ഗ്രാനൈറ്റിനെ വെല്ലുന്ന കോൺക്രീറ്റ് ഫ്ലോറിങ് . മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഫ്ളോറിങ്ങിന് നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
മാർബിൾ, ഗ്രാനൈറ്റ്, ടൈലുകൾ ഇങ്ങനെ ഒരു നീണ്ട നിര തന്നെ ഉള്ളപ്പോഴും ടൈലുകൾ തന്നെ വിട്രിഫൈഡ്, സെറാമിക്, ടെറാക്കോട്ട പോലുള്ളവ വിപണി അടക്കി വാഴുന്നു.
എന്നാൽ ഇത്തരം ഫ്ലോറിങ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോഴും അവയ്ക്ക് ഗുണങ്ങളും ദോഷങ്ങളും നിരവധിയാണ്.
മാത്രമല്ല പലപ്പോഴും ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫ്ലോറിങ് എന്ന കൺസെപ്റ്റ് പൂർത്തിയാക്കാൻ ഇത്തരം മെറ്റീരിയലുകൾ കൊണ്ട് സാധിക്കുകയുമില്ല.
വളരെ കുറഞ്ഞ വിലയിൽ മാർബിൾ, ഗ്രാനൈറ്റ്, ടൈൽ എന്നിവയോട് കിട പിടിക്കാവുന്ന രീതിയിൽ ചെയ്തെടുക്കാവുന്ന കോൺക്രീറ്റ് ഫ്ലോറിങ് രീതികൾ നമ്മുടെ നാട്ടിൽ എത്തി കഴിഞ്ഞു.
വളരെയധികം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയും അതേസമയം കൂടുതൽ ഭംഗി നൽകിയും ചെയ്യുന്ന കോൺക്രീറ്റ് ഫ്ലോറിംഗ് രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം.
ഗ്രാനൈറ്റിനെ വെല്ലുന്ന കോൺക്രീറ്റ് ഫ്ലോറിങ്.
കോൺക്രീറ്റ് ഫ്ലോറിംഗ് എന്ന് കേൾക്കുമ്പോൾ പലർക്കും ഒരു പരുത്ത പ്രതലമായിരിക്കും മനസിലേക്ക് ആദ്യം ഓടിയെത്തുക.
എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരു ഗ്രാനൈറ്റ് നൽകുന്ന അതേ പ്രതീതിയിലും, മിനുസത്തിലും കോൺക്രീറ്റ് ഫ്ളോറിങ് ചെയ്തെടുക്കാൻ സാധിക്കും.
ഗ്രാനൈറ്റ് ഉപയോഗപ്പെടുത്തുന്ന കിച്ചൺ സ്ലാബുകൾ,കൌണ്ടർ ടോപ് എന്നിവിടങ്ങളിലെല്ലാം ഗ്രാനൈറ്റിന് പകരമായി കോൺക്രീറ്റ് ഫ്ലോറിങ് ചെയ്താൽ അവ തിരിച്ചറിയാൻ പോലും സാധിക്കാത്ത അത്രയും ഫിനിഷിങ് മെറ്റീരിയലിന് ലഭിക്കും.
മാത്രമല്ല ഗ്രാനൈറ്റ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ നൽകേണ്ടി വരുന്ന ലേബർ കോസ്റ്റിന്റെ പകുതി മാത്രം ചിലവാക്കി വളരെ ഭംഗിയായി തന്നെ കോൺക്രീറ്റ് ഫ്ലോറുകൾ ചെയ്തെടുക്കാനും സാധിക്കും.
ഗ്രാനൈറ്റിനെ വെല്ലുന്ന കോൺക്രീറ്റ് ഫ്ലോറിങ് ഉപയോഗ രീതി.
അത്യാധുനിക ടെക്നോളജികൾ ഉപയോഗപ്പെടുത്തി കോൺക്രീറ്റിനെ ഒരു വ്യത്യസ്ത തലത്തിലേക്ക് എത്തിക്കുകയാണ് കോൺക്രീറ്റ് ഫ്ലോറിൽ ചെയ്യുന്നത്.
പുറംനാടുകളിൽ പണ്ട് കാലം തൊട്ടു തന്നെ പോളിഷ്ഡ് കോൺക്രീറ്റിംഗ് രീതികൾ ഉപയോഗപ്പെടുത്തിയിരുന്നു.
എന്നാൽ നമ്മുടെ നാട്ടിൽ അവയ്ക്ക് എത്രമാത്രം സ്വീകാര്യത ലഭിക്കും എന്നതിന് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം.
വീടുകൾ, കൊമേഴ്സ്യൽ സ്പേസ് എന്നിവിടങ്ങളിലെല്ലാം ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് കോൺക്രീറ്റ് ഫ്ലോറിങ്.
നല്ല പോളിഷ് ലഭിക്കുന്ന രീതിയിൽ കോൺക്രീറ്റ് ഫ്ലോർ ചെയ്യുന്നതിനായി ആദ്യം കോൺക്രീറ്റ് നല്ലരീതിയിൽ ലെവൽ ചെയ്ത് നൽകേണ്ടതുണ്ട്. പ്രത്യേകരീതിയിൽ ചാനൽ നൽകിയാണ് കോൺക്രീറ്റ് ചെയ്യുന്നത്.
