CCTV വീഡിയോ സർവലൈൻസ് – ഉപകരണങ്ങൾ പരിചയപ്പെടാം

ഒരു സാധാരണ അനലോഗ് CCTV വീഡിയോ സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കാം

CCTV വീഡിയോ സർവലൈൻസ് സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ വിശദമായി

Cable:


90 മീറ്ററിന്റെ ബണ്ടിൽ ആയാണ്‌ കേബിൾ ലഭ്യമാകുന്നത്. ലൂസ് ആയും കടകളിൽ നിന്നും മുറിച്ച് വാങ്ങാവുന്നതാണ്‌ .

ക്യാമറ ഔട് പുട് കണക്റ്റ് ചെയ്യാനുള്ള ഒരു ഷീൽഡഡ് കേബിളും 12 വോൾട്ട് പവർ സപ്ലെയ്ക്കായുള്ള പോസിറ്റീവ് നെഗറ്റീവ് കേബിളും ഓഡിയോ കണക്റ്റ് ചെയ്യണമെങ്കിൽ അതിനായുള്ള ഒരു വയറും ഉൾപ്പെട്ട ഒരു ബഞ്ച് ആണ്‌ ഈ കേബിൾ.

കേബിൾ ടിവി കേബിളിലേതുപോലെ വലയോടു കൂടിയ ഷീൽഡിംഗ് ഉള്ളതാണ്‌ വീഡിയോ കേബിൾ, പവർ സപ്ലെ പോസിറ്റിവ് ആയി ചുവന്ന വയറും നെഗറ്റീവ് ആയി കറുപ്പോ നീലയോ വയർ ആയിരിക്കും.

കേബിളിന്റെ ഗുണനിലവാരം വീഡിയോയെ ബാധിക്കും എന്നതിനാൽ നല്ല നിലവാരമുള്ള കോപ്പർ കേബിളുകൾ ഉപയോഗിക്കുക.

Connectors:


പ്രധാനമായും രണ്ടു തരം കണക്റ്ററുകൾ ആണ്‌ സി സി ടി വി വയറിംഗിനായി ആവശ്യമായി വരുന്നത്.

ഒന്ന് ക്യാമറ കണക്റ്റ് ചെയ്യാനുള്ള ബി എൻ സി / ആർ സി എ കണക്റ്ററുകളും പവർ സപ്ലെ കണക്റ്റ് ചെയ്യാനുള്ള ഡി സി പവർ കണക്റ്ററുകളും.

Cable Clips:

സി സി ടി വി ഇൻസ്റ്റാളേഷനിലെ ഏറ്റവും സമയമെടുക്കുന്നതും വിഷമമേറിയതുമായ ഘട്ടം ആണ്‌ വയറിംഗ്.

വെറുതേ തലങ്ങും വിലങ്ങും കേബിളുകൾ വലിച്ച് കണക്റ്റ് ചെയ്താലും സംഗതി പ്രവർത്തിക്കുമെങ്കിലും അങ്ങനെ പോരല്ലോ.

പ്ലാസ്റ്റിക് കേബിൾ ക്ലിപ്പുകൾ ഉപയോഗിച്ച് അധികം വൃത്തികേട് തോന്നാത്ത വിധം സീലിംഗിന്റെ മൂലകളിലൂടെയോ മറ്റു വയറിംഗുകൾക്ക് സമാന്തരമോ ഒക്കെയായി വയറിംഗ് ചെയ്യാവുന്നതാണ്‌.

CCTV വീഡിയോ സർവലൈൻസ് – Hard Disc:

ഡി വി ആറുകൾ ഹാർഡ് ഡിസ്ക് ഫിറ്റ് ചെയ്തല്ല ലഭിക്കുന്നത്. ഹാർഡ് ഡിസ്ക് ആവശ്യമായ കപ്പാസിറ്റിക്ക് അനുസരിച്ച് പ്രത്യേകമായി വാങ്ങേണ്ടതുണ്ട്.

1 TB, 2 TB അങ്ങനെ ഡാറ്റ എത്ര ദിവസം സൂക്ഷിക്കണം എന്നതിനനുസരിച്ച് ഹാർഡ് ഡിസ്കുകൾ വാങ്ങാവുന്നതാണ്‌.

സാധാരണ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും സർവലൈൻസ് മീഡിയാ ഹാർഡ് ഡിസ്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും വലിയ വില വ്യത്യാസമുള്ളതിനാലും വിപണിയിലെ ലഭ്യതക്കുറവും കാരണം സാധാരണ ഹാർഡ് ഡിസ്കുകൾ തന്നെയാണ്‌ ഡി വി ആറുകളിൽ പൊതുവേ ഇൻസ്റ്റാൾ ചെയ്യുന്നതായി കണ്ടു വരുന്നത്.

പല തരത്തിൽ റെക്കോഡിംഗുകൾ കോൺഫിഗർ ചെയ്യാനുള്ള സൗകര്യം ഡി വി ആറുകളിൽ ഉണ്ട്.

