സെപ്റ്റിക് ടാങ്കുകളുടെ നിർമ്മാണത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

പലപ്പോഴും വീട് നിർമ്മാണത്തിൽ സെപ്റ്റിക് ടാങ്കിന് വലിയ പ്രാധാന്യമൊന്നും പലരും നൽകുന്നില്ല.

എന്നാൽ വീട് പണി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ പലപ്പോഴും സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങുന്നു.

എന്നുമാത്രമല്ല സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകൾ തെറ്റായി നൽകുന്നതും ലീക്കേജ് പോലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു. മിക്ക വീടുകളിലും പലരും ചെയ്യുന്ന മറ്റൊരു വലിയ അബദ്ധമാണ് ബാത്റൂമിൽ നിന്നും മറ്റും പോകുന്ന മലിനജലം സെപ്റ്റിക് ടാങ്കിലേക്കു തള്ളുന്നത്.

ഇത് സെപ്റ്റിക് ടാങ്ക് പെട്ടെന്ന് ഓവർ ഫ്ലോ ആകുന്നതിന് കാരണമാകുന്നു. കൂടാതെ ആവശ്യത്തിന് വലിപ്പമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ച് സെപ്റ്റിടാങ്ക് ലേക്കുള്ള കണക്ഷനുകൾ നൽകുന്നതും പിന്നീട് പല രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

സെപ്റ്റിക് ടാങ്ക് നിർമാണത്തിൽ പലരും വരുത്തുന്ന പ്രധാന അബദ്ധങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം.

കേരള ബിൽഡിംഗ് റൂളും സെപ്റ്റിക് ടാങ്കും.

കേരള ബിൽഡിംഗ് റൂളിൽ ഒരു വീടിന് സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നതിനെപ്പറ്റി കൃത്യമായി പരാമർശിക്കുന്നുണ്ട്.

സെപ്റ്റിക് ടാങ്കിന് ആവശ്യമായ കുഴി നൽകുമ്പോൾ കുടിവെള്ളത്തിന് ആവശ്യമായ കിണറിന്റെ ഭാഗത്തുനിന്നും 7.5 മീറ്റർ അകലം നിർബന്ധമായും ഉണ്ടായിരിക്കണം.

ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീട്ടുകാർ കുടിവെള്ളം എടുക്കുന്ന കിണറിന്റെ ഭാഗത്തു നിന്ന് മാത്രമല്ല മറിച്ച് അയൽപക്കത്ത് ഒരു കിണർ ഉണ്ടെങ്കിൽ അതിൽ നിന്നും ഇതേ അകലം പാലിച്ചുകൊണ്ട് വേണം സെപ്റ്റിക് ടാങ്ക് നിർമിക്കാൻ.

അതേസമയം റെഡിമെയ്ഡ് രൂപത്തിലുള്ള സെപ്റ്റിക് ടാങ്ക് ആണ് ഉപയോഗിക്കുന്നത് എങ്കിൽ മലിനജലം ഒരു പ്രത്യേക പൈപ്പ് വഴി വേസ്റ്റ് പിറ്റി ലേക്ക് ഒഴുകുന്ന രീതിയിൽ വേണം നൽകാൻ.

വീടിന്റെ അതിരിൽ നിന്നും 1.2 മീറ്റർ അതായത് നാല് അടി എങ്കിലും അകലത്തിലായി വേണം സെപ്റ്റിക് ടാങ്ക് കുഴി എടുക്കാൻ.

എന്നാൽ ഒരു കുടുംബത്തിന് മാത്രം താമസിക്കാനായി നിർമ്മിക്കുന്ന വീട്ടിൽ സ്ഥലപരിമിതി ഉണ്ടെങ്കിൽ അതിരിൽ നിന്നും ഒരു അടി വ്യത്യാസത്തിൽ സെപ്റ്റിടാങ്കിന് ആവശ്യമായ കുഴി നൽകാം.

സെപ്റ്റിക് ടാങ്ക് സൈസ്

ഒരു വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് ആ വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ വലിപ്പം തിരഞ്ഞെടുക്കേണ്ടത്.

IS2470എന്ന് കോഡിനകത്ത് സെപ്റ്റിക് ടാങ്ക് ഡിസൈനിനെ പറ്റി കൃത്യമായി പറയുന്നുണ്ട്.

വൃത്ത ആകൃതിയിലാണ് സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നത് എങ്കിൽ അതിന്റെ അടപ്പ് 1.35 ഡയമീറ്റർ എങ്കിലും വലിപ്പത്തിൽ ആയിരിക്കണം ഉണ്ടാകേണ്ടത്.

അതേസമയം സ്ക്വയർ ഷേപ്പിൽ ഉള്ള സെപ്റ്റിക് ടാങ്ക് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അതിന്റെ നീളം മിനിമം 1.5 മീറ്റർ, വീതി 0.75 മീറ്റർ എന്ന അളവിലാണ് പാലിക്കേണ്ടത്. സെപ്റ്റിക് ടാങ്കിന് ആഴം നൽകുമ്പോൾ
ഇൻലറ്റ് പൈപ്പിൽ നിന്നും ഒരടിയെങ്കിലും താഴ്ത്തി വേണം നൽകാൻ.അതായത് ടാങ്കിൽ വെള്ളം നിറച്ചു കഴിഞ്ഞാൽ ഒരു മീറ്റർ എങ്കിലും ആഴം ലഭിക്കുന്ന രീതിയിൽ വേണം സെറ്റ് ചെയ്തു നൽകാൻ.

