വുഡൻ ഫ്ലോറിങ്ങിൽ ചിലവ് ചുരുക്കാൻ.സെറാമിക് ടൈലുകൾ വിപണി അടക്കി വാഴുമ്പോഴും വുഡൻ ഫ്ളോറിങ് തിരഞ്ഞെടുക്കുന്ന ആളുകൾ നിരവധിയാണ്.

നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് വുഡൻ ടൈലുകൾ അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നവരും തടിയിൽ നിർമിക്കുന്ന ടൈലുകൾ ആയതു കൊണ്ട് തന്നെ കൂടുതൽ വില നൽകേണ്ടി വരില്ലേ എന്ന് ചിന്തിക്കുന്നവരും കുറവല്ല .

കാഴ്ചയിൽ ഭംഗിയും അതേസമയം ആരോഗ്യത്തിന് പല രീതിയിൽ ഗുണകരവും ആകുന്ന വുഡൻ ഫ്ളോറിങ് കുറഞ്ഞ ചിലവിലും ചെയ്തെടുക്കാനായി സാധിക്കും.

അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വുഡൻ ഫ്ലോറിങ്ങിൽ ചിലവ് ചുരുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

നമ്മുടെ നാട്ടിൽ വീട് പണിക്ക് കൂടുതലായും ആവശ്യമായ തടി വീട്ടിൽ നിന്നു തന്നെ എടുക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരം തടിയിൽ നിന്നും ബാക്കി വരുന്ന തടിക്കഷണങ്ങൾ കളയുകയാണ് പല വീടുകളിലും ചെയ്യാറ്.

എന്നാൽ ഇവ സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ ചിലവ് ചുരുക്കി വുഡൻ ടൈലുകൾ വളരെ എളുപ്പത്തിൽ നിർമ്മിച്ച് എടുക്കാൻ സാധിക്കും.

സാധാരണ തടി നേരിട്ട് ഉപയോഗിക്കുന്ന രീതിയിൽ ഫ്ളോറിങ്ങിനായി തടി ഉപയോഗപ്പെടുത്താൻ സാധിക്കില്ല.

അവ കൂടുതൽ കാലം ഈട് നിൽക്കുന്നതിനും കൂടുതൽ ഗുണമേന്മ ലഭിക്കുന്നതിനും ട്രീറ്റ് ചെയ്ത ശേഷം വേണം ടൈലുകൾ ആക്കി മാറ്റാൻ.

തടി ട്രീറ്റ് ചെയ്യാനായി നൽകേണ്ടി വരുന്ന ചിലവ് ഏകദേശം ഒരു ക്യൂബിക് മീറ്ററിന് 280 രൂപ എന്ന നിരക്കിലാണ്.

പ്ലൈവുഡിന് മുകളിൽ തടിക്കഷണം ഒട്ടിച്ചു നൽകുന്ന രീതിയിലാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും രണ്ട് രീതികളിലാണ് തടി കഷ്ണം ഒട്ടിച്ച് നൽകുന്നത്.

തിക്ക്നസ്സിൽ വരുന്ന മാറ്റങ്ങളാണ് വ്യത്യസ്തമാക്കുന്നത്.പ്ലൈവുഡിന്റെ മുകളിലായി 10 mm തൊട്ട് 15 mm കനത്തിൽ വരെ തടി ഒട്ടിച്ചു നൽകുന്ന രീതിയും 20mm തിക്ക്നസ് വരുന്ന പലകകൾ സ്‌ക്രൂ ചെയ്ത് നൽകുന്ന രീതിയുമാണ് ഉള്ളത്.

എന്നാൽ ടൈലുകൾ ഒട്ടിച്ച് നൽകുമ്പോൾ അവയ്ക്കിടയിൽ കൃത്യമായ വായു സഞ്ചാരം ഉണ്ട് എന്ന കാര്യം ഉറപ്പു വരുത്തണം.

വുഡൻ ടൈലുകൾ ഉപയോഗിക്കാവുന്ന ഭാഗങ്ങൾ.

ട്രീറ്റ് ചെയ്താണ് ടൈലുകൾ നിർമ്മിക്കുന്നത് എങ്കിലും ഈർപ്പം നില നിൽക്കുന്ന ഭാഗങ്ങളിൽ വുഡൻ ടൈലുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതം.

അതേസമയം ബെഡ്റൂമുകൾ ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളെല്ലാം കൂടുതൽ ഭംഗിയാക്കുന്നതിനു വേണ്ടി വുഡൻ ഫ്ളോറിങ് പരീക്ഷിക്കാവുന്നതാണ്.

ലിവിങ് ഏരിയയിൽ ടിവി യൂണിറ്റിൽ ക്ലാഡിങ് വർക്കുകൾ ചെയ്തു നൽകിയിട്ടുണ്ടെങ്കിൽ അതിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ വുഡൻ ടൈലുകൾ ഉപയോഗപ്പെടുത്താം.

കാഴ്ചയിൽ പെട്ടെന്ന് ശ്രദ്ധ ലഭിക്കുന്ന ഇടങ്ങളിൽ വുഡൻ ടൈലുകൾ നൽകുന്നതാണ് എപ്പോഴും ചിലവ് ചുരുക്കാനുള്ള മികച്ച മാർഗ്ഗം.

അതോടൊപ്പം മറ്റ് ടൈലുകളോടൊപ്പം മിക്സ് ചെയ്ത് ഇവ പാകി നൽകുന്നതും കൂടുതൽ ഭംഗി നൽകും.

പ്രത്യേകിച്ച് വെള്ള നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളോടൊപ്പം യോജിച്ചു പോകുന്ന ഒന്നാണ് വുഡൻ ടൈലുകൾ. എന്നാൽ ഉപയോഗിക്കുന്ന മറ്റ് ഫ്ളോറിങ് ടൈലുകളുടെ അതേ തിക്ക്നെസിൽ തന്നെ വുഡൻ ടൈലുകളും നിർമ്മിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വലിയ വില കൊടുത്ത് വുഡൻ ടൈലുകൾ വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് തീർച്ചയായും ചിലവ് ചുരുക്കി വുഡൻ ഫ്ളോറിങ് ചെയ്യാനുള്ള മാർഗം വേസ്റ്റ് തടികളിൽ നിന്നും അവ നിർമ്മിച്ചെടുക്കുക എന്നത് തന്നെയാണ്.

വുഡൻ ഫ്ലോറിങ്ങിൽ ചിലവ് ചുരുക്കാൻ ഇത്തരം കാര്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.