ജനാലകൾക്ക് UPVC മെറ്റീരിയൽ ആണോ അലുമിനിയം മെറ്റീരിയൽ ആണോ കൂടുതൽ നല്ലത്?

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമാണത്തിൽ മിക്ക ആളുകളും ഉപയോഗിക്കുന്നത് യുപിവിസി, അലുമിനിയം വിൻഡോകളും,ഡോറുകളുമാണ്.

കാഴ്ചയിൽ ഭംഗി നൽകുക മാത്രമല്ല കൂടുതൽ കാലം ഈടു നിൽക്കുന്നതിലും യുപിവിസി, അലുമിനിയം പ്രൊഫൈലുകളുടെ സ്ഥാനം എടുത്തു പറയേണ്ടത് തന്നെയാണ്.

തടിയിൽ തീർത്ത ജനാലകളും വാതിലുകളും ചിതലരിച്ച് കേടു വരുമ്പോൾ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച മാർഗ്ഗം അവയ്ക്ക് പകരമായി ഇത്തരം പ്രൊഫൈലുകൾ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ്.

ഇവയിൽ തന്നെ യുപിവിസി ആണോ അലൂമിനിയമാണോ കൂടുതൽ അനുയോജ്യമെന്ന് സംശയിക്കുന്നവരായിരിക്കും മിക്ക ആളുകളും. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണദോഷങ്ങളും കൃത്യമായി മനസിലാക്കാം.

1)UPVC വിൻഡോകൾ

പൂർണ്ണമായും വെള്ളനിറത്തിൽ ഇന്റീരിയറിനു വളരെയധികം ഭംഗി നൽകുന്ന ഒരു മെറ്റീരിയലാണ് യുപിവിസി.ഈ കാരണം കൊണ്ട് തന്നെ യുപിവിസി മെറ്റീരിയലിൽ നിർമിച്ച വാതിലുകൾക്കും ജനാലുകൾക്കും മാർക്കറ്റിൽ നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട്.

യുപിവിസി മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി വാതിലുകളും ജനാലകളും നൽകുമ്പോൾ അവക്ക് ചിതൽ പ്രശ്നങ്ങൾ, തുരുമ്പ്, കാലാവസ്ഥ പ്രശ്നങ്ങൾ എന്നിവ ഒന്നും തന്നെ ഉണ്ടാകുന്നില്ല.

റെഡി ടു യൂസ് രീതിയിലാണ് ഇത്തരം മെറ്റീരിയലുകൾ വിപണിയിലെത്തുന്നത്. അതുകൊണ്ടുതന്നെ പിന്നീട് ഇവയിൽ പെയിന്റ് അടിക്കുകയോ പോളിഷ് നൽകുകയോ ചെയ്യേണ്ടി വരുന്നില്ല.

കമ്പനികളുടെ അവകാശ വാദം ശരിയാണെങ്കിൽ ഒരുതവണ ഫിറ്റ് ചെയ്താൽ പിന്നീട് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വരുന്നില്ല.

ഏകദേശം 25 വർഷമാണ് ഇവയുടെ ലൈഫ് ടൈം ആയി കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ കമ്പനികൾ യുപിവിസി കൊണ്ട് നിർമ്മിക്കുന്ന ഡോറുകൾക്കും വിൻഡോകൾക്കും 20 വർഷം വരെ വാറണ്ടി നൽകുന്നുമുണ്ട്.

ഇവയുടെ കളറുകൾ പരിശോധിക്കുകയാണെങ്കിൽ പ്രധാനമായും വെള്ളനിറമാണ് ഉപയോഗിക്കുന്നത്.

എന്നാൽ ഗ്രേ, വുഡൻ ഫിനിഷ് നിറങ്ങളും തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. വുഡൻ ഗ്രീസിൽ വരുന്ന യുപിവിസി മെറ്റീരിയൽ തികച്ചും ഒരു മരത്തിന്റെ അതെ ഫിനിഷിംഗ് നൽകുന്നു.

എന്നാൽ ഇവയിൽ തൊട്ട് നോക്കുമ്പോൾ ഒരു പ്ലാസ്റ്റിക് മെറ്റീരിയലിൽ തൊടുന്ന അതേ ഫീൽ ആണ് ലഭിക്കുന്നത്.

വീതി കൂടിയ വാതിലുകളും ജനാലകളുമാണ് ഉപയോഗിക്കുന്നത് എങ്കിൽ യുപിവിസി മെറ്റീരിയലുകൾ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

യുപിവിസി പ്രൊഫൈൽ ഉപയോഗിച്ച് വാതിലുകളും ജനാലകളും നിർമിക്കുമ്പോൾ കൂടുതൽ ബലം ലഭിക്കുന്നതിനു വേണ്ടി അതിനകത്ത് പ്രത്യേക ചാനലുകളും, GI പൈപ്പുകളും ഉപയോഗിക്കേണ്ടി വരാറുണ്ട്. ഫിനിഷിങ്ങിന്റെ കാര്യത്തിൽ യുപിവിസി യുടെ സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്.

പ്രധാനമായും രണ്ട് രീതിയിലുള്ള ഇൻസുലേഷൻ യുപിവിസി പ്രൊഫൈലിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. തെർമൽ ഇൻസുലേഷൻ, സൗണ്ട് ഇൻസുലേഷൻ എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു. ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ് യുപിവിസി മെറ്റീരിയലുകൾക്ക്‌ കൂടുതലാണ്.

2) അലുമിനിയം വിൻഡോകൾ

നേരത്തെ പറഞ്ഞതുപോലെ മരത്തെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ചിതൽ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, തുരുമ്പ് പ്രശ്നങ്ങൾ എന്നിവയൊന്നും തന്നെ അലുമിനിയം മെറ്റീരിയലുകൾക്കും വരുന്നില്ല.

അതേസമയം 40 വർഷം വരെ ലൈഫ്ടൈം മിക്ക കമ്പനികളും അലുമിനിയത്തിൽ തീർത്ത മെറ്റീരിയലുകൾ ക്ക് നൽകുന്നുണ്ട്. അതായത് യുപിവിസി മെറ്റീരിയലുകളെക്കാൾ കൂടുതൽ കാലം നിലനി ൽക്കുന്നവയാണ് അലുമിനിയത്തിൽ നിർമ്മിക്കുന്ന ഡോറുകൾ ക്കും, വിൻഡോകൾക്കും വരുന്നത്.

വ്യത്യസ്ത നിറങ്ങളിൽ അലുമിനിയം വിൻഡോകളും ഡോറുകളും ഉപയോഗപ്പെടുത്താമെങ്കിലും അവയുടെ മുകളിൽ പ്രത്യേക പെയിന്റ് നൽകേണ്ടതുണ്ട്.

എന്നാൽ ഇനാമൽ പെയിന്റ് ഇവയുടെ മുകളിൽ നിലനിൽക്കില്ല. അതുകൊണ്ടുതന്നെ ഇലക്ട്രോളിസിസ് പ്രോസസ് വഴി നിർമ്മിച്ചെടുക്കുന്ന പൗഡർ രൂപത്തിലുള്ള പെയിന്റുകളാണ് ഇവയിൽ ഉപയോഗപ്പെടുത്തുന്നത്.

അതേസമയം ഉപ്പു കാറ്റ് അടിക്കുമ്പോൾ ഫെയ്ഡ് ആയി പോകാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ അലുമിനിയം മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്.

യുപിവിസി മെറ്റീരിയൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരുന്നില്ല.

സ്ലീക് ആയ ഡോറുകളും വിൻഡോകളും ആവശ്യമാണെങ്കിൽ ഏറ്റവും നല്ലത് അലുമിനിയം മെറ്റീരിയൽ തന്നെയാണ്. അലൂമിനിയം പ്രൊഫൈൽ ഉപയോഗിച്ച് വാതിലുകളും ജനാലകളും നൽകുമ്പോൾ പലപ്പോഴും സ്ക്രൂ സംബന്ധമായ പ്രശ്നങ്ങൾ വരാറുണ്ട്.
അതുകൊണ്ടുതന്നെ കൃത്യമായ മെയിന്റനൻസ് ആവശ്യമാണ്.

ഉപയോഗരീതി

വീടിന്റെ പ്ലാസ്റ്ററിങ് പണികൾ കഴിയുമ്പോൾ യുപിവിസി, അലുമിനിയം വർക്കുകൾ ചെയ്യുന്ന സ്ഥാപനങ്ങളെ കോൺടാക്ട് ചെയ്യുകയാണെങ്കിൽ അവർ വീട്ടിലെത്തി കൃത്യമായി അളവെടുത്ത് വിൻഡോകളും,ഡോറുകളും നിർമിച്ച് വീട്ടിൽ കൊണ്ടു വന്ന് ഫിറ്റ് ചെയ്തു തരുന്നതാണ്.

വിൻഡോ കളിൽ തന്നെ വ്യത്യസ്ത മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. ഷട്ടറുകൾ തുറക്കാൻ പറ്റുന്ന രീതിയിലുള്ള വിൻഡോകൾ കേസ്‌മെന്റ് വിൻഡോ എന്ന പേരിലാണ് അറിയപ്പെടുന്നത്.

അതേസമയം സ്ലൈഡ് ചെയ്യാൻ പറ്റുന്ന വിൻഡോകൾ സ്ലൈഡിങ് വിൻഡോ എന്ന പേരിലും ടിൾട് ആൻഡ് ടേൺ എന്ന പ്രത്യേക രീതിയിലുള്ള വിൻഡോകളും വിപണിയിൽ ലഭിക്കുന്നുണ്ട്.

2 മെറ്റീരിയലുകളും തമ്മിലുള്ള വില താരതമ്യം ചെയ്യുമ്പോൾ യുപിവിസി മെറ്റീരിയലുകൾക്കാണ് വില കൂടുതൽ. ഇവയിൽ തന്നെ വൈറ്റ് മെറ്റീരിയൽ തിരഞ്ഞെടുത്താൽ കൂടുതൽ വില നൽകേണ്ടിവരും.

യുപിവിസി മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 850 രൂപ മുതൽ 1000 രൂപയുടെ അടുത്താണ് വില വരുന്നത്. അതേസമയം അലുമിനിയം മെറ്റീരിയലാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒരു സ്ക്വയർ ഫീറ്റിന് 450 രൂപ മുതൽ 600 രൂപയുടെ അടുത്താണ് വില വരുന്നത്.

അതുകൊണ്ടുതന്നെ യുപിവിസി അലുമിനിയം മെറ്റീരിയലുകൾ വീടിന്റെ ഡോറുകൾ, ജനാലകൾ എന്നിവയ്ക്കായി തിരഞ്ഞെടുക്കുന്നുണ്ട് എങ്കിൽ അവയുടെ ഗുണദോഷങ്ങൾ,വില എന്നിവയെ പറ്റി ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.