കോമ്പൗണ്ട് വാളുകൾക്ക് പ്രാധാന്യമേറിയോ?സ്വന്തം വീടിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി വീടിനു ചുറ്റും മതിൽ നിർമ്മിക്കുന്ന രീതി പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിൽ ഉണ്ട്.
തുടക്കത്തിൽ അതിര് വേർതിരിക്കാനായി മുളയുടെ മുള്ള് അല്ലെങ്കിൽ കമ്പിവേലി ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വേലികൾ പിന്നീട് മതിലുകളുടെ രൂപത്തിലേക്ക് മാറി തുടങ്ങി.
പലപ്പോഴും വീടിന്റെ സുരക്ഷിതത്വം മുന്നിൽ കണ്ടു കൊണ്ട് നിർമ്മിക്കുന്ന കോമ്പൗണ്ട് വാളുകൾക്ക് പൂർണ്ണമായും സുരക്ഷയൊരുക്കാൻ സാധിക്കാറുണ്ടോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മതിലുകൾ തമ്മിലുള്ള വേർതിരിവ് ഉണ്ടെങ്കിലും അത് വീട്ടുകാർ തമ്മിലുള്ള അകലം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല.
കോമ്പൗണ്ട് വാൾ അഥവാ മതിൽ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
കോമ്പൗണ്ട് വാളുകൾക്ക് പ്രാധാന്യമേറിയോ? വിശകലനം.
കോമ്പൗണ്ട് വാളുകൾ അല്ലെങ്കിൽ മതിലുകൾക്ക് എല്ലാ കാലത്തും നമ്മുടെ നാട്ടിൽ ഒരേ പ്രാധാന്യം തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ ആഡംബരം നിറച്ച് പണിയുന്ന വീടുകളിൽ അത് കാണിക്കാനുള്ള ഒരിടമായി ഇത്തരം മതിലുകൾ മാറിക്കഴിഞ്ഞു എന്നതാണ് സത്യം.
വില കൂടിയ സ്റ്റോണുകൾ, ക്ലാഡിങ് വർക്കുകൾ എന്നിവയെല്ലാം ചെയ്ത് മതിലുകൾ കൂടുതൽ ഭംഗിയാക്കുക എന്നതാണ് ഇന്ന് പലരും ചിന്തിക്കുന്ന കാര്യം.
അതേസമയം അവ ആവശ്യത്തിന് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നുണ്ടോ എന്ന കാര്യം പലരും ചിന്തിക്കാറില്ല.
മറ്റൊരു വിഭാഗം ആളുകൾ ചെയ്യുന്നത് വീടിനേക്കാൾ വലിപ്പത്തിൽ ചുറ്റുമതിൽ പണിയുക എന്നതാണ്. സത്യത്തിൽ തങ്ങളുടെ വീട് മറ്റുള്ളവർ കാണേണ്ട എന്ന ഉദ്ദേശത്തോടെയാണ് ഇവർ വീട് പണിയുന്നത് എന്നു പോലും തോന്നുന്ന അവസ്ഥ.
അതോടൊപ്പം തന്നെ ടെക്നോളജിയുടെ വളർച്ച ഉപയോഗപ്പെടുത്തി ഹോം ഓട്ടോമേഷൻ സിസ്റ്റം പോലുള്ള കാര്യങ്ങൾ കോമ്പൗണ്ട് വാളിൽ സെറ്റ് ചെയ്ത് നൽകുന്നവരും കുറവല്ല.
വീട്ടിലേക്ക് വരുന്ന അതിഥികൾ പടിക്കൽ എത്തുമ്പോൾ തന്നെ വീട്ടുകാർക്ക് അറിയാനുള്ള സംവിധാനങ്ങളും ഇത്തരത്തിൽ വർക്ക് ചെയ്യുന്നുണ്ട്.
ഒരു വീട് നിർമ്മിക്കുന്ന അതേ പ്രാധാന്യം മലയാളികൾ വീടിന്റെ മതില് നിർമ്മിക്കുന്നതിനും നൽകുന്നുണ്ട് എന്ന വസ്തുത തള്ളിക്കളയാനാവില്ല.
പഴയ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ വലിയ വീടുകൾക്കും കൊട്ടാരങ്ങൾക്കും മാത്രമാണ് മതിലുകൾ ഉണ്ടായിരുന്നത് എന്ന കാര്യം ഉൾക്കൊള്ളേണ്ടി വരും.
ഇന്ന് അവയുടെ സ്ഥാനത്ത് കൊട്ടാര സദൃശ്യമായ വീടുകളും കോമ്പൗണ്ട് വാളുകളും നിറഞ്ഞു. യഥാർത്ഥത്തിൽ കോമ്പൗണ്ട് വാളുകളുടെ യഥാർത്ഥ ഉപയോഗം വരുന്നത് ടൗണുകളിലും മറ്റും നിർമിക്കുന്ന വില്ലകൾക്കും ഫ്ലാറ്റുകൾക്കുമാണ്.
