മോഡുലാർ കിച്ചണും അബദ്ധങ്ങളും.ഇന്ന് മിക്ക വീടുകളിലും ഫ്ലാറ്റുകളിലും കൂടുതലായി ഉപയോഗപ്പെടുത്തുന്നത് മോഡുലാർ കിച്ചൻ രീതിയാണ്.

കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നവയാണ് മോഡുലാർ കിച്ചൺ എങ്കിലും ഡിസൈനിൽ വരുന്ന ചെറിയ അബദ്ധങ്ങൾ പോലും വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്.

കൃത്യമായ പ്ലാനിങ് ഇല്ലാതെ മോഡുലർ കിച്ചൺ ചെയ്താൽ പിന്നീട് അവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നില്ല.

ചിലപ്പോഴെങ്കിലും വീടുപണി മുഴുവൻ പൂർത്തിയായി കഴിഞ് വീട്ടിൽ താമസം തുടങ്ങുമ്പോഴാണ് ഇത്തരം അബദ്ധങ്ങൾ പലരും തിരിച്ചറിയുന്നത്.

കാഴ്ചയിൽ ഭംഗി നൽകാനായി മോഡുലാർ കിച്ചനിൽ ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ കുത്തി നിറക്കുന്ന ഒരു കാഴ്ച പല വീടുകളിലും കാണുന്നുണ്ട്.

കൂടാതെ പരസ്പര ബന്ധമില്ലാത്ത നിറങ്ങൾ ഉപയോഗപ്പെടുത്തി കിച്ചൻ ഡിസൈൻ ചെയ്യുന്നതും, ആവശ്യത്തിന് സ്വിച്ച് ബോർഡുകൾ നൽകാത്ത അവസ്ഥയും കൂടുതലായി കണ്ടു വരുന്ന കാഴ്ചകളാണ്.

മോഡുലാർ കിച്ചണിൽ കൂടുതലായും പറ്റുന്ന അബദ്ധങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മോഡുലാർ കിച്ചണും അബദ്ധങ്ങളും.

ഫിക്സഡ് രീതിയിൽ നൽകുന്ന കുക്ക് ടോപ്പുകൾ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും നടു ഭാഗത്ത് നൽകിയിട്ടുള്ള ഗ്യാസ് ബർണറിൽ നിന്നും ആവശ്യത്തിന് അകലം നൽകാത്തത് ആ ഭാഗം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരെ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു.

വളരെയധികം സ്ലീക്കും അതേസമയം നീറ്റും ആയ ഡിസൈൻ ഫോളോ ചെയ്യാൻ ഫിക്സഡ് കുക്ക് ടോപ്പുകൾക്ക് സാധിക്കുമെങ്കിലും ഇത്തരം പോരായ്മകൾ തീർച്ചയായും മനസ്സിലാക്കി ഇരിക്കണം.

വാൾ ബർണർ എന്നിവ തമ്മിൽ ഉള്ള അകലം എത്ര വേണം എന്ന് അറിയുന്നതയിനായി ഒരു വലിയ പാത്രം നടുഭാഗത്ത് വരുന്ന ബർണറിൽ വച്ചു നോക്കിയാൽ മതി.

പാത്രം ചുവരിനോട് മുട്ടി നിൽക്കുന്ന അവസ്ഥയാണെങ്കിൽ കൂടുതൽ ഗ്യാപ്പ് ആവശ്യമാണ് എന്ന കാര്യം മനസിലാക്കാൻ സാധിക്കും.

പലർക്കും കൂടുതലായി പറ്റുന്ന മറ്റൊരു അബദ്ധം ആവശ്യത്തിന് പ്ലഗ് പോയിന്റ്,സ്വിച്ചുകൾ എന്നിവ നൽകാത്തതാണ്.

അടുക്കളയിൽ കൈകാര്യം ചെയ്യുന്ന എല്ലാ ഉപകരണങ്ങൾക്കും വേണ്ടി മിതമായ അളവിൽ എങ്കിലും സ്വിച്ചുകളും പ്ലഗ് പോയിന്റും നൽകാനായി ശ്രദ്ധിക്കണം.

ഒരു സ്വിച്ച് ബോർഡ്, പ്ലഗ് പോയിന്റ് എന്ന രീതിയിൽ നൽകിയാൽ അടുക്കള ഉപയോഗം കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറും.

പാൻട്രി യൂണിറ്റ് സെറ്റ് ചെയ്യുമ്പോൾ

അടുക്കളയിൽ ടോൾ യൂണിറ്റ് രീതിയിൽ പാൻട്രി സെറ്റ് ചെയ്യുന്നത് കൂടുതൽ ഉപകാരപ്രദമാണ്. ആവശ്യമായ പലചരക്ക് സാധനങ്ങൾ പെട്ടെന്ന് എടുക്കേണ്ടി വരുന്ന അരി പോലുള്ള സാധനങ്ങൾ എന്നിവയെല്ലാം ടോൾ യൂണിറ്റുകളിൽ നൽകുന്നതാണ് എപ്പോഴും നല്ലത്. അവ കൂടുതൽ ഉയരത്തിൽ കയറ്റി വെച്ചാൽ എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ടോൾ യൂണിറ്റ് രൂപത്തിൽ പാൻട്രി സെറ്റ് ചെയ്യുമ്പോൾ ആവശ്യത്തിന് സ്ഥലം ലഭിക്കുകയും അതേസമയം സാധനങ്ങൾ വൃത്തിയായി അടുക്കി വയ്ക്കുകയും ചെയ്യാൻ സാധിക്കും. അതോടൊപ്പം തന്നെ ഓവർഹെഡ് ക്യാബിനറ്റ് രീതിയിൽ ആവശ്യമായ സ്‌പൈസസ് സൂക്ഷിക്കാനുള്ള ഒരിടം കൂടി കണ്ടെത്താവുന്നതാണ്.

