വീട് നിർമാണത്തിൽ വെട്ടുകല്ല് അല്ലെങ്കിൽ ലാറ്ററേറ്റ് ബ്രിക്കുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി പലരും തിരഞ്ഞെടുക്കുന്നത് വെട്ടുകല്ല് ആണ്. വളരെയധികം സുലഭമായി ലഭിക്കുന്ന ഒരു മെറ്റീരിയൽ എന്ന രീതിയിൽ തന്നെയാണ് ലാറ്ററേറ്റ് ബ്രിക്കുകൾ തിരഞ്ഞെടുക്കാൻ പലരെയും ആകർഷിപ്പിക്കുന്ന ഘടകം.

അതേ സമയം വീടു നിർമാണത്തിനായി വെട്ടുകല്ല് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവയുടെ ക്വാളിറ്റി,മെയിന്റൈൻസ് എന്നിവ മൂലം മറ്റു മാർഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവരും കുറവല്ല.

ലാറ്ററേറ്റ് ബ്രിക്ക് ഉപയോഗിച്ച് വീട് നിർമ്മാണം നടത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്ന് മാത്രമല്ല അവയുടെ ക്വാളിറ്റിയെ പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടാക്കി വയ്ക്കേണ്ടത് അത്യാവശ്യ കാര്യമാണ്.

എന്താണ് ലാറ്ററേറ്റ് ബ്രിക്സ്?

ആയേൺ,അലുമിനിയം ധാതുക്കൾ എന്നിവ ഉൾപ്പെടുന്ന ലാറ്ററേറ്റ് മണ്ണിൽ നിന്നാണ് ലാറ്ററേറ്റ് ബ്രിക്കുകൾ നിർമ്മിച്ചെടുക്കുന്നത്. മണ്ണ് ഏതെങ്കിലും ഒരു സ്ഥലത്ത് നിരത്തി ഇടുകയും തുടർന്ന് മഴയും,വെയിലും തട്ടി അവ ഉറയ്ക്കുകയും ചെയ്യുന്നു.

പിന്നീട് കൃത്യമായ ആകൃതിയിൽ മെഷീൻ ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. കാഴ്ചയിൽ എല്ലാ ബ്രിക്കുകളും ഒരേ വലിപ്പം തോന്നുമെങ്കിലും ഇവയ്ക്ക് ഒരു സ്റ്റാൻഡേർഡ് സൈസ് ഇല്ല എന്നതാണ് സത്യം.

പ്രധാനമായും ഒരു മെഷീൻ ഉപയോഗിച്ചാണ് കല്ല് വെട്ടി എടുക്കുന്നത്. അതുകൊണ്ടുതന്നെ അതിൽ നൽകിയിട്ടുള്ള അളവിൽ ആയിരിക്കും കല്ലുകൾ ഉണ്ടാവുക.

ഒരു സാധാരണ വെട്ടു കല്ലിന്റെ വലിപ്പമായി പറയുന്നത് 12 ഇഞ്ച് നീളം, 6 ഇഞ്ച് വീതി 9 ഇഞ്ച് ഉയരം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

ഇവയുടെ പുറംഭാഗം വളരെയധികം പരുക്കനായി തോന്നുന്നതിനുള്ള കാരണം ഉപയോഗിക്കുന്ന മണ്ണ് കംപ്രഷൻ ചെയ്യാത്തതും, നല്ലപോലെ തരികൾ ഫിൽറ്റർ ചെയ്ത് എടുക്കാത്തതുമാണ്. അതുകൊണ്ടുതന്നെ പലർക്കും വെട്ടുകല്ല് വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്താൻ താല്പര്യമില്ല.

കൂടാതെ കല്ലുകൾക്കിടയിൽ സൂക്ഷ്മ ദ്വാരങ്ങളും ഉണ്ടായിരിക്കും.പലപ്പോഴും വെട്ടുകല്ല് നിർമ്മിച്ച് കൂടുതൽ ഭംഗി തോന്നിപ്പിക്കുന്ന വീടുകളുടെ നിർമ്മാണ രീതി വ്യത്യസ്തമായിരിക്കും.

