പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ.

പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ മഴക്കെടുതി ഉണ്ടാക്കി വയ്ക്കുന്ന നാശ നഷ്ടങ്ങൾ അത്ര ചെറുതല്ല.

പലർക്കും കാലങ്ങളായി സ്വരുക്കൂട്ടി വച്ച പണം കൊണ്ടു നിർമ്മിച്ച ചെറുതും വലുതുമായ വീടുകൾ നഷ്ടപ്പെട്ടു.

ഈ വർഷവും അത്തരത്തിൽ കനത്ത മഴ കാരണം പ്രളയത്തെ നേരിടേണ്ടി വരുന്ന സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ട് വീടിനും വീട്ടുകാർക്കും കരുതൽ ഒരുക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കഴിഞ്ഞ വർഷം ഏകദേശം ഓഗസ്റ്റ് മാസത്തിലാണ് കേരളത്തിൽ കനത്ത മഴയും പ്രളയവും ഉണ്ടായത്. പ്രധാനമായും ജലാശയങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടുകൾക്കാണ് വെള്ളപ്പൊക്കത്തിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നത്.

എന്നാൽ പിന്നീട് ജാക്കി വെച്ച് വീടുകൾ ഉയർത്തുന്ന രീതി പ്രളയത്തെ അതിജീവിക്കാനായി പലരും പരീക്ഷിച്ചു.

പല സ്ഥലങ്ങളിലും ഇവ വിജയകരമായിരുന്നുവെങ്കിലും ശാസ്ത്രീയമായ രീതിയിൽ അല്ലാതെ പൊക്കി ഉയർത്തിയ വീടുകളിൽ ആവശ്യത്തിന് സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഈയൊരു രീതി കൊണ്ട് സാധിച്ചില്ല.

പലർക്കും തങ്ങളുടെ വീട് ഭാഗികമായോ പൂർണമായോ തകർന്നു പോകുന്നത് നേരിട്ട് കൺമുന്നിൽ കാണേണ്ട അവസ്ഥ നേരിടേണ്ടി വന്നു.

വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് കുറച്ച് പേരെങ്കിലും ചെയ്തത് താഴത്തെ നിലയിൽ വെള്ളം കയറിയപ്പോൾ അതിനെ ചെറുത്ത് തോൽപ്പിക്കാം എന്ന് കരുതി ഒന്നാം നിലയിൽ സുരക്ഷിതരാകാനുള്ള ശ്രമങ്ങൾ നടത്തി നോക്കുകയാണ്.

എന്നാൽ ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരികയാണെങ്കിൽ താഴത്തെ നിലയിൽ വെള്ളം കയറുമ്പോൾ തന്നെ വീട്ടിൽ നിന്നും മറ്റൊരു സുരക്ഷിതമായി ഇടത്തേക്ക് മാറുന്നതാണ് കൂടുതൽ നല്ലത്.

കാരണം അടുത്തുള്ള വീടുകളിലെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറിക്കഴിഞ്ഞാൽ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.

മാത്രമല്ല ഒരു ഏരിയയിൽ ഉള്ള കൂടുതൽ ആളുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി എന്ന് കരുതി സുരക്ഷ ഉദ്യോഗസ്ഥരും അത്തരം ഭാഗങ്ങളിലേക്കുള്ള ശ്രദ്ധ ഒഴിവാക്കും.

കനത്ത മഴയിൽ വൈദ്യുത ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയും, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഫോണുകൾ ചാർജ് ഇല്ലാതെ നിശ്ചലമാകുന്ന അവസ്ഥയും ഉണ്ടാകും.

വീടിന്റെ മുക്കാൽ ഭാഗവും വെള്ളം കയറി കഴിഞ്ഞാൽ പിന്നീട് ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

സാധാരണയായി അതിശക്തമായ മഴ തുടർന്ന് വീടുകളിൽ വെള്ളം കയറുകയാണെങ്കിൽ വീടിനകത്ത് കയറിയ വെള്ളം പൂർണ്ണമായും ഒഴുകി പോകാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയം ആവശ്യമായി വരും.

മിക്ക വീടുകളിലും പ്രളയത്തെ മുന്നിൽ കാണാത്തത് കൊണ്ട് തന്നെ ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ, കുടിക്കാനുള്ള വെള്ളം എന്നിവയൊന്നും തന്നെ കരുതി കൊള്ളണമെന്നില്ല.

അതുകൊണ്ടുതന്നെ മഴ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി പെയ്യുന്ന സാഹചര്യങ്ങളിൽ വീടിന്റെ താഴത്തെ നിലയിൽ നിന്നും പാചക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ, സ്റ്റവ്, പലചരക്ക് സാധനങ്ങൾ, കേട് വരാത്ത രീതിയിലുള്ള ഭക്ഷണസാധനങ്ങൾ എന്നിവയെല്ലാം മുകളിൽ കൊണ്ടു പോയി സൂക്ഷിക്കാവുന്നതാണ്.

അരി,പഞ്ചസാര, തേയില, ഉപ്പ്, കടല,പയർ പോലുള്ള ധാന്യങ്ങൾ എന്നിവയെല്ലാം പരമാവധി മുൻകൂട്ടി വാങ്ങി വീട്ടിൽ സൂക്ഷിക്കുക.

വീട് മുഴുവൻ വെള്ളം കയറുന്ന അവസ്ഥ വരികയാണെങ്കിൽ പ്രായമായവർ, കുട്ടികൾ, അസുഖബാധിതർ, ഗർഭിണികൾ എന്നിവരെ എത്രയും പെട്ടെന്ന് തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്.

റോഡിൽ വെള്ളം നിറഞ്ഞു കഴിഞ്ഞാൽ ചെറിയ കുഴികളും ഓടകളുമൊന്നും തിരിച്ചറിയാൻ സാധിക്കില്ല.

അതുകൊണ്ടു തന്നെ റോഡിലൂടെ പോകുന്ന സാഹചര്യത്തിൽ എല്ലാവിധ സുരക്ഷാ മുൻ കരുതലുകളും എടുത്ത ശേഷം മാത്രം പോവാനായി ശ്രദ്ധിക്കുക.

വീട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങുന്നത് വരെ കാത്തിരിക്കേണ്ട.അത് വലിയ അപകടങ്ങൾ വരുത്തി വയ്ക്കുന്നതിന് കാരണമായേക്കാം.

പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ ഇത്തരം മുൻകരുതലുകൾ കൂടി എടുക്കാവുന്നതാണ്.