വീടുപണി എന്നു പറയുമ്പോൾ ഫൗണ്ടേഷൻ, സ്ട്രകച്ചർ, പ്ലംബിംഗ് എന്നിങ്ങനെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും ഇതൊന്നുമല്ലാതെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത അനേകായിരം കാര്യങ്ങൾകൂടി ഉൾപ്പെട്ടതാണ് അവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.

ഇന്ന് അങ്ങനെ അധികമാരും ചർച്ച ചെയ്യാത്ത ശ്രദ്ധയിൽപെടാതെ പോകാവുന്ന ചില നുറുങ്ങ് അറിവുകളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. അനേകം അനുഭവസ്‌ഥരിൽ നിന്ന് ക്രോഡീകരിച്ച എടുത്ത ഈ അറിവുകൾ സശ്രദ്ധം വായിക്കുക. നിങ്ങളുടെ വീടിനൊരു ഇലക്ട്രിക്കൽ പ്ലാനും പ്ലംബിങ് പ്ലാനും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ ഭാഗത്തിൽ ചർച്ച ചെയ്യുന്നത്.

Part 1 വായിക്കാൻ:

ഇലക്ക്‌ട്രിക്ക് പ്ലാൻ

ഇലക്ട്രിക്കൽ പ്ലാൻ നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു വരപ്പിച്ചു വയറിങ് ചെയുന്നവർക്ക് കൊടുക്കാൻ ഉള്ളതാണ്. അല്ലാത്ത പക്ഷമുള്ള  “കോട്ടങ്ങൾ” താഴെ പറയുന്നു: 

1 . വീട്ടിനകത്ത്  വള്ളിപ്പടർപ്പ്  പോലെ എക്സ് സ്‌റ്റെൻഷൻ  വയർ തലങ്ങും വിലങ്ങും പടർന്നു പന്തലിക്കും .

2 . ഫ്രിഡ്ജ് വെക്കാൻ ഉദ്ദേശിച്ചിടത്ത്, മോട്ടറും, മോട്ടർ  ഉദ്ദേശിച്ചിടത്ത് മിക്സിയും വരും . 

3 .  കിടക്കുന്ന കട്ടിലിൽ തന്നെ  ഇസ്തിരിപ്പെട്ടിയുമായി ശരണം പ്രാപിക്കേണ്ടി വരും 

4 . ബാത്‌റൂമിൽ കടന്നതിനു ശേഷം ഇരുട്ടിൽ  സ്വിച്ച് തപ്പി കുഴങ്ങേണ്ടി വരും .

5 . പണിക്കാർ അവരുടെ എളുപ്പത്തിന് അനുസരിച്ചു വയർ വിലിച്ചും , സാധനങ്ങൾ വാങ്ങി കൂട്ടിയും  ബഡ്‌ജറ്റ്‌ കൂട്ടും  . 

പ്ലബിംങ് പ്ലാൻ 

പ്ലംബിങ് പ്ലാൻ ഇല്ലെങ്കിൽ പണി പാളുന്നത് കുളിമുറിയിലും, അടുക്കളയിലും മാത്രമായിരിക്കില്ല, കാൽ കഴുകാൻ  പുറത്ത് വെക്കുന്ന പൈപ്പിൽ പോലും ആവാം ! 

1 .വലിയ ടോയിലറ്റ് പണിത്, അതിലെ യൂറോപ്യൻ ക്ളോസ്റ്റ് അടക്കം,  എല്ലാ ഫൈറ്റിങ്ങ്ങ്സുകളും   ഒട്ടും അകലമില്ലാതെ  വെച്ചാൽ ,  കുളിക്കുമ്പോൾ വെള്ളം ക്ളോസറ്റിൻമേൽ വീണ് നമ്മുടെ ദേഹത്തേക്ക് തെറിക്കും . അതൊരു വല്ലാത്ത ഈർഷ്യയാണ്.

2 . വേസ്റ്റ് വെള്ളം പുറത്തേക്ക് പോവാനുള്ള കുഴി , കുളിക്കാനുള്ള  പൈപ്പിനടുത്ത് തന്നെ സ്ഥാപിച്ചാൽ വഴുക്കൽ കൂടും എന്ന് മാത്രമല്ല, അതിൽ വീഴുന്ന വെള്ളം നമ്മുടെ ശരീരത്തിലേക്ക് തെറിക്കും! .

പ്ലമ്പിങ് പ്ലാൻ നമ്മുടെ ഉപയോഗത്തിനും സൗകര്യത്തിനും അനുസരിച്ചു ചർച്ച ചെയ്ത് വരപ്പിച്ചാൽ , ലക്ഷകണക്കിന് രൂപ ചെലവഴിച്ച “കംഫർട്ട് റൂമ്”  കംഫർട്ടായി തന്നെ  ഉപയോഗിക്കാം.. അതായത് ഒരുതരം അസ്വസ്ഥത അനുഭവിക്കേണ്ടി വരില്ലയെന്ന് സാരം.

ബാത്റൂമുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ബഡ്ജറ്റ് കുത്തനെ ഉയരും. 

ഇനി കുറച്ചു പൊതുവിൽ ഉള്ള കാര്യങ്ങൾ:

വലിയ വീടുകൾ എന്നാൽ സൗകര്യങ്ങൾ കൂടിയ വീടാവണമെന്നില്ല. ആ ധാരണ മാറ്റിയെ തീരു. ആവശ്യമുണ്ടെങ്കിൽ മാത്രം ഇരു നില വീടുകൾ വെയ്ക്കുക. 

വീട് പണി തുടങ്ങുമ്പോൾ തന്നെ ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, അടവും, വീട്ട്  ചിലവും പലപ്പോഴും അടവ് മുടക്കി,  തടവറയിലാക്കും. അതോടെ  പണി പകുതിക്ക് നിലയ്ക്കും. 

മെറ്റീരിയലുകൾ കഴിവതും സംഭരിച്ചു വെച്ചതിന് ശേഷം വീട് പണി തുടങ്ങാൻ കഴിഞ്ഞാൽ, അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാം . 

ഒപ്പം ലേബർ ചാര്ജും, മെറ്റീരിയൽ ചാർജ്ജും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ നേരിടുന്ന  “ശ്വാസതടസം” ഒഴിവാകുകയും ചെയ്യാം .

ഒരു വീട് എങ്ങിനെ ഉള്ളതാവണം എന്ന് ചോദിച്ചാൽ.   ഏതൊരു വീടും സുരക്ഷിതത്ത്വത്തിന്റെ മടിത്തട്ടിലേക്ക് സ്നേഹത്തോടെ നമ്മെ മാടി വിളിക്കുന്നതാവണം.  

കറന്റ് പോയാൽ ജനിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി അവിടെയും ഇല്ലായെന്ന് സമാധാനിക്കുന്ന നമ്മൾ  അടുത്ത വീടിനേക്കാൾ വലുപ്പമുള്ളത് വെക്കുന്നതിൽ നിർവൃതി കൊള്ളാതെ. സ്വന്തം ആവശ്യങ്ങളും, നീക്കിയിരിപ്പും തിരിച്ചറിഞ്ഞു വീട് പണിയണം.

കിടപ്പാടത്ത് കടമില്ലാതെ സ്വസ്ഥമായി  കിടന്നുറങ്ങാം എന്നതാവണം വലിയ പാഠം.