വീട്ടിനുള്ളിൽ ബോണ്‍സായ് ചെടികൾ വളർത്തിയെടുക്കാൻ അറിയേണ്ടതെല്ലാം Part -2

Part -1

ഉപയോഗിക്കുന്ന ചട്ടികള്‍

കഴിയുന്നതും മണ്ണുകൊണ്ടുണ്ടാക്കുന്ന ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. അധികം ആഴം ആവശ്യമില്ല.   ചെടിയുടെ ആകൃതിയും വലുപ്പമനുസരിച്ച് ചട്ടിയുടെ വലുപ്പവും വ്യത്യാസപ്പെടാം.

മണ്ണ്

ചട്ടിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണില്‍ വെള്ളംകെട്ടി നില്‍ക്കത്തക്കവിധം കളിമണ്ണിന്‍റെ അംശം അധികമാകാന്‍ പാടില്ല. നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. അധികം വളാംശം ആവശ്യമില്ല. അധികം പശയുള്ള മണ്ണോ വെറും മണലോ ആകരുത്. അഴുകിപ്പൊടിഞ്ഞകരിയില മണ്ണുമായി കലര്‍ത്താം.

ചെടികോതല്‍

കനമുള്ള വേരുകളും കെട്ടുപിണഞ്ഞ കനം കുറഞ്ഞ വേരുകളുടെ അഗ്രവും നീക്കം ചെയ്യണം. ശിഖരങ്ങള്‍ കൂട്ടമായി കാണുന്നെങ്കില്‍ അവ മുറിച്ചുമാറ്റണം. ഇതു ചെടിക്കു കുള്ളന്‍ ആകൃതി ലഭിക്കാന്‍ സഹായിക്കും. ശിഖരങ്ങളൊന്നുമില്ലാതെയാണു ചെടി വളരുന്നതെങ്കില്‍ അതിന്‍റെ തലപ്പ് ഒരു നിശ്ചിത അളവില്‍ മുറിച്ചുമാറ്റണം-ശിഖരങ്ങള്‍ ചെറുതും നന്നായി ക്രമീകരിച്ചിരിക്കുന്നതുമാണെങ്കില്‍ കോതേണ്ട ആവശ്യമില്ല. ചെടി കോതുന്നതെപ്പോഴും അതിന്‍റെ വളര്‍ച്ചാനിരക്കും ചെടി പ്രതികരിക്കുന്ന രീതിയും കണക്കിലെടുത്തുവേണം. വലുപ്പമുള്ള ഇലകളുള്ള ചെടികളില്‍ ഇലകോതല്‍ കൂടുതലും ചെറിയ ഇലയുള്ള ചെടികളില്‍ ഇലകോതല്‍ കുറവുമായിരിക്കും.

നടീലും പരിപാലനവും

ചട്ടിയുടെ കീഴ്ഭാഗത്തുള്ള ദ്വാരങ്ങള്‍ ഓടിന്‍കഷണംകൊണ്ടു മൂടണം. അടിയില്‍ ഒരു നിര ഗ്രാവല്‍ ഇടണം. അതിനു മുകളില്‍ വലുപ്പമില്ലാത്ത പരുത്ത മണല്‍ ഒരു നിര ഇട്ടു ചെടി നടാം. നേര്‍ത്തമണ്ണു ചെടിയുടെ വേരു ഭാഗത്തു ചുറ്റുമായും ഇട്ടു കൊടുക്കുക. കൈകൊണ്ട് ഏറെ അമര്‍ത്തരുത്. ചുവടറ്റം ചട്ടിയുടെ മദ്ധ്യഭാഗത്തു വയ്ക്കുവാന്‍ ശ്രദ്ധിക്കണം. പൂപ്പാളി ഉപയോഗിച്ചു നനയ്ക്കണം.

