എന്താണ് റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ വീടുകൾ?

എന്താണ് റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ വീടുകൾ?നിർമാണ സാമഗ്രികൾക്ക് ദിനം പ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ചിലവ് കുറച്ച് എങ്ങിനെ വീട് നിർമിക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

മാത്രമല്ല പുതിയ രീതിയിലുള്ള നിർമ്മാണ രീതികൾ വീടിനകത്ത് ചൂട് കൂട്ടുന്നതിനും വൈദ്യുത ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

പ്രകൃതിക്കും വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് പുതിയ കെട്ടിട നിർമ്മാണ രീതികൾ നൽകുന്നത്.

നിർമ്മാണ സാമഗ്രികൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന രീതികൾക്ക് അവസാനം കണ്ടെത്തേണ്ട സമയമായിരിക്കുന്നു.

അല്ലെങ്കിൽ അത് ഭൂമിയുടെ സന്തുലനാവസ്ഥ ഇല്ലാതാക്കുന്നതിന് വരെ കാരണമായേക്കാം.

ഇത്തരം സാഹചര്യങ്ങളിൽ ആണ് മഡ് പ്ലാസ്റ്ററിങ് രീതിയായ റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ രീതിയിലുള്ള വീട് നിർമ്മാണത്തിന് പ്രാധാന്യമേറുന്നത്.

ഈയൊരു രീതിയെപ്പറ്റി വിശദമായി മനസിലാക്കാം.

എന്താണ് റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ വീടുകൾ? നിർമ്മാണ രീതി

മൺ വീടുകൾ നിർമ്മിക്കുന്നതിന് നിർമ്മാണ മേഖലയിൽ വലിയ പ്രാവീണ്യമൊന്നും ആവശ്യമില്ല. മാത്രമല്ല ഒരാൾക്ക് തനിയെ നിർമ്മിക്കാവുന്ന പ്ലാസ്റ്ററിങ്‌ രീതി ആയതു കൊണ്ട് തന്നെ വലിയ ചിലവും വരുന്നില്ല.

വീടിനകത്ത് തണുപ്പും വീടിന് ഈടും ഉറപ്പും നൽകുന്നതിന് മഡ് പ്ലാസ്റ്ററിംഗ് രീതി വളരെയധികം ഉപകാരപ്രദമാണ്.

ഇത്തരത്തിൽ പ്രകൃതിക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ വെട്ടുകല്ല്, കരിങ്കല്ല് എന്നിവയൊന്നും ഉപയോഗപ്പെടുത്താതെ നിർമ്മിക്കുന്ന വീടുകളാണ്റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ വീടുകൾ.

കരിങ്കല്ല് അല്ലെങ്കിൽ വെട്ടുകല്ല് എടുക്കുന്നതിനായി ക്വാറികളിൽ നിന്ന് ഖനനം ചെയ്യേണ്ടി വരുമ്പോൾ കരിങ്കല്ല് ഒട്ടും ഉപയോഗിക്കാതെ തന്നെ ഈയൊരു രീതിയിൽ വീടിന്റെ തറ നിർമ്മാണം പൂർത്തിയാക്കാനായി സാധിക്കുന്നു.

അതായത് അസ്ഥിവാരം കീറുമ്പോൾ പുറത്തേക്കിടുന്ന മണ്ണ് ഉപയോഗപ്പെടുത്തി തന്നെയാണ് ഇവിടെ ഫൗണ്ടേഷൻ പണിത് നൽകുന്നത്.

കരിങ്കല്ല് ഉപയോഗിച്ച് ഫൗണ്ടേഷൻ നിർമ്മിക്കുമ്പോൾ ലഭിക്കുന്ന അതേ ബലം ഇത്തരം ഫൗണ്ടേഷൻ രീതികൾക്കും ഉണ്ട് എന്നതാണ് മറ്റൊരു വസ്തുത.നല്ല രീതിയിൽ തറക്ക് ബലം ലഭിക്കുന്നതിനായി മണ്ണിനോടൊപ്പം കുറച്ച് സിമന്റ് കൂടി മിക്സ് ചെയ്ത് തറ ഉറപ്പിച്ച് നൽകുകയാണ് ചെയ്യുന്നത്.

