മുറ്റവും റോഡും തമ്മിൽ ലെവൽ സെറ്റ് ചെയ്തില്ലെങ്കിൽ വീട് നിർമ്മാണത്തിൽ നഷ്ടം വരുന്ന വഴിയറിയില്ല.

വീട് നിർമിക്കുമ്പോൾ വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് വീടിന്റെ മുറ്റവും റോഡും തമ്മിലുള്ള ലെവൽ സെറ്റ് ചെയ്യുക എന്നത്.

പലപ്പോഴും വീടു പണി മുഴുവൻ പൂർത്തിയായി കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു കാര്യത്തെപ്പറ്റി പലരും ചിന്തിക്കുന്നത്.

പിന്നീട് മഴ പെയ്തു കഴിഞ്ഞാൽ റോഡിൽ നിന്നും വെള്ളം മുഴുവൻ മുറ്റത്തേക്ക് കയറുന്ന അവസ്ഥയും വരും. കൂടാതെ വണ്ടി കയറ്റി ഇറക്കാനും ബുദ്ധിമുട്ട് നേരിടേണ്ടിവരും.

എന്നാൽ ഫൗണ്ടേഷൻ പണി തുടങ്ങുന്നതിനു മുൻപു തന്നെ വീടിന്റെ മുറ്റവും റോഡും തമ്മിൽ കൃത്യമായി ലെവൽ സെറ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വരില്ല.

റോഡും മുറ്റവും തമ്മിൽ ലെവൽ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന്റെ പ്ലാൻ വരച്ച് പണി തുടങ്ങുന്നതിനു മുൻപായി തന്നെ ലെവൽ സെറ്റ് ചെയ്യണം. പലപ്പോഴും വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ട് റോഡിൽ നിന്ന് ഉയരത്തിലോ, താഴ്ചയിലോ ആകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ പ്ലോട്ട് എങ്ങിനെയാണോ ഉള്ളത് അതനുസരിച്ചാണ് ലെവൽ ചെയ്യേണ്ടത്.

റോഡ് ലെവൽ ചെയ്ത ഭാഗത്തു നിന്നും 30 സെന്റീമീറ്റർ എങ്കിലും ഉയരത്തിൽ ആയിരിക്കണം പ്ലോട്ട് ഉണ്ടാകേണ്ടത് .

വീടിന്റെ ഗേറ്റ് എവിടെയാണോ വരുന്നത് അതിന്റെ എൻട്രൻസിൽ നിന്നുമാണ് പ്ലോട്ടിന്റെ ലെവൽ സെറ്റ് ചെയ്ത് തുടങ്ങേണ്ടത്. അതല്ല എങ്കിൽ പ്ലോട്ടിന്റെ സെന്റർ ഭാഗത്തുനിന്നും ലെവൽ ചെയ്തു തുടങ്ങാവുന്നതാണ്.

താഴ്ന്നു കിടക്കുന്ന പ്ലോട്ടുകളിൽ ലെവൽ സെറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ

സാധാരണ ഒരു പ്ലോട്ടിൽ 30 സെന്റ് മീറ്റർ ഉയരത്തിൽ ആയിരിക്കണം ലെവൽ ചെയ്ത് തുടങ്ങാൻ. കൂടുതൽ താഴ്ച്ച, അല്ലെങ്കിൽ ചെരിവുള്ള പ്രദേശങ്ങളിൽ അതിൽ നിന്നും കൂട്ടി വേണം ലെവൽ നൽകാൻ.

അതായത് ഏകദേശം 65 സെന്റീമീറ്റർ എങ്കിലും ഉയരത്തിലായി ലെവൽ സെറ്റ് ചെയ്തു തുടങ്ങാം.

ചരിഞ്ഞ പ്രദേശങ്ങളിൽ ലെവൽ സെറ്റ് ചെയ്ത് കഴിഞ്ഞ് വീണ്ടും നിരപ്പാക്കുന്നതിനു വേണ്ടി കൂടുതൽ മണ്ണ് ആവശ്യമായി വന്നേക്കാം.

കൃത്യമായി ലെവൽ ചെയ്തില്ല എങ്കിൽ പിന്നീട് മണ്ണ് മഴയുള്ള സമയത്ത് ഒഴുകി പോകാനുള്ള സാധ്യതയുണ്ട്.

