ചിലവ് കുറച്ച് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് ആവശ്യമായി വരുന്ന ചിലവിനെ കുറിച്ച് ഓർത്ത് ടെൻഷനടിക്കുന്നവരായിരിക്കും നമ്മളിൽ പലരും.

പലപ്പോഴും കൃത്യമായ ഒരു പ്ലാനിങ് ഇല്ലാതെ വീടുപണി ആരംഭിക്കുകയും പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയും പലർക്കും നേരിടേണ്ടി വരാറുണ്ട്.

സോഷ്യൽ മീഡിയ വെബ്സൈറ്റുകളിലെല്ലാം കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാമെന്ന പരസ്യം കണ്ട് ചതിയിൽ പെട്ടവരും നിരവധിയാണ്. എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട വസ്തുത ചിലവ് കുറച്ച് വീട് പണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

വീട് പണിയുന്ന പലരും ചെയ്യുന്ന കാര്യം ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ ക്വാളിറ്റി കുറയ്ക്കുക എന്നതാണ്.

എന്നാൽ ബഡ്ജറ്റിന് അനുസരിച്ച് ഒരു വീട് പണിയുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഉപയോഗിക്കുന്ന മെറ്റീരിയൽ ക്വാളിറ്റി ഇല്ലാതാക്കുക എന്നതല്ല.

മറിച്ച് നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് എങ്ങിനെ വീട് പ്ലാൻ ചെയ്യാം എന്നതാണ്.അതുകൊണ്ടുതന്നെ ചിലവ് കുറച്ചു വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ചിലവ് കുറച്ച് ഒരു വീട് പണിയാൻ സാധിക്കുമോ?

ചിലവ് കുറച്ചും വീട് പണിയാൻ സാധിക്കും. എന്നാൽ അതിന് കൃത്യമായ പ്ലാനിങ് ആവശ്യമാണ്. പ്ലാനിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായി വരുന്ന ചിലവുകളെ പറ്റി ഒരു കൃത്യമായ ധാരണ ഉണ്ടാക്കുക എന്നതാണ്.

അതിനുശേഷം നമ്മൾ ഉണ്ടാക്കിയ പ്ലാനിൽ എന്തെല്ലാം കാര്യങ്ങൾ കൂടുതലായി ആഡ് ചെയ്യണം എന്നതും, എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കണം എന്നതിനെപ്പറ്റിയും വ്യക്തമായ ഒരു ധാരണ ഉണ്ടാക്കുക.

സ്വന്തമായി ഒരു വീട് പണിയുമ്പോൾ നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് മാത്രം വീട് നിർമിക്കുക എന്നതിലാണ് കാര്യം. അതല്ലാതെ ആഡംബരം എന്ന രീതിയിൽ വീടിനെ കാണുകയും അത്തരത്തിൽ ഒരു വീട് നിർമ്മിച്ച് സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്നതിലും യാതൊരു അർത്ഥവുമില്ല.

നമ്മുടെ വീടിന് ആവശ്യമായ കാര്യങ്ങൾ മനസ്സിലാക്കുകയും, ആവശ്യമില്ലാത്ത കാര്യങ്ങളെ ഒഴിവാക്കുകയും ചെയ്തു നിർമിക്കുന്ന ഒരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുക എന്നതിലാണ് കാര്യം.

പലപ്പോഴും മിക്ക വീടുകളിലും കാണുന്ന ഒരു കാര്യമാണ് ആവശ്യമില്ലാതെ ബെഡ്റൂമുകൾ നിർമ്മിച്ച് ഇടുകയും പിന്നീട് അത് ഉപയോഗിക്കാതെ കിടക്കുകയും ചെയ്യുന്ന അവസ്ഥ.

