വീട് നിർമ്മാണം വ്യത്യസ്ത ഘട്ടങ്ങളായി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.

ഒരു വീട് സ്വന്തമാക്കാൻ പലപ്പോഴും പല വഴികൾ ഉപയോഗിക്കേണ്ടി വരും. മുഴുവൻ പൈസയും കണ്ടെത്തി ഒരു വീട് നിർമ്മാണത്തിലേക്ക് കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ മിക്ക ആളുകളും ബാങ്ക് ലോണിനെയും മറ്റും ആശ്രയിച്ച് വീട് നിർമിക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നു.

അതേസമയം കൈയിൽ പണം ഉണ്ടാകുന്ന സമയത്ത് വ്യത്യസ്ത ഘട്ടങ്ങളായി വീട് പണി പൂർത്തിയാക്കുന്നവരുമുണ്ട്. വീട് നിർമ്മിച്ച് കഴിഞ്ഞ് വലിയ ഒരു കടബാധ്യത വരുത്തി വെക്കാൻ താല്പര്യമില്ലാത്തവർക്ക് വ്യത്യസ്ത ഘട്ടങ്ങൾ ആയി വീടുപണി പൂർത്തിയാക്കാം. എന്നാൽ ഇവയ്ക്കുമുണ്ട് പല രീതിയിലുള്ള ഗുണങ്ങളും ദോഷവശങ്ങളും. വീടുപണി ഘട്ടങ്ങളായി നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

വീടുപണിയുടെ വ്യത്യസ്ത ഘട്ടങ്ങളെ പറ്റി അറിയേണ്ട കാര്യങ്ങൾ

വ്യത്യസ്ത ഘട്ടങ്ങളായി വീടുപണി പൂർത്തിയാക്കാൻ ഉദ്ദേശിക്കുമ്പോൾ നമ്മുടെ ഇഷ്ടാനുസരണം പണം ചിലവഴിച്ച് ഇഷ്ടമുള്ള രീതിയിലുള്ള ഒരു വീട് നിർമ്മിച്ചെടുക്കാൻ സാധിക്കും. അതേസമയം ഒരു വീട് പണി കൃത്യമായ സമയത്തിനുള്ളിൽ തീർക്കുന്ന രീതിയിൽ കോൺട്രാക്ടർക്ക് നൽകുമ്പോൾ പണം പറഞ്ഞ സമയത്ത് നൽകേണ്ട ബാധ്യതയുണ്ട്.

ഒരു സാധാരണ വീട് പൂർത്തിയാക്കുന്നതിനായി എടുക്കുന്നത് ഏകദേശം 10 മാസ കാലയളവാണ്. അതുകൊണ്ടുതന്നെ കോൺട്രാക്ട് നൽകുമ്പോൾ അത് നിർമ്മിക്കാൻ ആവശ്യമായ തുക മുഴുവനായും നമ്മൾ കണ്ടെത്തേണ്ടിവരും.

എന്നാൽ വ്യത്യസ്ത ഘട്ടങ്ങളിലൂടെ വീടുപണി തീർക്കുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമാണ് പണി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

കൂടാതെ ഓരോ വർഷവും ബിൽഡിംഗ് മെറ്റീരിയലുകൾക്ക് വില വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

അതുകൊണ്ടുതന്നെ എത്ര നീട്ടി കൊണ്ടു പോകുന്നോ അത്രയും മെറ്റീരിയൽ കോസ്റ്റ് കൂടുതലായി വിനിയോഗിക്കേണ്ട വരും.

വീടുപണി ഇഷ്ടാനുസരണം മാത്രം പൂർത്തിയാക്കാൻ തീരുമാനിക്കുമ്പോൾ അത് മാനേജ് ചെയ്യുന്നതിനായി ഒരു സ്കിൽഡ് ലേബർ കോൺട്രാക്ടറെ കണ്ടെത്തേണ്ടി വരും. എന്നാൽ കോൺട്രാക്ടർ വർക്കിൽ മെറ്റീരിയൽ, ലേബർ കോസ്റ്റ് എന്നിവയെ പറ്റി ഒന്നും അറിയേണ്ടി വരുന്നില്ല.

