മാന്വൽ കോൺക്രീറ്റ് മിക്സിൽ നിന്നും റെഡി മിക്സ് കോൺക്രീറ്റ് മിക്സിനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ.

വീട് നിർമാണത്തിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ മുതൽ ഉപയോഗ രീതിയിൽ വരെ പല രീതിയിലുള്ള സംശയങ്ങളാണ് പലർക്കും ഉണ്ടായിരിക്കുക. ഇവയിൽ ഏറ്റവും പ്രധാനം നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കോൺക്രീറ്റിനെപറ്റിയാണ്.

പ്രധാനമായും രണ്ട് രീതിയിലുള്ള കോൺക്രീറ്റിംഗ് മിക്സിങ് ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നത്. ഒന്ന് പഴയ രീതിയിൽ മണലും,സിമന്റും, കല്ലുമെല്ലാം ചേർത്ത് മാന്വൽ ആയി ഇളക്കുന്ന രീതിയും, രണ്ടാമത്തേത് റെഡിമിക്സ് ഉപയോഗിച്ച് കോൺക്രീറ്റ് മിക്സ്‌ ചെയ്ത് വീട് നിർമ്മിക്കുന്നതും.

എന്നാൽ എന്താണ് റെഡി മിക്സ് കോൺക്രീറ്റ് എന്നതിനെപ്പറ്റി ആർക്കും കൃത്യമായ ധാരണയില്ല. വീട് നിർമ്മാണത്തിൽ റെഡി മിക്സ് കോൺക്രീറ്റ് ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും കൃത്യമായി അറിഞ്ഞിരിക്കാം.

എന്താണ് റെഡിമിക്സ് കോൺക്രീറ്റ് മിക്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

എൻജിനീയറിങ് കോൺക്രീറ്റ് മിക്സ് ഡിസൈൻ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായം ഉപയോഗപ്പെടുത്തി പ്രത്യേക പ്ലാന്റിൽ നിർമ്മിച്ചെടുക്കുന്നവയാണ് റെഡി മിക്സ്‌ കോൺക്രീറ്റ് മിക്സിങ് .

പ്രത്യേക ബാച്ചുകൾ ആയാണ് ഇവ നിർമ്മിച്ചെടുക്കുന്നത്. പലപ്പോഴും വീട് നിർമാണത്തിൽ റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗപ്പെടുത്തുമ്പോൾ വരുന്ന ചിലവ്, നിർമ്മാണരീതി, ക്വാളിറ്റി എന്നിവയിലുള്ള സംശയങ്ങളാണ് റെഡി മിക്സ്‌ ഒഴിവാക്കാൻ പലർക്കും ഉള്ള കാരണങ്ങൾ.

ഏത് രീതി തിരഞ്ഞെടുക്കണം?

മാന്വൽ രീതിയിൽ കോൺക്രീറ്റ് മിക്സ് ചെയ്യുന്നത് പണിക്കാർ ഹാൻഡ് ഷവൽ ഉപയോഗിച്ച് മെറ്റീരിയൽ മിക്സ് ചെയ്ത് എടുത്താണ്. ഇപ്പോഴും പരമ്പരാഗത രീതി പിന്തുടർന്ന് ചെറിയ രീതിയിലുള്ള കോൺക്രീറ്റ് വർക്കുകൾക്ക് ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.

എന്നാൽ പഴയരീതി ഉപയോഗപ്പെടുത്തി കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ എല്ലാ ഭാഗത്തേക്കും ഒരേ രീതിയിൽ കോൺക്രീറ്റ് മിക്സിങ് നടക്കുന്നില്ല.

എന്നാൽ റെഡിമിക്സ് കോൺക്രീറ്റ് മിക്സർ ഉപയോഗപ്പെടുത്തി കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന എംസാൻഡ് അല്ലെങ്കിൽ മണൽ, സിമന്റ്,മെറ്റൽ എന്നിവ നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാൻ സാധിക്കുകയും അവ ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

മെറ്റീരിയൽ മിക്സ് ചെയ്യുമ്പോൾ എല്ലാ ഭാഗത്തേക്കും ഒരേരീതിയിൽ സ്പ്രെഡ് ചെയ്യുന്നത് കൊണ്ട് തന്നെ കോൺക്രീറ്റ് ചെയ്യുമ്പോഴും അതിന്റെതായ ഭംഗിയും വൃത്തിയും ലഭിക്കും.

