വീടിന്‍റെ മുഖപ്പ് കൂടുതല്‍ ഭംഗിയാക്കാം.

മിക്ക ആളുകളും ഒരു വീടിന്റെ ഭംഗി നിർണയിക്കുന്നത് അതിന്റെ പുറംമോടി കണ്ടു തന്നെയാണ്.

അതുകൊണ്ടുതന്നെ ഒരു വീടിനെ സംബന്ധിച്ച് അതിന്റെ മേൽക്കൂരയിൽ നൽകിയിട്ടുള്ള മുഖപ്പ് പോലും വളരെയധികം പ്രാധാന്യമുണ്ട്.

പലർക്കും ഈ ഒരു വാക്ക് കേൾക്കുമ്പോൾ അത് എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുന്നുണ്ടാവില്ല.

അതായത് വീടിന്റെ മുൻവശത്ത് മുകൾഭാഗത്ത് വ്യത്യസ്ത ഷേപ്പുകളിൽ നൽകുന്ന കൂർത്ത ഭാഗത്തെയാണ് മുഖപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് ഇത്തരത്തിൽ മുഖപ്പ് തയ്യാറാക്കി എടുക്കാം. പണ്ടു കാലങ്ങളിൽ മിക്ക വീടുകളിലും തടി ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചു നൽകിയിരുന്നത്.

എന്നാൽ ഇവ തടിയിൽ ചെയ്തെടുക്കാൻ വളരെയധികം ചിലവ് വരും. അതുകൊണ്ടുതന്നെ പിന്നീട് ഇവ കോൺക്രീറ്റിൽ നിർമ്മിച്ചെടുക്കുന്ന രീതിയിലേക്ക് മാറി.

വീടിന് മുഖപ്പ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി മനസ്സിലാക്കാം.

മുഖപ്പ് നൽകുന്ന രീതി

പ്രധാനമായും യൂറോപ്യൻ ശൈലിയിൽ നിർമിച്ച് എടുക്കുന്ന മിക്ക വീടുകൾക്കും ഇത്തരത്തിൽ ഒരു മുഖപ്പ് നൽകാറുണ്ട്.

ഇവ തടിയിൽ തീർത്തെടുക്കുന്നത് പലകകൾ ഉപയോഗിച്ചാണ്. മുൻപ് വീട്ടിൽ തന്നെ ആശാരിമാരെ കൊണ്ടു വന്ന് മരത്തിൽ കൊത്തി എടുക്കുകയാണ് ചെയ്തിരുന്നത്.

എന്നാൽ ഇങ്ങിനെ ചെയ്യുമ്പോൾ അതിനുവേണ്ടി ഒരു വലിയ തുക തന്നെ മാറ്റി വയ്ക്കേണ്ടി വന്നിരുന്നു.

പിന്നീട് അവ റെഡിമെയ്ഡ് രൂപത്തിൽ വാങ്ങി ഫിറ്റ് ചെയ്തു നൽകുന്ന ഒരു രീതിയും നില നിന്നിരുന്നു.

എന്നാൽ കൃത്യമായ അളവിൽ നിർമ്മിച്ചെടുക്കുന്ന മുഖപ്പിന്റെ ഭംഗി അവയ്ക്ക് ലഭിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ ആ ഒരു രീതി പെട്ടെന്ന് അവസാനിച്ചു. തുടർന്ന് അലുമിനിയം ഫാബ്രിക്കേഷനിൽ വീടിന്‍റെ മുഖപ്പ് നിർമിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി. വളരെയധികം ഭംഗിയായി വ്യത്യസ്ത ഡിസൈനുകളിൽ അലുമിനിയം ഉപയോഗിച്ച് ഇത്തരത്തിൽ വീടിന്‍റെ മുഖപ്പുകൾ തയ്യാറാക്കി എടുക്കാൻ സാധിച്ചിരുന്നു. പലപ്പോഴും തടി,അലൂമിനിയം എന്നിവയിൽ ചെയ്തെടുക്കുന്ന വർക്കുകൾ കൃത്യമായ ഇടവേളകളിൽ പോളിഷ് ചെയ്ത് നൽകിയില്ല എങ്കിൽ അവ പെട്ടെന്ന് നശിച്ചു പോകുന്ന അവസ്ഥയുണ്ട്. മുഖപ്പ് തടിയിൽ തീർത്ത് എടുക്കുമ്പോൾ അവ കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് വലുതാകാനുള്ള സാധ്യതയും കൂടുതലാണ്. ഇവയ്ക്കെല്ലാം ഉള്ള ഒരു പരിഹാരമാണ് സ്ക്വയർ ട്യൂബുകൾ ഉപയോഗിച്ച് മുഖപ്പ് നിർമ്മിച്ച് നൽകുന്ന രീതി.

