ലിവിങ് ഏരിയ വ്യത്യസ്തമാക്കാനുള്ള വഴികൾ.

ലിവിങ് ഏരിയ വ്യത്യസ്തമാക്കാനുള്ള വഴികൾ.ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം ശ്രദ്ധയോടെ ഡിസൈൻ ചെയ്യേണ്ട ഒരു ഭാഗമാണ് ലിവിങ് ഏരിയ.

വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കാനുള്ള ഇടം എന്ന രീതിയിൽ പണ്ടു കാലത്ത് നൽകിയിരുന്ന പൂമുഖങ്ങളുടെ സ്ഥാനമാണ് ഇന്ന് ലിവിങ് ഏരിയ ഏറ്റെടുത്തിട്ടുള്ളത്.

മറ്റുള്ള വീടുകളിൽ നിന്നും എങ്ങിനെ സ്വന്തം വീടിന്റെ ലിവിങ് വ്യത്യസ്തമാകാം എന്ന് ചിന്തിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതി ട്രെൻഡിന് അനുസരിച്ചുള്ള ലിവിങ് നിർമ്മിച്ച് നൽകുക എന്നത് തന്നെയാണ്.

ഉപയോഗിക്കുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ലിവിങ് ഏരിയക്ക് നൽകിയിട്ടുള്ള സ്ഥാനം എന്നിവയെല്ലാം നോക്കിയാണ് ലിവിങ് ഏരിയ യുടെ പ്രാധാന്യം നിശ്ചയിക്കപ്പെടുന്നത്.

പുറത്തു നിന്ന് വരുന്ന അതിഥികൾക്ക് മാത്രമല്ല വീട്ടിലെ കുടുംബാംഗങ്ങൾക്കും ഒത്തു ചേരാനുള്ള ഒരിടം എന്ന രീതിയിൽ ലിവിങ് ഏരിയയുടെ പ്രാധാന്യം വളരെ വലുതാണ്.

വ്യത്യസ്തമായ രീതിയിൽ ലിവിങ് ഏരിയ അണിയിച്ചൊരുക്കാൻ താൽപര്യപ്പെടുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന ചില ട്രിക്കുകളാണ് ഇവിടെ വിശദമാക്കുന്നത്.

ലിവിങ് ഏരിയ വ്യത്യസ്തമാക്കാനുള്ള വഴികൾ ഇവയെല്ലാമാണ്.

ഓപ്പൺ സ്റ്റൈൽ രീതിയിൽ ലിവിങ് ഏരിയ നൽകാനാണ് ഇന്ന് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അതായത് ഓരോ ഭാഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന രീതിയിൽ ചുമരുകൾ ഇല്ല എങ്കിൽ തന്നെ വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം ലഭിക്കുകയും വായുസഞ്ചാരം കൂട്ടുകയും ചെയ്യാൻ സാധിക്കും.

ഓപ്പൺ ലേ ഔട്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ എന്നിവ തമ്മിൽ പാർട്ടീഷനുകൾ ഉണ്ടായിരിക്കുകയില്ല.

അതേസമയം ഓരോ ഭാഗത്തിനും എത്രമാത്രം വലിപ്പം നൽകണം എന്നതും എങ്ങിനെ അറേഞ്ച് ചെയ്യണം എന്നതും വീട്ടുകാരുടെ ഇഷ്ടാനുസരണം തീരുമാനിക്കാം.

ഓപ്പൺ ലേഔട്ട് രീതി പിന്തുടർന്നു കൊണ്ടാണ് ലിവിങ് ഏരിയ ഡിസൈൻ ചെയ്യുന്നത് എങ്കിൽ വ്യത്യസ്ത ഭാഗങ്ങളിലേക്ക് വ്യത്യസ്ത നിറങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാവുന്നതാണ് നല്ലത്.

അതിന് പകരമായി എല്ലാ ഭാഗങ്ങളിലേക്കും ഒരേ നിറങ്ങൾ തിരഞ്ഞെടുത്ത് ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്ന വാൾ മാത്രം വ്യത്യസ്ത നിറം നൽകിയോ,വാൾപേപ്പർ, ക്ലാഡിങ് വർക്ക് എന്നിവ നൽകിയോ ഹൈലൈറ്റ് ചെയ്ത് നൽകാം.

അകത്തളങ്ങളുടെ വിശാലത വർധിപ്പിക്കുന്നതിൽ ഓപ്പൺ ലേ ഔട്ട് രീതിക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന രീതിയിൽ ലിവിങ് ഏരിയ അറേഞ്ച് ചെയ്യാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

അതുകൊണ്ടുതന്നെ കർട്ടൻ വാൾ അല്ലെങ്കിൽ ബേ വിൻഡോ രീതി പരീക്ഷിച്ചു നോക്കാവുന്ന ഒരിടവും ലിവിങ് ഏരിയ തന്നെയാണ്.