വെജിറ്റബിൾ സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക ഇടം സെറ്റ് ചെയ്ത് നൽകുക തന്നെ വേണം. അങ്ങിനെ ചെയ്യുന്നത് വഴി ഫ്രിഡ്ജിലെ സ്പേസ് കുറയ്ക്കാനും അതേ സമയം വെജിറ്റബിൾസ് നല്ല രീതിയിൽ സൂക്ഷിക്കാനും സാധിക്കും.ടാൻഡം ഡ്രോയറുകൾ ഉപയോഗപ്പെടുത്തി അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ നല്ല രീതിയിൽ സജ്ജീകരിച്ചു നൽകാവുന്നതാണ്. പലരും പച്ചക്കറികളും മറ്റും സൂക്ഷിക്കുന്നതിനായി സ്ലാബിനു മുകളിൽ കവറുകളും മറ്റും വിരിച്ചു നൽകുന്നത് കാണാറുണ്ട്.ഇവ കാഴ്ചയിൽ അഭംഗി മാത്രമല്ല നൽകുന്നത് വീടിനകത്ത് ഈച്ച, ഉറുമ്പ് പോലുള്ള ജീവികൾ കൂടുതലായി വരുന്നതിനും കാരണമാകുന്നു. പച്ചക്കറികൾ സൂക്ഷിക്കുന്ന കമ്പാർട്ട്മെന്റ് കളിൽ ആവശ്യത്തിന് എയർവെന്റ് നൽകാനായി ശ്രദ്ധിക്കണം.

സിങ്ക് തിരഞ്ഞെടുക്കുമ്പോൾ

വീട്ടിലെ ആവശ്യങ്ങൾക്ക് അനുസൃതമായ സിങ്ക് തിരഞ്ഞെടുക്കുന്ന രീതി നമ്മുടെ നാട്ടിൽ കുറവാണ്.പ്ലംബർ പറയുന്ന ഏതെങ്കിലും ഒരു ബ്രാൻഡ് ക്വാളിറ്റി നോക്കാതെ വാങ്ങി വയ്ക്കുന്നത് പല വീടുകളിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. എത്രമാത്രം പാത്രങ്ങൾ വീട്ടിൽ കൈകാര്യം ചെയ്യേണ്ടിവരും എന്നതിനെ ആശ്രയിച്ച് ആവശ്യമുള്ള വലിപ്പത്തിൽ സിംഗിൾ അല്ലെങ്കിൽ ഡബിൾ കമ്പാർട്ട്മെന്റ് രൂപത്തിലുള്ള സിങ്ക് വേണം തിരഞ്ഞെടുക്കാൻ. സിങ്കിൽ നിന്നും കഴുകി എടുക്കുന്ന പാത്രങ്ങൾ പൂർണമായും വെള്ളം പോയതിനു ശേഷം മാത്രം ഷെൽഫിന് അകത്ത് വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

കഴുകിയ പാത്രങ്ങൾ സൂക്ഷിക്കുന്ന ഭാഗത്ത് ആവശ്യത്തിന് എയർ വെന്റുകൾ ഉണ്ട് എന്ന കാര്യം ഉറപ്പുവരുത്തുക.സിങ്കിന്റെ അടിഭാഗം ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ വരാതെ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കി നൽകണം. വെജിറ്റബിൾസ്, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ സിങ്കിൽ നിന്നും ഫിൽറ്റർ ചെയ്ത് എടുക്കുന്നതിനു വേണ്ടി പ്രത്യേക രീതിയിലുള്ള ക്യാപ്പുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. സിങ്കിന്റെ സൈഡ് ഭാഗങ്ങളിലൂടെ വെള്ളം താഴോട്ട് ഇറങ്ങുന്നില്ല എന്ന കാര്യം ഉറപ്പു വരുത്തുക. കിച്ചണിനു ഏറ്റവും അനുയോജ്യമായ നിറം വൈറ്റ് ആണ് എന്നത് പലർക്കും ആക്സപ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യമായിരിക്കും. എന്നാൽ വൈറ്റ് നിറത്തിൽ ടൈലുകൾ, സ്ലാബ് എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ ചെറിയ രീതിയിലുള്ള കറകൾ പോലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയും അതുകൊണ്ടുതന്നെ അവ ക്ലീൻ ചെയ്യുന്നത് എളുപ്പമുള്ള കാര്യവുമാണ്. അടുക്കളയിലേക്ക് ആവശ്യമായ അക്സസ്സറീസ് തിരഞ്ഞെടുക്കുമ്പോൾ അവയുടെ വലിപ്പം, ഉപയോഗം എന്നിവ മനസിലാക്കി മാത്രം തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

മോഡുലാർ കിച്ചണും അബദ്ധങ്ങളും അത്ര ചെറിയ കാര്യമായി കണക്കാക്കേണ്ട എന്നർത്ഥം.