അതായത് കല്ലിനു മുകളിൽ പ്ലാസ്റ്റർ ഓഫ് പാരീസ് നൽകി അതിൽ കൈ ഉപയോഗിച്ച് വ്യത്യസ്ത ഡിസൈനുകൾ നൽകി ടെറാകോട്ട പെയിന്റ് നൽകുകയാണ് ചെയ്യുന്നത്.

എന്നാൽ ഒറ്റനോട്ടത്തിൽ ഇവ വെട്ടുകല്ല് ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. അതോടൊപ്പം തന്നെ ലാറ്ററേറ്റ് കല്ലുകൾ വാങ്ങി അവ കൃത്യമായ അളവിൽ മുറിച്ച് വോൾ ക്ലാഡിങ് വർക്കുകൾ ചെയ്യുന്നവരുമുണ്ട്.

വില നിലവാരം

ലാറ്ററേറ്റ് കല്ലുകൾക്ക് ഏകദേശം ഒരു കട്ടക്ക് 25 രൂപ മുതൽ 35 രൂപ നിരക്കിലാണ് വില വരുന്നത്. അതേസമയം അവയുടെ ക്വാളിറ്റി അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. ഫസ്റ്റ് ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മാണം നടത്തുന്നത് എങ്കിൽ അവ എല്ലാകാലത്തും ഒരേ രീതിയിൽ നിലനിർത്താൻ സാധിക്കും.

വെട്ടുകല്ല് തിരഞ്ഞെടുക്കുന്നതിന് മുൻപായി അവ നിർമിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് ഒരെണ്ണം വാങ്ങി അതിന്റെ ക്വാളിറ്റി പരീക്ഷിച്ചു നോക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുകയാണെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകില്ല.

അതല്ല ക്വാളിറ്റിയിൽ ഉള്ള ഒരു കല്ലാണ് എങ്കിൽ അല്പം കനമുള്ള എന്തെങ്കിലും വെച്ച് കല്ലിൽ ഉരസി നോക്കിയാലും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല.എന്തിനു പറയണം അവയിൽ സ്ക്രാച്ച് ചെയ്ത പാട് പോലും കാണാൻ പാടുള്ളതല്ല.

കല്ലുകളുടെ നാല് വശവും ഒരേ രീതിയിൽ തന്നെ ഷാർപ്പായി ഇരിക്കുന്നുണ്ടെങ്കിൽ അവ നല്ല ക്വാളിറ്റിയിൽ പെട്ടവയാണ് എന്ന് മനസ്സിലാക്കാം. കല്ലിനു മുകളിൽ ഉള്ള സുഷിരങ്ങളുടെ എണ്ണം എപ്പോഴും നല്ല ക്വാളിറ്റിയിൽ ഉള്ള കല്ലുകളിൽ കുറവായിരിക്കും.

വീട് നിർമ്മാണത്തിനായി വെട്ടുകല്ല് ഉപയോഗിക്കുന്ന രീതി

വെട്ടുകല്ലിനോടൊപ്പം സിമന്റ് മണൽ മിശ്രിതം, അല്ലെങ്കിൽ ചെമ്മണ്ണും ചുണ്ണാമ്പും ചേർന്ന മിശ്രിതമോ ഉപയോഗപ്പെടുത്താവുന്നതാണ്.

സാധാരണ ഒരു ബേസ് മെന്റിന് മുകളിൽ വരുന്ന ഏത് നിർമ്മാണ രീതിക്കും വെട്ടുകല്ല് ഉപയോഗപ്പെടുത്താവുന്നതാണ്. വെട്ടു കല്ല് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ഭിത്തികൾക്ക് നല്ല രീതിയിൽ കനം ലഭിക്കുന്നതാണ്.