കൂടുതൽ താഴ്ന്ന പ്രദേശങ്ങളിൽ ലെവൽ ചെയ്യുമ്പോൾ ഒരു സെല്ലാർ ഫ്ലോർ ചെയ്തശേഷം ലെവൽ ചെയ്യുന്നതാണ് നല്ലത്. റോഡ് ലെവലിൽ നിന്ന് ഒരു സ്ലാബ് നൽകിയ ശേഷം വേണം സ്ട്രക്ചർ പണി ആരംഭിക്കാൻ.

കൃത്യമായി ലെവൽ ചെയ്യാതെ വെള്ളം കെട്ടി നിന്നാൽ പിന്നീട് അത് ബിൽഡിങ്ങിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കും.

കൂടാതെ വെള്ളം കെട്ടിനിന്നാൽ അത് സെപ്റ്റിക് ടാങ്ക്, സോക്ക്പിറ്റ് എന്നിവ കേടു വരുന്നതിനും കാരണമായേക്കാം.

സ്റ്റെപ് കണക്ക് നോക്കുകയാണെങ്കിൽ രണ്ടോ മൂന്നോ സ്റ്റെപ് മുറ്റത്തു നിന്നും വച്ചാൽ വീട്ടിലേക്ക് കയറുന്ന രീതിയിൽ വേണം സെറ്റ് ചെയ്യാൻ. വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്തി മണ്ണ് ലെവൽ ചെയ്യുന്നുണ്ടെങ്കിലും ബഡ്ജറ്റിന് അനുസരിച്ച് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.

ഫൂട്ടിങ് ചെയ്യുമ്പോൾ മണ്ണ് ഉപയോഗിക്കുന്നില്ല എങ്കിൽ പിന്നീട് വീണ്ടും കോസ്റ്റ് കൂടുന്നതാണ്. എന്ന് മാത്രമല്ല ഫില്ല് ചെയ്ത മണ്ണാണെങ്കിൽ പിന്നീട് അത് ഇടിഞ്ഞു വീഴുന്നതിനും കാരണമായേക്കാം.

റോഡിൽ നിന്നും ഉയരത്തിലാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത് എങ്കിൽ.

പലപ്പോഴും റോഡും പ്ലോട്ടും തമ്മിൽ കൃത്യമായി ലെവൽ ചെയ്യാതെ ഉയരത്തിൽ പ്ലോട്ട് സ്ഥിതി ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത് തുടക്കത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല എങ്കിലും പിന്നീട് വണ്ടികൾ കയറ്റി ഇറക്കാൻ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരും. കാരണം ഒരു കയറ്റം പോലെയായിരിക്കും പ്ലോട്ടും റോഡും തമ്മിൽ ഉണ്ടാവുക.

വീടിന്റെ പെർമിറ്റ് അപ്ലൈ ചെയ്യുന്നതിന് മുൻപായി തന്നെ റോഡും വീട്ടിലേക്കുള്ള മുറ്റവും തമ്മിലുള്ള അകലം നിയമത്തിൽ പറയുന്നത് അനുസരിച്ചാണോ ഉള്ളത് എന്ന് ചെക്ക് ചെയ്തു നോക്കണം.

അല്ലെങ്കിൽ പിന്നീട് അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. താഴ്ന്നു കിടക്കുന്ന ഒരു പ്ലോട്ടിൽ ആണെങ്കിൽ മണ്ണ് ആദ്യം ഫിൽ ചെയ്താണ് കോളം ഫൂട്ടിങ് ചെയ്യുന്നത്.

മണ്ണ് ഫിൽ ചെയ്ത് നൽകുമ്പോൾ നല്ല പോലെ വെള്ളം ഒഴിച്ച് ഉറപ്പിക്കാനായി ശ്രദ്ധിക്കണം. അതല്ല എങ്കിൽ പിന്നീട് മണ്ണ് ഒലിച്ചു പോകാനുള്ള സാധ്യതയുണ്ട്.

മുറ്റവും റോഡും തമ്മിൽ ലെവൽ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമാണ് വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഉണ്ടാവുക.