കേരളീയ തനിമയുമായി ആലത്ത് വീട്. സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ കേരളീയ തനിമ ഒട്ടും ചോരാതെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്.

പലപ്പോഴും വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട്, മെറ്റീരിയലുകളുടെ ലഭ്യത എന്നിവയെല്ലാം കൊണ്ട് പൂർണ്ണമായും കേരളത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് ഒരു വീട് പണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ വളരെ ലളിതമായി അതേസമയം കേരളത്തനിമ നില നിർത്തിക്കൊണ്ട് നിർമ്മിച്ച മലപ്പുറം ജില്ലയിലെ ആലത്ത് വീടിന്റെ സവിശേഷതകളെ പറ്റി മനസ്സിലാക്കാം.

കേരളീയ തനിമയുമായി ആലത്ത് വീട് വിശേഷങ്ങൾ.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പൂന്താനം എന്ന സ്ഥലത്താണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്.

വീട് നിർമ്മിച്ചിരിക്കുന്നത് 30 സെന്റ് സ്ഥലത്താണ്.

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറി ഒരു സ്വസ്ഥമായ റിട്ടയർമെന്റ് ജീവിതം നയിക്കുക എന്ന ഉദ്ദേശമായിരുന്നു ഇത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കാൻ വീട്ടുടമ ശശി ശങ്കറിനെ പ്രേരിപ്പിച്ച ഘടകം.

വീടിന്റെ ആകെ വിസ്തൃതി 2000 ചതുരശ്ര അടിയാണ്.

കേരളീയ ശൈലി പൂർണ്ണമായും നില നിർത്തുന്നതിന് വേണ്ടി കോൺക്രീറ്റിൽ ചെരിച്ച് വാർത്ത ശേഷം മേൽക്കൂരയിൽ നാടൻ ഓട് വിരിച്ചു നൽകുകയാണ് ചെയ്തിട്ടുള്ളത്.

പുറത്തു നിന്ന് നോക്കുമ്പോഴും അകത്തേക്ക് പ്രവേശിക്കുമ്പോഴും ലളിതവും മനോഹരവുമായ ഡിസൈൻ ആണ് വീടിനെ കൂടുതലായി ആകർഷമാക്കുന്ന ഘടകം.

ചുറ്റുമുള്ള പച്ചപ്പും മരങ്ങളും വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

മുറ്റത്തിന്റെ ഒരു ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ കൊണ്ട് കാർപോർച്ചും ബാക്കി ഭാഗം ബേബി മെറ്റലും പാകി വൃത്തിയാക്കി ഇട്ടിരിക്കുന്നു. മുറ്റത്തോട് ചേർന്ന് തന്നെ ഒരു കാർപോർച്ചും നൽകിയിട്ടുണ്ട്.

സിറ്റൗട്ടിന് വലിയ പ്രാധാന്യം നൽകാത്തത് കൊണ്ട് തന്നെ കാർപോർച്ചിന്റെ സൈഡിലായി ഒരു സ്ലാബ് നൽകുകയാണ് ചെയ്തിട്ടുള്ളത്.

ഈയൊരു ഭാഗത്തുനിന്ന് തന്നെയാണ് വീടിനകത്തേക്ക് പ്രവേശിക്കുന്നതും.

ഇന്റീരിയർ വിശേഷങ്ങൾ

ഇന്റീരിയർ ഡിസൈനിങ്ങിലും മലയാളി തനിമ ഒട്ടും ചോരാതെയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.

മിനിമൽ ഡിസൈനിൽ ചെയ്തെടുത്ത ഇന്റീരിയറിൽ ലൈറ്റ് നിറങ്ങളാണ് കൂടുതലായും ഉപയോഗപ്പെടുത്തിയിട്ടുള്ളത് .

അതിനോട് യോജിച്ച് നിൽക്കുന്ന ഫർണിച്ചറുകൾ, ലൈറ്റിംഗ് എന്നിവ കൂടി സജ്ജീകരിച്ച് നൽകിയതോടെ വീടിനകം മുഴുവൻ പഴമയും പുതുമയും ചേർന്ന ഒരു ലുക്ക് നൽകാൻ സാധിച്ചു.

വലിയ ആർഭാടങ്ങളൊന്നും നൽകാതെ സിമ്പിൾ ആയ രീതിയിൽ ആണ് അകത്തളം ഡിസൈൻ ചെയ്തിട്ടുള്ളത്.

വീട്ടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കാനായി ജനാലകൾ വലിപ്പം കൂട്ടി നൽകിയിരിക്കുന്നു.

വീട്ടിലേക്ക് കയറി വരുന്ന ഭാഗത്ത് കാർപോർച്ചിനോട്‌ ചേർന്ന് നൽകിയിട്ടുള്ള വൃത്താകൃതിയിലുള്ള ജനാല ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും.

വളരെ സിമ്പിളായി ഇൻ ബിൽട്ട് രീതിയിലുള്ള ഫർണിച്ചറുകൾ ആണ് ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ളത്.

സാധാരണ ജനാലകളിൽ നിന്നും വ്യത്യസ്തമായി വലിപ്പം കൂട്ടിയാണ് ജനാലകൾ സജ്ജീകരിച്ച് നൽകിയിട്ടുള്ളത്.

ഡൈനിങ് ഏരിയയിൽ തടിയിൽ തീർത്ത ഒരു ഡൈനിങ് ടേബിളും അതോടൊപ്പം ചെയറുകളും സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

വീടിന്റെ ഇന്റീരിയറിൽ ഉപയോഗിച്ച ഗ്രേ നിറത്തിനോട് യോജിച്ചു നിൽക്കുന്ന രീതിയിലാണ് സ്റ്റെയർകേസുകളും ഡിസൈൻ ചെയ്തിട്ടുള്ളത്. മുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വായനയ്ക്കായി ഒരു പ്രത്യേക ഇടം ഒരുക്കി നൽകിയിട്ടുണ്ട്.

പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി പച്ചപ്പിനും വെളിച്ചത്തിനും പ്രാധാന്യം നൽകി നിർമ്മിച്ച ആലത്ത് എന്ന വീട് ഡിസൈൻ ചെയ്തത് പെരിന്തൽമണ്ണയിൽ ഉള്ള ടെയ്ൽസ് ഓഫ് ഡിസൈൻ സ്റ്റുഡിയോ എന്ന ആർക്കിടെക്ചർ ഫേമാണ്.

കേരളീയ തനിമയുമായി ആലത്ത് വീട് കാഴ്ചയിൽ സമ്മാനിക്കുന്നത് കുളിർമ നൽകുന്ന ഒരു അനുഭവം തന്നെയാണ്.

House Location: Perinthalmanna, Malappuram

Architect: Shammi A Shareef.

Square feet:2000