വീട്ടിൽ സെപ്റ്റിക് ടാങ്കും, സോക് പിറ്റും സ്ഥാപിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സെപ്റ്റിക് ടാങ്ക്

മൂന്നു അറകളുള്ള സെപ്റ്റിക് ടാങ്കിലാണ് സ്ലട്ജും (കട്ടിയുള്ള മാലിന്യം) മലിനജലവും വേർതിരിക്കപ്പെടുന്നത്. ഒന്നാമത്തെ അറയിൽ സ്ലട്ജ് അടിയുകയും, മറ്റ് രണ്ട് അറകളിലൂടെ ഒപ്പമുള്ള ജലത്തിലെ മറ്റ് മാലിന്യങ്ങൾ അടിഞ്ഞ്, സോക് പിറ്റിലെത്തുമ്പോൾ മാലിന്യവിമുക്തമായ ജലം മണ്ണിലേക്ക് അരിച്ചിറങ്ങുകയുമാണ് ചെയ്യുന്നത്.

സെപ്റ്റിക് ടാങ്കിന്റെ നിർമാണത്തിന് ബലമുള്ള കട്ടകളും, കോൺക്രീറ്റുമാണ് ഉപയോഗിച്ചുവന്നിരുന്നത്. ചുറ്റുമുള്ള മണ്ണിലെ ഈർപ്പവും, ഊറ്റുറവയുടെ സാന്നിധ്യം കാരണം ഇത്തരം സെപ്റ്റിക് ടാങ്കുകൾ കാലപ്പഴക്കത്തിൽ ഉപയോഗശൂന്യമാവുകയും ചെയ്യുന്നത് കൊണ്ട് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളുടെ ഉപയോഗം വർദ്ധിച്ച് വരുന്നുണ്ട്.


ഏതാണ്ട് പന്ത്രണ്ട് അടി നീളവും നാലടി വീതിയും നാലടി താഴ്ചയുമുള്ള കുഴിയിൽ ചെലവ് കുറച്ച് ആയാസം കൂടാതെ ഇത്തരം റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാം. സെപ്റ്റിക് ടാങ്ക് നിറയുന്ന സാഹചര്യമുണ്ടായാൽ സക്‌ഷൻ പൈപ്പുകൾ പിടിപ്പിച്ച് ക്ലീൻ ചെയ്യാനുള്ള സൗകര്യവും ഇന്ന് നിലവിലുണ്ട്.

30 Flush/Day, 40 Flush/Day, 50 Flush/Day എന്നിങ്ങനെ വിവിധ ഉപയോഗക്രമത്തിലും, അളവിലും ഇത്തരം ടാങ്കുകൾ ലഭ്യമാണ്.

സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കിണർ / ജലസ്രോതസ്സുകളിൽനിന്നും കുറഞ്ഞത് 7.50 മീറ്റർ അകലത്തിൽ വേണം സെപ്റ്റിക് ടാങ്കുകൾ നിർമിക്കുവാൻ. സോക് പിറ്റുകളുടെ അകലം കിണറിൽ നിന്നും 15 മീറ്റർ വിട്ട് വേണം ചെയ്യുവാൻ.
  • വീട് പണി തുടങ്ങുന്നതിനു മുൻപ് സെപ്റ്റിക് ടാങ്കിന്റെയും സോക് പിറ്റുകളുടെയും സ്ഥാനം നിർണയിച്ച ലേ ഔട്ട് പ്ലാൻ തയാറാക്കി വാങ്ങണം. പിന്നീടുണ്ടാകാവുന്ന സർവീസ് ജോലികൾക്ക് ഈ ലേ ഔട്ട് പ്ലാൻ ഏറെ സഹായകരമാകും.
  • റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ കോൺക്രീറ്റ്, ഫെറോസിമന്റ്, ലീനിയർ ലോഡെൻസിറ്റി, പോളി എത്തിലിൻ തുടങ്ങിയ നിരവധി മോഡലുകള്‍ ലഭ്യമാണ്. ഉപയോഗവും, സ്ഥലലഭ്യതയും, വിലയും പരിഗണിച്ചാവണം സെപ്റ്റിക് ടാങ്കുകൾ തിരഞ്ഞെടുക്കുവാൻ.
  • ക്ലോസറ്റിലൂടെ പോകുന്ന വേസ്റ്റ്, സെപ്റ്റിക് ടാങ്കിലേക്കും. വാഷ്ബേസിനിൽ നിന്നും, കുളിമുറിയിൽ നിന്നും, അടുക്കളയിൽ നിന്നുമുള്ള മലിനജലം വെവ്വേറെ സോക്പിറ്റുകളിലാണ് ബന്ധിപ്പിക്കേണ്ടത്.
  • പൈപ്പുകൾക്ക് ആവശ്യത്തിനുള്ള ചെരിവ് നൽകി വേണം സ്ഥാപിക്കുവാൻ. അതാത് സ്ഥലങ്ങളിൽ വായു പുറത്തേക്ക് പോകാനുള്ള വേറെ എയർ പൈപ്പുകൾ നൽകിയിരിക്കണം.
  • ഡ്രെയിനേജ് പൈപ്പുകളിൽ തടസ്സം ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് പരിശോധന ചേംബറുകൾ ഘടിപ്പിക്കുന്നത് ഉചിതമായിരിക്കും.
  • ഊറ്റുറവ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കട്ടയ്ക്കോ, കല്ലിനോ കെട്ടിയ സോക് പിറ്റുകൾ ഒഴിവാക്കി കോൺക്രീറ്റ് ടാങ്കുകൾ നിർമിക്കുക.
  • എയർവെന്റ് പൈപ്പുകൾ യഥാസ്ഥാനത്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

content courtesy : fb group