സിംഗിൾ കമ്പാർട്ട്മെന്റ് ,ത്രീ കമ്പാർട്ട്മെന്റ് സെപ്റ്റിക് ടാങ്കുകൾ തമ്മിലുള്ള വ്യത്യാസം.

സിംഗിൾ കമ്പാർട്ട്മെന്റ് സെപ്റ്റിക് ടാങ്കുകളിൽ ഇൻ ലെറ്റ് പൈപ്പുകളും ഔട്ട്ലെറ്റ് പൈപ്പുകളും ഒരേ കമ്പാർട്ട്മെന്റിൽ ആണ് നൽകുന്നത്.

അതായത് ടോയ്‌ലറ്റിൽ നിന്നും വരുന്ന വിസർജ്യങ്ങളും, മാലിന്യ ജലവും ഒരേ ടാങ്കിൽ എത്തുന്ന രീതിയിലാണ് ഇവ വർക്ക് ചെയ്യുന്നത്.തുടർന്ന് വിസർജ മാലിന്യങ്ങൾ പിറ്റിൽ കിടന്ന് ദ്രവിച്ചു പോവുകയാണ് ചെയ്യുന്നത്.

എന്നാൽ മൂന്ന് കമ്പാർട്ട്മെന്റ് ഉള്ള സെപ്റ്റിക് ടാങ്കുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ വിസർജ്യ മാലിന്യങ്ങളെ കുറച്ചുകൂടി നല്ല രീതിയിൽ മാനേജ് ചെയ്യാൻ സാധിക്കും.

സെപ്റ്റിക് ടാങ്ക് 3 ചാമ്പ റുകൾ ആയി തരംതിരിക്കും. ഇതിൽ ആദ്യത്തെ ചേമ്പറിൽ വിസർജ്യ മാലിന്യങ്ങൾ എത്തുമ്പോൾ അവ ബാക്ടീരിയകൾ മൂലം മാക്സിമം നശിപ്പിക്കപ്പെടുന്നു.

തുടർന്ന് ദ്രവീകരണ പെടാത്ത മാലിന്യങ്ങൾ രണ്ടാമത്തെ കമ്പാർട്ട്മെന്റിൽ എത്തിച്ചേരുകയും അവ വീണ്ടും നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ശേഷം മൂന്നാമത്തെ കമ്പാർട്ട്മെന്റിൽ ഏകദേശം പൂർണമായും ഫിൽറ്റർ ചെയ്ത് എത്തുന്ന വെള്ളം മാലിന്യങ്ങളിൽ നിന്നും മുക്തമായി മാറുന്നു.

പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ.

ഇപ്പോൾ വിപണിയിൽ വളരെയധികം സുലഭമായി ലഭിക്കുന്നവയാണ് പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്കുകൾ. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ അവയിൽ ഉള്ള ഫ്ലഷുകളുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്.

വീട്ടിൽ എത്ര അംഗങ്ങളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഫ്ലഷ് തീരുമാനിക്കേണ്ടത്. എന്നാൽ ഇവയ്ക്ക് ആവശ്യമായ കുഴി എടുക്കുമ്പോൾ കൃത്യമായ അളവ് നൽകേണ്ടതുണ്ട്.

15 ഫ്ലഷ് ഉള്ള ഒരു പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്ക് ആണ് ഫിറ്റ് ചെയ്യേണ്ടത് എങ്കിൽ 7.5 അടി നീളം, 5 അടി വീതി , 5 അടി ഹൈറ്റ് എന്നിവ നൽകേണ്ടതുണ്ട്.

അതേസമയം ഫെറോസിമന്റിൽ നിർമ്മിച്ച സെപ്റ്റിക് ടാങ്കുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്ക് കോൺക്രീറ്റിൽ നിർമ്മിച്ചവയെക്കാൾ വില കുറവാണ്.

20 ഫ്ലഷ് വരുന്ന സെപ്റ്റിക് ടാങ്കിന് ഏകദേശം വില വരുന്നത് 18000 രൂപയുടെ അടുത്താണ്.

ഏറ്റവും ചിലവ് കുറഞ്ഞ രീതിയായി കണക്കുന്നത് കൃത്യമായി അളവെടുത്ത് ആഴത്തിൽ കുഴി കുഴിച്ച് കരിങ്കല്ലു കൊണ്ട് ഭിത്തികൾ കെട്ടി നൽകുന്ന രീതിയാണ്.

എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പലരും ചെയ്യുന്ന ഒരു പ്രധാന തെറ്റ് കുഴിയുയുടെ അടിഭാഗം തേച്ച് നൽകാതെ വെള്ളം നേരിട്ട് മണ്ണിലേക്ക് ഇറങ്ങുന്ന അവസ്ഥയാണ്.

അതുകൊണ്ടുതന്നെ വീട് നിർമ്മാണത്തിൽ സെപ്റ്റിക് ടാങ്ക് നൽകുമ്പോൾ ഈ കാര്യങ്ങൾക്കെല്ലാം പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.