വീട് നിർമ്മാണത്തിൽ റൂഫിങ്ങിനായി ഓട് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

മുൻ കാലങ്ങളിൽ മിക്ക വീടുകളിലും റൂഫിങ്ങി നായി ഉപയോഗപ്പെടുത്തിയിരുന്നത് ഓടുകൾ ആയിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കോൺക്രീറ്റിൽ പണിത വീടുകളോടാണ് കൂടുതൽ പേർക്കും പ്രിയം.

ഓടിട്ട വീടുകളിൽ ചോർച്ച പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നതും, ജീവികൾ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയും എല്ലാവരും മുൻകൂട്ടി കാണാൻ തുടങ്ങി.

അതേസമയം ഓട് ഉപയോഗിച്ച് വീട് നിർമിക്കുമ്പോൾ വീടിന് കൂടുതൽ തണുപ്പും, ഭംഗിയും ലഭിക്കുമെന്നതും പലർക്കും ഓട് ഉപേക്ഷിക്കാൻ തോന്നിപ്പിക്കാത്ത കാര്യങ്ങളാണ്.

അത്തരം സാഹചര്യങ്ങളിൽ പലരും കണ്ടെത്തിയ വഴി കോൺക്രീറ്റിൽ വീട് പണിത്, മുകളിലത്തെ ഭാഗം മാത്രം ഓട് ഉപയോഗിച്ച് ചെയ്യുക എന്ന രീതിയാണ്. ഇതിനായി വ്യത്യസ്ത രീതിയിലുള്ള ഓടുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

റൂഫിങ്ങിനായി നാടൻ ഓട്, സെറാമിക് ഓട്, നാനോ സെറാമിക് ഓട് എന്നിവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കാം.

1) നാടൻ ഓടുകൾ

വീടിന്റെ മുകൾ വശം ട്രസ്സ് വർക്ക് ചെയ്ത ശേഷം നാടൻ ഓടുകൾ പാകുന്ന രീതി ഇപ്പോൾ കൂടുതലായി കണ്ടു വരുന്നുണ്ട്.

വ്യത്യസ്ത നിറങ്ങളിൽ പെയിന്റ് നൽകി നാടൻ ഓടുകൾ ഭംഗിയായി ഉപയോഗിക്കാൻ സാധിക്കും. നാടൻ ഓട് വ്യത്യസ്ത വലിപ്പത്തിലും സൈസിലും ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

കേരളത്തിൽ നിരവധി നാടൻ ഓട് നിർമ്മാണ ഫാക്ടറികൾ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നാടൻ ഓടുകൾ ലഭിക്കാൻ നമ്മുടെ നാട്ടിൽ അത്ര വലിയ പ്രശ്നമില്ല.

സാധാരണ ഒരു സ്റ്റാൻഡേർഡ് നാടൻ ഓടിന്റെ സൈസ് ആയി കണക്കാക്കുന്നത് 40 സെന്റീമീറ്റർ നീളം, 25 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ്.

അതേസമയം ഒരു ചെറിയ ഓടിന്റെ സൈസ് ആയി വരുന്നത് 30 സെന്റീമീറ്റർ നീളം 20 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ്.

ഇവ വിരിക്കുന്ന രീതി പരിശോധിക്കുകയാണെങ്കിൽ റോഡിന്റെ താഴെ ഭാഗത്തായി നാലു മൂലകളിലായി നാല് മെയിൽ പോർഷനുകൾ നൽകിയിട്ടുണ്ട്.

അതേസമയം ഓടിന്റെ മുകൾ ഭാഗത്ത് രണ്ട് ഫീമെയിൽ പോർഷനുകളും നൽകിയിട്ടുണ്ട്.

മുകളിലുള്ള രണ്ട് മെയിൽ പോർഷൻ പട്ടികയിൽ തറക്കുന്ന രീതിയിലും, താഴെയുള്ള രണ്ട് മെയിൽ പോർഷനുകൾ അടുത്ത ഓടിന്റെ രണ്ട് ഫീമെയിൽ പോർഷനിൽ ലോക്ക് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്.

