ലാമിനേറ്റ് ഉപയോഗിക്കുമ്പോൾ ഹോട്ട് പ്രസ്സിങ് നിർബന്ധമാണോ?

തടിയും, പ്ലൈവുഡും MDF നും, DDF നും ഒക്കെ അരങ്ങു ഒഴിഞ്ഞു കൊടുത്തിരിക്കുന്നു. പെയിന്റ് ഫിനിഷിങ്ങും പോളീഷിങ്ങും എല്ലാം മാറി ലാമിനേറ്റുകൾ (പഴയ മൈക്കയുടെ പുതിയ അവതാരം) പ്രചാരം നേടിയിരിക്കുന്നു. ചിലവ് കുറവ്, പെട്ടെന്ന് പണികൾ തീരും, ഫിനിഷിങിലെ സ്ഥിരത,ഒട്ടനവധി ഫിനിഷ് സെലക്ഷനുകൾ എന്നിങ്ങനെ പല ഗുണങ്ങളും ഇവയുടെ ഉപയോഗത്തിലേക്ക് ആളുകളെ ആകർഷിക്കുന്നു.

ഒരു മിഥ്യാ ധാരണക്ക് ഒരു വ്യക്തത വരുത്തുകയാണ് ഇവിടെ . ലാമിനേറ്റ് ഉപയോഗിക്കുമ്പോൾ Hot Pressing നിർബന്ധമാണോ? അറിയാം

പ്രസ്സിങ് സാധാരണ രണ്ട് തരമാണ്. Hot pressing and cold pressing.

രണ്ടിലും പശ ബോർഡിൽ തേച്ചു പിടിപ്പിച്ച് ലാമിനേറ്റ് അതിന് മുകളിൽ താൽക്കാലികമായി ഒന്ന് ഉറപ്പിച്ചതിന് ശേഷം മെഷീനിലേക്ക് ഫീഡ് ചെയ്യണം.

രണ്ടും ഹൈഡ്രോളിക് പിസ്റ്റണുകൾ കൊണ്ട് 60-100 ടൺ വരെ പ്രഷറിൽ ബോർഡും ലാമിനേറ്റും പ്രസ് ചെയ്താണ് ഇവ നിർമ്മിക്കുന്നത്.

ഹോട്ട് പ്രസ് ഏതാനും മിനിറ്റുകൾ കൊണ്ട് പ്രസ്സിങ് പൂർത്തിയാക്കുന്നു, കോൾഡ് പ്രസ് ഏതാനും മണിക്കൂറുകൾ എടുക്കുന്നു ഇത്ര മാത്രമേ പ്രസ്സിങ് തമ്മിൽ വ്യത്യാസം ഉള്ളൂ.

പാനൽ/ബോർഡ് പ്രോസസിംഗ് ഇന്ഡസ്ട്രികൾ സൃഷ്ടിച്ചു വെച്ചിരിക്കുന്ന ധാരണ ഹോട്ട് പ്രസ് ചെയ്താൽ ലാമിനേറ്റും തമ്മിലുള്ള ബോണ്ടിങ് അതികഠിനം ആയിരിക്കും എന്നാണ്.

നിങ്ങൾ എത്ര ഡിഗ്രി ചൂടാക്കി ഒട്ടിച്ചാലും ഉപയിഗിക്കുന്ന synthetic resin adhesive ന്റെ ഗുണമേന്മക്ക് അനുസരിച്ചുള്ള bonding strength മാത്രമേ കിട്ടൂ. ചൂടാക്കാതെ സാധാരണ കോൾഡ് പ്രസ്സിങ് ചെയ്താലും അത് കിട്ടും.
ഗുണം ഇല്ലെങ്കിൽ പിന്നെന്തിനാണ് പാനൽ/ബോർഡ് പ്രോസസിംഗ് വ്യവസായങ്ങൾ 10-15 ലക്ഷം മുടക്കി ഇത്രേം കിലോവാട്ട് കണക്കിന് വൈദ്യുതി തിന്നുന്ന ഈ മെഷീൻ വാങ്ങി വെച്ചിരിക്കുന്നത്?

ഒരു ദിവസം ഡസൻ കണക്കിനോ ഒരുപക്ഷേ നൂറു കണക്കിനോ ബോർഡുകൾ പ്രോസസ് ചെയ്യുന്ന യന്ത്രങ്ങൾ ആണ് ഇത്തരം വ്യവസായങ്ങളിൽ ഉണ്ടാവുക. ഏതാനും മണിക്കൂറുകൾ വേണ്ടി വരുന്ന കോൾഡ് പ്രസ്സിങ് കൊണ്ട് ആ വേഗതക്കൊപ്പം നിൽക്കാൻ കഴിയില്ല. അവിടെയാണ് മിനിറ്റുകൾ കൊണ്ട് ലാമിനേഷൻ ചെയ്തെടുക്കാവുന്ന ഹോട്ട് പ്രസ്സിന്റെ ആവശ്യകത.

കോൾഡ് പ്രസ് ആണെങ്കിൽ ഒരു ബാച്ച് പ്രസ് ചെയ്തെടുക്കാൻ അര ദിവസം എടുക്കും. അതായത് വ്യവസായി ഹോട്ട് പ്രസ് വാങ്ങി ഇട്ടിരിക്കുന്നത് അയാളുടെ കമ്പനിയുടെ കാര്യക്ഷമതക്ക് വേണ്ടിയാണ്. ഉപഭോക്താവിന് രണ്ടോ നാലോ ദിവസം project schedule ൽ ലാഭിക്കാം എന്നല്ലാതെ അത് കൊണ്ട് product quality ൽ വലിയ മാറ്റമൊന്നും ഇല്ല.

Henkel, Kleiberit പോലുള്ള ജർമൻ ബ്രാൻഡുകൾ മുതൽ Fevicol പോലുള്ള ചിരപരിചിതമായ നാടൻ ബ്രാൻഡും കഴിഞ്ഞ് കോയമ്പത്തൂരെ ചെറുകിട വ്യവസായ മേഖലകളിലെ സെല്ലാർ ഫ്ലോറുകളിലെ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന ലോക്കൽ പശകൾ വരെ വിപണിയിൽ കിട്ടും. Fevicol തന്നെ പലതുണ്ട്. ഇതിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന syntheric resin adhesive അഥവാ white adhesive എന്ന് ഇൻഡസ്ട്രിയിൽ വിളിക്കുന്ന പശയുടെ ഗുണനിലവാരത്തിന് അനുസരിച്ച് bonding ന്റെ ഈടും മാറും.

ഹോട്ട് പ്രസ്സിങ് ആയാലും കോൾഡ് പ്രസ്സിങ് ആയാലും പ്രതേകിച്ച് വ്യത്യാസങ്ങൾ ഒന്നുമില്ല എന്നിരിക്കെ ലാമിനേറ്റഡ് വുഡ് തിരഞ്ഞെടുക്കുമ്പോൾ കച്ചവടക്കാരുടെ ഈ ചതിയിൽ വീഴാതെ ഇരിക്കട്ടെ.നിങ്ങളുടെ ആവിശ്യങ്ങൾ മനസ്സിലാക്കി തിരഞ്ഞെടുക്കുന്നതാവും മികച്ച മാർഗ്ഗം