മറ്റ് ഫൗണ്ടേഷൻ രീതികൾ നൽകുന്ന അതേ ഈടും ഉറപ്പും ഈ ഒരു ഫൗണ്ടേഷൻ രീതിക്കുമുണ്ട് എന്നതിനുള്ള തെളിവാണ് മൂന്നുനില വരെ ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിക്കുന്നതും, വലിയ കേടുപാടുകൾ ഇല്ലാതെ ഇപ്പോഴും നമ്മുടെ നാട്ടിൽ കാണുന്ന പഴയ മൺ വീടുകളും.

റാം​ഡ് എ​ർ​ത്ത് രീതിയിൽ വാൾ നിർമ്മിക്കുമ്പോൾ.

വീടിന്റെ ഫൗണ്ടേഷൻ മാത്രമല്ല ഭിത്തികളിലും ഈയൊരു രീതി തന്നെ പരീക്ഷിക്കാവുന്നതാണ്. ഭിത്തി നിർമ്മാണത്തിനായി ഇഷ്ടിക,വെട്ടുകല്ല് എന്നിവ ഉപയോഗപ്പെടുത്തുന്നതിന് പകരമായി മണ്ണ് ഉപയോഗിച്ച് CSEB കട്ടകൾ നിർമ്മിച്ച് എടുക്കുന്നു.

വെറും 5% സിമന്റ് മാത്രം ഉപയോഗപ്പെടുത്തി ബാക്കി മണ്ണിൽ നിർമ്മിക്കുന്ന കട്ടകൾക്ക് സാധാരണ കട്ടകളുടെ അത്ര ബലവും ഭാരം താങ്ങാനുള്ള ശേഷിയും ഉണ്ടാകും.

ഒരു സാധാരണ ചുമര് നിർമ്മിക്കുന്ന അതേ രീതിയിൽ തന്നെ റാംഡ് എർത്ത് വാൾ രീതിയിൽ ഭിത്തികൾ കെട്ടി നല്‍കുകയും ഫിനിഷിംഗ് വരുത്തുകയും ചെയ്യാം.

സാധാരണ പ്ലാസ്റ്ററിംഗ് വർക്കുകൾക്ക് സിമന്റ് ഉപയോഗപ്പെടുത്തുമ്പോൾ അവിടെ മണ്ണ് ഉപയോഗിച്ച് തന്നെയാണ് പ്ലാസ്റ്ററിങ് വർക്കുകളും ചെയ്യുന്നത്.

പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങിയ ഒരു വീട് എന്ന ഫീൽ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ചുമരിൽ ഈയൊരു രീതിയിൽ മറ്റൊരു പ്ലാസ്റ്ററിങ് വർക്ക്,പെയിന്റ് എന്നിവ ചെയ്ത് നൽകേണ്ടി വരുന്നില്ല.

സിമന്റ് ബ്ലോക്കുകളെ അപേക്ഷിച്ച് ഇവ വീട്ടിനകത്ത് തണുപ്പ് നില നിർത്താനും വളരെയധികം സഹായിക്കുന്നു. ഭൂമികുലുക്കം, ചൂട്,തണുപ്പ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്ക് മറ്റു രീതികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്.

കമ്പി, സിമന്റ്,മണൽ, പെയിന്റ് എന്നിവ ലാഭിക്കുകയും പ്രകൃതിസൗഹാർദമായ രീതിയിൽ വീട് നിർമ്മിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന വീട് നിർമ്മാണ രീതിയാണ് റാം​ഡ് എ​ർ​ത്ത്ഫൗണ്ടേ​ഷ​ൻ വീടുകൾ.

എന്താണ് റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ വീടുകൾ എന്ന് മനസിലാക്കിയിരുന്നാൽ അത് വീട് നിർമാണത്തിൽ വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.