മുറ്റം ഒരുക്കാൻ പുതിയ പുല്ലിനം എത്തിപ്പോയി “പേൾ ഗ്രാസ്”.

പുൽത്തകിടി പൂന്തോട്ടത്തെ മനോഹരമാക്കുമെങ്കിലും അതിന്റെ പരിപാലനത്തില്‍ പല ബുദ്ധിമുട്ടുകളുമുണ്ട്. കാർപെറ്റ് ഗ്രാസ് ആണെങ്കിൽ വേനൽക്കാലത്തു ചിതല്‍ ശല്യം പ്രതീക്ഷിക്കാം, മഴയത്തു കുമിൾരോ ഗവും. 5–6 മണിക്കൂർ നേരിട്ടു വെയിൽ കിട്ടിയില്ലെങ്കിലും കൃത്യ സമയത്തു വെട്ടി കനം കുറച്ചില്ലെങ്കിലുമൊക്കെ ഇവ വല്ലാതെ വളർന്ന് അനാകർഷകമാകും. പാതി തണൽ ഉള്ളിടത്തു പുൽത്തകിടി ഒരുക്കാന്‍ പറ്റിയ പാളപ്പുല്ല് (ബഫല്ലോ ഗ്രാസ്) വെയിലേറെയുള്ളിടത്തു വളർത്തിയാൽ ഇലകളുടെ അറ്റം കരിഞ്ഞുണങ്ങും. മാസത്തിൽ ഒരു തവണയെങ്കിലും വെട്ടിയില്ലെങ്കിൽ നിലത്തു പടർന്നു നിറയുന്നതിനു പകരം മുകളിലേക്കു വളര്‍ന്നുകയറുമെന്ന ദോഷവുമുണ്ട്. എന്നാല്‍ ഇത്രയും പരിപാലനവും ശ്രദ്ധയും നൽകാതെ തന്നെ നല്ലൊരു പുൽത്തകിടി ഒരുക്കാന്‍ പറ്റിയ പുതിയ ഇനത്തെ പരിചയപ്പെടാം.

കണ്ടാൽ ബഫല്ലോ ഗ്രാസ് പോലെ തോന്നുമെങ്കിലും നീളം കുറഞ്ഞ്, വീതിയുള്ള കടുംപച്ച ഇലകളുമായി നിലംപറ്റി വളരുന്ന ഈ പുതിയ അലങ്കാരപ്പുല്ലിനമാണ് പേൾ ഗ്രാസ്. ബഫല്ലോ ഗ്രാസിൽനിന്നു വളരെ വ്യത്യസ്തമാണ് പേൾ ഗ്രാസ്. മുകളിലേക്കു വളരുന്ന തണ്ടുകളും ഇലകളും ഇവയ്ക്കു കാണാറില്ല. മണ്ണിനു സമാന്തരമായി പടർന്നു വളരുന്ന കുറുകിയ തണ്ടിൽ ഇലകൾ രണ്ടു വശത്തേക്കുമായി അടുത്തടുത്തായാണ് ഉണ്ടായി വരിക. ശാസ്ത്രീയമായി ആക്സോനോപ്സ് കംപ്രെസസ് എന്ന് അറിയപ്പെടുന്ന പുല്ലിന്റെ കുള്ളൻ ഇനമാണ് പേൾ ഗ്രാസ്. നേരിട്ടു വെയിൽ കിട്ടുന്നിടത്തും തണലത്തും ഒരുപോലെ പറ്റിയതാണിത്. നിലം പറ്റി വളരുന്നതുകൊണ്ട് കൂടെക്കൂടെ വെട്ടേണ്ടി വരുന്നില്ല. ആഴം കുറഞ്ഞ മണ്ണിലും വള ർത്താം.

മറ്റു പുല്ലിനങ്ങളിൽനിന്നു വ്യത്യസ്തമായി പേൾ ഗ്രാസ് കൂടെക്കൂടെ വെട്ടി കനം കുറയ്ക്കേണ്ടതില്ല. നട്ട് 3–4 മാസത്തെ വളർച്ചയായാൽ വെട്ടി കനം കുറയ്ക്കാം. ഇലകൾ തിങ്ങി നിറഞ്ഞാൽ മഴക്കാലത്ത് ഈർപ്പം തങ്ങിനിന്നു ചീയൽ രോഗം വരാം. ഇത് ഒഴിവാക്കാൻ പുല്ലു വെട്ടി നിർത്തേണ്ടതുണ്ട്. അനാകർഷകമായി നീണ്ടുപോകുന്ന തണ്ടുകൾ മാത്രം ആവശ്യാനുസരണം മുറിച്ചു നീക്കണം. പുല്ലിന്റെ ആദ്യ ദശയിലുള്ള കരുത്തുറ്റ വളർച്ചയ്ക്കു യൂറിയ നൽകാം. കൂടാതെ, വെട്ടിയശേഷം തുടർവളർച്ചയ്ക്കായും ഇതേ വളം തന്നെ നല്‍കിയാല്‍ മതി. ചിതലോ കുമിളോ പേൾ ഗ്രാസിനെ ശല്യം ചെയ്യാറില്ല. അതിനാല്‍ ഇവയ്ക്കെതിരെയുള്ള രാസകീടനാശിനികളൊന്നും ഈ പുൽത്തകിടിയുടെ പരിപാലനത്തിൽ പ്രയോഗിക്കേണ്ടതില്ല. മലേഷ്യയിലും സിംഗപ്പൂരിലും പ്രചാരത്തിലുള്ള പേൾ ഗ്രാസ് നമ്മുടെ പരിസ്ഥിതിക്കും നന്നായി ഇണങ്ങും.

courtesy : fb group