മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ.

മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ.കേരളത്തിൽ അടുത്തിടെ വാർത്തകളിൽ ഇടം പിടിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വീടിന്റെ മുറ്റത്ത് സ്ഥിതി ചെയ്തിരുന്ന കിണർ ഒരു ദിവസം രാവിലെ എണീക്കുമ്പോൾ താഴേക്ക് ഇടിഞ്ഞ് താണു പോയി എന്ന് കേൾക്കുന്നത്.

ഏകദേശം ഇതിനോട് ചേർത്ത് വായിക്കാവുന്ന മറ്റൊരു സംഭവം അടുത്തിടെ കേട്ടിരുന്നു.

ഇരുനില വീട് മണ്ണിനടിയിലേക്ക് താഴ്ന്നുപോയി അത് മരണത്തിൽ വരെ കലാശിച്ചത്. സത്യത്തിൽ ഇത്തരം പ്രശ്നങ്ങളുടെ കാരണങ്ങൾ എവിടെ നിന്ന് ഉടലെടുക്കുന്നു എന്നത് പലരും ചിന്തിക്കാറില്ല.

കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടു വരുന്നത്.

കനത്ത മഴയും പ്രളയവുമെല്ലാം ഓരോ വർഷവും പതിവ് കാഴ്ചയാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ, ചില വസ്തുതകളും.

വീട്,കിണർ എന്നിവ നിർമ്മിക്കുന്നതിന് അനുയോജ്യമായ പ്ലോട്ടുകൾ തിരഞ്ഞെടുത്ത് നിർമ്മാണം നടത്തിയിരുന്ന രീതികളിൽ എല്ലാം ഇപ്പോൾ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

പ്ലോട്ടിന്റെയും, മണ്ണിന്റെയും ഘടന നോക്കാതെ നിർമ്മിക്കുന്ന വീടുകൾ കിണറുകൾ എന്നിവ വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

കിണർ കുഴിക്കുന്നതിനു മുൻപായി അനുയോജ്യമായ സ്ഥലമാണോ എന്ന് നോക്കാതെ കുഴിച്ചെടുക്കുമ്പോൾ ആണ് കിണറിലെ വെള്ളത്തിന്റെ രുചിയിൽ വ്യത്യാസം വരുന്നതും, പല രീതിയിലുള്ള ധാതു ലവണങ്ങൾ ജലത്തിൽ കലരുന്നതും.

എന്നാൽ ഇത്തരം അവസ്ഥകളിൽ വീട് നിർമ്മാണം ഏൽപ്പിച്ച് നൽകുന്ന എൻജിനീയർമാർക്ക് വലിയാതായി ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം.

കാരണം വീട്ടുകാർ നിർദ്ദേശിക്കുന്ന ഭാഗത്ത് കിണർ, തറ എന്നിവക്ക് സ്ഥാനം കണ്ടെത്തി പണി ആരംഭിക്കുന്നു.

കിണറിനായി സ്ഥാനം കണ്ടെത്തേണ്ടതും മണ്ണിന്റെ ഘടന എത്ര താഴ്ച വരെ കുഴിച്ചാൽ ആണ് വെള്ളം ലഭിക്കുക എന്ന കാര്യമൊന്നും കൃത്യമായി ആരും പരിശോധിക്കുന്നുമില്ല.

അതുപോലെ വീട് മണ്ണിനടിയിലേക്ക് താഴ്ന്ന് പോകുന്നതും മണ്ണിന്റെ ഘടനയും, പ്ലോട്ടിന്റെ ആകൃതിയും ഒന്നും നോക്കാതെ നിർമ്മിക്കുമ്പോഴാണ്. സത്യത്തിൽ മണ്ണുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെങ്കിൽ ജിയോളജി വകുപ്പുമായി ബന്ധപ്പെടേണ്ടതുണ്ട്.

അതുകൊണ്ടു തന്നെ പലരും ഇത്തരം കാര്യങ്ങൾക്കൊന്നും മിനക്കെടാറില്ല എന്നതാണ് സത്യം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് നിർമ്മാണത്തിനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ഭൂമിയുടെ ഉപരിതലത്തിന്റെ ഘടന പരിശോധിക്കേണ്ടതുണ്ട്. അതനുസരിച്ചാണ് വീട് നിർമ്മാണത്തിനുള്ള ഫൗണ്ടേഷൻ രീതി, വീതി, നീളം ആഴം എന്നിവ പോലുള്ള അളവുകൾ നിശ്ചയിക്കേണ്ടത്.