ഒരു പ്രത്യേക മെഷീൻ ഉപയോഗപ്പെടുത്തി ഫ്ലോറിങ് കൂടുതൽ മിനുസമുള്ളതാക്കി കോൺക്രീറ്റ് ഫ്ളോറിങ് ചെയ്തെടുക്കാൻ സാധിക്കുന്നു. എത്രമാത്രം ഫിനിഷിംഗ് ഫ്ലോറന് വേണം എന്നത് വ്യത്യസ്ത സ്റ്റേജുകളെ അടിസ്ഥാനമാക്കിയാണ് തരം തിരിച്ചിട്ടുള്ളത്. 3,5,7 എന്നിങ്ങനെ ഓരോ സ്റ്റേജുകൾക്കും അടിസ്ഥാനമാക്കി ഫ്ലോറിങ്ങിന് ഫിനിഷിങ് കൂടി വരുന്നതാണ്.
നിറങ്ങൾ തിരഞ്ഞെടുക്കാം.
കോൺക്രീറ്റ് ഫ്ലോറിങ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പലരും ചിന്തിക്കുന്നത് അവയ്ക്ക് നല്ല നിറങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുമോ എന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു പേടി ഇവിടെ വേണ്ട. സാധാരണ ടൈലുകളിൽ കാണുന്ന നിറങ്ങളെല്ലാം കോൺക്രീറ്റ് ഫ്ലോറിങ് ലും അപ്ലൈ ചെയ്യാനായി സാധിക്കും.
നിങ്ങളുടെ ആവശ്യാനുസരണം ബ്ലാക്ക്, റെഡ് എന്നിങ്ങനെ ഓക്സൈഡുകൾ ആഡ് ചെയ്തു സാധാരണ ടൈലുകളുടെ നിറത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. കൂടാതെ വൈറ്റ് സിമന്റ് ഉപയോഗപ്പെടുത്തി ഫ്ലോറിങ് ചെയ്ത് അവയെ പൂർണ്ണ ഫിനിഷിങ്ങിൽ എത്തിക്കാനും സാധിക്കും.സാധാരണ രീതിയിൽ കോൺക്രീറ്റ് ചെയ്ത ഏതൊരു നിലത്തും ഇത്തരത്തിൽ ഫ്ലോറിങ് ചെയ്യാൻ സാധിക്കും.എന്നാൽ ശരിയായ ലെവലിൽ കോൺക്രീറ്റ് ചെയ്ത നിലത്തു മാത്രമാണ് ഫിനിഷ് ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ. സാധാരണയായി വീടുകളിൽ ഫ്ലോറിങ് ചെയ്യുന്ന അതേ സമയത്താണ് ഇവ പോളിഷ് ചെയ്ത് ഭംഗിയാക്കി എടുക്കുന്നത്.
ഉപയോഗിക്കാവുന്ന സ്ഥലങ്ങള്‍
കിച്ചണിൽ നൽകുന്ന ടേബിൾ ടോപ്പ്, വാഷ് കൗണ്ടർ എന്നിവിടങ്ങളിലെല്ലാം കോൺക്രീറ്റ് ഫ്ലോറിങ് ഭംഗിയാക്കി ചെയ്തെടുക്കാൻ സാധിക്കും. ഓരോരുത്തർക്കും ആവശ്യാനുസരണം ഏത് സ്റ്റേജ് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാം.5th സ്റ്റേജ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സെമി ഗ്ലോസി ഫിനിഷ് ലഭിക്കുന്നതാണ്. അതേസമയം സെവൻത് സ്റ്റേജ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വളരെയധികം മിനുസമുള്ളതും ഫിനിഷിംഗ് ഉള്ളതുമായ ഫ്ലോറിങ് ചെയ്തെടുക്കാം.
വർക്ക് പൂർത്തിയാക്കുന്നതി നോടൊപ്പം തന്നെ അവയ്ക്കിടയിൽ ബ്രാസ് ഫിനിഷിംഗ് പോലുള്ള വർക്കുകൾ ചെയ്യണമെങ്കിൽ അതും ചെയ്തെടുക്കാം. സാധാരണ ടൈൽ, മാർബിൾ എന്നിവയ്ക്ക് ഉണ്ടാകുന്ന രീതിയിലുള്ള ചെറിയ സ്ക്രാച്ച് കൾ മാത്രമാണ് ഈയൊരു മെറ്റീരിയൽ നൽകിയാലും ഫ്ലോറിങ്ങിന് ഉണ്ടാവുകയുള്ളൂ. ഏകദേശം 35 രൂപ സ്ക്വയർഫീറ്റിൽ കോൺക്രീറ്റ് ഫ്ലോറിംഗ് വീടിന്റെ നിലങ്ങളെ ഭംഗിയാക്കി തരും. അതായത് മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് കോസ്റ്റ് വളരെ കുറവാണ് എന്ന കാര്യം ഇതിലൂടെ വ്യക്തമാണ്.
ഗ്രാനൈറ്റിനെ വെല്ലുന്ന കോൺക്രീറ്റ് ഫ്ലോറിങ് ചെയ്തെടുക്കാം അതും നിങ്ങൾ മനസ്സിൽ കാണുന്ന അതേ രീതിയിൽ.