുള്ള വിള്ളലുകളും, കുഴികളുമെല്ലാം നികത്തപ്പെടുന്ന രീതിയിലുള്ളവ നോക്കി വേണം തിരഞ്ഞെടുക്കാൻ.

നിറങ്ങളുടെ കാര്യത്തിലും ഇന്റീരിയർ, എക്സ്റ്റീരിയർ പെയിന്റുകൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. വീട്ടിലേക്ക് ആവശ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

ഒരു നിറത്തിനെ എടുത്ത് കാണിക്കാനും കുറച്ചു കാണിക്കാനുമുള്ള കഴിവ് പ്രകാശനത്തിനുണ്ട് എന്ന കാര്യം മറക്കേണ്ട. അതു കൊണ്ട് പ്രകാശം കുറവ് ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വൈബ്രന്റ് ആയ നിറങ്ങൾ നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അതേ സമയം അത്യാവശ്യം വെളിച്ചം ലഭിക്കുന്ന ഇടങ്ങളിൽ ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുത്താലും പ്രശ്നമില്ല. ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് ഡാർക്ക് നിറങ്ങൾ ഒഴിവാക്കുകയാണെങ്കിൽ കൂടുതൽ വെളിച്ചവും വിശാലതയും അകത്തളത്തിന് ലഭിക്കും.

അതേസമയം ബെഡ്റൂമുകളിൽ അധികം വെളിച്ചം വേണ്ടാത്തവർക്ക് ഡാർക്ക് നിറങ്ങളാണ് കൂടുതൽ അനുയോജ്യം. ഇന്റീരിയറിലേക്ക് തിരഞ്ഞെടുക്കുന്ന തീം അനുസൃതമായി ആവശ്യമുള്ള ലൈറ്റിംഗ് നിശ്ചയിക്കാം.

നാച്ചുറൽ ലൈറ്റ് ലഭിക്കാത്ത ഇടങ്ങളിൽ കൃത്രിമമായ വെളിച്ചം തിരഞ്ഞെടുക്കേണ്ട അവസ്ഥ വരാറുണ്ട്. ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള മറ്റ് നിറങ്ങൾ നോക്കി വേണം ലൈറ്റിംഗ് അത്തരം സാഹചര്യങ്ങളിൽ തിരഞ്ഞെടുക്കാൻ.

വീടിനകത്തെ വെളിച്ചത്തിന്റെ അളവിനെ കൂട്ടാനും കുറയ്ക്കാനുമായി പല മാർഗങ്ങളും പരീക്ഷിക്കാൻ സാധിക്കും. അതേസമയം വീടിന്റെ പുറത്ത് അത്തരം പരീക്ഷണങ്ങൾ ഒന്നും സാധിക്കില്ല എന്ന കാര്യം മറക്കരുത്.

സാധാരണയായി എക്സ്റ്റീരിയറിൽ വീടിന്റെ വടക്കു ഭാഗത്ത് വെളിച്ചം കുറവായതു കൊണ്ട് തന്നെ ആ ഭാഗങ്ങളിലേക്ക് ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.

പെയിന്റ് കടയിൽ പോയി ഇഷ്ടമുള്ള നിറങ്ങൾ വാങ്ങി വരാതെ അവ സാമ്പിൾ നോക്കി സെലക്ട് ചെയ്ത് കുറച്ചു ഭാഗത്ത് അടിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം മുഴുവൻ പർച്ചേസ് ചെയ്യാനായി ശ്രദ്ധിക്കുക.

സാധാരണയായി മിക്ക വീടുകളിലും സീലിംഗിൽ വൈറ്റ് പോലുള്ള നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അതിനുള്ള പ്രധാന കാരണം ഡാർക്ക് നിറങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ റൂമിന് വലിപ്പ കുറവ് തോന്നിപ്പിക്കും എന്നതാണ്.

ഉപയോഗിക്കേണ്ട രീതി

ഇന്റീരിയറിൽ പെയിന്റ് അടിക്കുമ്പോൾ ആദ്യം പ്രൈമർ അല്ലെങ്കിൽ വൈറ്റ് സിമന്റ് അടിച്ചു നൽകുക.

തുടർന്ന് ഒന്നോ രണ്ടോ കോട്ട് പുട്ടിയിട്ട ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ലതു പോലെ ഉരച്ച് വൃത്തിയാക്കി ഒരു കോട്ട് കൂടി പ്രൈമർ അടിച്ചു നൽകിയതിനു ശേഷം മാത്രം ഇമേൽഷൻ നൽകുന്നതാണ് ശരിയായ രീതി.

ഇന്റീരിയറിൽ വ്യത്യാസ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് ലിവിങ് ഏരിയ ബെഡ്റൂം പോലുള്ള ഇടങ്ങളിൽ ഒരു ചുമര് ഫോക്കൽ പോയിന്റ് ആയി സെറ്റ് ചെയ്ത് അവിടെ വ്യത്യസ്തമായ ഒരു നിറം നൽകാവുന്നതാണ്.

ഈയൊരു രീതി ചെയ്യുന്നത് വഴി ഇന്റീരിയർ ഡിസൈനിങ്ങിനായി ചിലവഴിക്കുന്ന പണത്തിന്റെ അളവിലും കുറവ് കൊണ്ടു വരാനായി സാധിക്കും.

പുട്ടി അടിക്കുമ്പോൾ വിലങ്ങനെ മാത്രമല്ല കുറുകെയും കുറഞ്ഞത് രണ്ട് കോട്ട് എന്ന കണക്കിലെങ്കിലും നൽകിയ ശേഷം തുടർന്നുള്ള കാര്യങ്ങൾ ചെയ്യുക.

വീടിന്റെ താഴത്തെ നിലകളിൽ ഉണ്ടാകുന്ന ഭിത്തിയിലെ പെയിന്റ് അടർന്നു വരുന്ന അവസ്ഥ ഇല്ലാതാക്കുന്നതിന് വേണ്ടി രണ്ടടി ഉയരത്തിലെങ്കിലും വാട്ടർപ്രൂഫിങ് ചെയ്ത ശേഷം മാത്രം പെയിന്റടിക്കാനായി ശ്രദ്ധിക്കുക.

വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉള്ള ചുമരുകളിൽ മാത്രമല്ല ഗ്രില്ലുകൾ തടിയിൽ തീർത്ത ഫർണിച്ചറുകൾ എന്നിവയിലെല്ലാം പ്രൈമർ അടിച്ചു നൽകുന്നത് കൂടുതൽ കാലം ചിതലിൽ നിന്നും തുരുമ്പിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തുന്നതിന് സഹായിക്കും.

ഏത് വർക്കിന് വേണ്ടി പെയിന്റ് തിരഞ്ഞെടുത്താലും സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ലപോലെ ഉരച്ചു വൃത്തിയാക്കിയ ശേഷം മാത്രം പെയിന്റ് അപ്ലൈ ചെയ്ത് നൽകാനായി ശ്രദ്ധിക്കുക.

വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.