നാടൻ ഓടുകൾ നിർമ്മിക്കുന്നതിനായി ചുവന്ന കളിമണ്ണാണ് ഉപയോഗപ്പെടുത്തുന്നത്. മണ്ണ് കുഴച്ച് പ്രത്യേക ഷേപ്പിലേക്ക് മോൾഡ് ചെയ്ത് ചൂടാക്കി ബലം നൽകിയാണ് നാടൻ ഓടുകൾ നിർമ്മിക്കുന്നത്. ഏകദേശം രണ്ടര കിലോഗ്രാം ഭാരമാണ് ഒരു സാധാരണ ഓടിന് വരുന്നത്.

2) സെറാമിക് ഓടുകൾ

വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സെറാമിക് ഓടുകൾക്ക് നമ്മുടെ നാട്ടിൽ വളരെ വലിയ ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്.

വ്യത്യസ്ത കമ്പനികൾ ഇംപോർട്ട് ചെയ്യുന്നത് അനുസരിച്ച് സെറാമിക് ഓടുകളുടെ വലിപ്പത്തിലും വിലയിലും വ്യത്യാസം വരുന്നുണ്ട്.

40 സെന്റീമീറ്റർ നീളം 30 സെന്റീമീറ്റർ വീതി എന്ന സ്റ്റാൻഡേർഡ് സൈസിൽ ആണ് മിക്ക കമ്പനികളും സെറാമിക് ടൈലുകൾ വിപണിയിൽ ഇറക്കുന്നത്.

ടൈൽ പട്ടികയിൽ കൊളുത്തി വയ്ക്കുന്ന രീതിയിലാണ് കണക്ട് ചെയ്ത് നൽകുന്നത്.

ഹോളുകളിൽ പ്രത്യേക ആണികൾ നൽകുന്നതാണ്. സെറാമിക് ഓടുകൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്.

അതുകൊണ്ടുതന്നെ ചൈനീസ് ക്ലെ ഉപയോഗപ്പെടുത്തിയാണ് ഓട് നിർമ്മിക്കുന്നത്.

തുടർന്ന് ഒരു സെറാമിക് കോട്ടിങ് കൂടി നൽകുന്നതിലൂടെ ഓടിന് കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നു. സെറാമിക് ഓടുകൾ വാങ്ങുമ്പോൾ അവയുടെ പുറകുവശം വെള്ള നിറത്തിൽ ആണ് കാണുന്നത് എങ്കിൽ അത് മികച്ച ക്വാളിറ്റിയിലുള്ള ഓട് ആയി കണക്കാക്കാം.

അതേസമയം ബ്രൗൺ നിറത്തിൽ ആണ് പുറകുവശം കാണുന്നത് എങ്കിൽ അത് ആവറേജ് ക്വാളിറ്റിയിൽ ഉള്ള ഓട് ആയും കണക്കാക്കാം. ഒരു സെറാമിക് ഓടിന്റെ ഭാരം രണ്ട് കിലോക്ക്‌ മുകളിലാണ് വരുന്നത്.

3) നാനോ സെറാമിക് ഓടുകൾ

മറ്റ് ഓടുകളെ അപേക്ഷിച്ച് വളരെയധികം കനം കുറവുള്ള നാനോ സെറാമിക് ടൈലുകളും വ്യത്യസ്ത വലിപ്പത്തിൽ വിപണിയിൽ ലഭിക്കുന്നുണ്ട്.

എന്നിരുന്നാലും ഒരു സ്റ്റാൻഡേർഡ് സൈസ് ആയി കണക്കാക്കുന്നത് 30.5 സെന്റീമീറ്റർ നീളം 30.5 സെന്റീമീറ്റർ വീതി എന്ന കണക്കിലാണ്.

