ഗാർഡനിലെ കളർഫുൾ താരം ലാന്തന.പേര് കേൾക്കുമ്പോൾ ലാന്തന എന്താണെന്ന് പലർക്കും തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ ഒറ്റ കാഴ്ച്ചയിൽ തന്നെ ഈയൊരു ചെടിയെ നിങ്ങൾക്കു മനസിലാക്കാൻ സാധിക്കും.
വ്യത്യസ്ത നിറങ്ങളിൽ നമ്മുടെ നാട്ടിലെ തൊടികളിലും മുറ്റത്തും ഇടം പിടിച്ച ഒടിച്ചു കുത്തി, അല്ലെങ്കിൽ കൊങ്ങിണി പൂവ് അരിപ്പൂവ് എന്നീ പേരുകളിൽ എല്ലാം ഇവ അറിയപെടുന്നുണ്ട്.
വ്യത്യസ്ത നിറങ്ങളിൽ മുറ്റം ഭംഗിയാക്കാനായി ഉപയോഗപ്പെടുത്തുന്ന ഈ ഒരു ചെടി വ്യത്യസ്ത രീതികളിൽ നട്ടു വളർത്താൻ സാധിക്കും. മണ്ണിൽ നേരിട്ടോ, പോട്ടുകളിലോ വളർത്തിയെടുക്കാൻ എളുപ്പമുള്ള ലാന്തന ഒരു ഹാങ്ങിങ് പ്ലാന്റ് എന്ന രീതിയിലും ഉപയോഗപ്പെടുത്താൻ സാധിക്കും.
ലാന്തന ഉപയോഗപ്പെടുത്തി ഗാർഡൻ എങ്ങിനെ ഭംഗിയാക്കി എടുക്കാമെന്ന് മനസിലാക്കാം.
ഗാർഡനിലെ കളർഫുൾ താരം ലാന്തന.
വളരെ എളുപ്പത്തിൽ വളർത്തിയെടുക്കുന്ന ഒരു ചെടി ആയതു കൊണ്ട് തന്നെ ഗാർഡനിങ്ങിൽ തുടക്കക്കാർക്ക് പോലും തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ലാന്തന.
പല നിറങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഈ ഒരു ചെടി വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് കാഴ്ചയുടെ ഒരു വിരുന്നു തന്നെ ഒരുക്കുന്നു.
വലിയ രീതിയിൽ പരിചരണമൊന്നും ആവശ്യമില്ലാത്തതു കൊണ്ടു തന്നെ ഒരിക്കൽ നട്ടു പിടിപ്പിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ പടർന്നു പിടിച്ച് ഇവ പൂത്ത് പന്തലിക്കും.
ഇപ്പോൾ ഒരു ഗാർഡനിങ് ചെടി എന്ന രീതിയിൽ മിക്ക വീടുകളിലും ഇവ സ്ഥാനം പിടിച്ചു എങ്കിലും പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ റോഡുകളിലും തൊടികളിലുമെല്ലാം സുലഭമായി ഇവ കാണാൻ സാധിച്ചിരുന്നു.
പലരും വലിയ രീതിയിലുള്ള പ്രാധാന്യമൊന്നും ഈ ഒരു ചെടിക്ക് നൽകിയിരുന്നില്ല. ഇവയുടെ ഇലക്കും പൂക്കൾക്കും ഒരു പ്രത്യേക ഗന്ധം തന്നെയുണ്ട് .
അതുകൊണ്ടു തന്നെ ഇവ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കും.
മഴക്കാലത്താണ് ഇവ കൂടുതലായും പൂത്തുലയുന്നത്.
മഴത്തുള്ളികൾ തങ്ങി നിൽക്കുന്ന കളർഫുൾ ലാന്തന പലപ്പോഴും കണ്ണിന് കുളിർമ നൽകുന്ന ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്.
പരിപാലിക്കേണ്ട രീതി
നേരത്തെ പറഞ്ഞതു പോലെ വലിയ രീതിയിലുള്ള കെയറിങ്ങും ശ്രദ്ധയും ഒന്നും ആവശ്യമില്ലാത്ത ചെടി ആയതു കൊണ്ട് തന്നെ എവിടെ വേണമെങ്കിലും വളരെ പെട്ടെന്ന് ഇവ വച്ചു പിടിപ്പിക്കാൻ സാധിക്കും.