ലിവിങ്ങിൽ നിന്നും വീടിന്റെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാനും വായന പോലുള്ള വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പുസ്തകങ്ങൾ വായിക്കാനുമുള്ള ഒരിടമായി ബേ വിൻഡോ നൽകാവുന്നതാണ്.

അതല്ല കർട്ടൻ വാൾ രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മെയിൽ ഡോറിന് പകരമായി വലിയ ഗ്ലാസ് വിൻഡോകൾ നൽകി സ്ലൈഡിങ് ടൈപ്പ് ഡോറുകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

ആവശ്യമുള്ള സമയങ്ങളിൽ വിൻഡോ പൂർണമായും ഓപ്പൺ ചെയ്ത് ഉപയോഗിക്കാൻ കർട്ടൻ വാളുകൾ നൽകുന്നത് വഴി സാധിക്കും.

മിനിമൽ ഡിസൈൻ ഫോളോ ചെയ്യാം

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മിനിമൽ ഡിസൈൻ ഫോളോ ചെയ്തു കൊണ്ട് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗം ലിവിങ് ഏരിയ ആയതുകൊണ്ട് തന്നെ മിനിമൽ ഡിസൈൻ നൽകി മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാനായി ഉപയോഗിക്കാവുന്ന ഒരിടവും ഇതു തന്നെയാണ്.

വളരെ സ്ലീക് ആയ ഒരു ടിവി യൂണിറ്റ്, പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അവ സൂക്ഷിക്കാനായി ഒരു ചെറിയ ഷെൽഫ്, ഡെക്കോർ ഐറ്റംസ് വയ്ക്കുന്നതിനായി സ്റ്റാൻഡ് എലോൺ സ്റ്റാന്റുകൾ എന്നിങ്ങിനെ കുറഞ്ഞ അലങ്കാരങ്ങൾ കൊണ്ടും ഇന്റീരിയർ അലങ്കാരം ഭംഗിയാക്കാം.

ലിവിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു കോർട്യാർഡ് സെറ്റ് ചെയ്തു നൽകി അതിന് മുകളിൽ ഒരു പർഗോള നൽകി ഗ്ലാസ് റൂഫിംഗ് ചെയ്യാവുന്നതാണ്.

ഇത് വീട്ടിനകത്തേക്ക് നല്ല രീതിയിൽ വെളിച്ചം എത്തിക്കുന്നതിനും വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനും ഉപകാരപ്പെടും.

വീടിനകത്ത് പച്ചപ്പ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഇൻഡോർ പ്ലാന്റുകൾ കൊണ്ട് കോർട്യാഡ് കൂടുതൽ ഭംഗിയാക്കാം.

ഫർണിച്ചറുകൾ, കർട്ടൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ

ലളിതമായ രീതിയിൽ എന്നാൽ കാഴ്ചയിൽ ഭംഗി നൽകുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ മറ്റ് വീടുകളിലെ ലിവിങ്ങിൽ നിന്നും സ്വന്തം വീട് കൂടുതൽ വ്യത്യസ്തമാക്കാൻ സാധിക്കുന്നതാണ്. ലൈറ്റ് നിറങ്ങളിലുള്ള സോഫ, ദിവാൻ, ചെയറുകൾ എന്നിവ ഉപയോഗപ്പെടുത്തി അവയിൽ ഡാർക്ക് നിറങ്ങളിലുള്ള കുഷ്യനുകൾ തിരഞ്ഞെടുക്കാം. സോഫയുടെ കുഷ്യനോട് ചേർന്നു നിൽക്കുന്ന നിറങ്ങൾ കർട്ടനുകളിൽ നൽകി ഒരു കോൺട്രാസ്റ്റ് ലുക്കിൽ ലിവിങ് ഏരിയ വ്യത്യസ്തമാകാം.

കുട്ടികളുള്ള വീടുകളിൽ ലിവിങ് ഏരിയയിൽ ആയിരിക്കും കൂടുതലായും ടോയ്സ്, ബുക്കുകൾ എന്നിവ ഉണ്ടാവുക.അവ ഭംഗിയായും അടുക്കും ചിട്ടയിലും സൂക്ഷിക്കുന്നതിന് വേണ്ടി ടോയ് സ്റ്റോറേജ് ഓർഗനൈസർ ഉപയോഗപ്പെടുത്താവുന്നതാണ്. വീടിന്റെ മറ്റ് ഭാഗങ്ങൾ ചെറിയ രീതിയിൽ അലങ്കോലമായി കിടന്നാലും ലിവിങ് ഏരിയ എല്ലാ സമയത്തും ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകണം.

ലിവിങ് ഏരിയ വ്യത്യസ്തമാക്കാനുള്ള വഴികൾ തീർച്ചയായും നിങ്ങളുടെ ലിവിങ്ങിലും പരീക്ഷിച്ച് നോക്കാവുന്നതാണ്.