ഓപ്പൺകിച്ചണും ചില ഓപ്പണായ കാര്യങ്ങളും.വീട് നിർമ്മാണത്തിൽ ഇന്ന് വളരെയധികം കേൾക്കുന്ന ഒരു കാര്യമാണ് ഓപ്പൺ കിച്ചൺ.

സാധാരണയായി വീടുകളിൽ ഓപ്പൺ കിച്ചൻ രീതി കുറവാണ് എങ്കിലും ഫ്ലാറ്റുകളിൽ ആണ് ഇത്തരം അടുക്കളകളുടെ പ്രാധാന്യം കൂടുതലായും കണ്ടു വരുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൂർണ്ണമായും ഓപ്പൺ രീതിയിൽ നിർമ്മിക്കുന്ന കിച്ചണുകൾ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയെപ്പറ്റി അറിയാത്ത പല വസ്തുതകളും ഉണ്ട്.

ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കുമ്പോൾ ഓപ്പൺ കിച്ചൺ ഒരു ഫാഷനായി പറയാമെങ്കിലും വീട് നിർമ്മിച്ച് താമസം തുടങ്ങുമ്പോൾ ആയിരിക്കും പലർക്കും ഓപ്പൺ കിച്ചൺ വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉണ്ടാവുക.

ഓപ്പൺ കിച്ചണിനു ഗുണങ്ങളും ദോഷങ്ങളും ഏറെയാണ്. അതുകൊണ്ട് തന്നെ അത്തരമൊരു രീതി തിരഞ്ഞെടുക്കുന്നതിനു മുൻപായി അവയുടെ നിർമ്മാണരീതി ഗുണ,ദോഷങ്ങൾ എന്നിവ വിശദമായി മനസിലാക്കാം.

ഓപ്പൺകിച്ചണും ചില ഓപ്പണായ കാര്യങ്ങളും.

കുടുംബത്തിലെ എല്ലാവരുമായി എല്ലാ സമയത്തും ആശയങ്ങൾ പങ്കു വെക്കാൻ താൽപര്യപ്പെടുന്നവർക്ക് വളരെയധികം യോജിച്ച ഒരു ഇടമാണ് ഓപ്പൺ കിച്ചണുകൾ.

അതായത് ഭക്ഷണവും പാചകവും ഒരേസമയം ചെയ്യാവുന്ന ഒരിടമായി ഓപ്പൺ കിച്ചണുകൾ കണക്കാക്കാം.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുക്കള ജോലികൾ സ്ത്രീയും പുരുഷനും ഒരേ രീതിയിൽ ചെയ്യാൻ ഇഷ്ടപെടുന്നുണ്ട്.ഇത്തരത്തിലുള്ള ഒരു ആശയം നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടം ഓപ്പൺ കിച്ചണുകൾ തന്നെയാണ്.

കുറഞ്ഞ സ്ഥലപരിമിതിക്കുള്ളിലും കൂടുതൽ സൗകര്യങ്ങൾ നൽകി കൊണ്ട് ഒരു അടുക്കള എന്ന ആശയം പ്രാവർത്തികമാക്കുന്നതിൽ ഓപ്പൺ കിച്ചണുകളുടെ പ്രാധാന്യം ചെറുതല്ല.

ഓപ്പൺ കിച്ചൺ ഡിസൈൻ ചെയ്യാൻ അത്രവലിയ ആർക്കിടെക്ചറൽ നോളജ് ഒന്നും ആവശ്യമായി വരുന്നില്ല എന്നതാണ് മറ്റൊരു സത്യം.

ഓരോരുത്തർക്കും തങ്ങളുടെ ആശയങ്ങൾക്ക് അനുസൃതമായി തന്നെ ഓപ്പൺ കിച്ചൻ ഡിസൈൻ ചെയ്യാം.

സ്റ്റോറേജ് സ്പേസ്, ആകൃതി എന്നിവയെ പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കി വെച്ചാൽ നിങ്ങളുടെ വീട്ടിലെ ഓപ്പൺ കിച്ചൻ നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ ഡിസൈൻ ചെയ്തെടുക്കാം.

ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഡിസൈൻ രീതി എന്നിവയെല്ലാം ഇന്ന് ഓൺലൈനിൽ നിന്നും മനസിലാക്കാൻ സാധിക്കും.

അതേസമയം അടുക്കളക്ക് എത്രമാത്രം വലിപ്പം വേണം എന്നതിനെ ആശ്രയിച്ചാണ് മറ്റു പല ഘടകങ്ങളും തിരഞ്ഞെടുക്കേണ്ടത്.

കൃത്യമായ പ്ലാൻ ഇല്ലാതെ ഓപ്പൺ കിച്ചൻ എന്ന ഒരു കൺസെപ്റ്റ്ലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

അങ്ങിനെയാണെങ്കിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത മുന്നിൽ കാണണം.