ഫ്ളാറ്റുകളിലെല്ലാം ബാൽക്കണി ഏരിയകളിൽവളരെ പെട്ടെന്ന് ഇവ വളർത്തിയെടുക്കാം. ഹാങ്ങിങ് പോട്ടുകളിലും ഇവ തൂക്കിയിട്ട് നൽകാവുന്നതാണ്.
നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഒരിടം നോക്കി വേണം ചെടി സെറ്റ് ചെയ്ത് നൽകാൻ. ഇവയുടെ ഗന്ധവും മിക്ക ആളുകൾക്കും ഇഷ്ടപ്പെടും.
വ്യത്യസ്ത നിറങ്ങളിലുള്ള ചെടി തിരഞ്ഞെടുത്ത് വച്ചു പിടിപ്പിച്ചാൽ വ്യത്യസ്ത നിറങ്ങളിലുള്ള ലാന്തന പൂക്കൾ കൊണ്ട് പൂത്തുലഞ്ഞ ഒരു ബാൽക്കണി തന്നെ നിങ്ങൾക്ക് നിർമ്മിച്ചെ ടുക്കാം.
വീട്ടിലേക്ക് ചെറിയ കിളികളെയും, പൂമ്പാറ്റകളേയും ആകർഷിക്കാനും ഈയൊരു ചെടി ഉപയോഗപ്പെടുത്താം.
കാരണം ഇവയുടെ ചെറിയ കായകൾ പക്ഷികൾക്ക് വളരെയധികം ഇഷ്ടമാണ്.
അധികം ഉയരം വയ്ക്കാത്ത ഇത്തരം ചെടികൾ ഹൈബ്രിഡ് ഇനതിലും ഇപ്പോൾ ലഭ്യമാണ്. ഹൈബ്രിഡ് ഇനത്തിൽപെട്ട ചെടികൾക്ക് സീഡ് ഉണ്ടാകില്ല എന്നതാണ് പ്രത്യേകത.
സെറ്റ് ചെയ്യേണ്ട രീതി
വിശാലമായ മുറ്റമാണ് എങ്കിൽ നേരിട്ട് മണ്ണിൽ ഇവയുടെ കൊമ്പ് കുത്തി നൽകാവുന്നതാണ്. ഹൈബ്രിഡ് ഇനത്തിൽ പെട്ട നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടിയാണ് എങ്കിൽ അതിന് നല്ല രീതിയിലുള്ള പരിരക്ഷ നൽകേണ്ടതുണ്ട്. ഒരു പോട്ടിൽ ഗാർഡനിൽ നിന്ന് എടുത്ത മണ്ണ് അതല്ല എങ്കിൽ കൊക്കോ പീറ്റ് കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നു നോക്കി വേണം തിരഞ്ഞെടുക്കാൻ. അതല്ല എങ്കിൽ ചാണകപ്പൊടി ഉപയോഗിക്കുകയും ചെയ്യാം. നല്ല രീതിയിൽ വെള്ളം ലഭിക്കുന്ന സ്ഥലം നോക്കി വേണം ഗാർഡനിൽ ഇവ സെറ്റ് ചെയ്തു നൽകാൻ.
അതല്ല പോട്ടിൽ ആണ് നൽകുന്നത് എങ്കിൽ ഇടയ്ക്കിടയ്ക്ക് വെള്ളം സ്പ്രേ ചെയ്ത് നൽകുന്നത് ഗുണം ചെയ്യും. ചെടി വളർന്നു കിട്ടിയാൽ നല്ല രീതിയിൽ വെട്ടി ഭംഗിയാക്കി വയ്ക്കാവുന്നതാണ്. ആദ്യം ഉണ്ടാകുന്ന പൂവ് കട്ട് ചെയ്ത് കളഞ്ഞാൽ മാത്രമാണ് പിന്നീടും കൂടുതൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. ഏതൊരു സാധാരണ ചെടിയും പരിപാലിക്കുന്ന രീതിയിൽ നല്ല രീതിയിൽ പരിപാലിക്കുക യാണെങ്കിൽ ലാന്തന നിങ്ങളുടെ ഗാർഡനിലും കളർഫുൾ ആയിത്തന്നെ പൂത്തുലയും.
ഗാർഡനിലെ കളർഫുൾ താരം ലാന്തന പരിപാലിക്കേണ്ട രീതി മനസിലാക്കി തന്നെ അവ തിരഞ്ഞെടുക്കാം.