ആദ്യഘട്ടം

വീട് പണിയുന്നതിന് ആവശ്യമായ ഒരു പ്ലാൻ തയ്യാറാക്കണം. ഇതിനായി ഒരു ആർക്കിടെക്ടിനെ കണ്ട് ആവശ്യങ്ങൾ പറഞ്ഞു പ്ളാൻ വരപ്പിക്കാവുന്നതാണ്.

തുടർന്ന് ആർക്കിടെക്റ്റ് വരച്ചു തരുന്ന പ്ലാനിൽ മാറ്റം ആവശ്യമാണ് എങ്കിൽ അത് പറഞ്ഞ് മാറ്റി വരപ്പിയ്ക്കാം.

കൂടാതെ കറണ്ട് കണക്ഷൻ എടുക്കുന്നതിന് ആവശ്യമായ പെർമിറ്റ്, വെള്ളം സംബന്ധിച്ച കാര്യങ്ങൾ എന്നിവയെല്ലാം നമ്മൾ തന്നെ സ്വന്തമായി ചെയ്യേണ്ടി വരും.

തിരഞ്ഞെടുക്കുന്ന സ്ഥലം ഒന്നോരണ്ടോ ലെവലുകൾ ആയിട്ടാണ് ഉള്ളത് എങ്കിൽ അത് നിരപ്പാക്കേണ്ട ജോലിയും നമ്മുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതുണ്ട്.

എന്നാൽ ഒരു കോൺട്രാക്ടറെ ആണ് സമീപിക്കുന്നത് എങ്കിൽ ഇതു കൂടി ചേർത്തു പണി ഏൽപ്പിച്ചു നൽകാം .

രണ്ടാമത്തെ ഘട്ടം

വീട് നിർമ്മാണത്തിൽ രണ്ടാമത്തെ ഘട്ടമായി കണക്കാക്കുന്നത് ഫൗണ്ടേഷൻ നിർമ്മാണമാണ്.അതായത് എത്ര നിലയുള്ള വീടാണ് കെട്ടുന്നത് എന്നും,അതിന്റെ ഘടന അനുസരിച്ച് ഫൗണ്ടേഷനിൽ വരുത്തേണ്ട മാറ്റങ്ങളുമെല്ലാം ഈയൊരു ഘട്ടത്തിലാണ് നിശ്ചയിക്കുന്നത്.

ഫൗണ്ടേഷനിൽ തന്നെ കോളം ഫൂട്ടിങ്, കരിങ്കല്ല് ഉപയോഗിച്ചുള്ള ഫൗണ്ടേഷൻ, ലൂസ് ടൈപ്പ് മണ്ണ് ആണെങ്കിൽ പൈൽ ഫൗണ്ടേഷൻ എന്നിവയിൽ ഏതാണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കണം.

ഫൗണ്ടേഷൻ വർക്ക് കഴിഞ്ഞ് ആവശ്യമെങ്കിൽ തുടർ പണികൾ നടത്തുന്നതിനായി ഒരു വർഷം വരെ കാത്തിരിക്കുന്നതിൽ തെറ്റില്ല.

ഫൌണ്ടേഷൻ വർക്ക് കഴിഞ്ഞ് പണം കണ്ടെത്തിയ ശേഷം മാത്രം ബ്രിക്ക് വർക്കുകൾ സ്റ്റാർട്ട് ചെയ്താൽ മതിയാകും.

വീട് നിർമ്മാണത്തിന് 10 മുതൽ 20 ശതമാനം വരെ ചിലവ് വരുന്നത് ഫൗണ്ടേഷൻ നിർമ്മാണത്തിലാണ്. സ്ട്രക്ച്ചർ വർക്കിലേക്ക് എത്തുമ്പോൾ ആകെ ചിലവാകുന്ന തുക യുടെ 50 മുതൽ 60 ശതമാനം വരെ ചിലവഴിക്കേണ്ടി വരും.

