അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും.

അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും.ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം പ്രാധാന്യം നൽകേണ്ട ഒരിടമാണ് അടുക്കള.

ഒരു വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഭക്ഷണം പാകം ചെയ്യുന്ന ഇടമായി അടുക്കള ഉപയോഗിക്കുന്നത കൊണ്ട് തന്നെ ഓരോ ഭാഗത്തിനും പ്രത്യേക രീതിയിലുള്ള ശ്രദ്ധ നൽകേണ്ടതുണ്ട്.

പലപ്പോഴും പാചകം ചെയ്യുന്ന ഒരിടം എന്നതിൽ നിന്നും കുടുംബാംഗങ്ങൾക്ക് തങ്ങളുടെ ആശയം പങ്കിടാനുള്ള ഒരിടം എന്ന രീതിയിലേക്ക് ഇന്ന് നമ്മുടെ വീടുകളിലെ അടുക്കളകൾ മാറി തുടങ്ങിയിരിക്കുന്നു.

മുൻകാലങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ അടുക്കളയ്ക്ക് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല എങ്കിൽ ഇന്ന് അതിന് മാറ്റം വരികയും ഏറ്റവും ശ്രദ്ധ നൽകേണ്ട ഭാഗമായി അടുക്കളകൾ മാറുകയും ചെയ്തു.

വ്യത്യസ്ത ഡിസൈനിലും, രൂപത്തിലുമുള്ള അടുക്കളകൾ മോഡേൺ വീടുകളിൽ ഇടം പിടിച്ചപ്പോൾ അടുക്കളയെന്ന സങ്കല്പത്തെ പാടെ മാറ്റിമറിക്ക പെട്ടു എന്നതാണ് സത്യം.

വൃത്തിയുള്ള അടുക്കള എന്നതു കൊണ്ട് പാചകം ചെയ്യുന്ന ഇടം മാത്രമല്ല ഉദ്ദേശിക്കുന്നത് മറിച്ച് ഫ്ലോറിങ് ഉൾപ്പെടുന്ന ഭാഗമാണ് എന്ന കാര്യം പലരും മറന്നു പോകുന്നു.

അടുക്കളയുടെ ഫ്ളോറിന് കൂടുതൽ ശ്രദ്ധ നൽകാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും.

അടുക്കളയ്ക്ക് നൽകുന്ന ഫ്ലോറിങ്ങിന് പ്രത്യേക ശ്രദ്ധ നൽകണം എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വില കൂടിയ ഏതെങ്കിലും ഒരു മെറ്റീരിയൽ ഫ്ലോറിങ്ങിൽ ഉപയോഗിക്കണമെന്നതല്ല.

മറിച്ച് പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന എണ്ണ, കറ പോലുള്ള കാര്യങ്ങൾ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് അവ പോകാത്ത അവസ്ഥ പല വീടുകളിലും കാണാറുണ്ട്.

കൂടുതലായും കാണുന്ന മറ്റൊരു രീതി അടുക്കളയിൽ ഗ്യാസ് സിലിണ്ടറുകൾ വക്കാനായി കിച്ചൻ കൗണ്ടറിൽ സ്ഥലം നൽകിയിട്ടുണ്ട് എങ്കിലും അവ ഉപയോഗിക്കാതെ പുറത്ത് ഫ്ലോറിൽ തന്നെ നൽകുന്ന രീതിയാണ്.

ഇത് കുട്ടികൾ മറ്റും ഉള്ള വീടുകളിൽ വലിയ അപകടം വിളിച്ചു വരുത്തും എന്ന് മാത്രമല്ല പലപ്പോഴും ഗ്യാസ് സിലിണ്ടർ ഇരുന്ന ഭാഗത്ത് ഉണ്ടാകുന്ന കറ പിന്നീട് എന്തു ചെയ്താലും പോകാത്ത അവസ്ഥയും ഉണ്ടാക്കുന്നു.

വെള്ളം, എണ്ണ എന്നിവ കൂടുതലായും വീഴുന്ന ഇടമായതു കൊണ്ടു തന്നെ കിച്ചൺ ഫ്ലറുകൾക്ക് പ്രത്യേക സ്ഥാനവും പരിഗണനയും നൽകേണ്ടതുണ്ട്.

ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് ആവശ്യമായ ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് പോലെയല്ല അടുക്കളയിലേക്ക് ആവശ്യമായ മെറ്റീരിയൽ തിരഞ്ഞെടുക്കേണ്ടത്. അത്യാവശ്യം നല്ല ഗ്രിപ്പ് നൽകുന്നതും, പെട്ടെന്ന് നശിച്ചു പോകാത്തതുമായ ഏതെങ്കിലും മെറ്റീരിയൽ നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇവയിൽ തന്നെ അടുക്കളക്ക് ഏറ്റവും അനുയോജ്യമായ ടൈലുകളിൽ പോർസെലൻ ടൈപ്പ് തിരഞ്ഞെടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇത്തരം ടൈലുകൾ തിരഞ്ഞെടുക്കുന്നത് വഴി അവ കൂടുതൽ കാലം കേടുകൾ ഇല്ലാതെ ഫ്ലോറിനെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. ഗ്ലോസി ടൈപ്പ് ടൈലുകൾ തിരഞ്ഞെടുക്കാതെ മാറ്റ് ഫിനിഷ് ഉള്ള ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പെട്ടെന്ന് തെന്നി വീഴാനുള്ള സാധ്യത കുറയ്ക്കുന്നു.

കൂടുതൽ ചൂട് ഉപയോഗപ്പെടുത്തി നിർമ്മിച്ചെടുക്കുന്ന സെറാമിക് ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ചൂട് തട്ടിയാലും ഒരു പരിധിവരെ അതിനെ പ്രതിരോധിക്കും. അടുക്കളയ്ക്ക് പ്രകൃതിയോടിണങ്ങിയ ഒരു ഫീൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ടെറാക്കോട്ട ടൈലുകൾ തിരഞ്ഞെടുക്കാം. മാത്രമല്ല നാച്ചുറൽ സ്റ്റോൺ,വുഡ് ടൈപ്പ് ടൈലുകളും അടുക്കളയുടെ ഫ്ലോറിങ്ങിന് തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. അതേസമയം ഏത് രീതിയിലുള്ള ടൈൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അവ ഒരു പ്രത്യേക പാറ്റേണിൽ നൽകാനായി ശ്രദ്ധിക്കുക. ഒരു പ്രത്യേക ഫ്ലോറിങ് പറ്റേൺ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ രീതിയിലുള്ള ടൈലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവ ഒരു പ്രത്യേക പാറ്റേണിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്. ഫ്ലോറൽ ടൈപ്പ്, ജിയോ മെട്രിക് ടൈലുകൾക്ക് പ്രത്യേക പാറ്റേൺ നൽകുന്നത് വഴി കൂടുതൽ ആകർഷകമാക്കാൻ സാധിക്കും.

ഫ്ലോറിങ്ങിന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

അടുക്കളക്ക് വലിപ്പം കുറവാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ലൈറ്റ് നിറങ്ങളിലുള്ള ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് വലിപ്പം കൂട്ടി തോന്നിപ്പിക്കും എന്നുമാത്രമല്ല ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന ഒരു ഫീലും ഉണ്ടാക്കുന്നു. കൂടുതൽ വലിപ്പത്തിലുള്ള അടുക്കളയാണ് സജ്ജീകരിച്ച് നൽകുന്നത് എങ്കിൽ ഡാർക്ക് നിറങ്ങളിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല.അതേ സമയം അടുക്കളയുടെ വാളുകൾക്ക് ലൈറ്റ് നിറങ്ങൾ നൽകുകയാണെങ്കിൽ അവയിൽ എണ്ണക്കറ പോലുള്ളവ പെട്ടെന്ന് പറ്റി പിടിച്ചാൽ അത് ശ്രദ്ധയിൽപ്പെടുകയും പെട്ടന്ന് വൃത്തിയാക്കുകയും ചെയ്യാം.

അടുക്കളയിലേക്ക് ഫ്ലോറിങ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന മെറ്റീരിയലുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ. സെറാമിക്, വിട്രിഫൈഡ്,പോർസലൻ ടൈലുകൾ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കറയും മറ്റും പിടിച്ചാലും വളരെ പെട്ടെന്ന് വൃത്തിയാക്കാൻ സാധിക്കും. ടെറാകോട്ട, വുഡ് പോലുള്ള മെറ്റീരിയലുകൾ ആണ് ഫ്ലോറിങ്ങിന് തിരഞ്ഞെടുക്കുന്നത് എങ്കിൽ അടുക്കള വൃത്തിയാക്കുക എന്നത് ഒരു തലവേദന സൃഷ്ടിക്കുന്ന കാര്യമായി മാറും.

അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും മനസിലാക്കി കൊണ്ടു തന്നെ വേണം കിച്ചനിലേക്ക് ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കാൻ.