24 മണിക്കൂർ റെക്കോഡിംഗ്, ചില പ്രത്യേക സമയങ്ങളിൽ മാത്രം റെക്കോഡിംഗ്, എന്തെങ്കിലും ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രം റെക്കോഡ് ചെയ്യുക തുടങ്ങിയവയെല്ലാം പ്രത്യേകം ചാനലുകൾക്കായി കോൺഫിഗർ ചെയ്യാവുന്നതാണ്‌.

ഇതിൽ മോഷൻ സെൻസർ റെക്കോഡിംഗ് ആണെങ്കിൽ ഹാർഡ് ഡിസ്കിൽ കൂടുതൽ ദിവസങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ ഡാറ്റയുടെ മുകളിൽ ഓവർ റൈറ്റ് ചെയ്യുന്ന രീതിയിൽ ആണ്‌ റെക്കോഡിംഗ്.

അതായത് ഹാർഡ് ഡിസ്ക് ഫുൾ ആയാൽ ഏറ്റവും പഴയ ഡാറ്റയുടെ മുകളിൽ പുതിയ ഡാറ്റ റെക്കോഡ് ചെയ്യപ്പെടുന്നു.

റേക്കോഡിംഗ് ഫോർമാറ്റ്, വീഡിയോ ക്വാളിറ്റി, ഫ്രേം പെർ സെക്കന്റ് തുടങ്ങിയവയെല്ലാം റെക്കോഡ് ചെയ്യപ്പെടുന്ന വീഡീയോയുടെ വലിപ്പം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്‌.


നാലു ക്യാമറകൾ മോഷൻ ഡിറ്റക്‌‌ഷനോടു കൂടി (ശരാശരി ആളനക്കമുള്ള ഇടങ്ങളിൽ)‌ഒരു ദിവസം 15 മുതൽ 25 ജി ബി വരെ മെമ്മറി എടുക്കും .

24 മണിക്കൂർ റെക്കോഡിംഗ് ആണെങ്കിൽ ഏകദേശം ഇതിന്റെ ഇരട്ടിയും. 30 ഫ്രേം പെർ സെക്കന്റ് ആണ്‌ പൊതുവേ റെക്കോഡ് ചെയ്യപ്പെടുന്നത്.

റെസലൂഷൻ 1 മെഗാ പിക്സൽ കാമറ ആണെങ്കിൽ 720 P യും 2 മെഗാ പിക്സൽ ആണെങ്കിൽ 1080P യും ആയിരിക്കും . ധാരാളം ഓൺലൈൻ കാൽക്കുലേറ്ററുകൾ ലഭ്യമാണ്‌.

അതിൽ ഈ പറഞ്ഞ വിവരങ്ങൾ നൽകിയാൽ ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്‌ .

Monitor:

സാധാരണ കമ്പ്യൂട്ടർ മോണിറ്ററോ എൽ ഇ ഡി ടിവിയോ ഒക്കെ മോണിറ്ററിംഗിനായി ഉപയോഗിക്കാവുന്നതാണ്‌.

അനലോഗ് വീഡിയോ ഔട് പുട്ടീനായി വീഡിയോ ഔട് കണക്റ്ററുകൾ പൊതുവേ വിപണിയിലുള്ള ഡി വി ആർ മോഡലുകളിൽ കാണാറില്ല എന്നതിനാൽ ടി വിയിൽ VGA, HDMI പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ടി വി മോണിറ്റർ ആയി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതുള്ളൂ.

അല്ലെങ്കിൽ ഒരു VGA to Video Converter കൂടി അധികമായി ഫിറ്റ് ചെയ്യേണ്ടി വരും.

CCTV വീഡിയോ സർവലൈൻസ് – Microphone

പൊതുവേ നമ്മൂടെ നാട്ടിൽ ഇൻസ്റ്റാൾ ചെയ്യുന്ന സി സി ടി വി സിസ്റ്റത്തിൽ മൈക്രോ ഫോൺ കണക്റ്റ് ചെയ്യാറില്ലെങ്കിലും ആവശ്യമുള്ളവർക്ക് മൈക്രോഫോണുകൾ പ്രത്യേകമായി വാങ്ങി ഓരോ ചാനലിലും ആവശ്യമായ ഇടങ്ങളിൽ കണക്റ്റ് ചെയ്യാവുന്നതാണ്‌.

300 മുതൽ 1000 രൂപ വരെയുള്ള റേഞ്ചിൽ മൈക്രോ ഫോണുകൾ ലഭ്യമാണ്‌.

ഡി വി ആറിൽ ഓഡിയോ കാർഡ് ഉണ്ടായിരിക്കണം എന്ന് മാത്രം (ചില ഡി വി ആറുകളിൽ എല്ലാ ചാനലുകളും ഓഡിയോ സപ്പോർട്ടഡ് ആയിരിക്കണം എന്നില്ല)

CCTV വീഡിയോ സർവലൈൻസ് – നിങ്ങൾക്കുതന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം part – 2