വീടിന്റെ പ്ലാൻ തയാറാക്കുമ്പോൾ ഇനി പറ്റിക്കപ്പെടേണ്ട. നിങ്ങൾക്കും ഒരു എക്സ്പർട്ട് ആകാം!!

നമ്മുടെ എല്ലാ ലേഖനങ്ങളിലും തന്നെ തുടർച്ചയായി പറയുന്നതുപോലെ, ഇന്ന് വീട് സ്വപ്നം കാണുന്ന എല്ലാ ഉപഭോക്താക്കളും തന്നെ, വീട് നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളെ പറ്റിയും തന്നെ വ്യക്തമായ ധാരണ ഉള്ളവരാണ്. അങ്ങനെയുള്ള ധാരണ മാത്രമേ പരമാവധി നമ്മുടെ സ്വപ്നത്തോട് ചേർന്നുനിൽക്കുന്ന ഒരു വീട് നിർമ്മിച്ചു കിട്ടാൻ നമ്മെ സഹായിക്കുകയുള്ളൂ

അങ്ങനെ വീട് നിർമ്മാണത്തിന് അറിവ് പകരുന്ന ഈ ലേഖനങ്ങളിൽ ഇന്ന് ചർച്ച ചെയ്യുന്നത് നിർമ്മാണ പ്രവർത്തനത്തിലെ ഏറ്റവും പ്രാരംഭമായി ചെയ്യേണ്ട പണികളിലൊന്നായ വീടിൻറെ പ്ലാൻ തയ്യാറാക്കുക എന്നതാണ്. 

പ്ലാൻ എന്നു പറയുന്നത് നിങ്ങളുടെ മനസ്സിൽ നിങ്ങൾ സ്വപ്നം കാണുന്നതും ആഗ്രഹിക്കുന്നതുമായ സൗകര്യങ്ങളോടും സുരക്ഷയോടും കൂടിയ വീട് പേപ്പറിൽ ആക്കുക എന്നതാണ്.

ഇതിനായി തീർച്ചയായും നിങ്ങൾ പ്രൊഫഷണൽസിന്റെ സഹായം തേടുകയും ചെയ്യും.

എന്നാൽ ഒരു പ്രൊഫഷണലിന് എപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ പേപ്പറിൽ  പ്രതിഫലിപ്പിക്കാൻ മാത്രമേ കഴിയൂ.  വ്യക്തമായ ധാരണ ഉപഭോക്താവിന് ഉണ്ടാവുന്നതുകൊണ്ടു ഏറെ ആശയക്കുഴപ്പങ്ങളും ആശയവിനിമയത്തിനുള്ള തകരാറുകളും ഒഴിവാക്കാനാകും. ഇത് അത്യന്തികമായി ഉപഭോക്താവിനെ തന്നെയാണ് സഹായിക്കുന്നത് എന്നതും സത്യം തന്നെ.

അങ്ങനെയിരിക്കെ വീടിൻറെ പ്ലാനുമായി ബന്ധപ്പെട്ട് ഒരു സാധാരണ ഉപഭോക്താവ് എന്ന നിലയിൽ നാം എടുക്കേണ്ട മുൻകരുതലുകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്:

വീടിന്റെ പ്ലാനിങ്ങിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ആദ്യമായി തന്നെ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ ഒരു പ്ലോട്ട് സ്കെച്ച് തയ്യാറാക്കുക എന്നതാണ്. അത് ഒരു പരിധിവരെ അത്യാവശ്യം തന്നെയാണ്. 

കാരണം ഈ പ്ലോട്ട് സ്കെച്ചിലാണ് വീട് പണിയാൻ നമ്മളുദ്ദേശിക്കുന്ന സ്ഥലത്തിൽ ഇപ്പോൾ ഉള്ള വിവിധ വസ്തുക്കൾ രേഖപ്പെടുത്താൻ ആവുന്നത്. 

സാധാരണ ഇതിൽ കിണറിന്റെ സ്ഥാനം, വലിയ വലിയ മരങ്ങൾ ഉണ്ടെങ്കിൽ അവ, അതുപോലെ അതിരുകൾ എന്നിവയാണ് പ്രധാനമായി ഉൾപ്പെട്ടിരിക്കുന്നത്

ഇതിൽ നിന്ന് അടുത്തതായി ചുറ്റുമതിലിൽ നിന്നും നിയമപ്രകാരം ആവശ്യമായ ആയ അകലം അഥവാ സെറ്റ് ബാക്ക് നൽകിക്കൊണ്ട് പരമാവധി എത്ര സ്ഥലം നിങ്ങൾക്ക് നിർമാണത്തിന് മാത്രമായി ഉപയോഗിക്കാനാകുമെന്ന് തിട്ടപ്പെടുത്താനാകും.