സ്ക്വയർ ട്യൂബ് ഉപയോഗിക്കുമ്പോൾ

വളരെയധികം ചിലവ് കുറച്ച് അതേസമയം കൂടുതൽ ഭംഗിയായി മുഖപ്പ് നിർമ്മിച്ചെടുക്കാൻ സ്ക്വയർ ട്യൂബ് ഉപയോഗപ്പെടുത്താൻ സാധിക്കും.ഫ്ളെക്സിബിൾ ആയ ഒരു മെറ്റീരിയലാണ് സ്ക്വയർ ട്യൂബ്. അതുകൊണ്ടുതന്നെ നിങ്ങൾ മനസ്സിൽ കാണുന്ന ഡിസൈനുകൾ അതെ രീതിയിൽ സ്ക്വയർ ട്യൂബിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും.

ട്യൂബ് വ്യത്യസ്ത അളവുകളിൽ മുറിച്ചെടുത്ത് ഷേപ്പുകൾ ഉണ്ടാക്കാനും, അതല്ല എങ്കിൽ ഒരു ട്യൂബ് മാത്രം ഉപയോഗിച്ച് ആർച്ച് രൂപത്തിലാക്കി എടുക്കാനും സാധിക്കും. എക്സ്റ്റീരിയർ വർക്കുകൾക്ക് വേണ്ടി സ്ക്വയർ ട്യൂബുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ വളരെ എളുപ്പം അവ കൈകാര്യം ചെയ്യാൻ സാധിക്കും. തുടർന്ന് അവയിൽ വുഡൻ ഫിനിഷിംഗ് ലഭിക്കുന്ന പെയിന്റ് കൂടി നൽകുകയാണെങ്കിൽ കൂടുതൽ ഭംഗി ലഭിക്കും. കാണുന്നവർക്ക് അത് ഒരു മരമാണ് എന്ന പ്രതീതി ഉണ്ടാകുക്കയും ചെയ്യും.

ഡിസൈനുകൾ തിരഞ്ഞെടുക്കുമ്പോൾ

ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകൾ സ്ക്വയർ ട്യൂബിൽ ചെയ്തെടുക്കാൻ സാധിക്കും. എക്സ്പേർട്ട് ആയ ആളുകളെ പണി ഏൽപ്പിച്ച് നിങ്ങളുടെ ഐഡിയ പറയുക മാത്രമാണ് ഇവിടെ ചെയ്യേണ്ടി വരുന്നുള്ളൂ.

മരത്തിന്റെ ഫിനിഷിംഗ് തന്നെ വേണമെന്ന് നിർബന്ധമുള്ളവർക്ക് ഏതു മരത്തിന്റെ നിറം വേണം എന്ന് പോലും എടുത്തു പറഞ്ഞു ചെയ്യിപ്പിക്കാവുന്നതാണ്. ഇനി അതല്ല പ്രത്യേക സ്റ്റോണുകളുടെ രൂപത്തിലാണ് ഇവ ആവശ്യമുള്ളത് എങ്കിൽ ആ രീതിയിലും മാറ്റിയെടുക്കാനായി സാധിക്കും.

CNC മെഷീൻ ഉപയോഗപ്പെടുത്തുമ്പോൾ

ഇന്ന് നമ്മുടെ നാട്ടിൽ സിഎൻസി മെഷീനുകൾ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പണ്ട് ആശാരിമാർ ചെയ്തിരുന്ന കൊത്തുപണികൾ എല്ലാം വളരെ എളുപ്പത്തിൽ ഇത്തരം മെഷീനുകൾ ഉപയോഗപ്പെടുത്തി ചെയ്യാൻ സാധിക്കും.

സ്ക്വയർ ട്യൂബ് ഉപയോഗപ്പെടുത്തി മുഖപ്പ് ചെയ്യുന്നതിനും, സിഎൻസി മെഷീനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി പ്രത്യേക ഷീറ്റുകൾ വാങ്ങി അവ മെഷീൻ ഉപയോഗിച്ച് ഡിസൈനുകൾ ചെയ്ത് എടുക്കുകയാണ് വേണ്ടത്. വളരെയധികം എക്സ്പർട്ട് ആയ ആളുകളുടെ അടുത്ത് ഉദ്ദേശിക്കുന്ന ഡിസൈൻ ആവശ്യമായ മെറ്റീരിയൽ എന്നിവ വാങ്ങി നൽകിയാൽ കുറഞ്ഞ സമയത്തിൽ തന്നെ വർക്കുകൾ ചെയ്ത് തരുന്നതാണ്.

ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ വീടിന് ഒരു മുഖപ്പ് നൽകി കൂടുതൽ ഭംഗിയാക്കി എടുക്കാൻ സാധിക്കും.