സാധാരണ അടുക്കളകൾക്ക് മാറ്റങ്ങൾ കൊണ്ടു വരാം.പണ്ടു കാലത്ത് നിർമ്മിച്ച പല വീടുകളിലും റിനോവേഷൻ സമയത്ത് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് അടുക്കളയുടെ ഭാഗം.

ഇന്നത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി വിറകടുപ്പുകളും, പുകയില്ലാത്ത ആലുവ അടുപ്പുകളുമൊക്കെയാണ് മിക്ക വീടുകളിലും ഉണ്ടായിരുന്നത്.

അതുപോലെ ഷെൽഫുകൾ സ്റ്റാൻഡുകൾ എന്നിവയുടെ എണ്ണത്തിലും രൂപത്തിലുമെല്ലാം വലിയ മാറ്റങ്ങളായിരിക്കും ഉണ്ടാവുക. കാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇത്തരം മെറ്റീരിയലുകളെല്ലാം കറ പിടിച്ച് വൃത്തികേട് ആയിട്ടുണ്ടാകും.

സാധാരണ അടുക്കളകളെ മോഡേൺ രീതിയിലേക്ക് കൊണ്ടു വരാനായി പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സാധാരണ അടുക്കളകൾക്ക് മാറ്റങ്ങൾ കൊണ്ടുവരാം, ചെയ്യേണ്ട കാര്യങ്ങൾ.

നിലവിലുള്ള അടുക്കളയെ പുതിയ രൂപത്തിലേക്ക് മാറ്റാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഏത് ഷെയിപ്പിലേക്ക് കൊണ്ടു വരണം എന്നതാണ്. അതായത് മോഡേൺ രീതിയിൽ അടുക്കളകൾ പ്ലാൻ ചെയ്യുമ്പോൾ സ്ട്രൈറ്റ്, L ഷേയ്പ്പ്, U ഷെയ്പ്പ് എന്നിങ്ങനെ പല രീതിയിലേക്ക് മാറ്റിയെടുക്കാനായി സാധിക്കും.

ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അടുക്കളയുടെ ആകൃതി, ഉപകരണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പുതിയ സ്റ്റൈൽ ഏത് വേണമെന്ന് തീരുമാനിക്കാം.

അതല്ല പഴയ വീട് റിനോവേറ്റ് ചെയ്യുമ്പോൾ മറ്റേതെങ്കിലും മുറി അടുക്കളയാക്കാനാണ് പ്ലാൻ ചെയ്യുന്നത് എങ്കിൽ കൂടുതൽ വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിലുള്ള ഒരു മുറി നോക്കി തിരഞ്ഞെടുക്കാം.

അടുക്കള കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ഹൈറ്റ് അനുസരിച്ചാണ് സ്ലാബ് നൽകേണ്ടത്.

പണ്ടു കാലത്തെ വീടുകളിൽ സിമന്റ് ഉപയോഗിച്ച് നിർമ്മിച്ച സ്ലാബുകളാണ് കൂടുതൽ നൽകിയിരുന്നത്.

എന്നാൽ ഇന്ന് ഗ്രാനൈറ്റ്,കൊറിയൻ സ്റ്റോൺ,നാനോ വൈറ്റ് പോലുള്ള നിരവധി മെറ്റീരിയലുകൾ കൗണ്ടർ ടോപ്പിനായി വിപണിയിൽ ലഭ്യമാണ്. സ്ലാബ് തിരഞ്ഞെടുക്കുമ്പോൾ 80 സെന്റീമീറ്ററിനും 90 സെന്റീമീറ്ററിനും ഇടയിൽ വരുന്ന രീതിയിൽ തിരഞ്ഞെടുക്കാം.

അടുക്കളയിലെ ഫ്രിഡ്ജ്, സിങ്ക്,ഗ്യാസ് സ്റ്റവ് എന്നിവ തമ്മിൽ കൃത്യമായ അകലമുണ്ട് എന്ന കാര്യം ഉറപ്പ് വരുത്തുക. പഴയ കാലത്ത് കിച്ചണിന്റെ ചുമരിൽ ടൈലുകൾ നൽകുന്ന രീതി ഒന്നും ഉണ്ടായിരുന്നില്ല.