ഓപ്പൺ കിച്ചണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന്റെ ലിവിങ് ഏരിയ ഡൈനിങ് ഏരിയ എന്നിങ്ങനെ പല ഭാഗങ്ങളിലേക്കും പാർട്ടീഷനുകളൊന്നും നൽകാതെ ആയിരിക്കും ഓപ്പൺ കിച്ചൺ ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗന്ധം എല്ലാ ഭാഗത്തേക്കും പരക്കാനുള്ള സാധ്യത കൂടുതലാണ്. ആവശ്യമായ വെന്റിലേഷൻ സൗകര്യം അടുക്കളയോട് ചേർന്ന് നൽകുകയും നല്ല ക്വാളിറ്റിയുള്ള ഒരു ചിമ്മിനി നൽകുകയും വേണം.അതല്ല എങ്കിൽ വീട്ടിൽ വരുന്ന അതിഥികൾക്ക് പോലും ഭക്ഷണത്തിന്റെ മണം അരോചകമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. മണം മാത്രമല്ല ശബ്ദത്തിന്റെ കാര്യത്തിലും വേണം ശ്രദ്ധ. മിക്സി, പ്രഷർകുക്കർ എന്നിവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം പലപ്പോഴും ഓപ്പൺ കിച്ചണിന്റെ ഒരു വലിയ പോരായ്മ തന്നെയാണ്.

കിച്ചൻ ഡിസൈൻ ചെയ്യുമ്പോൾ L, U, സ്ട്രൈറ്റ് ലൈൻ,ഗ്യാലറി എന്നിവയിൽ ഏത് ഷേപ്പ് വേണം എന്ന കാര്യം ആദ്യം തന്നെ തീരുമാനിക്കുക. എന്നാൽ മാത്രമാണ് ആവശ്യമായ ബീമുകൾ നൽകാൻ സാധിക്കുകയുള്ളൂ.U ആകൃതിയിലുള്ള അടുക്കളകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. അടുക്കളക്ക് ആവശ്യമായ കാബിനറ്റുകൾ ഇന്റീരിയർ ഡിസൈനേഴ്സിന്റെ സഹായത്തോടെയാണ് ചെയ്യുന്നത് എങ്കിൽ അവർ കൃത്യമായി അളവെടുത്ത് ബോക്സുകൾ നിർമ്മിച്ച് ഫിറ്റ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്. ചിലവ് കുറച്ച് ഷെൽഫുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെറോസിമന്റ് ഉപയോഗിച്ച് ഷെൽഫ് നിർമ്മിച്ച് അവയുടെ ഡോർ മാത്രം പ്ലൈവുഡ് പോലുള്ള മെറ്റീരിയലിൽ നൽകാവുന്നതാണ്.

പച്ചക്കറികളും പലചരക്കു സാധനങ്ങളും സൂക്ഷിക്കാൻ

അടുക്കളയിലെ സാധനങ്ങൾ കൃത്യമായി അറേഞ്ച് ചെയ്ത് വയ്ക്കാവുന്ന പല സംവിധാനങ്ങളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. പല ചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി വലിയ ടോൾ യൂണിറ്റുകൾ, വെജിറ്റബിൾസ് വയ്ക്കുന്നതിനായി പ്രത്യേക വെജിറ്റബിൾ ബാസ്ക്കറ്റ്, സ്പൂൺ,ഗ്ലാസ് എന്നിവ നൽകുന്നതിനായി കോർണർ യൂണിറ്റ് എന്നിവയെല്ലാം നൽകാവുന്നതാണ്. ഷെൽഫുകൾക്ക് നൽകുന്ന ഷട്ടറുകൾക്ക് കൂടുതൽ ഭംഗിയുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് അടുക്കളയുടെ അലങ്കാരം വർദ്ധിപ്പിക്കും. ഗ്ലാസ്, ലാമിനേറ്റ്,പ്ലൈവുഡ് വെനീർ, എന്നിങ്ങനെ ഏത് മെറ്റീരിയൽ ഉപയോഗപ്പെടുത്തിയും ഷട്ടർ നിർമ്മിക്കാവുന്നതാണ്. ഓരോ ആവശ്യങ്ങൾക്കും ഉള്ള ക്യാബിനറ്റുകൾ ശരിയായ രീതിയിൽ നൽകുകയാണെങ്കിൽ ഒതുക്കമുള്ള രീതിയിൽ തന്നെ ഓപ്പൺ കിച്ചൺ ഡിസൈൻ ചെയ്യാൻ സാധിക്കും.

ഓപ്പൺകിച്ചണും ചില ഓപ്പണായ കാര്യങ്ങളും മനസിലാക്കി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ കിച്ചൻ ഓപ്പൺ സ്റ്റൈൽ ആക്കി മാറ്റാം.