വീട് നിർമ്മാണത്തിനായി ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഭിത്തികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കട്ടകൾ. മുൻ കാലങ്ങളിൽ പ്രധാനമായും വീട് നിർമ്മാണത്തിന് ചെങ്കല്ല്, ഇഷ്ടിക എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക എന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കോൺക്രീറ്റ് ബ്ലോക്കുകൾ, വി ബോർഡുകൾ എന്നിവയെല്ലാം വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാലും ചുടുകട്ട എന്ന പേരിൽ അറിയപ്പെടുന്ന ഇഷ്ടിക ഉപയോഗപ്പെടുത്തി തന്നെ വീട് നിർമിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്.

ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ അവയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകിയില്ല എങ്കിൽ പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഗുണ നിലവാരമുള്ള ഇഷ്ടികകൾ എങ്ങിനെ തിരിച്ചറിയാൻ സാധിക്കുമെന്നതും, അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണദോഷങ്ങളും കൃത്യമായി മനസിലാക്കാം.

ഇഷ്ടിക അല്ലെങ്കിൽ ചുടുകല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

ഇഷ്ടികകൾ നിർമ്മിക്കുന്നതിനു വേണ്ടി കളിമണ്ണ് ഒരു പ്രത്യേക വലിപ്പത്തിൽ മോൽഡിൽ നൽകി ചൂടാക്കി എടുക്കുകയാണ് ചെയ്യുന്നത്.

ഇത്തരം വലിയ പ്രോസസുകളിലൂടെ കടന്നു വരുന്നതു കൊണ്ടുതന്നെ ഇഷ്ടികകൾക്ക് ദീർഘകാലം നിലനിൽക്കുന്നതിനുള്ള ശേഷിയുണ്ട്. ഇഷ്ടിക നിർമ്മാണ മേഖലയിൽ വലിയ തിരിച്ചടിയായി പറയുന്നത് ആവശ്യത്തിനുള്ള കളിമണ്ണ് ലഭ്യത ഇല്ലാത്ത തന്നെയാണ്.

ആവശ്യത്തിന് കളിമണ്ണ് ലഭിക്കാത്ത അവസ്ഥയെ തരണം ചെയ്യുന്നതിന് വേണ്ടി കര മണ്ണ് മിക്സ് ചെയ്ത് ഇഷ്ടികകൾ നിർമ്മിക്കുക എന്ന വഴിയിലേക്ക് പലരും എത്തി.

എന്നാൽ കളിമണ്ണിനു പകരം കര മണ്ണ് മിക്സ് ചെയ്യുമ്പോൾ ഒരു സാധാരണ ഇഷ്ടികക്ക്‌ ലഭിക്കേണ്ട ബലം ലഭിക്കുന്നില്ല.

കാലാകാലങ്ങളായി നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി ഇഷ്ടികകൾ തിരഞ്ഞെടുത്ത വരുമ്പോൾ അവയുടെ ലഭ്യത കുറവ് പലരെയും ഇഷ്ടിക ഉപയോഗിച്ച് കൊണ്ടുള്ള വീട് നിർമ്മാണത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചു.

എന്നുമാത്രമല്ല ക്വാളിറ്റി കുറവുള്ള ഇഷ്ടിക വാങ്ങി വീട് നിർമിച്ചാൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ഭയവും പലർക്കുമുണ്ട്.

എങ്ങിനെയാണ് ഇഷ്ടികയുടെ ക്വാളിറ്റി ചെക്ക് ചെയ്യുന്നത്?

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ഒന്നോര ണ്ടോ ഇഷ്ടികകൾ എടുത്ത് അവയുടെ കോർണർ എല്ലാം നല്ല രീതിയിൽ തന്നെയാണോ ഉള്ളത് എന്ന് പരിശോധിക്കുകയാണ്.

മറ്റൊരു രീതി ഒരു ടേപ്പ് ഉപയോഗിച്ച് എല്ലാ ഇഷ്ടികളുടേയും വലിപ്പം കൃത്യമാണോ എന്ന് പരിശോധിക്കുക.

ഇഷ്ടികകൾ എല്ലാം നല്ല ക്വാളിറ്റിയിൽ ഉള്ളതാണ് എങ്കിൽ എല്ലാ കട്ടകൾക്കും ഏകദേശം ഒരേ വലിപ്പം തന്നെയാണ് ഉണ്ടായിരിക്കുക.

നീളം വീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇഷ്ടികയുടെ വലിപ്പം നിശ്ചയിക്കുന്നത്.

ഡ്രോപ്പ് സ്റ്റോൺ രീതി ഉപയോഗപ്പെടുത്തിയും ഇഷ്ടികയുടെ ക്വാളിറ്റി ചെക്ക് ചെയ്യാൻ സാധിക്കും. ഒരു നിശ്ചിത ഉയരത്തിൽ നിന്നും ഇഷ്ടിക മറ്റൊരു ഇഷ്ടികയുടെ മുകളിലേക്ക് ഇടുമ്പോൾ ഇഷ്ടിക കൾക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും സംഭവിക്കുന്നില്ല എങ്കിൽ അത് നല്ല ക്വാളിറ്റിയിൽ ഉള്ള ഇഷ്ടികയാണെന്ന് ഉറപ്പിക്കാം.

