CCTV വീഡിയോ സർവലൈൻസ് – നിങ്ങൾക്കുതന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം part – 1

CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ

. ചെറിയ കടകളിൽ മുതല്‍ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ‘ എന്താ സി സി ടിവി വയ്ക്കാത്തതെന്ന്?’ ചോദിച്ച് കടയുടമകളെ കുറ്റപ്പെടുത്തുന്നതും പതിവാണ്‌ .

എവിടെയൊക്കെ സി സി ടി വി വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല.

സി സി ടി വിയും സ്വകാര്യതയും തമ്മിൽ വലിയ ബന്ധം ഉള്ളതിനാൽ പൊതു ഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒരു ചർച്ചാ വിഷയവുമാണ്‌.

എനിക്ക് എന്റെ വീട്ടിലെ ടോയ്‌‌ലെറ്റിൽ വരെ സി സി ടിവി കാമറ വയ്ക്കുന്നതിൽ യാതൊരു നിയമ തടസ്സവും ഇല്ല. പക്ഷേ ഒരു പബ്ലിക് ടോയ്‌‌ലറ്റിൽ ആയാൽ അത് മറ്റ് പല നിയമ ലംഘനങ്ങളുടെയും പരിധിയിൽ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതിനായി പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവെ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ ” You are under CCTV surveillance” തുടങ്ങിയ മുന്നറിയിപ്പ് ബോഡുകൾ കാണാം.
ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്നതിൽ നിന്നും പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളവയല്ല.

മറിച്ച് മറ്റാരും നിരിക്ഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ അറിയാതെയുണ്ടാകുന്ന സ്വകാര്യതാ ലംഘനങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌.


ഡിമാൻറ്റ് കൂടിയപ്പോൾ സി സി ടിവി ഫിറ്റ് ചെയ്ത് കൊടുക്കുന്ന ഏജൻസികളും കൂണുപോലെ മുളച്ച് പൊങ്ങിയിരിക്കുന്നു. ഉപഭോക്താക്കളൂടെ അജ്ഞതയും തെറ്റിദ്ധാരണയും മുതലെടുത്ത് വലിയ മാർജിൻ എടുക്കുന്നതിനാൽ ഇത് വലിയ ലാഭകരമായ ഒരു ബിസിനസ് ആയാണ്‌ വിലയിരുത്തപ്പെടുന്നത്.

അതിനാൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ചെയ്ത് പഠിക്കാനും താല്പര്യമുള്ളവർക്കായി എങ്ങിനെ ചുരുങ്ങിയ ചെലവിൽ ഒരു സി സി ടി വി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാം എന്ന് മനസ്സിലാക്കിത്തരാൻ ശ്രമിക്കാം.

നിലവിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതും വിപണിയിൽ സുലഭവുമായ വീഡിയോ സർവലൈൻസ് സംവിധാനങ്ങളെ ഒന്ന് പരിചയപ്പെടാം.

സ്റ്റാൻഡ് അലോൺ വയർലെസ് ഐ പി കാമറകൾ –

ഇതിൽ ഓരോ ക്യാമറയും നേരിട്ടോ ഒരു നെറ്റ്‌‌വർക്ക് സ്വിച്ച് വഴിയോ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വയറോടു കൂടീയതൊ വയർ ലെസ്സോ ആകാം.

ഇന്റർനെറ്റിലൂടെ ഇവ മൊബൈൽ ആപ്പുകളിലൂടെയോ കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയറുകൾ വഴിയോ വിദൂര വീക്ഷണവും റേക്കോഡിംഗും സാദ്ധ്യമാകുന്നു.

പല തരത്തിൽ ഐ പി കാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണെങ്കിലും പൊതുവേ സർവ്വറുകളൊന്നും ഉപയോഗിക്കാത്ത പീർ ടു പീർ വ്യൂവിംഗ് സംവിധാനങ്ങളാണ്‌ ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തിക്കാണുന്നത്.

പീർ ടു പീർ വ്യൂവിങ്ങ് എന്നാൽ നമ്മൂടെ ടോറന്റുകളുടെ അതേ സാങ്കേതിക വിദ്യ തന്നെ. ഓരോ കാമറയ്ക്കും ഒരു യുണീക് ഐഡി ഉണ്ടായിരിക്കും ഈ യുണീക് ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകളുമായോ കമ്പ്യൂട്ടറുകളുമായോ നേരിട്ട് ബന്ധം സ്ഥാപിക്കുന്നു.

ഇതല്ലാതെ നേരിട്ട് കാമറയുടെ ഐ പി അഡ്രസ് ഉപയോഗിച്ചും വിദൂര വീക്ഷണം സാദ്ധ്യമാണ്‌.

ഇതിനായി ഒന്നുകിൽ ഇന്റർനെറ്റ് കണക്ഷന് ഒരു സ്റ്റാറ്റിക് ഐപി അഡ്രസ് ആവശ്യമാണ്‌ (പൊതുവേ ഹോം യൂസർ കണക്ഷനുകൾക്ക് ഇത് കിട്ടാറില്ല. ) അല്ലെങ്കിൽ ഡൈനാമി ഐപി അഡ്രസ്സുകളെ സ്റ്റാറ്റിക് ഐപി അഡ്രസ് ആക്കി മാറ്റുന്ന No IP പോലെയുള്ള തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.