അതോടൊപ്പം തന്നെ വീടിനോട് അടുത്ത് നിർമ്മിച്ച മറ്റ് കെട്ടിടങ്ങൾ അവയുടെ ഫൗണ്ടേഷൻ രീതികൾ എന്നിവയെ പറ്റിയും ഒരു അന്വേഷണം നടത്തുന്നത് ഗുണം ചെയ്യും.

വീടിന്റെ ഫൗണ്ടേഷൻ നിർമ്മാണത്തിനുള്ള മണ്ണിന്റെ സ്വഭാവം കണക്കാക്കുന്നത് ഏറ്റവും മുകളിൽ കാണുന്ന മണ്ണിൽ നിന്നും ഒന്ന് അല്ലെങ്കിൽ ഒന്നര മീറ്റർ താഴ്ചയിൽ എടുത്ത് പരിശോധിച്ചാണ്.

വെള്ളക്കെട്ടുകൾ, ചതുപ്പ് നിലങ്ങൾ എന്നിവയിൽ വീടിന്റെ അടിത്തറയ്ക്ക് കൂടുതൽ ബലം ലഭിക്കുന്നതിന് വേണ്ടി പൈൽ ഫൗണ്ടേഷൻ രീതി ഉപയോഗപ്പെടുത്തേണ്ടിവരും.

സാധാരണ ഫൗണ്ടേഷൻ രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് ചിലവ് കൂടുതലാണ്. അതുകൊണ്ടുതന്നെ പലരും അതിന് മെനക്കെടാറൂമില്ല.പലപ്പോഴും നമ്മുടെ വീടിന്റെ ഫൗണ്ടേഷന് ആവശ്യത്തിനു ബലമുണ്ടെന്ന് കരുതി ആരും സുരക്ഷിതരാണെന്ന് കരുതേണ്ട.

കാരണം കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയങ്ങൾ നമ്മെ പഠിപ്പിച്ചത് വീടിന്റെ മുകളിലേക്ക് കൂടുതൽ ശക്തമായി കാണപ്പെടുന്നുണ്ടെങ്കിലും അത് താഴേക്ക് അത്രത്തോളം ബലത്തിൽ അല്ല നിൽക്കുന്നത് എന്നതാണ്.

പലപ്പോഴും ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ നിർമ്മിക്കുന്ന വീടുകളാണ് മണ്ണിനടിയിലേക്ക് താഴ്ന്ന് പോകുന്നതും, വീട്ടിൽനിന്ന് പ്രത്യേക ശബ്ദങ്ങൾ ഉണ്ടാകുന്നതിനുമെല്ലാം ഉള്ള കാരണങ്ങൾ.

ഒരു ആർക്കിടെക്ടിനു കണ്ടെത്താൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ അഗാധമായ കാര്യങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്.

ഇത്തരം പ്രശ്നങ്ങളെല്ലാം അതിജീവിക്കാൻ സാധിക്കണമെങ്കിൽ പ്രകൃതിയെ ഹനിക്കാത്ത രീതിയിൽ ഭാരം കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് വീട് നിർമിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടിവരും.

അതുപോലെ ഭൂമിയുടെ ഘടന, മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവയെ പറ്റിയെല്ലാമുള്ള വിശദമായ പഠനങ്ങളും, അതിനാവശ്യമായ ഉപകരണങ്ങളും നിർമ്മാണ മേഖലയിൽ കൊണ്ടു വരേണ്ടി വരുമെന്ന് യാഥാർത്ഥ്യം മനസ്സിലാക്കണം.

കാഴ്ചയിൽ ഭംഗി മാത്രം നൽകിക്കൊണ്ട് വീട് നിർമ്മിക്കുന്ന മലയാളികളുടെ രീതിയിൽ ഇനിയെങ്കിലും ഒരു മാറ്റം അനിവാര്യമാണ് എന്നത് ഇനിയെങ്കിലും മനസ്സിലാക്കേണ്ട കാര്യമാണ്.

മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ, അതിന് പുറകിലെ കാരണങ്ങൾ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.