അതേ സമയം പുതിയ രീതിയിലേക്ക് മാറ്റുമ്പോൾ ഏതെങ്കിലും ലൈറ്റ് നിറത്തിലുള്ള ടൈലുകൾ അല്ലെങ്കിൽ മൊറോക്കൻ പ്രിന്റ് ടൈലുകൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കാഴ്ചയിൽ ഭംഗിയും വൃത്തിയാക്കൽ എളുപ്പവും ആക്കുന്നു.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

പഴയകാല വീടുകളിലെ അടുക്കളകളിൽ സിങ്ക് അകത്ത് നൽകുന്ന രീതി കുറവായിരുന്നു. വീടിന് പുറത്താണ് പാത്രങ്ങൾ കഴുകാനുള്ള ഇടം സെറ്റ് ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അടുക്കളയെ പുതിയ രീതിയിലേക്ക് മാറ്റിയെടുക്കുമ്പോൾ സിങ്ക് വയ്ക്കാനുള്ള ഒരു ഇടം കണ്ടെത്തണം.

അവിടേക്ക് ആവശ്യമായ വാട്ടർ കണക്ഷൻ,പൈപ്പ് എന്നിവയും നൽകേണ്ടതുണ്ട്. കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ അടുക്കളയിലെ പാത്രങ്ങൾ കഴുകുന്ന പണി എളുപ്പമാക്കാൻ ഡബിൾ സിങ്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഇത് സിങ്ക് വൃത്തിയായി സൂക്ഷിക്കുന്നതിനും ഒരേ സമയം രണ്ടുപേർക്ക് പാത്രം കഴുകുന്നതിനും വഴിയൊരുക്കുന്നു.

ജനാലകളോട് ചേർന്നു വരുന്ന ഭാഗങ്ങളിൽ സിങ്ക് നൽകുകയാണെങ്കിൽ കഴുകി വെച്ച പാത്രങ്ങളിൽ നിന്നും വെള്ളം പെട്ടെന്ന് ഊർന്ന് പോകും. മോഡേൺ രീതിയിലേക്ക് അടുക്കള മാറ്റാൻ താല്പര്യപ്പെടുന്നവർക്ക് ഡിഷ് വാഷർ പോലുള്ളവ പാത്രം കഴുകാനായി തിരഞ്ഞെടുക്കാം.

പണ്ട് കാലത്ത് നിർമ്മിച്ച സിമന്റ് അല്ലെങ്കിൽ, ഫെറോസിമെന്റ് പോലുള്ളവ ഉപയോഗിച്ച് നിർമ്മിച്ച കബോർഡുകൾക്ക് ഷട്ടറുകൾ നൽകി പുതുക്കി പണിയുകയോ അല്ലെങ്കിൽ പുതിയതായി നിർമ്മിക്കുകയോ ആവാം.

അടുക്കളയിൽ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ മസാലക്കൂട്ടുകൾ എന്നിവയെല്ലാം സെറ്റ് ചെയ്യുന്നതിനായി ആവശ്യത്തിന് ഷെൽഫുകൾ നിർമ്മിച്ചു നൽകുകയോ റെഡിമേയ്ഡ് ഷെൽഫുകൾ വാങ്ങിക്കുകയോ ചെയ്യാം.

വീട്ടിനകത്ത് ഗ്യാസിലിണ്ടറുകൾ വയ്ക്കുന്ന രീതി മാറ്റി വർക്കേരിയ പോലുള്ള ഭാഗങ്ങളിൽ പൈപ്പ് ലൈൻ കണക്ഷൻ നൽകുന്നതാണ് കൂടുതൽ സുരക്ഷിതം.

പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി വലിയ ടോൾ യൂണിറ്റുകൾ സെറ്റ് ചെയ്യാവുന്നതാണ്.

വീട്ടിൽ കൃഷി പോലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്നുള്ള കായ്ഫലങ്ങൾ,വിത്ത് എന്നിവ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റൂം കൂടി നൽകുന്നതിൽ തെറ്റില്ല.

സാധാരണ അടുക്കളകൾക്ക് മാറ്റങ്ങൾ കൊണ്ടു വരാം, ആവശ്യമുള്ള കാര്യങ്ങളെല്ലാം ഉൾപ്പെടുത്തുകയും ചെയ്യാം.