നട്ട ചെടി തണുപ്പും തണലുമുള്ള സ്ഥലത്ത് സൂക്ഷിക്കണം. ഇതു പുതിയ വേരുകള്‍ ഉണ്ടായി ചെടി ഉറയ്ക്കാന്‍ സഹായിക്കുന്നു. രാവിലെയുള്ള സൂര്യപ്രകാശം രണ്ടു മണിക്കൂര്‍ വീതം ലഭിക്കത്തക്കവണ്ണം ചെടികള്‍ കുറേശ്ശെ വെയിലത്തുവച്ച് ശീലിപ്പിക്കണം. ചട്ടിയിലുള്ള മണ്ണ് പൂര്‍ണമായി ഉണങ്ങാന്‍ അനുവദിക്കരുത്.

ജലസേചനം

ചെറിയ ഉണക്ക് ഏറ്റാല്‍പോലും ചെടി വാടാന്‍ സാദ്ധ്യതയുണ്ട്. അതു കാലാന്തരത്തില്‍ ചെടി നശിച്ചുപോകാന്‍ ഇടയാക്കുന്നു. അധികജലവും ചെടിയുടെ വളര്‍ച്ചയെ ബാധിക്കുവാന്‍ കാരണമാണ്. പൂപ്പാട്ട ഉപയോഗിച്ചു ദിവസവും രാവിലെ നനയ്ക്കണം.

ഇളക്കിനടീല്‍

ചട്ടിയിലെ വളക്കൂറു മുഴുവന്‍ നശിക്കുകയും വേരുകള്‍ വളര്‍ന്നു നിറയുകയും ചെയ്യുമ്പോള്‍ ബോണ്‍സായ് ഇളക്കി നടണം. വളര്‍ച്ചാ ഘട്ടത്തില്‍ ചെടി വര്‍ഷത്തിലൊരിക്കലേ ഇളക്കി നടാന്‍ പാടുള്ളൂ. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ചെടി രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ഇളക്കി നട്ടാല്‍ മതി. ഇളക്കിനടുമ്പോള്‍ ചട്ടിയിലുണ്ടായിരുന്ന മണ്ണ് കഴിയുന്നതും മാറ്റണം. കേടായ വേരുകളും നീക്കണം.

ശിഖര ക്രമീകരണം

ചെടി ഒരു കുള്ളന്‍ മരത്തിന്‍റെ രൂപത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ തായ്ത്തടിയുടേയും ശാഖകളുടേയും ക്രമീകരണം സഹായിക്കും. ശിഖരങ്ങളുടെ ക്രമീകരണം ആകര്‍ഷകമാക്കുവാന്‍ നേര്‍ത്ത കമ്പി ഉപയോഗിക്കാവുന്നതാണ്. വളരെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നു മാത്രം. ചെമ്പുകമ്പിയാണ് ഇതിന് ഉചിതം. ഇരുമ്പുകമ്പി തുരുമ്പെടുക്കും. ചെടിയുടെ നിശ്ചിത ആകൃതി അനുസരിച്ചു കമ്പികൊണ്ടു കെട്ടണം.

വളപ്രയോഗം

അധികം ആഴമില്ലാത്ത പരന്ന ചട്ടികളില്‍ വളരുന്ന ചെടികള്‍ എന്ന നിലയില്‍ നല്ലവണ്ണം വളം ചെയ്യേണ്ടതാണ്. അധികവളപ്രയോഗം വേരുകള്‍ നശിക്കാന്‍ കാരണമാകും. 
50 ഗ്രാം നിലക്കടല പിണ്ണാക്കും 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചശേഷം തെളിയെടുത്ത് 5 ഇരട്ടി വെള്ളവും ചേര്‍ത്ത് രണ്ടാഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കണം. 17.17.17 കോംപ്ലക്സ് വളം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവടുവിട്ട് ശേഷിക്കുന്ന ഭാഗത്ത് ഒഴിക്കാം. ഇതു മാസത്തിലൊരിക്കല്‍ ചെയ്യാം.