ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ആ ഒരു സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല.

സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന വീട് ചെറുതാണോ വലുതാണോ എന്നതിലല്ല കാര്യം. അതിൽ എങ്ങിനെ സ്വസ്ഥവും സുഖവുമായി ജീവിക്കാം എന്നതിലാണ്.

പലപ്പോഴും ഇല്ലാത്ത പണം ഉണ്ടാക്കി വീട് നിർമ്മിച്ച് കഴിയുമ്പോൾ അത് ഉണ്ടാക്കുന്നത് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ ആണ്.

കയ്യിലില്ലാത്ത പണത്തിന് ഒരു സോഴ്സ് കണ്ടെത്തുകയും പിന്നീട് അത് ഒരു ബാധ്യതയായി മാറുകയും ആണ് മിക്കസ്ഥലങ്ങളിലും സംഭവിക്കുന്നത്.

വീട് നിർമ്മാണം തുടങ്ങിയശേഷം അല്ല ബഡ്ജറ്റിനെ പറ്റി ആലോചിക്കേണ്ടത്. പകരം അതിനു മുൻപ് തന്നെ കൃത്യമായ ഒരു പ്ലാനിങ് ഇല്ലാത്തതാണ് കടക്കെണിയിലേക്ക് എത്തിക്കുന്ന ഘടകം.

വലിയ കടബാധ്യതകൾ ഒന്നും ഇല്ലാതെ തന്നെ ഒരു വീട് പണി എങ്ങിനെ പുറത്താക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്.

കൃത്യമായ പ്ലാനിങ്

വീടു പണി ആരംഭിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ കൈവശം എത്ര പണമുണ്ട് എന്നത് കൃത്യമായി തിട്ടപ്പെടുത്തുക.

ബാക്കി തുക കണ്ടെത്താനായി എത്ര രൂപ വരെ ലോൺ ലഭിക്കുന്നതിന് എലിജിബിൾ ആണ് എന്ന കാര്യം ബാങ്കിൽ നിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.

വീടുപണി ഫുൾ ഫിനിഷ് കോൺട്രാക്ട് ആണോ ലേബർ കോൺട്രാക്ട് ആണോ നൽകേണ്ടത് എന്നകാര്യം ഉറപ്പുവരുത്തുക.

ഒരു സ്ക്വയർ ഫീറ്റ് പണിയുന്നതിന് എത്രമാത്രം കോസ്റ്റ് വരും എന്നത് കൃത്യമായി അറിഞ്ഞിരിക്കുക.

മെറ്റീരിയൽ, ലേബർ കോസ്റ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തണം.

വീട് നിർമ്മിക്കുമ്പോൾ ഓരോ ഏരിയയിലും സ്ക്വയർഫീറ്റിന് നൽകേണ്ടി വരുന്നത് വ്യത്യസ്ത വിലകൾ ആയിരിക്കും.

മെറ്റീരിയൽ ലഭ്യത അനുസരിച്ചാണ് ഇതിൽ വ്യത്യാസം വരിക.

ബഡ്ജറ്റ് കണക്കാക്കുമ്പോൾ

ഒരു സ്ക്വയർ ഫീറ്റ് പണിയുന്നതിന് ആവശ്യമായ ചിലവ് 200 രൂപ എന്ന നിരക്കിൽ എടുക്കുകയാണെങ്കിൽ തന്നെ നിങ്ങളുടെ കൈവശമുള്ള പണം 10 ലക്ഷം രൂപ യാണെങ്കിൽ അതിന് നിർമ്മിക്കാൻ സാധിക്കുന്നത് വെറും 500 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടായിരിക്കും.

അതേസമയം ഇതിൽനിന്നും ഒരു 100 സ്ക്വയർഫീറ്റ് കൂടി കൂട്ടി പണിയുന്നതിൽ തെറ്റില്ല. അതിന് ഇരട്ടിയായി വരുന്ന രീതിയിൽ ഒരു പ്ലാൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ അവിടെയാണ് പാളിച്ച പറ്റുന്നത്.

വീട് നിർമാണം വളരെയധികം അടുക്കും ചിട്ടയോടും കൂടി ചെയ്യേണ്ട ഒരു കാര്യമാണ്.

ഓരോ ഘട്ടങ്ങളിലും ആവശ്യമായ പണം കൈവശമുണ്ട് എന്ന കാര്യം ഉറപ്പിച്ചതിനു ശേഷം മാത്രം പണി ആരംഭിക്കുന്നതാണ് നല്ലത്.

നല്ല രീതിയിൽ പ്ലാൻ ചെയ്യാം

മിക്ക വീടുകളിലും താഴെ 2 ബെഡ് റൂമുകളുള്ള വീടാണ് എങ്കിൽ ഒന്ന് അറ്റാച്ച്ഡ് ബാത്റൂം മറ്റേത് കോമൺ ബാത്റൂം എന്ന രീതിയിലായിരിക്കും നൽകുന്നത്.

ഇവിടെ രണ്ട് ബാത്ത്റൂമുകൾക്കുള്ള സ്ഥലം, കോസ്റ്റ് എന്നിവ കണ്ടെത്തേണ്ടതുണ്ട്.

