വീട് നിർമ്മാണത്തിൽ പാലിക്കപ്പെടേണ്ട പ്രധാന നിയമങ്ങൾ. അവ പാലിക്കാത്ത പക്ഷം വീട് തന്നെ പൊളിച്ചു മാറ്റേണ്ടി വരും.

വീട് നിർമ്മിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അതായത് കെട്ടിട നിയമം പാലിച്ചു കൊണ്ട് മാത്രമാണ് നമ്മുടെ നാട്ടിൽ ഒരു വീട് നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. പലപ്പോഴും നിയമങ്ങൾ പാലിക്കാതെ വീട് നിർമ്മിക്കുകയും പിന്നീട് പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടുകയോ, അതല്ലെങ്കിൽ കറണ്ട് കണക്ഷൻ ലഭിക്കുന്നതിന് പ്രശ്നങ്ങൾ നേരിടേണ്ടി വരികയോ ചെയ്യുമ്പോഴാണ് അത്തരം പ്രശ്നങ്ങളെ പറ്റി നമ്മളിൽ പലരും ചിന്തിക്കുന്നത്. മുൻസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപ്പറേഷൻ എന്നിവ നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാതെ വീട് നിർമ്മിച്ചാൽ അവസാനം ചിലപ്പോൾ കെട്ടിടം പൊളിച്ചു കളയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വീടിന്റെ പ്ലാൻ വരച്ച് തുടങ്ങുമ്പോൾ തന്നെ എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് വീടുപണി പൂർത്തിയാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം.

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങൾ

  • വീട് നിർമ്മിക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം സെറ്റ് ബാക്ക് ആണ്. അതായത് വീടിന്റെ നാല് മൂലകളും അതിരും തമ്മിലുള്ള അകലമാണ് സെറ്റ് ബാക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.2019 ൽ പുറത്തിറക്കിയിട്ടുള്ള കേരള ബിൽഡിംഗ് പഞ്ചായത്ത് റൂൾ അനുസരിച്ച് വീടിന്റെ മുൻ ഭാഗത്തു നിന്നും അതിരിലേക്ക് 3 മീറ്റർ, വീടിന്റെ പുറകു വശത്തു നിന്നും അതിരിലേക്ക് 1.5 മീറ്റർ, വീടിന്റെ ഇരുവശങ്ങളിലും 1 മീറ്റർ എന്ന കണക്കിലും സെറ്റ് ബാക്ക് നൽകേണ്ടതുണ്ട്.
  • വീടിന്റെ ഷെയ്ഡ് തള്ളിയാണ് വാർക്കുന്നത് എങ്കിൽ അതിരിൽ നിന്നും 60 സെന്റീമീറ്റർ അകലം വിട്ട് മാത്രമാണ് പണിയാൻ പാടുകയുള്ളൂ.
  • വീട്ടിലൊരു മഴവെള്ളസംഭരണി നൽകുന്നുണ്ടെങ്കിൽ 1 മീറ്റർ സ്ക്വയറിന് വെള്ളം സ്റ്റോർ ചെയ്യുന്നതിനുള്ള കപ്പാസിറ്റി ആയി പറയുന്നത് 25 ലിറ്റർ ആണ്.അതായത് 1000 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ ഉള്ള ഒരു വീടിന് 2500 ലിറ്റർ വെള്ളം സ്റ്റോർ ചെയ്യാൻ ആവശ്യമായ വലിപ്പത്തിൽ വേണം മഴ വെള്ള സംഭരണി നിർമിക്കാൻ. ടാങ്കുകൾക്ക് അതിരിൽ നിന്നും 1.2 മീറ്റർ അകലം നിർബന്ധമായും ഉണ്ടായിരിക്കണം.
  • വീടിനോട് ചേർന്ന് കിണർ നിർമ്മിക്കുന്നുണ്ട് എങ്കിൽ ബിൽഡിംഗ് പെർമിറ്റ് എടുക്കുമ്പോൾ തന്നെ കിണർ നിർമ്മിക്കുന്നതിന് ആവശ്യമായ പെർമിറ്റും വാങ്ങേണ്ടതുണ്ട്. വീടിനോട് ചേർന്ന് കിണർ നിർമ്മിക്കുമ്പോൾ അതിൽ നിന്നും 1.2 കിലോമീറ്റർ അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. കിണറിന്റെ ഭാഗത്തു നിന്നും സെപ്റ്റിക് ടാങ്കിലേക്ക് 7.5 മീറ്റർ എങ്കിലും അകലം നിർബന്ധമാണ്. കിണറിനു ചുറ്റുമായി കൈവരി കെട്ടി നൽകുമ്പോൾ ഒരു മീറ്ററെങ്കിലും വലിപ്പം നിർബന്ധമായും ഉണ്ടായിരിക്കണം.

ഇത്തരം നിയമങ്ങൾ പാലിക്കാതെ ബിൽഡിംഗ് കെട്ടുകയാണെങ്കിൽ പിന്നീട് അത് പൊളിച്ചു മാറ്റേണ്ടതായി വരും.

വീടിന്റെ പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ

  • ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിനായി അഞ്ച് രേഖകളാണ് ആവശ്യമായി വരുന്നത് .
  • സ്ഥലത്തിന്റെ അവസാനമായി കരമടച്ച രസീത്.
  • വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പൊസഷൻ സർട്ടിഫിക്കറ്റ്.
  • ലൊക്കേഷൻ സ്കെച്ചും, വിശദമായ പ്ലാനും.
  • സ്ഥലത്തിന്റെ പ്രമാണത്തിന്റെ ഒറിജിനൽ കോപ്പി.
  • സർട്ടിഫൈഡ് എൻജിനീയറിൽ നിന്നും സൈൻ ചെയ്ത് വാങ്ങിച്ച വീടിന്റെ പ്രപ്പോസ്ഡ് പ്ലാൻ.

ഇത്തരത്തിൽ എല്ലാ രേഖകളും സബ്മിറ്റ് ചെയ്തു അത് കൃത്യമാണോ എന്ന് അതോറിറ്റി വെരിഫൈ ചെയ്ത ശേഷം നിശ്ചിത തുക ഫീസായി അടച്ചാൽ പെർമിറ്റ് ലഭിക്കുന്നതാണ്.

വീട് നിർമ്മാണത്തിൽ തീർച്ചയായും ഈ നിയമങ്ങൾ പാലിക്കാത്ത പക്ഷം പിന്നീട് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും.