വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട സംശയങ്ങളും ഉത്തരങ്ങളും


കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി.


1 അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ


തദ്ദേശ സ്‌ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ഏജന്‍സി നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളം, ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം


2 വൈദ്യുതി കണക്‌ഷൻ ലഭിക്കേണ്ട സ്‌ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖ


കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫിസര്‍/ കെഎസ്‌ഇബി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി), നടപ്പുവര്‍ഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കില്‍ വാടക കരാറിന്റെ പകര്‍പ്പും മേല്‍പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റിയില്‍ നിന്നോ കോര്‍പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന താമസക്കാരന്‍ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.


KSEB- യിൽ ഉടമസ്ഥാവകാശം മാറ്റുന്നതിന്

  • അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്
  • ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
  • ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

അല്ലെങ്കിൽ

ഇത് കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.

അല്ലെങ്കിൽ

അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.

രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകേണ്ടതാണ്.

ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് / Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.