മൂന്നാംഘട്ടം

പ്ലാസ്റ്ററിംഗ് വർക്കുകൾ ചെയ്യുന്നതാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്നത്. പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി പിന്നീട് ഒരു ചെറിയ ഇടവേള ആവശ്യമെങ്കിൽ എടുക്കാവുന്നതാണ്.

ഈയൊരു ഘട്ടത്തിൽ താൽക്കാലികമായി ഡോറുകൾ നൽകി വേണം പണി നിർത്തിവെക്കാൻ. പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി കഴിഞ്ഞാൽ ഒന്നോ രണ്ടോ കോട്ട് പുട്ടി ഇട്ടു നൽകാവുന്നതാണ്. അതോടൊപ്പം തന്നെ പ്ലംബിങ് വർക്കുകൾ സ്റ്റാർട്ട് ചെയ്യാം.

നാലാം ഘട്ടം

വീടിന്റെ ഇലക്ട്രിക്കൽ വർക്കുകൾ ആരംഭിക്കുന്നത് ഈ ഒരു ഘട്ടത്തിലാണ്. അതോടൊപ്പം തന്നെ വീടിന് ആവശ്യമായ ഡോറുകൾ ഫിറ്റ്‌ ചെയ്ത് നൽകുന്നതും ഈയൊരു സമയത്ത് തന്നെയാണ്. ആവശ്യമുള്ള ഭാഗങ്ങളിൽ ജനൽ പാളികൾ നൽകാവുന്നതാണ്.

ഈയൊരു ഘട്ടത്തിൽ ഡോറുകൾ നൽകിയില്ല എങ്കിൽ പിന്നീട് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഡോർ കട്ട് ചെയ്ത് നൽകേണ്ട അവസ്ഥ വരാറുണ്ട്. സ്വിച്ച് വർക്കുകൾ ചെയ്യുന്നതിന് മുൻപായി പുട്ടി വർക്ക് ചെയ്താലും അതിനുശേഷം വീണ്ടും ഒരു കോട്ട് കൂടി നൽകേണ്ടി വരും. ഇതേ സമയത്ത് തന്നെ ഫ്ലോറിങ് വർക്കുകളും ആരംഭിക്കാവുന്നതാണ്.

അഞ്ചാം ഘട്ടം

അവസാന ഘട്ടമായ അഞ്ചാം ഘട്ടത്തിൽ വീട്ടിലേക്ക് ആവശ്യമായ ലൈറ്റുകൾ, ഫാനുകൾ എന്നിവയെല്ലാം ഫിറ്റ് ചെയ്ത് നൽകാം.

തുടർന്ന് വീട്ടിലേക്ക് ആവശ്യമായ ഇന്റീരിയർ വർക്കുകൾ പൂർത്തിയാക്കാവുന്ന താണ്. അതോടൊപ്പം തന്നെ പെയിന്റിങ് വർക്കുകൾ ചെയ്യുന്നുണ്ടെങ്കിൽ അവ നൽകാം.

കോമ്പൗണ്ട് വാളുകൾ, ഗേറ്റുകൾ എന്നിവ ഫിറ്റ് ചെയ്ത് നൽകുന്നതും അവസാനഘട്ടത്തിലാണ്.

ഇത്തരത്തിൽ വ്യത്യസ്ത ഘട്ടങ്ങളിലൂടെ വീട് നിർമ്മാണം പൂർത്തിയാക്കുക യാണെങ്കിൽ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടി വരുന്നില്ല.

എന്നാൽ കൂടുതൽ സമയം എടുത്തു കൊണ്ട് മാത്രമാണ് വീടുപണി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്ന കാര്യം ഓർത്തിരിക്കുക.