വീടിനുള്ളിൽ വെള്ളത്തിൽ വച്ച് വളർത്താൻ കഴിയുന്ന ചെടി ഇനങ്ങളെ പരിചയപ്പെടാം

മണ്ണോ പോട്ടിങ്‌ മിശ്രിതമോ ഇല്ലാതെ വെറും വെള്ളത്തിലും ചില ചെടികൾ വളര്‍ത്താനാകും. പ്രത്യേകിച്ചും വീടിന് അകത്തളങ്ങളില്‍ വളര്‍ത്തുമ്പോഴാണ്‌ ഈ രീതി ഏറ്റവും ഉപയോഗപ്രദമാകുന്നത്‌. സ്ഥിരമായി വെള്ളം നനക്കേണ്ടതും, കാര്യമായ പരിചരണത്തിന്റെയും ആവശ്യമില്ല എന്ന് തന്നെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചില ചെടികൾക്ക്‌ മണ്ണിൽ വളര്‍ത്തുന്ന അത്രയും വളര്‍ച്ച ഉണ്ടാകില്ലെന്ന്‌ എന്നതൊഴിച്ചാൽ ഇത്തരം കൃഷിരീതിക്ക് മണ്ണിലെ കൃഷി രീതിയും ആയി മറ്റ് വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ല. അകത്തളങ്ങളില്‍ ചെറിയ വലിപ്പത്തിലും സകര്യപ്രദമായി ചെടികൾ വളർത്താൻ ഇത്തരം കൃഷിരീതി നമ്മളെ സഹായിക്കും.

വീടിനുള്ളിൽ വെള്ളത്തിൽ വളർത്താൻ കഴിയുന്ന കുറച്ച് ചെടികളെ പരിചയപ്പെടാം

സിംഗോണിയം

ആരോ ഹെഡ്‌, സിംഗോണിയം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകള്‍ക്ക്‌ ചേമ്പിലകളുടെ ആകൃതിയാണ്‌. ഇവ പച്ച നിറത്തിലും പിങ്ക്‌ നിറത്തിലും ലഭ്യമാണ്‌. വെയിലത്ത്‌ നിറവ്യത്യാസം കൂടുതല്‍ പ്രകടമാകുമെങ്കിലും അകത്തളങ്ങളിലും ഇവ നന്നായി വളരും. ഇലയോടു കൂടി തണ്ട്‌ മുറിച്ച്‌ വെള്ളത്തിലിട്ട്‌ വച്ചാല്‍ കുറച്ചു ദിവസത്തിനുളളില്‍ തന്നെ വേര്‌ വന്നുതുടങ്ങും.

സ്‌പൈഡര്‍ ലാന്റ്‌

വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള ഒരു ചെറു സസ്യമാണ്‌ സ്‌പൈഡര്‍ പ്ലാന്റ്‌. ഇവ അകത്തളങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ച ചെടികളിലൊന്നാണ്‌. ചെറിയ കട്ടിങ്ങുകള്‍ വെള്ളത്തിലിട്ട്‌ ഇവയെ വളർത്തിയെടുക്കാം

വാണ്ടറിങ്‌ ജ്യൂ

പര്‍പ്പിള്‍ നിറത്തിൽ ഇലകളുള്ള ട്രെഡസ്‌കാന്‍ഷ്യ പല്ലിട എന്ന വാണ്ടറിങ്‌ ജ്യൂ വളരെ എളുപ്പത്തില്‍ ശിഖരങ്ങള്‍ വെളളത്തിലിട്ട്‌ വച്ച്‌ വെള്ളത്തില്‍ തന്നെ വളര്‍ത്താനാകും.

മണിപ്ലാന്റ്‌

ഇന്‍ഡോര്‍ പ്ലാന്റുകളില്‍ ഏറ്റവും പേരുകേട്ട സസ്യമാണ്‌ മണി പ്ലാന്റ്‌. വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന സസ്യം കൂടിയാണിത്‌. ഈ ചെടികളുടെയും ചെറിയ കട്ടിങ്ങുകൾ മുറിച്ചെടുത്തു വെള്ളത്തിലിട്ട്‌ വളര്‍ത്താം.

സ്‌നേക്ക്‌ പ്ലാന്റ്‌

അമ്മായിയമ്മയുടെ നാവ്‌ എന്നറിയപ്പെടുന്ന സ്‌നേക്ക്‌ പ്ലാന്റ്‌ വെള്ളത്തില്‍ കുറേക്കാലം കേടുകൂടാതെ വളര്‍ത്താം. ഇലകൾ വെള്ളത്തിലിട്ടുവച്ച്‌ പുതിയ തൈകൾ ഉല്‍പാദിപ്പിക്കുകയും ചെയ്യാം

കോളിയസ്‌

കണ്ണാടി ചെടി, മാസം മാറി എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോളിയസ്‌ വെള്ളത്തില്‍ വളര്‍ത്താവുന്ന ചെടിയാണ്‌. ശിഖരങ്ങള്‍ വെള്ളത്തില്‍ ഇട്ടു വെച്ചാല്‍ മതിയാകും. നിറം ലഭിക്കാന്‍ ജനലിനരികില്‍ സൂക്ഷിക്കാം

ലക്കി ബാംബു

കാലങ്ങളോളം വെള്ളത്തില്‍ തന്നെ വളര്‍ത്താന്‍ കഴിയുന്ന ചെടിയാണ്‌ ലക്കി ബാംബു. ഏറെ ആരാധകരുള്ള ഒരു ഇന്‍ഡോര്‍ സസ്യം കൂടിയാണിത്‌.

ഇത്തരം സസ്യങ്ങളെ ആകര്‍ഷകമായ ചില്ലു കുപ്പികളില്‍ വെള്ളമൊഴിച്ച്‌ അതില്‍ കട്ടിങ്ങുകള്‍ മുക്കിവച്ച്‌ വളര്‍ത്താം. ഗ്ളാസ്സ്റുകളിലും ഫിഷ്‌ ബാളുകളിലും ഇവ വളര്‍ത്താനാകും. ഭംഗിക്കായി ഗ്ലാസുകളിലും ബാളുകളിലും ചെറുതും വലുതുമായ പെബിളുകളും നിറയ്ക്കാം. നിറങ്ങളുള്ള പെബിളുകള്‍ ആകര്‍ഷണീയത കൂട്ടും. വേരുകൾ നല്ലരീതിയില്‍ വളര്‍ന്ന ശേഷംആവശ്യമെങ്കില്‍ സസ്യങ്ങളെ പോട്ടിംഗ്‌ മിശ്രിതം നിറച്ച ചട്ടികളില്‍ അകത്തളങ്ങളിലോ പുറത്തോ സൂക്ഷിക്കാം.