എന്നാൽ ഇവിടെ മനസ്സിലാക്കേണ്ടത് വീടിന് ഒരു സ്ക്വയർഫീറ്റ് ആഡ് ചെയ്യുമ്പോൾ പോലും ഏകദേശം 1200 രൂപ നിരക്കിലാണ് ഇപ്പോൾ ചിലവ് വരുന്നത്.

അതുകൊണ്ടുതന്നെ എത്രത്തോളം സ്ഥലം വെറുതെ നിർമ്മിക്കുന്നോ അത്രത്തോളം അധിക ചിലവ് ഉണ്ടാക്കുകയാണ് നമ്മൾ ചെയ്യുന്നത്.

ഏറ്റവും ചെറിയ ബെഡ്റൂം സൈസ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽപോലും അധികമായി ചിലവാക്കുന്നത് ഒന്നരലക്ഷം രൂപയുടെ അടുത്താണ്.

കൂടുതലായും കണ്ടു വരുന്ന പ്രവണത

പലപ്പോഴും നമ്മുടെ നാട്ടിലെ വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് ഒന്നിൽ കൂടുതൽ അടുക്കളകൾ നിർമ്മിക്കുന്നത്.യഥാർത്ഥത്തിൽ ഒരു വീട്ടിൽ ഒരു അടുക്കളയുടെ ആവശ്യം മാത്രമല്ലേ വരുന്നുള്ളൂ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

വിറകടുപ്പ് സെറ്റ് ചെയ്യുന്നതിനായി ഒരു പ്രത്യേക അടുക്കള നൽകുകയും പിന്നീട് അത് ഉപയോഗിക്കാതെ ഇടുകയും ചെയ്യുന്ന നിരവധി പേരുണ്ട്.

മിക്ക വീടുകളിലും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയുള്ള പാചകമാണ് ഉള്ളത്. മറ്റുള്ളവരെ കാണിക്കുന്നതിന് വേണ്ടി പുകയില്ലാത്ത അടുപ്പുകൾക്കും മറ്റുമായി ഒരു പ്രത്യേക അടുക്കള നൽകുകയും പിന്നീട് അത് ഉപയോഗശൂന്യമായി കിടക്കുകയും ചെയ്യുന്നു.

മറ്റ് പലർക്കും വീടുനിർമ്മാണത്തിൽ പറ്റുന്ന ഒരു വലിയ തെറ്റ് ഫ്ലോറിങ്ങിനായി ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ആണ്.

പലപ്പോഴും വീടിന്റെ സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവിടങ്ങളിൽ വില കൂടിയ മെറ്റീരിയലുകൾ ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കാറുണ്ട്.

എന്നാൽ ഇതേ മെറ്റീരിയൽ തന്നെ ബെഡ്റൂമുകളിലും ഉപയോഗിക്കുന്നത് ചിലവ് കൂടുന്നതിനു കാരണമാകും.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഒരു ബെഡ്റൂമിൽ കട്ടിൽ, വാർഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവയെല്ലാം മാറ്റി പിന്നീടുള്ള ഭാഗം വളരെ കുറവ് മാത്രമാണ് വരുന്നത്.

അതുകൊണ്ടുതന്നെ വിലകൂടിയ മെറ്റീരിയലുകൾ ഫ്ലോറിങ്ങിനായി ബെഡ്റൂമുകൾ തിരഞ്ഞെടുക്കുന്നതിൽ വലിയ കാര്യമില്ല.

അത്യാവശ്യം നല്ല ക്വാളിറ്റിയിൽ വിലകുറഞ്ഞ ഒരു മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണ് ബെഡ്റൂമുകളിൽ നല്ലത്.

വീടിന് കോർട്ടിയാർഡുകൾ നൽകുന്നതിലും പലരും വലിയ തുക ചിലവഴിക്കാറുണ്ട്. വീടിനകത്ത് ആവശ്യമില്ലാതെ രണ്ടോ മൂന്നോ കോർട്ടിയാർഡുകൾ നൽകുന്നു.

എന്നാൽ ഇവ കൊണ്ട് ഏതെങ്കിലും രീതിയിലുള്ള പ്രയോജനം ഉണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.


തീർച്ചയായും വീട് നിർമ്മാണത്തിൽ അധിക ചിലവ് തരുന്ന ഒരു കാര്യമായി മാത്രമേ ഇതിനെ കണക്കാക്കാൻ സാധിക്കുകയുള്ളൂ.

പലപ്പോഴും ഇത്തരം കോർട്ടിയാഡുകളിൽ ഗ്ലാസുകൾ സെറ്റ് ചെയ്തും, പറഗോള നൽകിയുമെല്ലാം ചിലവ് കൂട്ടുകയും ചെയ്യും.

എന്നാൽ വളരെ കുറച്ചുകാലത്തെ ഉപയോഗം കൊണ്ടു തന്നെ ഇവ പായൽ പോലുള്ള പ്രശ്നങ്ങൾ കാരണം നശിച്ച് പോവുകയാണ് പതിവ്.

ആവശ്യമില്ലാത്ത മെറ്റീരിയലുകളുടെ ഉപയോഗം

വിശാലമായ ഒരു മുറ്റം ഉണ്ടെങ്കിൽ അത് മുഴുവൻ ഇന്റർലോക്ക് പാകുന്ന അവസ്ഥ ഇപ്പോൾ കൂടുതലായും കാണുന്നുണ്ട്. യഥാർത്ഥത്തിൽ ഇന്റർലോക്ക് ആവശ്യമില്ലാത്ത വീടുകളിൽ പോലും ഇന്ന് ഇത്തരം കട്ടകൾ ഒരു സ്ഥിര സാന്നിധ്യമായി മാറി കഴിഞ്ഞു.

ഇവ പലപ്പോഴും വീടിനകത്തേക്ക് കൂടുതൽ ചൂട് നൽകുകയും, അതേസമയം ഭൂമിയിൽ വെള്ളമിറങ്ങി പോകാത്ത അവസ്ഥയും സൃഷ്ടിക്കുന്നു. ആവശ്യമെങ്കിൽ മാത്രം ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

പെയിന്റിങ് ചെയ്യുമ്പോഴും പലരും വരുത്തുന്ന ഒരു പ്രധാന മിസ്റ്റേക്ക് വീടിന്റെ ഓരോ റൂമിലും ഓരോ നിറത്തിലുള്ള പെയിൻ റുകൾ തിരഞ്ഞെടുക്കുക എന്നതാണ്. ഇത് പലപ്പോഴും വീടിന് ഭംഗി നൽകുക മാത്രമല്ല ചെയ്യുന്നത് ചിലവ് കൂട്ടുകയും ചെയ്യുന്നു.

മെറ്റീരിയലുകൾ അടുത്തുള്ള കടകളിൽ നിന്നും വാങ്ങാതെ ദൂര സ്ഥലങ്ങളിൽ പോയി പർച്ചേസ് ചെയ്യുന്നവരെയും കാണാറുണ്ട്. പലപ്പോഴും ക്വാളിറ്റിയുടെ പേരിലാണ് ഇത്തരത്തിൽ മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുന്നത് എങ്കിലും ട്രാവൽ എക്സ്പെൻസ് നോക്കുമ്പോൾ കാര്യമായ വ്യത്യാസമൊന്നും പിന്നീട് കാണാറില്ല.

ആവശ്യം അറിഞ്ഞു കൊണ്ട് ഒരു വീട് നിർമ്മിക്കുക എന്നതിലാണ് വിജയം. അല്ലാതെ ആഡംബര ത്തിനായി വീട് പണിതാൽ അത് ചിലവ് കൂട്ടും എന്നത് മാത്രമല്ല പിന്നീട് അത് നല്ല രീതിയിൽ മെയിൻറ്റൈൻ ചെയ്ത് കൊണ്ടു പോകാനും ബുദ്ധിമുട്ടായിരിക്കും.