റെഡിമിക്സ് മെഷീനുകൾ ഉപയോഗിക്കുമ്പോൾ

കോൺക്രീറ്റ് മിക്സ് ചെയ്യുന്നതിനായി റെഡിമിക്സ് മെഷീനുകൾ ഉപയോഗിക്കുമ്പോൾ 50 മുതൽ 100 ബാഗ് വരെ സിമന്റ് ഒരേസമയം മെഷീനിലേക്ക് ഇട്ട് നൽകുകയാണ് ചെയ്യുന്നത്.

എന്നാൽ ഇവിടെ നൽകേണ്ട വാട്ടർ റേഷ്യോ അളവ്, സെറ്റ് ചെയ്യേണ്ട സമയം എന്നിവ വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ കോൺക്രീറ്റ് ചെയ്തെടുക്കുന്ന മിക്സ് ചിലപ്പോൾ ശരിയായ അളവിൽ അല്ല ലഭിക്കുക.

കൂടാതെ മെറ്റീരിയൽ മുഴുവനായും ഒറ്റത്തവണ പർച്ചേസ് ചെയ്തു സ്റ്റോർ ചെയ്യേണ്ടതായി വരും. കാരണം ഒരു ബാച്ച് എന്ന രീതിയിലാണ് ഇവിടെ കോൺക്രീറ്റ് മിക്സ് ചെയ്യുന്നത്.

എന്നുമാത്രമല്ല കോൺക്രീറ്റിംഗ് സമയത്ത് ലെ പണിക്കാരുടെ എണ്ണം കൂടുതലായി ആവശ്യമായിവരും.

മാന്വൽ വർക്കിനെ വെച്ച് കമ്പയർ ചെയ്യുമ്പോൾ വളരെ കുറഞ്ഞ സമയത്തിൽ കോൺക്രീറ്റ് മിക്സ് ചെയ്ത് എടുക്കാൻ ഈ രീതിയിൽ സാധിക്കും. റെഡിമിക്സ് കോൺക്രീറ്റ് ചെയ്തെടുക്കാൻ വെറും രണ്ടു മണിക്കൂർ സമയമേ ആവശ്യമായി വരുന്നുള്ളൂ.

കോൺക്രീറ്റ് മിക്സിങ് ചെയ്യുമ്പോൾ മാന്വൽ രീതിയെ അപേക്ഷിച്ച് വേസ്റ്റേജ് കുറവ് മാത്രമാണ് വരുന്നത്.

വെള്ളം കുറവ് ലഭിക്കുന്ന സ്ഥലങ്ങളിൽ മിക്സറിനകത്ത് ആവശ്യത്തിനു വെള്ളം നിറച്ച് കൊണ്ടുവരികയാണെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പിന്നീട് വരുന്നില്ല.

മാന്വൽ ആയി കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ

മാന്വൽ ആയി കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ അവ പലപ്പോഴും കൃത്യമായ അളവിൽ അല്ല മെറ്റീരിയലുകൾ മിക്സ് ചെയ്യപ്പെടുന്നത്.

എല്ലാ ഭാഗത്തേക്കും ഒരേ രീതിയിൽ മെറ്റീരിയൽ സ്പ്രെഡ് ചെയ്യപ്പെടുന്നില്ല. ഓരോ സമയത്തെയും ആവശ്യത്തിനു വേണ്ടി മാത്രം മെറ്റീരിയൽ മിക്സ് ചെയ്യുമ്പോൾ പലപ്പോഴും വേസ്റ്റേജ് വരാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം കൂടുതൽ സമയമെടുത്ത് മാത്രമാണ് കോൺക്രീറ്റ് മിക്സ് ചെയ്ത് എടുക്കാൻ സാധിക്കുകയുള്ളൂ. മാന്വൽ വർക്കുകൾക്ക് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ കോൺക്രീറ്റ് മിക്സ് ചെയ്യുന്നതിനുള്ള സമയം ആവശ്യമായിവരും.

