വീടിനൊരു കാർപോർച്ച് നൽകുമ്പോള്‍ ശ്രദ്ധ നല്കാം ഈ കാര്യങ്ങളില്‍

ചെറുതും വലുതുമായ എല്ലാ വീടുകളിലും ഒരു കാർപോർച്ച് ഇപ്പോൾ നൽകി വരുന്നുണ്ട്.

അതിനുള്ള പ്രധാന കാരണം ഒരു വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ കുറവാണ് എന്നത് തന്നെയാണ്.

എന്നുമാത്രമല്ല വീട് നിർമ്മിക്കുമ്പോൾ അവിടെ ഒരു വാഹനം ഇല്ല എങ്കിലും ഭാവിയിൽ വാങ്ങാനുള്ള ഉദ്ദേശമുണ്ടെങ്കിൽ തീർച്ചയായും അതിനുള്ള ഒരു സ്ഥലം വീടിനോട് ചേർന്നോ അല്ലാതെയോ പോർച്ച് ഏരിയ്ക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.

കാർ പോർച്ചിൽ തന്നെ സിംഗിൾ, ഡബിൾ എന്നിങ്ങനെ വ്യത്യസ്ത രീതികളിൽ നിർമിക്കുന്നുണ്ട്. മാത്രമല്ല കാർ പോർച്ചുകൾ നിർമ്മിക്കുന്നതിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

കൃത്യമായ അളവില്ലാതെ കാർപോർച്ച് നിർമ്മിച്ചാൽ പിന്നീട് അവ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരും. അതുകൊണ്ടുതന്നെ വീടിന് ആവശ്യമായ കാർപോർച്ച് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

കാർ പോർച്ചിന്റെ വലിപ്പം.

ഓരോ വീട്ടിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ വലിപ്പം അനുസരിച്ചാണ് കാർപോർച്ച് നിർമിക്കേണ്ടത്. ഇന്നോവ പോലുള്ള വലിയ വാഹനങ്ങൾ ഉപയോഗിക്കുന്ന വീടുകളിൽ കാർപോർച്ചിന് നീളം നാലര മീറ്റർ,വീതി 3 മീറ്റർ എന്ന അളവിലെങ്കിലും നൽകണം.

ഒരേസമയം രണ്ട് കാറുകളാണ് പോർച്ചിൽ പാർക്ക് ചെയ്യേണ്ടത് എങ്കിൽ വീതി മിനിമം 5 മീറ്റർ എങ്കിലും ഉണ്ടായിരിക്കണം. പോർച്ച് വീടിന്റെ ഏത് ഭാഗത്ത് വേണം എന്നത് വീട്ടുകാരുടെ ഇഷ്ടമാണ്.

വീടിന്റെ മുൻഭാഗത്തേക്ക് സ്ഥലം കൂടുതലായി ലഭിക്കുമെങ്കിൽ ആ ഭാഗം തന്നെ കാർപോർച്ചിനായി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അതേസമയം വീടും റോഡും തമ്മിലുള്ള അകലം വളരെ കുറവാണെങ്കിൽ റോഡിനോട് അഭിമുഖമായ രീതിയിൽ പോർച്ച് നൽകുന്നതാണ് നല്ലത്.

കാർപോർച്ചിന് സ്ഥലം കണ്ടെത്തുമ്പോൾ

വീടിനോട് ചേർന്നാണ് കാർപോർച്ചിനുള്ള സ്ഥലം കണ്ടെത്തുന്നത് എങ്കിൽ അത് വീടിന്റെ ഏരിയയോട് ആഡ് ചെയ്യപെടും.

അതായത് ഒരു ബിൽഡിംഗ് പെർമിറ്റ് എടുക്കുന്നതിനു വേണ്ടി വീടിന്റെ അളവ് എടുക്കുമ്പോൾ പോലും വീടിനോട് ചേർന്ന് നിൽക്കുന്ന കാർപോർച്ച് ഏരിയ ഉൾപ്പെടുന്നതാണ്.

അതുകൊണ്ടുതന്നെ വീട്ടിൽ നിന്നും അൽപം വിട്ട് കുറച്ച് സ്ഥലം ലഭിക്കുകയാണെങ്കിൽ ദൂരെ മാറി കാർപോർച്ച് ഏരിയ നൽകുന്നതാണ് നല്ലത്.

മാത്രമല്ല വീട്ടിൽ നിന്നും മാറി നിർമ്മിക്കുന്ന കാർപോർച്ചുകൾ കുറച്ചു കൂടി കോസ്റ്റ് ഇഫക്ടീവ് ആണ്. ഇവയ്ക്ക് റൂഫിങ് നൽകാനായി 120 രൂപ മുതൽ വില വരുന്ന മെറ്റീരിയലുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ

കാർപോർച്ച് നിർമ്മിക്കുന്നതിനായി വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ നിന്നും തിരഞ്ഞെടുക്കാം.

കോൺക്രീറ്റ് ഭിത്തികൾ നൽകാതെ പൂർണമായും ഇരുമ്പ് കാലുകളിലേക്ക് മാത്രം ബലം നൽകുന്ന രീതിയിലുള്ള റൂഫിങ് മെറ്റീരിയലുകൾ വ്യത്യസ്ത ക്വാളിറ്റിയിലും ബ്രാന്റിലും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

കൂടാതെ ഫ്ലോറിങ് ചെയ്യാനായി സെറാമിക്, ടൈലുകൾ അല്ലെങ്കിൽ നാച്ചുറൽ സ്റ്റോൺ തിരഞ്ഞെടുക്കാം.

മറ്റൊരു മികച്ച വഴി റൂഫിന് മുകളിൽ സോളാർപാനലുകൾ നൽകുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടിലേക്ക് ആവശ്യമായ വൈദ്യുതിയും ഉപയോഗ പെടുത്താം.

എന്നാൽ ഇവ നിർമ്മിക്കുന്നതിന് ആവശ്യമായ ചിലവ് കുറച്ചു കൂടുതൽ ആയിരിക്കും. കാർപോർച്ചിന് വേണ്ടി മാത്രം നിർമ്മിക്കുന്ന ടൈലുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

അവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അതല്ല എങ്കിൽ ഇന്റർലോക്ക് കട്ടകൾ പാകിയും കാർപോർച്ചിന്റെ ഫ്ലോറിങ് നൽകാവുന്നതാണ്.

കാർപോർച്ച് നിർമാണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പിന്നീട് സ്ഥല പരിമിതി ഒരു പ്രശ്നമാകില്ല.