സിമന്റ് ഒഴിവാക്കി ഒരു വീട് എന്ന് ചിന്തിക്കാനേ കഴിയില്ല. അല്ലേ? ഇത്ര അത്യന്താപേക്ഷിതമായ വീട് നിർമാണ സാമഗ്രിയെപ്പറ്റി നിങ്ങൾക്ക് എത്രമാത്രം അറിയാം.

സിമന്റ് പലതരത്തിൽ ലഭ്യമാണ് വ്യത്യസ്ത ഗ്രേഡുകളിൽ, വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന, വ്യത്യസ്ത ക്വാളിറ്റികളിൽ ലഭ്യമാകുന്ന സിമന്റ്‌കൾ ഇപ്പോൾ വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ സിമന്റ് തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആവശ്യം അറിഞ്ഞ് തിരഞ്ഞെടുക്കുന്നതാവും ഏറ്റവും നല്ലത്.

ഉറപ്പുള്ള ഒരു വീട് സ്വപ്നം കാണുമ്പോൾ സിമന്റ് കാര്യമായി അറിഞ്ഞു തന്നെ തുടങ്ങാം. കൂടുതലറിയാം വീടുപണിയുടെ അത്യാവശ്യ സാമഗ്രിയായ സിമന്റിനെ.


പ്രധാനമായും രണ്ടുതരം സിമന്റ് കളാണ് ഉള്ളത്.

  • OPC (Ordinary Portland Cement)
  • PPC (Portland Pozzolana Cement)


1987 വരെ ഇന്ത്യയിൽ OPC സിമന്റ് മാത്രമാണ് ലഭ്യമായിരുന്നത്. അതിനുശേഷമാണ് ഹയർ ക്വാളിറ്റി സിമന്റ്കൾ ഇന്ത്യൻ വിപണിയിലെത്തി തുടങ്ങുന്നത്.
PPC സിമന്റ് എന്നാൽ ഓർഡിനറി പോർട്ട്ലാൻഡ് സിമന്റ് ഘടനക്കൊപ്പം ഫ്ലൈ ആഷ് തുടങ്ങിയ സംയുക്തങ്ങൾ ചേർത്ത് നിർമ്മിക്കുന്നതാണ്. OPC യെ അപേക്ഷിച്ച് PPC ക്ക് ടസ്ട്രെങ്ത് കൂടുതലാണ്. PPC സിമന്റിന്റെ സ്ട്രെങ്ത് കുറവാകാൻ കാരണം ചേർക്കുന്ന ഫ്ലൈ ആഷിന്റെ നിലവാരം കുറയുന്നതാണ്.


ഗ്രേഡ്


പ്രധാനമായും മൂന്ന് ഗ്രേഡിലുള്ള സിമന്റ് ആണ് വിപണിയിൽ ഇപ്പോൾ ലഭ്യം.

  • 33 Grade
  • 43 Grade
  • 53 Grade

33 ഗ്രേഡ് സിമന്റ് എന്നാൽ സ്ട്രെങ്ത് പരിശോധനയുടെ ഭാഗമായി ഈ സിമന്റ് ഉപയോഗിച്ച് ഒരു ക്യൂബ് നിർമ്മിച്ച് 28 ദിവസം കഴിഞ്ഞ് സ്ട്രെങ്ത് പരിശോധിക്കുമ്പോൾ 33N/mm2 ഉറപ്പുണ്ടെങ്കിൽ ആ സിമന്റ് 33 ഗ്രേഡ് ആണെന്ന് ഉറപ്പിക്കാം.

43,53 എന്നീ ഗ്രേഡ് സിമന്റ്കൾക്ക് ക്യൂബിന് യഥാക്രമം 43N/mm2, 53N/mm2 എന്നിങ്ങനെ ആയിരിക്കും.

വീട് പണിയുമ്പോൾ ഉറപ്പ് അധികമായി വേണ്ട ഭാഗങ്ങളിൽ അതായത് കോൺക്രീറ്റ് തട്ട്, സ്ലാബ് തുടങ്ങിയവയ്ക്ക് 53 ഗ്രേഡ് സിമന്റ് ഉപയോഗിക്കാവുന്നതാണ്. ഭിത്തി തേക്കുന്നതിനും, ഫ്ലോറിങ്ങിനും മറ്റും 43 ഗ്രേഡ് സിമന്റ് മതിയാകും.

53 ഗ്രേഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇത്തരം സിമന്റ് ഹീറ്റ് ഓഫ് ഹൈഡ്രേഷൻ വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ കോൺക്രീറ്റ് കഴിഞ്ഞു മൂന്ന് മണിക്കൂർ കഴിയുമ്പോൾ തന്നെ ക്യൂറിങ് ആരംഭിക്കേണ്ടതുണ്ട്. ഇല്ല എന്നുണ്ടെങ്കിൽ ചെറിയ വിള്ളലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

സിമന്റ് സൂക്ഷിക്കുന്നതെങ്ങനെ

  • ഭിത്തിയോട് ചേർത്ത് വയ്ക്കരുത്
  • പലക പോലെ ഈർപ്പം പിടിക്കാത്ത എന്തെങ്കിലും അടിയിൽ വെച്ചിട്ട് വേണം സിമന്റ് മുകളിൽ അടുക്കാൻ
  • നനവുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക.

ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഏകദേശം രണ്ട് മാസം വരെ സിമന്റ് സൂക്ഷിക്കാൻ സാധിക്കും.

പാക്കിംഗ്

രണ്ടുതരം പാർക്കിംഗിൽ സിമന്റ് ലഭ്യമാണ്

  • പേപ്പർ ബാഗിൽ
  • പോളിത്തീൻ കവറുകളിൽ

പോളിത്തീൻ കവറുകളിൽ ലഭിക്കുന്ന സിമന്റ് വളരെ വേഗത്തിൽ തന്നെ ഉപയോഗിക്കേണ്ടതായി ഉണ്ട്. കുറച്ചുകാലം സൂക്ഷിച്ച് ഉപയോഗിക്കാൻ ആണ് എങ്കിൽ പേപ്പർ ബാഗ് സിമന്റ് ആകും കൂടുതൽ നല്ലത്.

ലഭിക്കുന്ന സിമന്റിന്റെ ഗുണനിലവാരം പരിശോധിക്കാൻ പാക്കിംഗ് കൃത്യമായി പ്രൊട്ടക്ടഡ് ആണോ എന്ന് ചെക്ക് ചെയ്യുക. സിമന്റ് ബാഗ് പൊട്ടിച്ചു കഴിഞ്ഞ് അതിലേക്ക് കൈകടത്തി നോക്കുമ്പോൾ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നല്ല സിമന്റ് ആണ് എന്ന് ഉറപ്പാക്കാം.

ചതുപ്പുനിലങ്ങളിൽ വീടുവെക്കുമ്പോൾ സൾഫൈറ്റിന്റെയോ അല്ലെങ്കിൽ ക്ലോറൈഡിന്റെയോ പ്രശ്നമുണ്ടെങ്കിൽ ഇവയെ റെസിസ്റ് ചെയ്യുന്ന തരം സിമന്റ് ഉപയോഗിക്കുക. വെള്ളം അധികം ഉള്ള സ്ഥലങ്ങളിൽ ക്വിക്ക് സെറ്റിംഗ്സ് സിമന്റ് പരിഗണിക്കാം.