എന്നാൽ പണിക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധിക്കും. അതായത് മിക്സ് ചെയ്യുന്ന ഒരാൾ അതുമായി ബന്ധപ്പെട്ട എല്ലാ പണികളും ചെയ്യുന്നു.

മെറ്റീരിയലുകൾ മിക്സ് ചെയ്യുമ്പോൾ കൃത്യമായ അളവിൽ വാട്ടർ റേഷ്യോ, ചൂട് എന്നിവ നൽകുകയാണെങ്കിൽ നല്ല ക്വാളിറ്റിയിൽ തന്നെ കോൺക്രീറ്റ് മിക്സ് ചെയ്ത് എടുക്കാൻ സാധിക്കും.

എന്താണ് ബാച്ച് കോൺക്രീറ്റ് ?

റെഡിമിക്സ് വാഹനത്തിൽ വരുന്ന കോൺക്രീറ്റ് ആണ് ബാച്ച് കോൺക്രീറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി 6M ക്യൂബോ മുകളിലോ ആണ് ഒരു ബാച്ചിൽ കോൺക്രീറ്റ് ആയി വരുന്നത്.

വാഹനത്തിൽ വരുന്ന കോൺക്രീറ്റിൽ ആവശ്യമാണെങ്കിൽ ടെമ്പറേച്ചർ ടെസ്റ്റ്, സ്ലം ടെസ്റ്റ് എന്നിവ നടത്തി ക്വാളിറ്റി ചെക്ക് ചെയ്യാവുന്നതാണ്.

കോൺക്രീറ്റിന്റെ സ്‌ട്രെങ്ത് പരിശോധിക്കുന്നതിനായി ഇവയിൽ നിന്നും കുറച്ച് അളവ് കോൺക്രീറ്റ് എടുത്ത് ചെറിയ ക്യൂബുകൾ ആക്കി ഏഴ് മുതൽ 28 ദിവസം വരെ വച്ച് പരീക്ഷിക്കാവുന്നതാണ്.

അല്ലായെങ്കിൽ കോൺക്രീറ്റ് മിക്സ് ചെയ്തു തരുന്ന സ്ഥാപനങ്ങളിൽ നിന്നും ക്യൂബുകൾ വാങ്ങി അവ പ്രത്യേക ലാബുകളിൽ നൽകി ടെസ്റ്റ് ചെയ്തു നോക്കുകയും ആവാം. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കോൺക്രീറ്റ് സ്‌ട്രെങ്ത് പരിശോധിക്കുന്നതിന് ACT പരിശോധനകളും നടത്തി നോക്കാവുന്നതാണ്.

വീടിന്റെ ഷട്ടർ വർക്കുകൾ പൂർത്തിയായതിനു ശേഷം റെഡിമിക്സ് കമ്പനികളെ കോൺടാക്ട് ചെയ്യുന്നപക്ഷം അവർ സൈറ്റിൽ നേരിട്ട് എത്തി കോൺക്രീറ്റ് മിക്സ്‌ വർക്കുകൾ നല്ലരീതിയിൽ ചെയ്തു തരും.

2 രീതിയിൽ കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോഴും ആ സമയത്തെ മെറ്റീരിയലിന്റെ വില അനുസരിച്ചാണ് ചിലവ് പ്രതീക്ഷിക്കേണ്ടത്.

ഏത് രീതി ഉപയോഗപ്പെടുത്തി കോൺക്രീറ്റ് മിക്സ് ചെയ്താലും അവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നിരുന്നാലും റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ ഭാവിയിൽ വീടിന് പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകും എന്നത് തീർത്തും തെറ്റായ ധാരണ മാത്രമാണ്.