പരസ്പരം പരിചയമില്ലാത്ത ഒരുപാട് ആളുകൾ താമസിക്കുന്ന ഒരിടം എന്ന രീതിയിൽ ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്താൻ കോമ്പൗണ്ട് വാളുകൾ അവിഭാജ്യ ഘടകം തന്നെയാണ്.
പഴയ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം.
ഇന്നത്തെ കോമ്പൗണ്ട് വാളുകൾ അല്ലെങ്കിൽ മതിലുകൾക്ക് തുടക്കം കുറിച്ചത് വേലികളിൽ നിന്നായിരുന്നു. പല വീടുകളിലും വേലികളിൽ പടർത്തി വിട്ട പച്ചക്കറികൾ ആയിരുന്നു അടുക്കളയിൽ പാചകത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്.
അതിര് തിരിക്കാൻ വേണ്ടി മാത്രം നൽകിയിരുന്ന വേലികൾക്കിടയിൽ ചെറിയ അത്താണികളും ഉണ്ടായിരുന്നു. വലിയ തറവാടുകളിൽ പടിപ്പുരയോട് ചേർന്ന് വരുന്ന ഭാഗത്തായിരുന്നു വേലികൾ ഇടം പിടിച്ചിരുന്നത്.
എന്നാൽ അതിർത്തി തർക്കങ്ങൾ രൂക്ഷമായ സമയത്ത് വേലികളുടെ പ്രാധാന്യവും കുറഞ്ഞു എന്നതാണ് സത്യം.
പിന്നീട് ഒരാൾ പൊക്കത്തിൽ മതിൽ കെട്ടി സുരക്ഷയൊ രുക്കാൻ അതിനു മുകളിൽ കുപ്പിച്ചില്ല്, ആണി പോലുള്ളവ വച്ചിരുന്ന രീതികൾ പോലും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
സിമന്റും, കരിങ്കല്ലും മണലുമെല്ലാം ഉപയോഗിച്ച് നിർമ്മിക്കുന്ന മതിലുകൾക്ക് കാഴ്ചയിൽ ഭംഗി തോന്നുന്നതിനായി വീടിന്റെ എക്സ്റ്റീരിയർ പെയിന്റിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ പെയിന്റ് അടിച്ചു നൽകുന്ന രീതി ഇപ്പോഴുമുണ്ട്. അതേസമയം ചില വീടുകളിൽ എങ്കിലും മുള്ളുവേലികൾ ഇപ്പോഴും അതിർത്തി തിരിക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
കൂടാതെ കമ്പിവേലികൾ, നെറ്റ് എന്നിവയും അതിർത്തി വേർതിരിക്കാനായി ഉപയോഗപ്പെടുത്തുന്നു.
കോമ്പൗണ്ട് വാളിൽ ഏറ്റവും ട്രെൻഡിങ് ആയ രീതി രണ്ടടി ഉയരത്തിൽ ഒരു ചെറിയ മതിൽ കെട്ടി അതിന്റെ ബാക്കി ഭാഗം ജി ഐ പൈപ്പ് ഉപയോഗിച്ച് ചുറ്റും ഇരുമ്പ് നെറ്റ് കൊണ്ട് ഫ്രെയിമുകൾ ഫിറ്റ് ചെയ്യുന്ന രീതിയാണ്.
വീടുകളിൽ മാത്രമല്ല ഫ്ലാറ്റുകളിലും രണ്ട് വീടുകൾക്കിടയിലുള്ള കോമൺ വാളുകൾ തമ്മിൽ വേർതിരിക്കാൻ ഈയൊരു രീതി തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.
ഇത്തരം രീതിയിൽ പാർട്ടീഷനുകൾ നൽകുമ്പോൾ വെർട്ടിക്കൽ ഗാർഡൻ പോലുള്ളവ സെറ്റ് ചെയ്ത് നൽകാനും എളുപ്പമാകും.
പഴയ കാലത്തേക്ക് യാത്ര ചെയ്യുമ്പോൾ പലർക്കും നഷ്ടമാകുന്ന ഓർമ്മകളിൽ ഒന്ന് മുള്ളുവേലിയും അവയ്ക്ക് മുകളിലൂടെ പടർന്ന വള്ളിപ്പടർപ്പുകളിലെ പൂക്കളും കായ്കളും നിറഞ്ഞ ദൃശ്യങ്ങൾ തന്നെയായിരിക്കും .
കൊട്ടാരം സദൃശ്യമായ വീടുകളും അതിനേക്കാൾ വലിപ്പമുള്ള മതിലുകളും നമ്മുടെ നാട്ടിൽ ഇടം പിടിക്കുമ്പോൾ ഇത്തരം പഴയകാല രീതികൾ പൂർണ്ണമായും മണ്ണടിഞ്ഞു പോവുകയാണ് മാത്രമല്ല അയൽക്കാർ തമ്മിലുള്ള ബന്ധങ്ങൾക്കും പ്രാധാന്യം കുറയുന്നു.
കോമ്പൗണ്ട് വാളുകൾക്ക് പ്രാധാന്യമേറിയോ? തീർച്ചയായും അവയുടെ നിർമ്മാണ രീതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു.