വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ?

വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ?പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതുന്ന നമ്മുടെ നാട്ടിലെ പഴയ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമായിരുന്നു വരാന്ത.

പലപ്പോഴും വീട്ടിലേക്ക് വരുന്ന ആളുകളെ പരിചിതർ ആണെങ്കിലും അല്ലെങ്കിലും സ്വീകരിക്കാനുള്ള ഒരിടമായി വരാന്തകൾ മാറിയിരുന്നു എന്നതാണ് സത്യം.

എന്നാൽ പതിയെ വരാന്തകൾക്ക് രൂപമാറ്റം വന്ന് അവ സിറ്റൗട്ട് ആയി മാറി.

വലിപ്പം, രൂപം എന്നിവയിൽ മാറ്റങ്ങൾ വന്നതോടെ നിർമ്മിക്കുന്ന വീടിന് വരാന്ത വേണോ വേണ്ടയോ എന്നതിൽ കൺഫ്യൂഷനിലായി മിക്ക ആളുകളും.

പലപ്പോഴും വരാന്തകൾ ഒരു അലങ്കാരം എന്ന രീതിയിൽ അറിയപ്പെടുന്നുണ്ട് എങ്കിലും വീട്ടുകാരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വരാന്തകൾ വലിയ പ്രാധാന്യം വഹിക്കുന്നുണ്ട് എന്നതാണ് സത്യം.

വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ?

വീടിനകത്തേക്ക് കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ മുൻവശത്തായി ഒരു വരാന്ത നൽകുകയാണെങ്കിൽ ഭിത്തികൾ ചൂട് ആഗിരണം ചെയ്യുകയും വീട്ടിനകത്തേക്ക് ഉള്ള ചൂട് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ചൂടുകാലത്ത് മാത്രമല്ല മഴക്കാലത്തും ഒരു സംരക്ഷണ കവചമൊരുക്കാൻ വരാന്തകൾക്ക് സാധിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

അതിശക്തമായ മഴയുള്ള സമയത്ത് വീട്ടിനകത്തേക്ക് വെള്ളം എത്താതിരിക്കാനും, അതുവഴി ഈർപ്പം, വിള്ള ലുകൾ എന്നിവ ഉണ്ടാകാതിരിക്കാനും വരാന്തകൾ സഹായിക്കുന്നു.

പണ്ടു കാലത്തെ വീടുകളിൽ വീടിന് ചുറ്റും വരാന്തകൾ നൽകുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പലർക്കും അത് താല്പര്യമില്ല.

അതു കൊണ്ടുതന്നെ കൂടുതലായി ചൂട് അനുഭവപ്പെടുന്ന കിഴക്ക്, പടിഞ്ഞാറ് ഭാഗത്തെ ഭിത്തികളോട് ചേർന്ന് മാത്രം വരാന്ത നൽകാവുന്നതാണ്.

വീടിന്റെ മുൻവശത്ത് മാത്രമല്ല പുറകുവശത്തും ഒരു വരാന്ത ആവശ്യമെങ്കിൽ സെറ്റ് ചെയ്ത് നൽകാം.അങ്ങിനെ ചെയ്യുന്നത് വഴി അടുക്കളയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യാനുള്ള ഒരിടമായി ഉപയോഗപ്പെടുത്താനും സാധിക്കും.

വരാന്തയും നിർമ്മാണ ചിലവും

കേൾക്കുമ്പോൾ അത്ര പ്രാധാന്യം തോന്നില്ല എങ്കിലും വീടിന് ഒരു വരാന്ത നിർമ്മിക്കുമ്പോൾ നിർമ്മാണ ചിലവ് കൂടുക തന്നെ ചെയ്യും. കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി വരാന്തകൾ നൽകുന്നുണ്ടെങ്കിലും വീടിന്റെ ആകെ വിസ്തീർണ്ണത്തിൽ വലിയ ഒരു അളവ് സ്ഥലം വരാന്തകൾ ഉപയോഗപ്പെടുത്തുന്നു എന്നതാണ് സത്യം. വരാന്തകൾ നൽകുമ്പോൾ ഏകദേശം ഒന്നര മീറ്റർ എങ്കിലും വീതി ഉണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക. അതല്ല എങ്കിൽ അവയുടെ ശരിയായ ഉപയോഗം സാധിക്കില്ല.വീടിന്റെ അകത്ത് നിന്നും തുറക്കുന്ന ജനാലകൾ നൽകുമ്പോൾ അവ ചെരിച്ചു തുറക്കുന്ന രീതിയിൽ നൽകുന്നതാണ് കൂടുതൽ നല്ലത്. വരാന്തകൾ പൂർണ്ണമായും ഓപ്പണായി നൽകുന്ന രീതിയിലോ അതല്ലെങ്കിൽ ചാരുപടികൾ നൽകിയോ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

മരത്തിൽ തീർത്ത ചാരുപടികൾ വരാന്തയിലേക്ക് ഒരു പ്രത്യേക ഭംഗി തന്നെ നൽകും. ചാരുപടികൾ നൽകുന്നുണ്ടെങ്കിൽ ഇരിക്കാനുള്ള സ്ഥലത്തു നിന്നും 45 സെന്റീമീറ്റർ എങ്കിലും അകലം നൽകി വേണം നിർമ്മിക്കാൻ. പണ്ടു കാലത്തെ നാലുകെട്ടുകളിൽ വീടിന് അകത്തും വരാന്തകൾ നിർമ്മിച്ചു നൽകുന്ന രീതി നില നിന്നിരുന്നു. എന്നാൽ ഇന്ന് അവയുടെ സ്ഥാനം കോർട്ടിയാഡുകൾ സ്വന്തമാക്കി. വീടിന്റെ വ്യത്യസ്ത ഭാഗങ്ങളെ കണക്ട് ചെയ്ത് നൽകുന്ന രീതിയിലും വരാന്തകൾ ആവശ്യാനുസരണം ഡിസൈൻ ചെയ്യാവുന്നതാണ്.

വരാന്തയും,തൂണുകളും

പഴയ വീടുകളിൽ വരാന്തയുടെ മുഖ്യ മുഖമുദ്ര തന്നെ തൂണുകളാണ്.മുൻ കാലങ്ങളിൽ മരത്തിൽ തീർത്ത തൂണുകൾ നാല് ഭാഗത്തും നൽകിയിരുന്ന രീതിയാണ് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് കോൺക്രീറ്റ്, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് തൂണുകൾ നിർമ്മിച്ച് നൽകുന്ന രീതിയും കണ്ടുവരുന്നുണ്ട്. വ്യത്യസ്ത കൊത്തു പണികൾ ചെയ്ത് രൂപഭംഗി നൽകി തൂണുകൾ നിർമ്മിച്ച് നൽകുന്നത് വീടിന് ഒരു പ്രത്യേക ഭംഗി നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

വരാന്തയിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകണം. ചൂടും തണുപ്പും ഒരേ രീതിയിൽ തട്ടുന്ന ഭാഗമായതു കൊണ്ട് തന്നെ പെട്ടെന്ന് കേടുപാട് സംഭവിക്കാത്ത മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ. നല്ല ക്വാളിറ്റി യിലുള്ള തടിയിൽ നിർമ്മിച്ച ഫർണിച്ചറുകൾ കാഴ്ചയിൽ ഭംഗിയും അതേസമയം കൂടുതൽ കാലം ഈടു നിൽക്കുകയും ചെയ്യും. ചൂരൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ചെയറുകൾ, സ്വിങ് എന്നിവയും പൂമുഖത്തിന് ഒരു പ്രത്യേക ഭംഗി നൽകും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും മനസിലെ വീടെന്ന ആശയത്തെ ആസ്പദമാക്കി ചിന്തിക്കാം.