ആലപ്പുഴയിലെ ‘അഞ്ഞൂറ്റി കാരുടെ’ ആഡംബര വീട്..

മലയാള സിനിമയുടെ മറ്റൊരു ഹിറ്റിലേക്ക് നീങ്ങുകയാണ് ഭീഷ്മ. അഞ്ഞൂറ്റി കുടുംബത്തിലെ സ്നേഹത്തിന്റെയും പകയുടെയും കഥകളും, മൈക്കിൾ അപ്പൻ എന്ന കഥാപാത്രത്തെയും മലയാളികൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

മമ്മൂട്ടി അഭിനയിച്ച മൈക്കിൾ അപ്പൻ കൊച്ചി നഗരത്തിലെ പ്രൗഢവും, പ്രബലമായ അഞ്ഞൂറ്റി തറവാട്ടിന്റെ അനിഷേധ്യനായ കാരണവരായി അമൽ നീരദ് ഒരുക്കിയപ്പോൾ പ്രേക്ഷകനത് പഴമയിലേക്കുള്ള ഒരു സ്ലോമോഷൻ തിരിച്ചു പോക്കായിരുന്നു.

സിനിമയിലെ കൊട്ടാരസദൃശ്യമായ വീടിന്റെ മുകളിൽ നിന്നും മൈക്കിൾ അപ്പൻ ഇറങ്ങി വരുന്നത് മുതൽ തുടങ്ങുകയായി കാഴ്ചയുടെ വെടിക്കെട്ട്. തികവോടെ കൊത്തിവച്ച കഥാപാത്രങ്ങൾ പോലെ തന്നെ പ്രാധാന്യമുണ്ട് അഞ്ഞൂറ്റി തറവാടിന് ഈ സിനിമയിൽ. കൊച്ചിയുടെ ഹൃദയത്തിൽ ഒരുക്കിയിരിക്കുന്ന സിനിമയിലെ ഈ വീട്, എന്നാൽ സ്ഥിതിചെയ്യുന്നത് ആലപ്പുഴയുടെ മണ്ണിലാണ്. കൂടുതൽ അറിയാം ആലപ്പുഴയിലെ അഞ്ഞൂറ്റിക്കാരുടെ ഈ ആഡംബര വീട്.


135 വർഷത്തിലേറെ പഴക്കമുള്ള പാലാറ്റിയൽ ഹൗസ് ഇതുവരെ വലുതും ചെറുതുമായ ഇരുപതോളം സിനിമകൾക്ക് ലൊക്കേഷൻ ആയി കഴിഞ്ഞിരിക്കുന്നു. പഞ്ചാബി ഹൗസ് എന്ന സൂപ്പർഹിറ്റിലൂടെയാണ് ഈ വീടിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. വിനീത് ശ്രീനിവാസൻ ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിലും ഈ തറവാട് പ്രത്യക്ഷപ്പെട്ടിരുന്നു.


ലോകമെമ്പാടും കോവിഡ് പാൻഡെമിക് ബാധിക്കുന്നതിന് മുമ്പ് ആലപ്പുഴയിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോംസ്റ്റേ ആയി അറിയപ്പെട്ട വില്ല ഡി പരായിയും ഈ പാലാറ്റിയിൽ ഹൗസ് തന്നെയാണ്. ഭീഷ്മയിലെ അഞ്ഞൂറ്റി തറവാട് ആകാൻ വേണ്ടി അല്ലറചില്ലറ മാറ്റങ്ങൾ ഈ വീടിന് ഒരുക്കിയിരുന്നു എന്ന് ഉടമസ്ഥനായ ജോർജ് തരകൻ പറയുന്നു.


ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പരമ്പരാഗത നിർമിതിയിൽ ഉള്ള ഈ വീട്ടിൽ എട്ട് തലമുറയോളം താമസിക്കുന്നുണ്ട് ഇപ്പോഴും. നന്നായി പരിപാലിക്കപ്പെടുന്ന വില്ല ഡി പരായി ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത് ഏഴുപുന്നയിലാണ് സ്ഥിതിചെയ്യുന്നത്


കോവിഡിന് മുമ്പ് വിദേശസഞ്ചാരികളുടെ കാര്യമായ തിരക്ക് ഇവിടെ ഉണ്ടായിരുന്നെന്നും ഇപ്പോൾ കാര്യങ്ങൾ പഴയപടിയിലേക്ക് തിരിച്ച് വരുന്നുണ്ട് എന്നും ജോർജ് തരകൻ പറയുന്നു. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി രസകരവും വിനോദകരവും ആയ പാക്കേജുകൾ വില്ല ഡി പരായിൽ ഒരുക്കിയിട്ടുണ്ട്. സമൃദ്ധമായ ആഹാരം, ഗ്രാമഭംഗി ആസ്വദിക്കുവാനുള്ള അവസരങ്ങൾ, സിറിയൻ പാചകത്തിലെ രുചിയേറുന്ന വിഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാക്കേജുകൾ.

പുരാതന കാലത്തിന്റെയും ആധുനിക കാലത്തിന്റെയും മനോഹര സമന്വയമായ ഈ വീട്ടിൽ സന്ദർശകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യം ഉള്ള നാല് അത്യാധുനിക മുറികളാണ് സന്ദർശകർക്കായി കാത്തിരിക്കുന്നത്.


ചെല്ലാനം തുറമുഖവും, കുമ്പളങ്ങി എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ മോഡൽ ടൂറിസം ഗ്രാമവും ഈ തറവാടിന് അടുത്ത് തന്നെയാണ്. ഭീഷ്മ ഒരുക്കിയിരിക്കുന്ന ഭൂമികയായ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഒക്കെ ഇവിടെ നിന്നും വളരെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങൾ തന്നെ എന്നതും സന്ദർശകരുടെ തിരക്ക് വർധിപ്പിക്കുന്ന പ്രത്യേകതയാണ്