വീട് നിർമ്മാണത്തിനായി AAC ബ്ലോക്കുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഈ കാര്യങ്ങൾ കൂടി തീർച്ചയായും അറിഞ്ഞിരിക്കണം.

കുറഞ്ഞ ചിലവിൽ ഒരു വീട് എങ്ങിനെ നിർമ്മിക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. അതേസമയം ചിലവ് കുറച്ചാണെങ്കിലും ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരുവിധ കോംപ്രമൈസും എടുക്കാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മൾ മലയാളികൾ. വീട് നിർമ്മാണത്തിന്റെ 30മുതൽ 40 ശതമാനം വരെ ചിലവ് കുറയ്ക്കാം എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന ഒരു ലൈറ്റ് വെയിറ്റ് മെറ്റീരിയൽ ആണ് AAC ബ്ലോക്കുകൾ. എന്നാൽ ഇവ ഉപയോഗപ്പെടുത്തി വീട് നിർമ്മിക്കുന്നതിന് മുൻപായി അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ദോഷങ്ങളും, നിർമാണരീതിയും കൃത്യമായി അറിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.AAC ബ്ലോക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് AAC ബ്ലോക്കുകൾ?

ഓട്ടോ ക്ലാവ്ഡ് എയ റേറ്റഡ് കോൺക്രീറ്റ് എന്നതാണ് AAC ബ്ലോക്കു കളുടെ പൂർണ്ണരൂപം. ഇവയുടെ നിർമ്മാണരീതി നോക്കുകയാണെങ്കിൽ സിമന്റ്, സാൻഡ്, ജിപ്സം, അലുമിനിയം പൗഡർ, ലൈയിം എന്നിവ ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു മോൾഡിൽ ഒഴിച്ചു നൽകുന്നു.

തുടർന്ന് അവ സെറ്റ് ആയതിനു ശേഷം സ്ട്രീമിങ് ചെയ്താണ് കട്ടകളുടെ രൂപത്തിൽ ആക്കി മാറ്റുന്നത്. ഇവയിൽ അടങ്ങിയിട്ടുള്ള അലുമിനിയം പൗഡർ കാൽസ്യം ഹൈഡ്രോക്സൈഡ് എന്നിവ പ്രവർത്തിക്കുകയും അവയിൽനിന്നും രാസവസ്തുക്കൾ ഉണ്ടായി
അവ ബ്ലോക്കിൽ മുഴുവനായി ഹൈഡ്രജൻ നിറയ്ക്കുകയും ചെയ്യുന്നു.ഇങ്ങിനെയാണ് കട്ടകളുടെ സൈസ് കൂടുന്നതും കനം കുറയുന്നതും.AAC ബ്ലോക്കുകൾ നല്ല രീതിയിൽ ഉണക്കിയ ശേഷമാണ് വിപണിയിലെത്തിക്കുന്നത്.

AAC ബ്ലോക്കിന്റെ വലിപ്പം

ഒരു AAC ബ്ലോക്കിന്റെ സൈസ് നോക്കുകയാണെങ്കിൽ 60 സെന്റീമീറ്റർ നീളം, 15 സെന്റീമീറ്റർ വീതി, 20 സെന്റീമീറ്റർ ഉയരം എന്നിങ്ങനെയാണ് നൽകുന്നത്. എന്നാൽ ഇത്തരത്തിലുള്ള കട്ടകൾ ആവശ്യാനുസരണം 10,15,20,22 സെന്റി മീറ്റർ എന്നിങ്ങനെ നാല് വ്യത്യസ്ത വലിപ്പത്തിൽ വാങ്ങാൻ സാധിക്കുന്നതാണ്. ഒരു AAC ബ്ലോക്കിന് 8 ചെങ്കല്ലു കളുടെ അത്രയും വലിപ്പമാണ് ഉള്ളത്. ഒരു കട്ട യുടെ ഭാരം എന്നു പറയുന്നത് 14.2 കിലോഗ്രാമാണ്. സാധാരണ ചെങ്കല്ലു കൊണ്ട് നിർമ്മിക്കുന്ന ഒരു ചുമരിനേക്കാൾ ഭാരം ഇവയ്ക്ക് കുറവായിരിക്കും.4 ന്യൂട്ടൺ /mm കംപ്രഷൻ മാത്രമാണ് ഇത്തരം കട്ടകൾക്ക് ഭാരം താങ്ങാനുള്ള കപ്പാസിറ്റി. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ലോഡ് ബിയറിങ് നേരിട്ട് വരുന്ന കെട്ടിടങ്ങളിൽ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അതേസമയം കോൺക്രീറ്റ് സ്ലാബുകൾ,ബീമുകൾ എന്നിവ നൽകുന്ന ഭാഗങ്ങളിൽ AAC ബ്ലോക്കുകൾ ഉപയോഗപ്പെടുത്താനാകും. ഒരു AAC ബ്ലോക്കിന് വിലയായി നൽകേണ്ടി വരുന്നത് 55 രൂപ മുതൽ 100 രൂപ വരെയാണ്.ഇവ ക്വാളിറ്റിക്ക് അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരിക.

AAC ബ്ലോക്കുകൾ വീടിനകത്ത് തണുപ്പ് നിലനിർത്തുമോ?

സാധാരണ കട്ടകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളേക്കാൾ AAC ബ്ലോക്കുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളിൽ എസിയുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കും. കെട്ടിട നിർമാണത്തിൽ ഉപയോഗിക്കുന്ന എല്ലാ മെറ്റീരിയലുകൾ ക്കും തെർമൽ റസിസ്റ്റൻസ് വാല്യൂ നൽകിയിട്ടുണ്ട്. ഇവ ‘R’ വാല്യൂ എന്ന പേരിലാണ് അറിയപ്പെടുന്നത്. R വാല്യൂ കൂടുതലാണ് എങ്കിൽ വീട്ടിനകത്തേക്ക് ഉള്ള ചൂട് കുറയ്ക്കുന്നതിന് സഹായിക്കും. ഒരു AAC ബ്ലോക്കിന്റെ R വാല്യൂ എന്നു പറയുന്നത് 1.75 ആണ്. അതുകൊണ്ടുതന്നെ ഇവ നല്ല രീതിയിൽ തെർമൽ റസിസ്റ്റന്റ് രീതിയിൽ പ്രവർത്തിക്കുന്നു. സാധാരണ ബ്ലോക്കുകളെ വച്ച് 4 മണിക്കൂർ വരെ ചൂട് താങ്ങാനുള്ള കഴിവ് AAC ബ്ലോക്കുകൾക്കുണ്ട്. വീടിന് പുറത്ത് 15 സെന്റീമീറ്റർ വീതിയിലും, വീടിനകത്ത് 10 സെന്റീമീറ്റർ വീതിയിലും ഉള്ള കട്ടകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് AAC ബ്ലോക്കുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കണോ വേണ്ടയോ എന്നത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.

ഗുണങ്ങൾ

  • ലേബർ കോസ്റ്റ് കുറവായിരിക്കും
  • കട്ടകൾക്ക് ഒരേ വലിപ്പം ഉള്ളതു കൊണ്ട് തന്നെ കാഴ്ചയിൽ ഭംഗി നൽകുന്നു.
  • പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുമ്പോൾ എല്ലാ ഭാഗത്തും 10 mm എന്ന കണക്കിൽ തിക്നെസ്സ് നിലനിർത്താൻ സാധിക്കും.
  • മറ്റു കട്ടകളെ അപേക്ഷിച്ച 30 മുതൽ 40 ശതമാനം വരെ നിർമാണ ചിലവ് കുറയ്ക്കാൻ സാധിക്കും.

ദോഷങ്ങൾ

  • ഒരു കെട്ടിടം മുഴുവനായും AAC ബ്ലോക്കുകൾ കൊണ്ട് നിർമ്മിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
  • പ്ലിന്ത് ഏരിയക്ക് മുകളിൽ AAC ബ്ലോക്കുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. അവയുടെ താഴെ ചെങ്കല് ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.
  • പെട്ടന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മെറ്റീരിയൽ ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം.
  • കട്ടയിൽ ചെറിയ സുഷിരങ്ങൾ ഉള്ളതു കൊണ്ട് ക്രാക്ക് ആയി പൊട്ടി പോകാനുള്ള സാധ്യതയും കൂടുതലാണ്.
  • നാലര മീറ്ററിന് മുകളിൽ കെട്ടാൻ AAC കട്ടകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. അതല്ല എങ്കിൽ അവയ്ക്കിടയിൽ ഡമ്മി കോളൻ കെട്ടി നൽകേണ്ടി വരും.