അതേസമയം നാനോ സെറാമിക് ഓടുകൾ ഉപയോഗിക്കുമ്പോൾ സ്വന്തമായി സ്ക്രൂ ചെയ്ത് പിടിപ്പിക്കുന്ന രീതിയിലാണ് ഹോളുകൾ നൽകിയിട്ടുള്ളത്.

സാധാരണ ഫൈബറിൽ നിർമ്മിച്ച ചെയർ, ടേബിൾ എന്നിവ ടച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന അതേ ഫീൽ തന്നെയാണ് നാനോ സെറാമിക് ഓട് തൊടുമ്പോഴും ഉണ്ടാവുക. കനം വളരെ കുറവായി തോന്നുമെങ്കിലും ഇവ നല്ല രീതിയിൽ പാകി കഴിഞ്ഞാൽ യാതൊരുവിധ പ്രശ്നങ്ങളും റൂഫിൽ ഉണ്ടാകില്ല.

പട്ടികയിലേക്ക് സെൽഫ് സ്ക്രൂ ഉപയോഗിച്ച് നൽകുന്നതു കൊണ്ട് തന്നെ ഓടിന് ആവശ്യത്തിനു ബലം ലഭിക്കുന്നതാണ്. നാനോ സെറാമിക് ഓടുകൾക്ക് ഒരെണ്ണത്തിന് ഏകദേശം 400 ഗ്രാം ആണ് ഭാരമായി വരുന്നത്.

റൂഫിങ്ങിനായി ഓടുകൾ തിരഞ്ഞെടുക്കുമ്പോൾ എത്ര ആവശ്യമായി വരും എന്നത് കണക്കാക്കുന്നത് ഫ്ലോറിങ് ഏരിയക്ക് അനുസരിച്ചാണ്. സാധാരണ ഫ്ലോർ ഏരിയയുടെ 30 മുതൽ 60 ശതമാനംവരെ അധിക അളവിൽ ഓടുകൾ ആവശ്യമായി വരും.

വ്യത്യസ്ത ഷേപ്പുകൾക്ക് അനുസൃതമായും ഓകളുടെ കവറേജ് ഏരിയ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഓടിന്റെ കവറേജ് ഏരിയ പരിശോധിക്കുകയാണെങ്കിൽ നാടൻ ഓട് ഒരെണ്ണം 1 സ്ക്വയർ ഫീറ്റ് എന്ന കണക്കിലും, സെറാമിക് ഓടുകൾ 1 സ്ക്വയർ ഫീറ്റ്, നാനോ സെറാമിക് ഓടുകൾ 0.75 സ്ക്വയർ ഫീറ്റ് എന്ന് കണക്കിലുമാണ് ഉപയോഗിക്കാൻ സാധിക്കുക.

വിലനിലവാരം പരിശോധിക്കുകയാണെങ്കിൽ സാധാരണ സൈസിലുള്ള നാടൻ ഓട് ഒരെണ്ണത്തിന് വില വരുന്നത് 30 മുതൽ 35 രൂപയുടെ അടുത്താണ്.

അതേസമയം നല്ല ക്വാളിറ്റിയിൽ ഉള്ള സെറാമിക് ഓടിന് ഒരെണ്ണത്തിന് 140 രൂപയാണ് വില വരുന്നത്.

സെറാമിക് ഓടുകൾ തന്നെ ട്രാൻസ്പരന്റ് ടൈപ്പ് വാങ്ങാൻ ഏകദേശം 800 രൂപയുടെ അടുത്താണ് ചിലവ് വരുന്നത്.വ്യത്യസ്ത ക്വാളിറ്റി,ഡിസൈൻ എന്നിവയ്ക്ക് അനുസരിച്ച് വിലയിലും മാറ്റം പ്രതീക്ഷിക്കാം.

നാനോ സെറാമിക് ഓട്കളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഏകദേശം 85 രൂപയുടെ അടുത്താണ് വില വരുന്നത്.

റൂഫിങിനായി ഓടുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഗുണവും ദോഷവും കൃത്യമായി മനസ്സിലാക്കി അനുയോജ്യമായവ തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം.