ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും.വീട് നിർമ്മാണം മുഴുവനായും പൂർത്തിയായി താമസ യോഗ്യമായി കഴിഞ്ഞാൽ വീട്ടുകാരെയും കൂട്ടുകാരെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ഗൃഹപ്രവേശം നടത്തുന്ന ഒരു രീതി നമ്മുടെ നാട്ടിൽ കാലങ്ങളായി ഉണ്ട്.

പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷം എല്ലാവരെയും ചേർത്തു നിർത്തി തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ.

പാലുകാച്ചിയും ആഘോഷങ്ങൾ നടത്തിയും വീട്ടുകാരെയും കുടുംബക്കാരെയും സന്തോഷിപ്പിക്കുന്ന ഈയൊരു ചടങ്ങിന് ഓരോ നാട്ടിലും ഓരോ പേരുകളാണ് പറയുന്നത്.

ഗൃഹ പ്രവേശവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നാട്ടിലെ പേരുകൾ എന്തെല്ലാമാണെന്ന് ഒരു കൗതുകത്തിനു വേണ്ടിയെങ്കിലും അറിഞ്ഞിരിക്കാം.

ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും അത്ഭുതപ്പെടുത്തും.

മലയാളത്തിൽ ഗൃഹപ്രവേശം എന്ന പൊതുവായ പേരിൽ അറിയപ്പെടുന്ന ചടങ്ങിന് ഇംഗ്ലീഷിൽ പറയുന്ന പേര് ‘ഹൗസ് വാമിംഗ് ‘എന്നാണ്. ഇത് നമ്മുടെ നാട്ടിലെ മിക്ക ആളുകൾക്കും അറിയാവുന്ന കാര്യവുമാണ്.

എന്നാൽ കേരളത്തിലെ 14 ജില്ലകളിലും ഗൃഹപ്രവേശം അറിയപ്പെടുന്നത് പല പേരുകളിലാണ് എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. എന്തിനു പറയണം ഓരോ ജില്ലയിലെയും ഗ്രാമ പ്രദേശങ്ങളിൽ പോലും ഇവയ്ക്ക് വ്യത്യസ്ത പേരുകളാണ് ഉള്ളത്.

തിരുവനന്തപുരത്ത് ഗൃഹപ്രവേശം ‘പാലുകാച്ചൽ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ പല നാടുകളിലും പാലുകാച്ചൽ എന്നത് ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനെ ആസ്പദമാക്കിയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

വീട്ടിൽ ആദ്യമായി പാചകം ചെയ്യാനായി കുറച്ച് പാൽ അടുപ്പത്ത് വയ്ക്കുകയും അത് ഒഴുകി പുറത്ത് വരികയും ചെയ്യുന്നതോടെ ആ വീട്ടിൽ പാചക കാര്യങ്ങൾ ആരംഭിക്കാം എന്ന ഒരു വിശ്വാസമാണ് ഇതിനു പുറകിൽ ഉള്ളത്.

എന്നാൽ പഴമക്കാർ പാല് തിളച്ച് ഒഴുകുന്ന ദിശക്ക് പോലും പ്രാധാന്യമുണ്ടെന്നൊക്കെ പറയാറുണ്ട്.

ഇനി കണ്ണൂർ, കാസർഗോഡ് ഭാഗത്തേക്ക് വന്നു കഴിഞ്ഞാൽ’ കുടി കൂടൽ ‘,’കൂടിയാൽ ‘എന്നീ പേരുകളിൽ എല്ലാം ഗൃഹപ്രവേശ ചടങ്ങ് അറിയപ്പെടുന്നു. മലപ്പുറം ജില്ലയിൽ തന്നെ വ്യത്യസ്ത പേരുകളിലാണ് ഈയൊരു ചടങ്ങ് അറിയപ്പെടുന്നത്. ‘

കുടിയിരിക്കൽ’, ‘കുറ്റൂസ’എന്നീ പേരുകളിൽ എല്ലാം ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിൽ അറിയപ്പെടുന്നു.

കോട്ടയം ജില്ലയിൽ’ കേറി താമസം’ എന്നും, കണ്ണൂർ ജില്ലയിൽ ‘കുടിയൽ ‘എന്നും അറിയപ്പെടുന്ന ഹൗസ് വാർമിംഗ് ആലപ്പുഴയിലേക്ക് എത്തുമ്പോഴേക്കും ‘പുരാവസ്തുബലി’, ‘പെര വാസ്തോലി’ എന്നാണ് അറിയപ്പെടുന്നത്.

തൃശൂർ ഭാഗത്ത് ‘പെര പാർക്കൽ’ കൊടുങ്ങല്ലൂരിൽ എത്തുമ്പോൾ ‘പാർക്കൽ’ വടകര ഭാഗത്ത് ‘ വീട്ടു കൂടൽ’ എന്നിങ്ങിനെയെല്ലാം അറിയപ്പെടുന്ന ചടങ്ങ് ചാലക്കുടിയിൽ ‘പേര താമസം ‘എന്നാണ് അറിയപ്പെടുന്നത്.

മലയാളികൾ താമസിക്കുന്ന എല്ലാ ഇടങ്ങളിലും ഈ ഒരു ചടങ്ങ് ഉള്ളതു കൊണ്ടു തന്നെ ലക്ഷ ദ്വീപ് എത്തുമ്പോൾ ‘ഫിര കുടിയേർണ്ട’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇത്തരത്തിൽ ഓരോ നാടുകളിലും ഗൃഹപ്രവേശത്തിന് പറയുന്ന പേരുകൾ അവസാനിക്കുന്നില്ല.

പേരുകളിലെ വ്യത്യാസവും ചടങ്ങുകളും.

പേരുകളിൽ വലിയ വ്യത്യാസങ്ങളൊക്കെ ഉള്ള ഒന്നാണ് ഗൃഹപ്രവേശമെങ്കിലും ചടങ്ങുകളുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടെന്ന് കരുതുന്നില്ല. സത്യത്തിൽ വീട്ടുകാരെയും കുടുംബക്കാരെയും എല്ലാം ഒത്തൊരുമിപ്പിച്ചു പുതിയ വീട് കാണിക്കുക എന്ന ഒരു ഉദ്ദേശം മാത്രമാണ് ഈ ഒരു ചടങ്ങിന് പുറകിൽ ഉള്ളത്.

പുതിയ വീട് നിർമ്മിക്കുമ്പോൾ ആ വീട്ടിലേക്ക് പുതിയ ഉപകരണങ്ങളും ഫർണിച്ചറുകളും വേണമെന്ന് നിർബന്ധം പിടിക്കുന്നവരും ഇന്ന് കുറവല്ല.

മാത്രമല്ല ഇത്തരം ചടങ്ങുകൾ നടത്തുമ്പോൾ കുടുംബക്കാർ സന്തോഷത്തിനായി നിരവധി സമ്മാനങ്ങളും മറ്റും വീട്ടുകാർക്ക് നൽകുന്നതും ചടങ്ങിന്റെ ഭാഗമാണ്.

എന്തായാലും ഒരു കൗതുകത്തിന്റെ പേരിൽ എങ്കിലും എല്ലാവരും ഓരോ നാട്ടിലും ഗൃഹപ്രവേശനത്തിന് പറയുന്ന പേരുകളും അറിയാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും.

ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും തീർച്ചയായും പലർക്കും ഒരു പുതിയ അറിവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.