ഇനി വീടിൻറെ പ്ലാനിലേക്ക് വരുകയാണെങ്കിൽ, ആദ്യം വേണ്ടത് നിങ്ങൾ ആഗ്രഹിക്കുന്ന വീട്ടിലെ ഓരോ സൗകര്യങ്ങളും അതിൻറെ ശരിയായ ആവശ്യകതയും നിങ്ങൾക്കിടയിൽ തന്നെ ചർച്ച ചെയ്തു ബോധ്യപ്പെടുക എന്നതാണ്. 

അങ്ങനെ സൗകര്യങ്ങൾ നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നീട് അവ ഓരോന്നിന്റെയും വലുപ്പം എത്ര നൽകണമെന്ന് ഏകദേശ ഒരു ധാരണയിൽ എത്തേണ്ടതാണ്. 

ഈ ഘട്ടത്തിൽ തന്നെ നിങ്ങളുടെ ബഡ്ജറ്റും ഏകദേശം ധാരണയായിരിക്കണം. കാരണം എത്ര സ്ക്വയർഫീറ്റ് ആണോ പ്ലാൻ ചെയ്യുന്നത് അതിനോട് നേരെ ആനുപാതികമായാണ് നിർമാണ ചിലവും നിൽക്കുന്നത് (ഒരു ശരാശരി വീടിനു സ്ക്വയർഫീറ്റ് 1800 രൂപ എന്ന കണക്ക് ആണ് വ്യാപകമായി കാണുന്നത്)

ഇങ്ങനെ നിങ്ങൾ വിഭാവനം ചെയ്ത ഓരോ മുറിയും തീരുമാനിക്കുമ്പോൾ, അവ ഓരോന്നിലും പരമാവധി ഡയറക്റ്റ് വെന്റിലേഷൻ കൊടുക്കാവുന്ന അവസ്ഥയിൽ ആയിരിക്കണമെന്ന് പ്ലാൻ വരക്കുന്ന ആളോട് പറയുക. 

അതുപോലെ ഓരോ മുറികൾക്കും വ്യക്തമായ ക്രോസ് വെന്റിലേഷനുള്ള സൗകര്യവും നൽകിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.

പ്ലാൻ വരയ്ക്കാൻ പ്രൊഫഷണലിനെ ഏൽപ്പിക്കുമ്പോൾ നിങ്ങൾ അതിനു മുൻപുതന്നെ പരമാവധി അന്വേഷണം നടത്തുക. അവരെ വിശ്വാസത്തിലെടുത്തതിനുശേഷം മാത്രം വർക്ക് ഏൽപ്പിക്കുക.

പിന്നീടുള്ള തർക്കങ്ങളും ചേർച്ചയില്ലായ്മയും നിങ്ങളുടെ പ്രോജക്റ്റിനെ തന്നെയായിരിക്കും ബാധിക്കുക എന്നോർക്കുക.

അങ്ങനെ നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ബഡ്ജറ്റും മറ്റും ഒരുപോലെ ഒതുങ്ങുന്ന ഒരു പ്ലാനിലേക്ക്, അതിൻറെ എലിവേഷനിലേയ്ക്കും എത്തിപ്പെട്ടു കഴിഞ്ഞാൽ കൂടുതൽ ധാരണ കിട്ടാനായി ഒരു 3D പ്ലാൻ തയ്യാറാക്കുന്നതിനും തെറ്റില്ല. 

നിർമ്മാണത്തിന് ശേഷം വീട് എങ്ങനെയിരിക്കുമെന്ന് വിഭാവനം ചെയ്യാൻ ഇത് ഏറെ സഹായിക്കുന്നു. മാറ്റങ്ങൾ വരുത്താനും ഇത് ഏറെ സഹായകമാണ്.

പുതിയകാല ട്രെൻഡുകളോടും ഡിസൈനുകളോടും ഉള്ള ആഭിമുഖ്യം പോലെ തന്നെയാണ് നിങ്ങളുടെ വീടിന് പ്ലാൻ തയ്യാറാക്കുമ്പോൾ ആ വീടിന് ആവശ്യമായ പ്രൈവസി, സുരക്ഷ, പ്രായോഗിക സൗകര്യങ്ങൾ എന്നിവ കൂടി ഉറപ്പുവരുത്തുക എന്നുള്ളത്. ഒരുപക്ഷേ ഇതു തന്നെ ആയിരിക്കാം ഏറ്റവും പ്രധാനപ്പെട്ട കാര്യവും.