അതേസമയം രണ്ട് ബെഡ്റൂമിൽ നിന്നും പ്രവേശിക്കാവുന്ന രീതിയിൽ ഒരു കോമൺ ടോയ്ലറ്റ് ആണ് നൽകുന്നത് എങ്കിൽ അത് ചിലവ് കുറയ്ക്കാനും അതേ സമയം സ്ഥലം നല്ല രീതിയിൽ യൂട്ടിലൈസേഷൻ ചെയ്യാനും സാധിക്കും.

അതായത് ഒരു ടോയ്‌ലറ്റ് പൂർണമായും മെറ്റീരിയലുകൾ വാങ്ങി നല്ല രീതിയിൽ ചെയ്തു കൊടുക്കുമ്പോൾ തന്നെ അതിനു കോസ്റ്റ് ആയി വരുന്നത് ഒരു ലക്ഷം രൂപയുടെ അടുത്താണ്.

ഇത്തരത്തിൽ രണ്ട് ലക്ഷം രൂപ ചിലവഴിക്കേണ്ട സ്ഥലത്ത് ഒരു ലക്ഷം രൂപ മാത്രം ചിലവഴിക്കാവുന്ന രീതിയിൽ കോമൺ ടോയ്ലറ്റ് സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.

സ്ക്വയർഫീറ്റിന്റെ അളവിലല്ല കാര്യം

പലരും ചെയ്യുന്ന ഒരു വലിയ അബദ്ധം വീടുവയ്ക്കാൻ തീരുമാനിക്കുമ്പോൾ ഒരു ആർക്കിടെക്ടിനെ സമീപിച്ച് ഇത്ര സ്ക്വയർ ഫീറ്റിൽ ഒരു വീട് വേണമെന്ന് ആവശ്യപ്പെടുകയാണ്. അതായത് ഇവിടെ നിങ്ങൾക്ക് കിച്ചൺ, ലിവിങ് ഏരിയ,ബാത്റൂം എന്നിവിടങ്ങളിൽ എത്രമാത്രം സ്പേസ് വേണം എന്നത് കൃത്യമായി പറയുന്നില്ല.

അതുകൊണ്ട് സ്ക്വയർ ഫീറ്റ് കണക്ക് പറയുന്നതിന് മുൻപായി നിലവിൽ താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടിൽ ഒരു ബെഡ്റൂം സൈസ് എത്രയാണോ ഉള്ളത് അത് ആദ്യം ചെക്ക് ചെയ്യുക. തുടർന്ന് അതിൽ നിന്നും എത്ര കൂട്ടിയോ കുറച്ചോ ആണോ ആവശ്യമുള്ളത് ആ ഒരു അളവ് ബെഡ്റൂമിൽ വേണം എന്നത് ആർക്കിടെക്ടിനോട് പറയാം. ഇതേ രീതിയിൽ തന്നെ വീട്ടിലെ ലിവിങ് ഏരിയ കിച്ചൻ എന്നിവയുടെ അളവുകളും തീരുമാനിക്കാവുന്നതാണ്. തുടർന്ന് നിങ്ങൾ പറയുന്ന അളവുകളെയെല്ലാം അടിസ്ഥാനമാക്കി എത്ര സ്ക്വയർഫീറ്റ് ആവശ്യമായിവരും എന്നത് ആർക്കിടെക്റ്റ് പറഞ്ഞുതരും.

വീടിന്റെ പ്ലാനും സ്ഥലവും

ഒരു വീട് പ്ലാൻ ചെയ്യുന്നതിന് മുൻപായി ആ സ്ഥലത്തിന്റെ അളവിന് പ്രാധാന്യം നൽകണം. പുതിയ ബിൽഡിംഗ് റൂൾ പാലിച്ചുകൊണ്ട് എങ്ങിനെ ആ സ്ഥലത്ത് ഒരു വീട് നിർമ്മിച്ചെടുക്കാം എന്നതിലാണ് അടുത്ത കാര്യം. അതിനുശേഷം ആവശ്യമുള്ള ഭാഗങ്ങളിൽ അളവ് കൂട്ടിയും കുറച്ചും നൽകി നല്ല രീതിയിൽ ഒരു വീട് നിർമ്മിച്ചെടുക്കുക എന്നതാണ് പ്രധാനം. എപ്പോഴും വീട് വയ്ക്കാനായി തിരഞ്ഞെടുക്കുന്ന എല്ലാ സ്ഥലവും ഒരേ ഷേപ്പിൽ അല്ല ഉണ്ടായിരിക്കുക.

ചിലത് റെക്ടാങ്കിൾ ആണെങ്കിൽ മറ്റു ചിലത് സ്ക്വയർ ഷേപ്പിൽ ആയിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇവ മണ്ണിട്ട് നിരപ്പാക്കുന്നതിനും ഫൗണ്ടേഷൻ ചെയ്യുന്നതിനുള്ള ചിലവ് മുൻകൂട്ടി കാണേണ്ടിവരും. വീടുപണി മുഴുവൻ പൂർത്തിയായി കഴിഞ്ഞാൽ ആ വീട്ടിലേക്ക് ആവശ്യമായ പെയിന്റിങ് വർക്കുകൾ,ഗെയ്റ്റ്, ഇന്റീരിയർ വർക്കുകൾ ഫർണിച്ചറുകൾ വാങ്ങാനുള്ള പണം എന്നിവ കൂടി പ്ലാനിനോടൊപ്പം തന്നെ ഉണ്ടാക്കി വയ്ക്കണം.

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു കൊണ്ടാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ പിന്നീട് കടക്കെണിയിൽ വീഴുമെന്ന പേടി വേണ്ട.