അതുപോലെ വീടിനകത്ത് നല്ലരീതിയിൽ തണുപ്പ് നിലനിർത്താനും വെട്ടുകല്ലുകൾ ഉപയോഗപ്പെടും. കൂടാതെ ഇത്തരം കല്ലുകളിൽ നിർമിച്ച ഒരു വീടിന് പെയിന്റിംഗ് വർക്കുകൾ, പ്ലാസ്റ്ററിങ്‌ എന്നിവ ചെയ്യേണ്ടി വരുന്നില്ല.

കൂടുതൽ പ്രൊട്ടക്ഷൻ ലഭിക്കുന്നതിനുവേണ്ടി ഒരു സിംഗിൾ കോട്ട് പ്ലാസ്റ്ററിങ്‌ ആവശ്യമെങ്കിൽ നൽകാവുന്നതാണ്. ബേസ് മെന്റിന് താഴെയാണ് കല്ല് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ സിമന്റ് പ്ലാസ്റ്ററിംഗ് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. സ്ലാബുകൾ,കോളംസ് എന്നിവ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയൽ ആയി വെട്ടുകല്ലിനെ കണക്കാക്കാം. അതേസമയം ലോഡ് ബെയറിംഗ് ഹൗസുകൾക്ക് വേണ്ടി വെട്ടുകല്ല് തിരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് ഭാരം കൂടുതൽ ആയതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള കൺസ്ട്രക്ഷൻ രീതി തിരഞ്ഞെടുക്കേണ്ടി വരും.G+2 ബിൽഡിങ്ങുകൾക്ക് വേണ്ടിയും ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്നവയാണ് വെട്ടുകല്ലുകൾ.

ഗുണങ്ങൾ

  • 6 ചെങ്കല്ലുകൾ ഉപയോഗിക്കേണ്ട സ്ഥാനത്ത് ഒരു വെട്ടുകല്ല് മാത്രം ഉപയോഗിച്ചാൽ മതി.
  • ഇവയുടെ വില മറ്റ് കട്ട കളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.
  • വീടിനകത്ത് തണുപ്പ് നൽകുന്നതിന് സഹായിക്കുന്നു.
  • പെയിന്റിംഗ്,പ്ലാസ്റ്ററിങ് വർക്കുകൾ ഒഴിവാക്കാം.
  • സിമന്റ് മിക്സ്, ലേബർ ചാർജ് എന്നിവയെല്ലാം കുറവാണ്.
  • 100% ഇക്കോഫ്രണ്ട്‌ലി, തെർമൽ റെസിസ്റ്റൻസ് എന്നീ രീതിയിൽ പ്രവർത്തിക്കുന്നു.
  • ചെങ്കല്ലിന്റെ അതേ അളവിൽ തന്നെ വീടിന് ബലം നൽകുന്നു.

ദോഷങ്ങൾ

  • കല്ലുകൾക്കിടയിൽ ചെറിയ സുഷിരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ജീവികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • രണ്ടു മുതൽ മൂന്നു വർഷങ്ങൾക്കുള്ളിൽ ക്ലീനിംഗ് ആവശ്യമായി വരും.
  • മഴവെള്ളം അകത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്.
  • കൂടുതൽ ഭംഗി ലഭിക്കുന്നതിനും, കൂടുതൽ കാലം നിലനിൽക്കുന്നതിനും വേണ്ടി എക്സ്പീരിയൻസ്ഡ് ലേബേഴ്സിനെ വെച്ച് വീട് പണിയുന്നതായിരിക്കും കൂടുതൽ നല്ലത്.

ഇത്രയും കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ച് ബാറ്ററി അല്ലെങ്കിൽ വെട്ടുകല്ല് ഉപയോഗിച്ച് വീട് നിർമ്മാണം നടത്തുകയാണെങ്കിൽ ചിലവ് കുറച്ച് കൂടുതൽ ഭംഗിയിൽ തന്നെ വീട് നിർമ്മിച്ചെടുക്കാം.