അതുപോലെ വലിയ ക്രാക്കുകളോ ഡാമേജോ ഒന്നും ഇഷ്ടികക്ക്‌ സംഭവിക്കുന്നില്ല എങ്കിലും അത് ഇഷ്ടികയുടെ ക്വാളിറ്റിയെ ആണ് കാണിക്കുന്നത്.

ജോലി ആവശ്യങ്ങൾക്കായി ഇഷ്ടിക ഉപയോഗിക്കുമ്പോൾ അവയിൽ നല്ല രീതിയിൽ വെള്ളം ഉപയോഗപ്പെടുത്തി വരാറുണ്ട്.

അതുകൊണ്ടുതന്നെ ഒരു ഇഷ്ടിക വെള്ളത്തിലേക്ക് ഇട്ട് കുറച്ചുകഴിഞ്ഞ് എടുത്തു നോക്കുമ്പോൾ അതിന്റെ വെയിറ്റ് ഒരു കാരണവശാലും 20 ശതമാനത്തിന് മുകളിൽ ആകാൻ പാടുള്ളതല്ല. അങ്ങനെയാണെങ്കിൽ അത് നല്ല ഇഷ്ടിക അല്ല എന്ന് ഉറപ്പിക്കാം.

രണ്ട് ഇഷ്ടികകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഒരു പ്രത്യേക ശബ്ദം കേൾക്കാനാകും. അത്തരത്തിൽ നല്ല രീതിയിലുള്ള ശബ്ദമാണ് ഇഷ്ടികയിൽ നിന്നും വരുന്നത് എങ്കിൽ ആ ഇഷ്ടിക നല്ലതാണ് എന്ന് ഉറപ്പിക്കാം.

വീട് നിർമ്മാണത്തിന് എത്ര ഇഷ്ടികയാണ് ആവശ്യമായി വരിക?

ഏകദേശം 1500 സ്ക്വയർ ഫീറ്റ് വലിപ്പം വരുന്ന ഒരു വീടിന് 35000 മുതൽ 40,000 വരെ ഇഷ്ടികകൾ ആണ് ആവശ്യമായി വരിക.

വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മറ്റ് കട്ടകളെ അപേക്ഷിച്ച് ഇഷ്ടികകൾക്കുള്ള ഒരു പ്രധാന ക്വാളിറ്റി അവ ഇക്കോഫ്രണ്ട്‌ലി ആണ് എന്നത് തന്നെയാണ്.

പൂർണമായും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളായ മണ്ണ്, മണൽ, കുമ്മായം എന്നിവ ഇഷ്ടികക്ക് കൂടുതൽ ഈട് നൽകുന്നു. നിർമ്മാണം പൂർത്തിയാക്കിയ വീട് പിന്നീട് പൊളിക്കേണ്ടി വരുമ്പോഴും ഇഷ്ടികകൾ പ്രകൃതിക്ക് യാതൊരുവിധ ദോഷവും ഉണ്ടാക്കുന്നില്ല.

ഇഷ്ടികകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളും ദോഷങ്ങളും

കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളേക്കാൾ എന്തുകൊണ്ടും തണുപ്പ് കൂടുതൽ ലഭിക്കുന്നത് ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടുകളിൽ തന്നെയാണ്.

സാധാരണയായി നമ്മുടെ നാടുകളിൽ ചെങ്കല്ല് ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ മിക്ക ആളുകളും പറയുന്ന ഒരു പരാതി ചിതൽ ശല്യമാണ്.

അതേസമയം ഇഷ്ടിക കൊണ്ട് വീട് നിർമ്മിക്കുമ്പോൾ ചിതലിന്റെ പ്രശ്നം അധികമായി കാണാറില്ല.

വളരെയധികം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയൽ ആയി ഇഷ്ടിക യെ കാണാൻ സാധിക്കില്ല.

കാരണം ഇവയ്ക്ക് നിർമ്മാണച്ചിലവ് കൂടുതലായതുകൊണ്ട് തന്നെ കട്ടകൾക്ക് വില കൂടുതലായി നൽകേണ്ടി വരുന്നു.

അതായത് സോളിഡ് AAC ബ്ലോക്കുകൾ ഉപയോഗിച്ചുള്ള വീട് നിർമ്മാണത്തെക്കാൾ എപ്പോഴും ഇഷ്ടിക ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകൾക്ക് ചിലവ് കൂടുതലായിരിക്കും.

ഇഷ്ടിക ഉപയോഗിച്ച് വീട് നിർമ്മാണം നടത്തുമ്പോൾ അത് 30 ലെയറിനു മുകളിൽ ചില സാഹചര്യങ്ങളിൽ ആവശ്യമായി വരാറുണ്ട്.

ഇതുതന്നെ മറ്റു കട്ടകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അതിന്റെ പകുതി ലെയറുകൾ മാത്രമാണ് നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായി വരുന്നുള്ളൂ.

ഇഷ്ടിക ഉപയോഗപ്പെടുത്തിയുള്ള വീട് നിർമാണത്തിൽ ആവശ്യമായ മെറ്റീരിയലുകൾ കൂടുതൽ ആണ് എന്ന് മാത്രമല്ല വർക്കേഴ്സിന്റെ എണ്ണവും കൂടുതൽ ആവശ്യമായി വരും.

അതുകൊണ്ടുതന്നെ ലോ കോസ്റ്റ് മോഡലിൽ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ ആയി ഇഷ്ടിക ഉപയോഗപ്പെടുത്താൻ സാധിക്കില്ല.