കോൺക്രീറ്റ് വീടിനകത്ത് വേനൽക്കാലത്ത് ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതൽ പുലർച്ചെ മൂന്നുവരെ ഉഷ്ണവാതമേഖലയായിരിക്കും.അതായത് ആ സമയം തെർമോമീറ്റർ വച്ച് ചൂടളന്നാൽ പുറത്തെ അന്തരീക്ഷത്തിനുള്ളതിനേക്കാൾ മൂന്നു ഡിഗ്രിയെങ്കിലും കൂടുതലായിരിക്കും വീടിനകത്ത്.

സീലിംഗിന് വീടുനിർമ്മാണത്തിൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ടാകും. ഓടിട്ട വീട്ടിനകത്ത് മുകളിൽ മേൽക്കൂരയുടെ മോന്തായം കാണാതിരിക്കാനും മുകൾ കാഴ്ച തിരശ്ചീനമായി ഭംഗിയുള്ളതാകാനും മുറിയുടെ ഉയരം കുറക്കുന്നതിനും സീലിംഗ് സഹായിച്ചിട്ടുണ്ട്.


തടിയായിരുന്നു സിലിംഗിന് ഏറെയും പ്രചാരത്തിലുണ്ടായിരുന്നത്. പിന്നീട് തടിക്കുപകരം ഹുറുഡീസ് വന്നു. പഴയ ഓടുപുരകളിൽ സീലിംഗ് വരുന്നതോടെ മുകൾഭാഗത്ത് വായു അറ രൂപപ്പെടുന്നു താഴോട്ട് ചൂട് കുറയുന്നു. പക്ഷെ താഴത്തെ ഭാഗം അതായത് റൂമിന്റെ ഉൾഭാഗത്തെ വായു ചൂടുപിടിച്ചാൽ അത് ഉയർന്ന് പുറത്തേക്ക് പോകാൻ വഴിയുണ്ടാവില്ല. ഫലമോ മുറിക്കകം ചൂടുള്ളതായി അനുഭവപ്പെടുന്നു.


പഴയ ഓടുവീടുകളിലെ ജനാലകൾക്ക് മുകൾഭാഗം വെന്റിലേറ്റർ കൂടി സ്ഥാപിച്ചിട്ടുണ്ടാകും. അത്തരം സന്ദർഭത്തിൽ മുറിക്കകത്തെ ചൂട് കുത്തനെ കുറയുന്നു. ഇപ്പോഴത്തെ കോൺക്രീറ്റ് വീടിനകം ശരീരം വേവുന്ന തരത്തിൽ ചൂളക്ക് സമാനമായ ചൂടുണ്ടാവാനുള്ള കാരണം
പുറത്തെ അന്തരീക്ഷത്തിൽ നിന്ന് മുറിക്കകത്തെ വായു ചൂട് പിടിക്കുകയും ചൂട് വായു മുകളിലോട്ട് ഉയരുകയും ചെയ്യുന്നത് കാരണമാണ്.


കോൺക്രീറ്റ് സ്ലാബിന് അന്തരീക്ഷത്തിൽ നിന്നുള്ള ചുടിന്റെ ആഗിരണശേഷി കൂടുതലായതിനാൽ മുറിക്കുള്ളിൽ കോൺക്രീറ്റ് സ്ലാബിനോട് ചേർന്ന വായു ആദ്യം ചൂട് പിടിക്കുന്നു. ഫലത്തിൽ ഇരട്ടി ചൂട് കോൺക്രീറ്റ് വീടിനകത്ത് അനുഭവപ്പെടുന്നു.


ഇത്തരം മുറികൾക്കകത്ത് ജിപ്സം സീലിംഗ് സ്ഥാപിക്കുന്നതോടെ സ്ലാബിനോട് ചേർന്ന ചൂട് വായുവുമായുള്ള സമ്പർക്കം തടസ്സപ്പെടുന്നതോടെ ചൂടിന് ശമനം കിട്ടും. പക്ഷെ മുറിക്കകത്തെ
ചുമരുകൾ ചൂടാവുന്നതിലൂടെ രൂപപ്പെടുന്ന ചൂടുള്ള വായുവിന് പുറത്തേക്ക് പോവാനാവാതെ അതായത് എയർവെന്റുകളാകെ അടക്കപ്പെട്ട് മുറിക്കുള്ളിൽ അത്യുഷ്ണം അനുഭവപ്പെടുന്നു.


കോൺക്രീറ്റ് വീട്ടിലെ ചൂട് കുറക്കാൻ AC സ്ഥാപിക്കുക എന്നതാണ് വ്യാപകമായി കാണുന്ന മാർഗ്ഗം.
അത് പ്രായോഗികവുമാണ്. പക്ഷെ സാധാരണക്കാർക്ക് അത് താങ്ങാനാവണമെന്നില്ല.

ചൂടിനെ പ്രതിരോധിക്കാൻ ചിലവു കുറഞ്ഞ മാർഗ്ഗങ്ങൾ.

  • പുറംചുമരും കോൺക്രീറ്റ് റൂഫ്സ്ലാബും ചൂടാവാതെ സംരക്ഷിക്കുക.
  • വീടിന്റെ മധ്യഭാഗത്തായി എയർഷാഫ്റ്റുകൾ സ്ഥാപിക്കുക
  • ചുമരിന്റെ മുകൾഭാഗത്ത് നിർമ്മിക്കുന്ന എയർവെന്റുകൾ അടക്കാതിരിക്കുക
  • എക്സോസ്റ്റ് ഫാനുകൾ റൂമുകൾക്ക് മുകളിൽ സ്ഥാപിക്കുക
  • ചുമരുകൾ പരമാവധി കുറക്കുക
  • വള്ളിപ്പടർപ്പുളായ ചെടികൾ വീട്ടിൽ നട്ടു പരിപാലിക്കുക
  • കോർട്ട് യാർഡുകൾ വീടിന്റെ ഭാഗമാക്കുക

content courtesy : Ramu ramakrishanan