ചൈനീസ് ബ്രാൻഡുകൾ 3000-4000 റേഞ്ചിൽ റിമോട്ട് പാൻ ട്വിൽറ്റ് സൂം (PTZ) ഫംഗ്ഷനുകളോടുള്ളവ ലഭ്യമാകുമ്പോൾ തുല്ല്യമായ ഫീച്ചറുകൾ ഉള്ള ഡി ലിങ്ക്, സോണി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ കാമറകൾക്ക് ഇതിന്റെ അഞ്ചു മുതൽ പത്ത് മടങ്ങ് വരെ വില നൽകേണ്ടതായി വരുന്നു.

അതിനാൽ വലിയ വിലക്കുറവുള്ള ചൈനീസ് ക്യാമറകൾ ഈ മേഖലയിൽ അരങ്ങ് വാഴുന്നു.


പൊതുവേ ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും മറ്റുമാണ്‌ കൂടുതലായി ഐ പി കാമറകൾ ഉപയോഗപ്പെടുത്തുന്നത്.

ഒരൊറ്റ മുറിയുള്ള കടകൾ, വീട്ടിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ, വീട്ടു ജോലിക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കുമായും ഇത്തരം ചെറിയ ഐ പി കാമറകൾ ഉപയോഗപ്പെടുത്താവുന്നതാണ്‌ .

ഐപി കാമറകളുടെ ഡീഫോൾട്ട്‌ പാസ്വ‌‌വേഡുകളും യൂസർ ഐഡികളും മാറ്റിയില്ലെങ്കിൽ വളരെ എളുപ്പത്തിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ട്.

ലോക്കൽ മെമ്മറി കാർഡ് സ്റ്റൊറേജോടു കൂടിയ കാമറകൾ..

പ്രത്യേകിച്ച് നെറ്റ് വർക്ക് കാഡോ റിമോട്ട്‌ സ്റ്റോറേജ് സൗകര്യമോ ഒന്നുമില്ലാത്ത ലോക്കൽ സ്റ്റോറേജ് മാത്രം ഉള്ള സ്റ്റാൻഡ് അലോൺ ക്യാമറകളാണ്‌ ഇവ.

ഇത്തരം കാമറകളിൽ 128 ജി ബി വരെയുള്ള മെമ്മറി കാഡ് പൊതുവേ സപ്പോർട്ട് ചെയ്യുന്നതായി കണ്ടു വരുന്നു. ഇവയിലും ഓഡിയോ‌ വീഡിയോ ഔട് പുട് ഉണ്ട്.

ആവശ്യമാണെങ്കിൽ ടി വിയിലെ വീഡിയോ ഇൻ സോക്കറ്റിൽ കേബിളുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് ടിവിയിലും മറ്റും മോണിറ്റർ ചെയ്യാവുന്നതാണ്‌ . ചുരുങ്ങിയ വിലയിൽ ഇത്തരം കാമറകൾ ലഭ്യമാണ്‌.

ടൈപ്പ് – 3

വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാമറകൾ കേബിളുകൾ വഴി ഡിജിറ്റൽ വീഡീയോ റെക്കോഡറുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധാരണ സി സി ടി വി സിസ്റ്റം ( ഇതാണ്‌ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ളത്).

വീഡിയോ സർവലൈൻസ് ടൈപ്പ് – 4

വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐ പി ക്യാമറകൾ കേബിളുകൾ വഴിയും നെറ്റ് വർക്ക് സ്വിച്ചുകൾ വഴിയും ഒരു നെറ്റ്‌‌വർക്ക് വീഡിയോ‌ റേക്കോർഡറുമായി (NVR) ബന്ധിപ്പിച്ചുകൊണ്ടുള്ള സംവിധാനം.

ബഹുനില മന്ദിരങ്ങളിലും മറ്റും അനേകം ക്യാമറകൾ ഉള്ള വളരെ വിപുലമായ സംവിധാനം ആണെങ്കിൽ ഇതോ അല്ലെങ്കിൽ അനലോഗ് ക്യാമറകൾ കൂടി ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമോ ആയിരിക്കും കൂടുതൽ അനുയോജ്യം.

ടൈപ്പ് – 5

വയർലെസ് കാമറകൾ വൈഫൈ വഴി എൻ വി ആറുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന വൈഫൈ സി സി ടി വി സിസ്റ്റം

വീഡിയോ സർവലൈൻസ് ടൈപ്പ് – 6

അനലോഗ് ക്യാമറകളും നെറ്റ് വർക്ക് ക്യാമറകളും ഒന്നിച്ചുള്ള ഹൈബ്രിഡ് സിസ്റ്റം.

ഒരു CCTV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ സ്വന്തം അവശ്യം എന്തെന്ന് മനസ്സിലാക്കുയും ലഭ്യമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറീവുണ്ടായിരിക്കുകയും നല്ലതാണ്‌.

ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായ ഇടങ്ങളിൽ ഡി വി ആറും മറ്റു സംവിധാനങ്ങളുമെല്ലാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

അനുരാഗ കരിക്കിൻ വെള്ളത്തിൽ നമ്മൾ കണ്ട കണ്ടെയ്നർ വീടുകൾ: സ്ത്രീ സംരംഭകർ പൂനെയിൽ യാഥാർത്യമാക്കുന്നു